Image

മരടിലെ ഫ്ലാറ്റ് പൊളിക്കലിന് ഇന്ന് ഒരു വര്‍ഷം; നിയമ പോരാട്ടം തുടര്‍ന്ന് വീട് നഷ്ടമായവര്‍

Published on 11 January, 2021
മരടിലെ ഫ്ലാറ്റ് പൊളിക്കലിന് ഇന്ന് ഒരു വര്‍ഷം; നിയമ പോരാട്ടം തുടര്‍ന്ന് വീട് നഷ്ടമായവര്‍

കൊച്ചി: നിമിഷങ്ങള്‍ക്കൊണ്ട് നാല് പടുകൂറ്റന്‍ ഫ്ളാറ്റ് സമുച്ചയങ്ങള്‍ തകര്‍ത്ത്തിന് ഇന്ന് ഒരു വര്‍ഷം തികഞ്ഞു. മരട് നഗരസഭാ പരിധിയില്‍ തീരദേശപരിപാലന നിയമം ലംഘിച്ച്‌ ജലാശയങ്ങളോട് ചേര്‍ന്ന് നിര്‍മ്മിച്ച ഫ്ളാറ്റുകളാണ് സുപ്രീം കോടതിവിധി പ്രകാരം സ്ഫോടനത്തിലൂടെ തകര്‍ത്തത്. 


ഫ്ളാറ്റുടമകള്‍ക്കുള്ള നഷ്ടപരിഹാര വിതരണം ഉള്‍പ്പെടെ നടപടികള്‍ അവശേഷിക്കുന്നു. 2020 ജനുവരി 11, 12 തിയതികളിലാണ് നിയന്ത്രിത സ്ഫോടനം വഴി ഫ്ളാറ്റുകള്‍ തകര്‍ത്തത്. 


അവശിഷ്ടങ്ങള്‍ നീക്കിയ സ്ഥലം ഉടമകള്‍ക്ക് നല്‍കുന്ന കാര്യം സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. ഫ്ളാറ്റുടമകള്‍ക്ക് 25 ലക്ഷം രൂപ വീതം അടിയന്തര നഷ്ടപരിഹാരം നല്‍കിയെങ്കിലും അന്തിമ നഷ്ടപരിഹാരം നിശ്ചയിച്ചിട്ടില്ല. ഇതിനായി 143 അപേക്ഷകളാണ് സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ കമ്മിഷന് ലഭിച്ചത്. 


ആധാരവും കരാറുമുള്ളവര്‍ക്കായിരുന്നു നഷ്ടപരിഹാരം. ഉടമ മരിച്ച ഫ്ളാറ്റിനും നിര്‍മ്മാതാക്കളുടെ ബന്ധുക്കളുടെ ഫ്ളാറ്റിനും നഷ്ടപരിഹാരം നല്‍കിയില്ല. അഞ്ചു മുതല്‍ രണ്ടുവരെ ഫ്ളാറ്റുണ്ടായിരുന്നവര്‍ക്ക് ഒരു ഫ്ളാറ്റിന്റെ താല്ക്കാലിക നഷ്ടപരിഹാരം മാത്രമാണ് നല്‍കിയത്. 


സുപ്രീം കോടതിയുടെ അന്തിമ ഉത്തരവ് പ്രകാരമായിരിക്കും വിതരണം പൂര്‍ത്തിയാക്കുക. ഉടമകള്‍ നിര്‍മ്മാതാക്കള്‍ക്ക് 110 കോടി രൂപ വിലയായി നല്‍കിയെന്നാണ് കമ്മിഷന് ലഭിച്ച രേഖകള്‍.


 ഇതു തിരിച്ചു നല്‍കാനും ആദ്യഘട്ടമായി 20 കോടി കൈമാറാനും നിര്‍മ്മാതാക്കളോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. മറ്റു ഫ്ളാറ്റുകള്‍ വിറ്റഴിച്ച്‌ പണം നല്‍കാമെന്നാണ് രണ്ട് നിര്‍മ്മാതാക്കള്‍ കമ്മിഷനെ അറിയിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക