Image

രാഷ്ട്രീയ കിസാന്‍ മഹാസംഘ് കര്‍ഷക ട്രാക്ടര്‍ പരേഡ് കാസര്‍ഗോഡുനിന്ന് തിരുവനന്തപുരത്തേയ്ക്ക് ജനുവരി 15 മുതല്‍ 26 വരെ

Published on 11 January, 2021
 രാഷ്ട്രീയ കിസാന്‍ മഹാസംഘ്  കര്‍ഷക ട്രാക്ടര്‍ പരേഡ് കാസര്‍ഗോഡുനിന്ന് തിരുവനന്തപുരത്തേയ്ക്ക് ജനുവരി 15 മുതല്‍ 26 വരെ
കൊച്ചി: ദേശീയ കര്‍ഷകപ്രക്ഷോഭത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചും കേരളത്തിലെ കര്‍ഷകപ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും കര്‍ഷകവിരുദ്ധ കരിനിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടും സ്വതന്ത്ര കര്‍ഷക പ്രസ്ഥാനങ്ങളുടെ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് കര്‍ഷക ട്രാക്ടര്‍ പരേഡ് നടത്തുന്നു. ജനുവരി 15 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3ന് കാസര്‍ഗോഡ് വെള്ളരിക്കുണ്ടില്‍നിന്ന്  ആരംഭിച്ച് തിരുവനന്തപുരത്ത് ജനുവരി 25ന്  കര്‍ഷക ട്രാക്ടര്‍ പരേഡ് അവസാനിക്കും. 26ന് ഡല്‍ഹിയില്‍ കര്‍ഷകപരേഡ് നടക്കുമ്പോള്‍ കേരളത്തില്‍ രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ നേതൃത്വത്തില്‍ രാവിലെ 10ന് തിരുവനന്തപുരം സെക്രട്ടറിയേറ്റ്  പടിക്കല്‍ നിന്നും വിഴിഞ്ഞം അദാനി പോര്‍ട്ടിലേയ്ക്ക് കര്‍ഷക പരേഡും നടക്കുമെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.

ദേശീയ കര്‍ഷകപ്രക്ഷോഭത്തോടൊപ്പം കേരളത്തിലെ ഭൂപ്രശ്നങ്ങള്‍ വന്യമൃഗശല്യം, കാര്‍ഷികോല്പന്ന വിലത്തകര്‍ച്ച, പരിസ്ഥിതിലോല ഇക്കോ സെന്‍സിറ്റീവ് വിജ്ഞാപനങ്ങള്‍, കൃഷി, വനം, റവന്യൂ വകുപ്പുകളുടെ കര്‍ഷകദ്രോഹങ്ങള്‍, കര്‍ഷകവിരുദ്ധ രാജ്യാന്തര കരാറുകള്‍ എന്നിവയും കര്‍ഷക പരേഡിലൂടെ സംസ്ഥാനത്തുടനീളം മുഖ്യചര്‍ച്ചാവിഷയമായി കേരളത്തിലെ വിവിധ കര്‍ഷകസംഘടനകള്‍ ഉന്നയിക്കും. ദേശീയ കര്‍ഷകപ്രശ്നങ്ങളുടെപേരില്‍ സംസ്ഥാനത്തെ കാര്‍ഷിക വിഷയങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ സര്‍ക്കാരിനെ അനുവദിക്കില്ലെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. സംസ്ഥാനത്തെ 14 ജില്ലകളിലും വിവിധ കര്‍ഷക സംഘടനകള്‍ കര്‍ഷക ട്രാക്ടര്‍ പരേഡിന് വന്‍ വരവേല്‍പു നല്‍കും.

ഓള്‍ ഇന്ത്യ ഫാര്‍മേഴ്സ് അസോസിയേഷന്‍ ചെയര്‍മാനും രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ജനറല്‍ കണ്‍വീനറുമായ അഡ്വ.ബിനോയ് തോമസ് കര്‍ഷക ട്രാക്ടര്‍ പരേഡ് നയിക്കും വിഫാം ചെയര്‍മാനും രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന കണ്‍വീനറുമായ ജോയി കണ്ണംച്ചിറ, എഫ്.ആര്‍.എഫ്. സംസ്ഥാന കണ്‍വീനറും രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന സെക്രട്ടറിയുമായ എന്‍.ജെ ചാക്കോ എന്നിവര്‍ വൈസ് ക്യാപ്റ്റന്‍മാരായിരിക്കും.

കോഴിക്കോട് ചേര്‍ന്ന സംസ്ഥാനതല ആലോചനാ സമ്മേളനത്തില്‍ എഫ്.ആര്‍.എഫ്.  ചെയര്‍മാനും രാഷ്ട്രീയ കിസാന്‍ മഹാസംഘ്  സംസ്ഥാന വൈസ് ചെയര്‍മാനുമായ ബേബി സക്കറിയാസ് അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദേശീയ കോഡിനേറ്റര്‍ ബിജു കെ.വി ഉല്‍ഘാടനം ചെയ്തു. വി.ഫാം ചെയര്‍മാന്‍ ജോയി കണ്ണം ചിറ, രാഷ്ട്രീയ കിസാന്‍ മഹാസംഘ്  സൗത്ത് ഇന്ത്യന്‍ കോ.ഓര്‍ഡിനേറ്റര്‍ പി.ടി ജോണ്‍, ഫെയര്‍ട്രേഡ് അലയന്‍സ് കേരള സംസ്ഥാന കണ്‍വീനര്‍ തോമസ് കളപ്പുരയ്ക്കല്‍ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ട്രഷറര്‍  രാജു സേവ്യര്‍, സംസ്ഥാന കണ്‍വീനര്‍ മാര്‍ട്ടിന്‍ തോമസ്, കര്‍ഷക ഐക്യവേദി സംസ്ഥാന ചെയര്‍മാന്‍ ജയിംസ്  പന്ന്യാംമാക്കല്‍,  എന്‍. ജെ ചാക്കോ, ഇബ്രാഹിം തെങ്ങില്‍, ജോസഫ് വടക്കേക്കര, ജോയി മലമേല്‍ തുടങ്ങിയവര്‍ സംസാരിച്ചു. കര്‍ഷക ട്രാക്ടര്‍ പരേഡിന്റെ വിജയത്തിനായി സംസ്ഥാന ചെയര്‍മാന്‍ വി.സി സെബാസ്റ്റ്യന്‍ ചെയര്‍മാനായി 101 അംഗ സമിതി രൂപീകരിച്ചു.


അഡ്വ.ബിനോയ് തോമസ്
ജനറല്‍ കണ്‍വീനര്‍
രാഷ്ട്രീയ കിസാന്‍ മഹാസംഘ്
മൊബൈല്‍: 790 788 1125

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക