Image

പ്രതിഭകളായ അനധികൃത കുടിയേറ്റക്കാര്‍ക്ക് യുഎസില്‍ തുടരാമെന്ന് ഒബാമ

Published on 16 June, 2012
പ്രതിഭകളായ അനധികൃത കുടിയേറ്റക്കാര്‍ക്ക് യുഎസില്‍ തുടരാമെന്ന് ഒബാമ
വാഷിംഗ്ടണ്‍: അനധികൃത കുടിയേറ്റക്കാരാണെങ്കിലും പ്രതിഭാധനരാണെങ്കില്‍ അവര്‍ക്ക് യുഎസില്‍ തുടരാമെന്ന് പ്രസിഡന്റ് ബറാക് ഒബാമ. ദേശസുരക്ഷയ്ക്കു ഭീഷണിയാകാത്ത പ്രതിഭാധനരായ അനധികൃത കുടിയേറ്റക്കാര്‍ക്കാണ് തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ ഒബാമയുടെ വ്ഗാദാനം. പ്രതിഭാധനരായ യുവാക്കള്‍ക്ക് മേലുള്ള നാടുകടത്തല്‍ ഭീഷണി ഉടന്‍ തന്നെ അവസാനിക്കുമെന്നും വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഒബാമ പറഞ്ഞു. അധികം വൈകാതെ ദേശസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്താത്ത പ്രതിഭാധനരായ അനധികൃത കുടിയേറ്റക്കാര്‍ക്ക് സ്ഥിരം തൊഴില്‍ വീസ ലഭ്യമാക്കാനായി അപേക്ഷിക്കാവുന്നതാമെന്നും ഒബാമ പറഞ്ഞു. കുടിയേറ്റ നിയമത്തില്‍ കൂടുതല്‍ സുതാര്യത കൊണ്ടുവരാനാണ് തീരുമാനം. എങ്കിലും ഇത് അനധികൃത കുടിയേറ്റക്കാര്‍ക്കുള്ള പൊതുമാപ്പോ, പൗരത്വം നല്‍കലോ സ്ഥിരം സംവിധആനമോ ആയി കണക്കാക്കേണ്‌ടെന്നും ഒബാമ വ്യക്തമാക്കി. ഇതൊരു താല്‍ക്കാലിക പദ്ധതി മാത്രമാണ്. പ്രതിഭാധനരെ ഫലപ്രദമായി ഉപയോഗിക്കുക എന്ന നയത്തിന്റെ ഭാഗമായാണെന്നും ഒബാമ വ്യക്തമാക്കി. ഹൃദയത്തിലും മനസിലും ഒരോ അണുവിലും അമേരിക്കക്കാരായ ഇവര്‍ കടലാസില്‍ മാത്രമാണ് അമേരിക്കക്കാരല്ലാത്തതെന്നും ഒബാമ പറഞ്ഞു.

ധരുണ്‍ രവി അടുത്ത ആഴ്ച ജയില്‍ മോചിതനായേക്കും

ന്യുജേഴ്‌സി: സഹപാഠിയുടെ സ്വവര്‍ഗ ലൈംഗികത വെബ്കാമില്‍ പകര്‍ത്തി ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച കേസില്‍ കോടതി 30 ദിവസം തടവിന് ശിക്ഷിച്ച ഇന്ത്യന് വംശജന്‍ ധരുണ്‍ രവി(20) അടുത്ത ആഴ്ച ജയില്‍ മോചിതനായേക്കുമെന്ന് റിപ്പോര്‍ട്ട്. 20 ദിവസം തടവുശിക്ഷ പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് രവി ജയില്‍ മോചിതനാവുന്നത്. അഞ്ചു ദിവസം നല്ല നടപ്പിനുള്ള ശികഷായിളവും അഞ്ചു ദിവസം ജയിലില്‍ ജോലിയെടുത്തതിനുള്ള ശിക്ഷായിളവും ലഭിച്ചതോടെയാണ് 10 ദിവസം നേരത്തെ ജയില്‍ മോചിതനാവാന്‍ രവിക്ക് അവസരം ലഭിച്ചത്.

ജയില്‍ ശിക്ഷ അനുഭവിക്കാനായി കഴിഞ്ഞ മാസം 31നാണ് രവി മിഡില്‍സെക്‌സ് കൗണ്ടി ജയിലില്‍ ഹാജരായത്. റട്‌ഗേഴ്‌സ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി ടെയ്‌ലര്‍ ക്ലെമന്റി ആത്മഹത്യ ചെയ്ത കേസില്‍ ഈ മാസം 21നാണ് മിഡില്‍സെക്‌സ് കൗണ്ടി കോടതി രവിയെ 30 ദിവസത്തെ തടവിന് ശിക്ഷിച്ചത്. പക്ഷപാതിത്വപരമായ പെരുമാറ്റം, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം, തെളിവു നശിപ്പിക്കല്‍, ചാരപ്രവര്‍ത്തി നടത്തല്‍ തുടങ്ങി പതിനഞ്ചോളം കുറ്റങ്ങളുടെ പേരിലാണ് രവിയെ ജൂറി കുറ്റക്കാരനെന്നു കണ്‌ടെത്തിയത്.

ആത്മഹത്യ ചെയ്ത ക്ലെമന്റിയും ധരുണ്‍ രവിയും റട്‌ഗേഴ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളായിരുന്നു . തന്റെ ആണ്‍സുഹൃത്തിനൊപ്പം തനിച്ചിരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ക്ലെമന്റി അറിയിച്ചതിനെത്തുടര്‍ന്ന് മറ്റൊരു സുഹൃത്തിന്റെ മുറിയിലേക്കു പോയ രവി അവിടെ നിന്ന് രഹസ്യമായി ക്ലെമന്റിയുടെയും സുഹൃത്തിന്റെയും ഇടപഴകലുകള്‍ വീക്ഷിച്ചു. ഇരുവരും പരസ്പരം ചുംബിക്കുന്നതു കണ്ട രവി മറ്റൊരവസത്തില്‍ സുഹൃത്തിനൊപ്പം തനിച്ചിരിക്കണമെന്ന് ക്ലെമന്റി ആവശ്യപ്പെട്ടപ്പോള്‍ മുറി വിട്ട് പോകുന്നതിന് മുമ്പ് കമ്പ്യൂട്ടറിന്റെ വെബ്ക്യാം ഓണ്‍ ചെയ്യുകയും ക്ലെമന്റിയുടെയും സുഹൃത്തിന്റെയും ഇടപഴകലുകള്‍ സുഹൃത്തുക്കള്‍ക്കൊപ്പം രഹസ്യമായി കാണുകയും ചെയ്തു. പിന്നീട് ഇക്കാര്യം ട്വീറ്റ് ചെയ്ത് സുഹൃത്തുക്കളെയും അറിയിച്ചു. സ്വവര്‍ഗാനുരാഗിയെന്ന പേരില്‍ പിന്നീട് രവിയും കൂട്ടുകാരും ക്ലെമന്റിയെ തുടര്‍ച്ചയായി കളിയാക്കാന്‍ ആരംഭിച്ചു. ഇതില്‍ മനംനൊന്ത് 2010 സെപ്റ്റംബര്‍ 22ന് ക്ലെമന്റി ജോര്‍ജ് വാഷിംഗ്ടണ്‍ പാലത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

നയാഗ്രയ്ക്ക് കുറുകെ കമ്പിക്കയറില്‍ നടന്ന് നിക് വലൈന്‍ഡ ചരിത്രം കുറിച്ചു

ന്യൂയോര്‍ക്ക്: ലക്ഷക്കണക്കിനാളുകളെ സാക്ഷി നിര്‍ത്തി നയാഗ്ര വെള്ളച്ചാട്ടത്തിന് കുറുകെ 1800 അടി ദൂരം തൂക്കു കമ്പിയിലൂടെ നടന്ന് അമേരിക്കക്കാരന്‍ സാഹസികന്‍ നിക് വലൈന്‍ഡ (33) ചരിത്രം കുറിച്ചു. "റ' ആകൃതിയില്‍ ഒരു ഭാഗം അമേരിക്കയിലും ഒരു ഭാഗം കാനഡയിലുമായി വ്യാപിച്ചു കിടക്കുന്നതാണ് ലോകപ്രശസ്തമായ നയാഗ്ര ജലപാതം. 190 അടി താഴ്ചയിലേക്ക് മഹാജലപ്രവാഹം നടക്കുന്ന ലോകാത്ഭുതങ്ങളിലൊന്നായ അവിടെ അമേരിക്കന്‍ ഭാഗത്തു നിന്ന് കനേഡിയന്‍ ഭാഗത്തേക്ക് വലിച്ചു കെട്ടിയ കമ്പിക്കയറില്‍ സര്‍ക്കസ് അഭ്യാസിയെപ്പോലെ നടന്ന് തരണം ചെയതാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് നിക് പുതിയ റെക്കാഡിട്ടത്. 45 മിനിട്ടെടുത്തു ഈ സാഹസിക നൂല്‍യാത്ര പൂര്‍ത്തിയാക്കാന്‍. ജലപാതത്തിന്റെ ചെകിടടപ്പിക്കുന്ന ശബ്ദധ്വനിയും പാല്‍നുര പോലെ ചിന്നിച്ചിതറുന്ന വെള്ളത്തുള്ളികളും താഴെ മനുഷ്യരില്‍ ഭയാശങ്കകള്‍ വിതയ്ക്കുന്ന നിത്യ ദൃശ്യ-ശ്രാവ്യ കാഴ്ചകളൊതുക്കി നില്‍ക്കുന്നിടമാണ് നയാഗ്ര വെള്ളച്ചാട്ടം. അതിനെ മീതെയുള്ള കമ്പിനൂല്‍ നടപ്പ് കാണാന്‍ കനേഡിയന്‍ ഭാഗത്ത് 1.25 ലക്ഷത്തിലേറെ ആളുകള്‍ ആകാംക്ഷയോടെ നിന്നിരുന്നു, അമേരിക്കന്‍ ഭാഗത്ത് 4000 പേരും.

അമേരിക്കന്‍ ഭാഗത്ത് നിന്ന് കനേഡിയന്‍ ഭാഗത്തേക്കാണ് നിക് നടന്നെത്തിയത്. അമേരിക്കന്‍ ഭാഗത്തും കനേഡിയന്‍ ഭാഗത്തും രണ്ടു കൂറ്റന്‍ ക്രെയിനുകള്‍ക്ക് സ്ഥാപിച്ച് അവയെ തമ്മില്‍ രണ്ടിഞ്ച് വ്യാസമുള്ള കമ്പിക്കയര്‍ കൊണ്ട് ബന്ധിച്ചാണ് "പാലം സാഹിസക യാത്രയ്ക്കായി സജ്ജമാക്കിയത്. എല്‍ക് മൃഗത്തോല്‍ കൊണ്ട് തയ്യാറാക്കിയ ഷൂസ് ധരിച്ച് നിക് കമ്പിക്കയറിലൂടെ നടന്നു. 40 പൗണ്ട് ഭാരവും 30 അടി നീളമുള്ള വടിയും ബാലന്‍സിംഗ് ബീമായി കൈകളിലേന്തിയിരുന്നു.ലോകമാകെ ഉറ്റുനോക്കാന്‍ സാദ്ധ്യതയുള്ള ഈ സാഹസിക യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ക്കായി 13 ലക്ഷം ഡോളര്‍ വേണ്ടി വന്നു. എ.ബി.സി.ടി.വി അത് സ്‌പോണ്‍സര്‍ ചെയ്തു. നയാഗ്ര വെള്ളച്ചാട്ടത്തിന് കുറുകെ ഇത്തരത്തിലുള്ള സാഹസിക നടത്തയ്ക്ക് 1896ന് ശേഷം ഇതാദ്യമായാണ് അധികൃതര്‍ അനുമതി നല്‍കുന്നത്.

കമ്പിക്കയറില്‍ കൂടിയുള്ള നടത്തിക്കിടെ കാല്‍ വഴുതിയാല്‍ യാത്രികന് കമ്പി നൂലില്‍ തൂങ്ങിക്കിടക്കാന്‍ സഹായകമായ രക്ഷാസംവിധാനവും ഒരുക്കിയിരുന്നു. അവിടെനിന്ന് അയാളെ രക്ഷപ്പെടുത്താനുള്ള ഏര്‍പ്പാടുകളും ഉണ്ടായിരുന്നു. അതൊന്നും ഉപയോഗിക്കേണ്ടി വന്നില്ല. ഓസ്ട്രിയന്‍ വംശജ കുടുംബത്തില്‍പ്പെട്ട നിക് വലെന്‍ഡയുടെ പൂര്‍വികര്‍ കമ്പി നൂല്‍ നടത്തയിലും മറ്റു പ്രാവീണ്യമുള്ള സര്‍ക്കസ് കലാകാരന്മാരും കലാകാരികളുമായി പേരെടുത്തിട്ടുള്ളവരായിരുന്നു. രണ്ടു പേര്‍ സാഹസിക യാത്രയ്ക്കിടെ അപകടത്തില്‍പ്പെട്ട് മരണമടയുകയും ചെയ്തു. സാഹസികത രക്തത്തില്‍ അലിഞ്ഞുപോയ കുടുംബത്തിലെ അംഗമെന്നും വിശേഷിപ്പിക്കാം നിക് വലൈന്‍ഡയെ. മൂന്ന് മക്കളുണ്ട് ഈ മുപ്പത്തിമൂന്നുകാരന്.
പ്രതിഭകളായ അനധികൃത കുടിയേറ്റക്കാര്‍ക്ക് യുഎസില്‍ തുടരാമെന്ന് ഒബാമ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക