Image

നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ പാലാ തങ്കം അന്തരിച്ചു

Published on 10 January, 2021
നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ പാലാ തങ്കം അന്തരിച്ചു
കൊല്ലം: നാടക-ചലച്ചിത്ര നടിയും ഗായികയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായിരുന്ന പാലാ തങ്കം (84) പത്തനാപുരം ഗാന്ധിഭവനില്‍ അന്തരിച്ചു. ഏറെ നാളുകളായി ഗാന്ധിഭവന്‍ പാലിയേറ്റീവ് കെയര്‍ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. മുന്നൂറോളം ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

കോട്ടയം വേളൂര്‍ തിരുവാതുക്കല്‍ ശരത്ചന്ദ്രഭവനില്‍ കുഞ്ഞുക്കുട്ടന്‍റെയും ലക്ഷ്മിക്കുട്ടിയുടെയും മകളാണ്. രാധാമണി എന്നാണ് യഥാര്‍ഥ പേര്. കേരള പോലീസില്‍ എസ്.ഐ. ആയിരുന്ന പരേതനായ ശ്രീധരന്‍ തമ്പിയാണ് ഭര്‍ത്താവ്. മക്കള്‍: സോമശേഖരന്‍ തമ്പി, ബാഹുലേയന്‍ തമ്പി, പരേതയായ അമ്പിളി.

പതിനഞ്ചാം വയസ്സില്‍ ആലപ്പി വിന്‍സെന്റിന്റെ ’കെടാവിളക്ക്’ എന്ന ചിത്രത്തില്‍ ’’താരകമലരുകള്‍ വാടി, താഴത്തുനിഴലുകള്‍ മൂടി’’ എന്ന ഗാനം പാടിയാണ് മലയാള സിനിമാരംഗത്തേക്കു കടന്നുവന്നത്.

തുടര്‍ന്ന് നിരവധി ചിത്രങ്ങള്‍ക്കും നാടകങ്ങള്‍ക്കും പാടി. എന്‍.എന്‍. പിള്ളയുടെ പല നാടകങ്ങളിലും ശ്രദ്ധേയമായ വേഷം ചെയ്തു. വിശ്വകേരള കലാസമിതി, ചങ്ങനാശ്ശേരി ഗീഥ, പൊന്‍കുന്നം വര്‍ക്കിയുടെ കേരള തിയറ്റേഴ്‌സ് എന്നിവയിലും തുടര്‍ന്ന് കെ.പി.എ.സി.യിലും അഭിനയിച്ചു.

തുറക്കാത്ത വാതില്‍, ഇന്നല്ലെങ്കില്‍ നാളെ, നിറകുടം, കലിയുഗം, ഏണിപ്പടികള്‍, അനുഭവങ്ങള്‍ പാളിച്ചകള്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അക്കാലത്ത് നിരവധി ചിത്രങ്ങളില്‍ ശബ്ദം നല്‍കുകയും ചെയ്തു. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍നിന്ന് മലയാളത്തിലേക്ക് മൊഴിമാറ്റംചെയ്ത ചിത്രങ്ങളും ഇതില്‍പ്പെടും. കെ.പി.എ.സി. ലളിതയുടെ നിര്‍ദേശപ്രകാരമാണ് ഏഴുവര്‍ഷം മുമ്പ് തങ്കം ഗാന്ധിഭവനില്‍ എത്തിയത്. കേരള സംഗീതനാടക അക്കാദമി 2018ല്‍ ഗുരുപൂജാ പുരസ്കാരം നല്‍കി ആദരിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക