കമല ഹാരിസ് രണ്ടാമത്തെ ഡോസ് സ്വീകരിച്ചു; സ്റ്റേറ്റുകൾക്ക് കൂടുതൽ വാക്സിൻ
AMERICA
27-Jan-2021
മീട്ടു
AMERICA
27-Jan-2021
മീട്ടു

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ബെഥെസ്ഡാ കാമ്പസിലെത്തി മോഡേണയുടെ രണ്ടാമത്തെ വാക്സിൻ ഡോസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് ചൊവ്വാഴ്ച ഉച്ചയ്ക്ക് സ്വീകരിച്ചു .
'ഒട്ടും വേദന എടുത്തില്ല', കുത്തിവയ്പ്പിന് ശേഷം ഹാരിസ് പ്രതികരിച്ചു.
വാക്സിനുമേൽ ജനങ്ങൾക്ക് ആത്മവിശ്വാസം വളർത്തുന്നതിനുള്ള ബൈഡൻ ഭരണകൂടത്തിന്റെ നിരന്തരമായ ശ്രമത്തിന്റെ ഭാഗമായാണ് ഹാരിസിന്റെ ടെലിവിഷൻ വാക്സിനേഷൻ ഷോട്ട്.
'നിങ്ങളുടെ ജീവൻ രക്ഷിക്കുന്ന ഒന്നാണിത്,' കുത്തിവയ്പ്പ് സ്വീകരിച്ച്, N.I.H ലെ സ്റ്റാഫിനെ അവരുടെ ഗവേഷണങ്ങൾക്കും അർപ്പണബോധത്തിനും അഭിനന്ദിച്ചശേഷം ഹാരിസ് വ്യക്തമാക്കി.
എല്ലാ അമേരിക്കക്കാരും ഡോസ് സ്വീകരിക്കണമെന്ന് ഹാരിസ് അഭ്യർത്ഥിച്ചു.
ട്രംപ് ഭരണകാലത്ത് ശാസ്ത്രജ്ഞരെയും ശാസ്ത്ര സ്ഥാപനങ്ങളെയും ട്രംപും അദ്ദേഹത്തിന്റെ ചില ഉന്നത ഉദ്യോഗസ്ഥരും പതിവായി വിമർശിച്ചിരുന്നതിന് വിപരീതമായി, കമല ഹാരിസ് തന്റെ അമ്മ അടക്കമുള്ള ശാസ്ത്രജ്ഞരെ പ്രണമിച്ചു. മനുഷ്യജീവിതം മെച്ചപ്പെടുത്തുന്നതിനായി അശ്രാന്തം പരിശ്രമിക്കുന്നവരാണ് ശാസ്ത്രജ്ഞർ
പൊതുജനാരോഗ്യ ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾ ലാഭേച്ഛ കൊണ്ടല്ലെന്നും ജനങ്ങൾക്കുവേണ്ടിയാണെന്നും കൂട്ടിച്ചേർത്ത് ഹാരിസ് സർക്കാരിലും ശാസ്ത്രത്തിലും പൊതു വിശ്വാസം വർദ്ധിപ്പിക്കാൻ ശ്രമിച്ചു.
***************************************************************************************
കോമോ അടക്കമുള്ള ഗവര്ണമാരുടെ പരാതി തീർത്തുകൊണ്ട് ബൈഡൻ കൂടുതൽ വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നു
ന്യൂയോർക്ക് പോലുള്ള സംസ്ഥാനങ്ങളിൽ വാക്സിൻ സപ്ലൈ കുറയുന്നതായി ലഭിച്ച പരാതികൾക്ക് മറുപടിയായി, അടുത്ത മൂന്ന് ആഴ്ചത്തേക്ക് ഓരോ ആഴ്ചയും 10 മില്യൺ ഡോസുകൾ വിതരണം ചെയ്യുമെന്ന് വൈറ്റ് ഹൗസ് പ്രഖ്യാപിച്ചു. നിലവിലെ 8.6 മില്യണിൽ നിന്നാണ് അളവ് വർദ്ധിപ്പിച്ചിരിക്കുന്നത്.
'ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് വാക്സിനുകൾ വിതരണം ചെയ്തതെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. സംസ്ഥാനം ചെറുതാണെങ്കിൽ വാക്സിൻ ലഭിക്കുന്നതും കുറയും. വലിയ സംസ്ഥാനങ്ങൾക്ക് കൂടുതൽ ലഭിക്കും. മുമ്പ് പ്രതീക്ഷിച്ചതിലും വേഗത്തിൽ കൂടുതൽ അമേരിക്കക്കാർക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ ഇതോടെ സാധിക്കും. എന്നിരുന്നാലും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്,' ബൈഡൻ പറഞ്ഞു.

ഫെഡറൽ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അടിയന്തിര ഉപയോഗത്തിന് അനുമതി നൽകിയ രണ്ട്-ഡോസ് വാക്സിനുകൾ നിർമ്മിക്കുന്ന കമ്പനികളായ ഫൈസർ, മോഡേണ എന്നിവയിൽ നിന്ന് സർക്കാർ 100 ദശലക്ഷം ഡോസുകൾ വീതം അധികമായി വാങ്ങും.
'ഇത് സമഗ്രമായൊരു പദ്ധതിയാണ്,' ബൈഡൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം, ആൻഡ്രൂ കോമോ അടക്കമുള്ള ഗവർണർമാർ ബൈഡന്റെ കോവിഡ് -19 ടാസ്‌ക് ഫോഴ്‌സിന്റെ നേതാവ് ജെഫ് സിയന്റ്‌സുമായി ചർച്ച നടത്തിയിരുന്നു, ഡോസുകൾ സ്റ്റോക്ക് ഇല്ലാത്തതുകൊണ്ട് അപ്പോയ്ന്റ്മെന്റുകൾ റദ്ദാക്കേണ്ടി വരുന്നതടക്കമുള്ള കാര്യങ്ങൾ അവർ സംസാരിച്ചു.
ഓരോ ആഴ്ചയും എത്ര വാക്‌സിൻ പ്രതീക്ഷിക്കാമെന്നതിനെക്കുറിച്ച് ട്രംപ് ഭരണകൂടം തങ്ങളോട് വ്യക്തമായ കണക്കുകൾ പറയാതിരുന്നത് വിതരണ ശ്രമങ്ങളെ തടസ്സപ്പെടുത്തിയതായും പല സംസ്ഥാന നേതാക്കളും പരാതിപ്പെട്ടു.
“വിഹിതം 16% ഉയരും, അടുത്ത മൂന്ന് ആഴ്ചത്തേക്കുള്ള വിഹിതം നമുക്ക് ലഭിക്കുമെന്നതാണ് അതിനേക്കാൾ പ്രധാനമായ കാര്യം,' സിയന്റുമായുള്ള കൂടിക്കാഴ്ചയെത്തുടർന്ന് കോമോ പറഞ്ഞു. “അടുത്ത ആഴ്ച എന്താണ് ലഭിക്കാൻ പോകുന്നതെന്ന് അറിയാത്തപ്പോൾ ആസൂത്രണം ചെയ്യാൻ കഴിയില്ല. ചിട്ടയായ രീതിയിൽ കാര്യങ്ങൾ നീങ്ങാതിരുന്നതിന്റെ കാരണവും അതാണ്. അടുത്ത മൂന്നാഴ്ച എത്രത്തോളം ഡോസ് ലഭിക്കുമെന്ന് മുൻകൂട്ടി അറിയുന്നത് വിതരണത്തിന്റെ കാര്യക്ഷമത വർധിപ്പിക്കും,' ന്യൂയോർക് ഗവർണർ വിശദീകരിച്ചു.
ഇതുവരെ ലഭിച്ച ഡോസുകളിൽ 93 ശതമാനവും നൽകിയിട്ടുണ്ടെന്നും കൂടുതൽ രോഗപ്രതിരോധ കുത്തിവയ്പ്പുകൾ നടത്താൻ അപേക്ഷിച്ചതായും കോമോയും മേയർ ഡി ബ്ലാസിയോയും ന്യൂയോർക്കിലെ ഉദ്യോഗസ്ഥരും അഭിപ്രായപ്പെട്ടു.
സംസ്ഥാനങ്ങൾക്ക് അടുത്തയാഴ്ച 17 ശതമാനം കോവിഡ് -19 വാക്സിൻ ഡോസുകൾ അധികമായി ലഭിക്കും
ഫൈസർ, മോഡേണ വാക്സിനുകളുടെ ഈ ആഴ്ച അനുവദിക്കപ്പെട്ട 8.6 മില്യൺ ഡോസുകൾ കൂടാതെ, അടുത്ത ആഴ്ചത്തെ 10.1 മില്യൺ ഡോസുകളും സംസ്ഥാനങ്ങൾക്ക് എത്തിക്കാനുള്ള പദ്ധതി ബൈഡൻ ഭരണകൂടം ആസൂത്രണം ചെയ്തിട്ടുണ്ടെന്നാണ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്.
രാജ്യത്തെ വാക്സിൻ ശേഖരണത്തെക്കുറിച്ച് അമേരിക്കക്കാർക്ക് കൃത്യമായ വിവരം കൈമാറാൻ ബൈഡൻ പദ്ധതിയിടുന്നതായി പ്രസ് സെക്രട്ടറി ജെൻ പാസ്കി പറഞ്ഞു. ഇതിനായി ആഴ്ചയിൽ മൂന്ന് തവണ വൈറ്റ് ഹൗസിൽ നിന്ന് കോവിഡ് -19 ബ്രീഫിംഗുകളും ഉണ്ടായിരിക്കും.
നിലവിൽ എത്ര അളവിൽ വാക്സിൻ ഡോസ് രാജ്യത്ത് ലഭ്യമാണെന്നതിനു പോലും കൃത്യമായ കണക്കില്ലെന്നു സി ഡി സി ഡയറക്ടറായി എത്തുന്ന ഡോ. റോഷെൽ വാലെൻസ്കി അറിയിച്ചു.
ചൊവ്വാഴ്ച വരെ ഫെഡറൽ സർക്കാർ 44.3 മില്യൺ വാക്സിൻ ഡോസുകളാണ് സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്തത്. അതിൽ 23 മില്യൺ ഡോസുകൾ അഥവാ 52 ശതമാനത്തിലധികം ഡോസുകൾ ജനങ്ങളിലേക്ക് എത്തിച്ചു. ഏകദേശം 3.4 മില്യൺ ആളുകൾ വാക്സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ചു, 19 മില്യണിലധികം പേർക്ക് ആദ്യ ഡോസ് ലഭിച്ചതായും സിഡിസിയിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു.
കൊറോണ വൈറസ് 4,21,000-ത്തിലധികം അമേരിക്കക്കാരുടെ ജീവൻ നഷ്ടപ്പെടാൻ കാരണമാവുകയും 25 മില്യണിലധികം പേരെ ബാധിക്കുകയും ചെയ്തു. ആദ്യ കേസ് 2020 ജനുവരി 21-നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ഫൈസറിൽ നിന്നും മോഡേണയിൽ നിന്നും വാക്സിനുകളുടെ 200 മില്യണിൽ അധിക ഡോസുകൾ വാങ്ങാൻ സർക്കാർ ശർമിക്കുക്കുന്നുണ്ടെന്നും ബൈഡൻ ചൊവ്വാഴ്ച പ്രഖ്യാപിച്ചു.
' ഈ വേനൽക്കാലത്ത് വിതരണം ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്ന 400 മില്യണിൽ നിന്ന് 600 മില്യൺ ഡോസുകൾ എന്ന നിലയിലേക്ക് അധികമായി ഉയർത്തും. ഈ അധിക ഡോസുകൾ ഉപയോഗിച്ച് 300 മില്യൺ അമേരിക്കക്കാർക്ക് പൂർണ്ണമായും പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ വേനൽക്കാലത്തിന്റെ അവസാനം
യുഎസിന് ആവശ്യമായ വാക്സിൻ ലഭിക്കും,' ബൈഡൻ പറഞ്ഞു.
കോവിഡ് -19 പ്രവചന മോഡൽ പ്രകാരം, കോവിഡ് ആദ്യം രൂക്ഷമാവുകയും പിന്നീട് ശമനം ഉണ്ടാവുകയും ചെയ്യുമെന്നും ബൈഡൻ അഭിപ്രായപ്പെട്ടു.
വാഷിംഗ്ടൺ സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാലുവേഷനിൽ നിന്നുള്ള പ്രവചനങ്ങൾ പ്രകാരം ഫെബ്രുവരി അവസാനത്തോടെ 500,000-ത്തിലധികം അമേരിക്കക്കാർ കോവിഡ് -19 മൂലം മരണപ്പെടാൻ സാധ്യതയുണ്ട്.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments