Image

ബ്രിട്ടനില്‍ ലോക്ഡൗണിന് ഇളവ്, മാര്‍ച്ച് എട്ടുമുതല്‍ നാല് ഘട്ടങ്ങളിലായി നിലവില്‍ വരും

Published on 23 February, 2021
ബ്രിട്ടനില്‍ ലോക്ഡൗണിന് ഇളവ്, മാര്‍ച്ച് എട്ടുമുതല്‍ നാല് ഘട്ടങ്ങളിലായി നിലവില്‍ വരും
ലണ്ടന്‍: ബ്രിട്ടനില്‍ ലോക്ഡൗണിന് ഇളവുകള്‍ മാര്‍ച്ച് എട്ടുമുതല്‍ നാല് ഘട്ടങ്ങളിലായി നിലവില്‍ വരും.
ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതിനുള്ള റോഡ് മാപ്പ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്നലെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.  പിന്നീട് രാത്രി ഏഴിന് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യങ്ങള്‍ പ്രധാനമന്ത്രി രാജ്യത്തോട് വിശദീകരിച്ചു.  

മാര്‍ച്ച് എട്ടുമുതല്‍ നാല് ഘട്ടങ്ങളായാണ് ലോക്ക്ഡൗണ്‍ നിബന്ധനകളില്‍ ഇളവ് വരുത്തുന്നത്. മാര്‍ച്ച് എട്ടിന് ഒന്നാംഘട്ടത്തില്‍  സ്കൂളുകള്‍ തുറക്കും. അന്നുമുതല്‍ രണ്ടുപേര്‍ക്ക് വീടിനു പുറത്ത് ഒത്തുകൂടാനും അനുമതി നല്‍കി. മാര്‍ച്ച് 29 മുതല്‍ രണ്ടുവീടുകളില്‍നിന്നുള്ള ആറുപേര്‍ക്കു വരെ വീടിനു പുറത്ത് ഒത്തുകൂടാം.

രണ്ടാംഘട്ടം ആരംഭിക്കുന്ന ഏപ്രില്‍ 12 മുതല്‍ കടകളും ബാര്‍ബര്‍ഷോപ്പുകളും ജിമ്മുകളും ഉള്‍പ്പെടെയുള്ളവര്‍ തുറക്കും. ഇതോടൊപ്പം ഔട്ട്‌ഡോര്‍ ഹോസ്പിറ്റാലിറ്റി സര്‍വീസുകള്‍, മൃഗശാലകള്‍, തീം പാര്‍ക്കുകള്‍ എന്നിവയും പ്രവര്‍ത്തനം ആരഭിക്കും.

മേയ് 17ന് മൂന്നാംഘട്ടത്തില്‍ സോഷ്യല്‍ കോണ്‍ടാക്ട് നിയമങ്ങളില്‍ ഇളവ് അനുവദിക്കും. ഇതോടെ ആളുകള്‍ക്ക് വീടുകളില്‍ പരസ്പരം ഒത്തുകൂടാം. അന്നു മുതല്‍ ലിമിറ്റഡ് ഫാന്‍സിനെ അനുവദിച്ചുള്ള കായിക മല്‍സരങ്ങളും ആരംഭിക്കും. ഫുട്‌ബോള്‍ സ്റ്റേഡിയങ്ങളില്‍ ഗാലറി കപ്പാസിറ്റിയുടെ നാലിനൊന്ന് ആളുകളെ വരെ അനുവദിക്കാം.

30 പേര്‍ക്കുവരെ വീടിനു പുറത്ത് ഒത്തുകൂടാം. സിനിമാശാലകള്‍. സോഫ്റ്റ് പ്ലേ സെന്ററുകള്‍, ഹോട്ടലുകള്‍, ഇന്‍ഡോര്‍ എക്‌സര്‍സൈസ് കേന്ദ്രങ്ങള്‍ എന്നിവയ്‌ക്കെല്ലാം ഇതോടെ പ്രവര്‍ത്തനാനുമതി ലഭിക്കും.   

ജൂണ്‍ 21ന് ആരംഭിക്കുന്ന നാലാംഘട്ടത്തോടെ നിബന്ധനകളില്ലാതെ ആളുകള്‍ക്ക് സാമൂഹീക ജീവിതം സാധ്യമാകുമെന്നും പധാനമന്ത്രി വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക