കര്‍ഷകര്‍ തുറന്ന മനസോടെ സഹകരിക്കണമെന്ന് സുപ്രിംകോടതി

തുറന്ന മനസോടെ സഹകരിക്കണമെന്ന് കര്‍ഷകരോട് അഭ്യര്‍ത്ഥിച്ച് സുപ്രിംകോടതി നിയോഗിച്ച സമിതി. വ്യാഴാഴ്ച നിശ്ചയിച്ചിരിക്കുന്ന സിറ്റിംഗിന് എത്താന്‍ കര്‍ഷക സംഘടനകളോട് അഭ്യര്‍ത്ഥിച്ചു. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിക്ക് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് കര്‍ഷക നേതാക്കളുമായി ചര്‍ച്ച നടത്തി.
അതേസമയം, കാര്‍ഷിക രംഗത്തെ തകര്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ഡല്‍ഹി അതിര്‍ത്തികളിലെ പ്രക്ഷോഭം അന്‍പത്തിയഞ്ചാം ദിവസത്തിലും ശക്തമായി തുടരുകയാണ്.
കാര്‍ഷിക നിയമങ്ങളിലെ ശരിതെറ്റുകള്‍ കണ്ടെത്താന്‍ സുപ്രീംകോടതി നിയോഗിച്ച സമിതി ഡല്‍ഹിയില്‍ ഇന്ന് ആദ്യ യോഗം ചേര്‍ന്നു. കര്‍ഷകര്‍ സമിതിയുമായി സഹകരിക്കണമെന്ന് യോഗത്തിന് ശേഷം സമിതി അംഗങ്ങള്‍ അഭ്യര്‍ത്ഥിച്ചു. സമിതി അംഗങ്ങള്‍ പക്ഷപാതമുള്ളവരാണെന്ന് ചിന്തിക്കരുത്. കര്‍ഷകരുടെ ആശങ്കകള്‍ സുപ്രിംകോടതിയെ അറിയിക്കും. എല്ലാവരുടെയും ഭാഗം കേള്‍ക്കുമെന്നും അംഗങ്ങള്‍ വ്യക്തമാക്കി.
നാലംഗ സമിതിയില്‍ നിന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ ദേശീയ അധ്യക്ഷന്‍ ഭൂപീന്ദര്‍ സിംഗ് മാന്‍ നേരത്തെ പിന്മാറിയിരുന്നു. എന്നാല്‍, സമിതിയുമായി സഹകരിക്കില്ലെന്ന് കര്‍ഷക നേതാക്കള്‍ ഇന്നും ആവര്‍ത്തിച്ചു. കാര്‍ഷിക നിയമങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ജനത്തെ തെറ്റിധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു.
റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ പരേഡിന് അനുമതി നല്‍കണമെന്ന് ഡല്‍ഹി പൊലീസുമായി നടന്ന ചര്‍ച്ചയില്‍ കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടു. ഡല്‍ഹിയിലെ ഔട്ടര്‍ റിംഗ് റോഡില്‍ നിശ്ചയിച്ചിരിക്കുന്ന പരിപാടി സമാധാനപൂര്‍വമായിരിക്കുമെന്നും വ്യക്തമാക്കി.
Facebook Comments