Image

പാപ്പന്റെ ക്രിസ്മസ് (കഥ-അർജുൻ ആനന്ദ്)

Published on 25 December, 2020
പാപ്പന്റെ ക്രിസ്മസ് (കഥ-അർജുൻ ആനന്ദ്)
ഇക്കൊല്ലം മഞ്ഞു വീഴ്ച കുറച്ചു കൂടുതൽ ആണ്...  അതുകൊണ്ട് തന്നെ ഡിസംബറിന് തണുപ്പ് അല്പം കൂടുതൽ ആണ്... ഗ്ലൗസും സോക്‌സും ഷർട്ടിന് മീതെ സ്വെറ്ററും ധരിച്ചു അയാൾ പതിവ് നടത്തിനായി പുറത്തേയ്ക്കിറങ്ങി...  ഇരു വശത്തും പച്ചപ്പ് നിറഞ്ഞ ചെമ്മൺ  പാതയിൽ അവിടവിടെ ആയി കാണുന്ന കുഞ്ഞൻ പാറക്കല്ലുകളിൽ ചവിട്ടി അയാൾ വേഗത്തിൽ നടന്നു....  ജോസപ്പേട്ടന്റെ ചായക്കട ആണ് ലക്ഷ്യം...  അവിടെ നിന്നും ഒരു കട്ടൻ അടിച്ചു ഒന്നും രണ്ടും പറഞ്ഞതിന് ശേഷം  അയാൾ പള്ളിയിലേയ്ക്കുള്ള കയറ്റം കയറും... എന്നും രാവിലെ കുറച്ചു നേരം ഈശോയോട് കൊച്ചു വർത്തമാനം പറഞ്ഞില്ലേൽ അയാൾക്ക് ഒരു സമാധാനം ഇല്ല... തിരികെ വീട്ടിൽ എത്തിയ ശേഷം കുളിച്ചൊരുങ്ങി പോസ്റ്റ്‌ ഓഫീസിലേക്ക്... എവിടെ നിന്നൊക്കെയോ പ്രിയപെട്ടവരെ തേടി എത്തുന്ന കത്തുകൾ ലക്ഷ്യ സ്ഥാനത്ത് എത്തിക്കുവാൻ ഉള്ള ഓട്ടം ആണ് പിന്നീട് അങ്ങോട്ട് ഉച്ചവരെ...  ഉച്ച കഴിഞ്ഞാൽ പള്ളി വക സ്കൂളിലേക്ക് പോകും സ്കൂളും പരിസരവും ശുചിയാക്കൽ അയാളുടെ അവകാശം ആണ്... അത് കഴിഞ്ഞു താഴ്‌വാരത്തുള്ള ചന്തയിൽ പോയി ഗംഗാധരേട്ടന്റെ തയ്യൽക്കടയിലേക്കുള്ള സാധനങ്ങളും ജോസപ്പേട്ടന്റെ ചായക്കടയിലേക്ക് വേണ്ട സാധനങ്ങളും മറിയ ചേട്ടത്തിയുടെ പലചരക്കു കടയിലേക്കുള്ള സാധനങ്ങളും ഒക്കെ സൈക്കിളിൽ പോയി വാങ്ങി കൊണ്ടുവരും...ഒരു തളർച്ചയും ഇല്ലാതെ ഈ കണ്ട  ചുമട് ഒക്കെ  ഒറ്റയ്ക്ക് എടുക്കുന്നത് കൊണ്ടാവും അയാളെ മലമുകളിലെ ഒട്ടകം എന്നാണ് ആ നാട്ടുകാർ വിളിക്കുന്നത്..

        പുറത്തു നിന്ന് വരുന്നവർക്ക്,  പോസ്റ്മാൻ എന്തിനാ ഇതൊക്കെ ചെയ്യുന്നത് എന്ന് തോന്നിയാൽ അതിശയം തോന്നേണ്ട കാര്യം ഇല്ല ... അയാൾ അവിടുത്തെ സ്ഥിരം പോസ്റ്മാൻ ഒന്നും അല്ല... കഴിഞ്ഞ മഴക്കാലത്തു മല ഇടിഞ്ഞു വീണു  മരിച്ചവരുടെ കൂട്ടത്തിൽ  പോസ്റ്മാൻ അച്ഛൻകുഞ്ഞു പോയപ്പോൾ  താത്കാലികമായി നിയമിച്ചതാണ് അയാളെ... വർഷങ്ങൾക്കു മുൻപ് അയാളുടെ  എല്ലാം എല്ലാം ആയിരുന്ന ഭാര്യയും മകളും പോയതും അതുപോലെ ഒരു മഴക്കാലത്താണ്.. ..

       അല്ലെങ്കിലും ഈ മലമുകളിൽ വേറെ ആര് വരാൻ ആണ് ജോലിക്ക്...കാത്തിരിക്കാൻ ആളുകൾ ഉള്ളവർക്ക് അവരുടെ പ്രിയപെട്ടവരുടെ സന്ദേശങ്ങൾ എത്തിക്കാൻ അയാൾക്ക് വല്ലാത്ത  ഉത്സാഹം ആണ്.. ഒരിക്കലും വരില്ല എന്നറിയാമെങ്കിലും അയാൾ പ്രതീക്ഷയോടെ എന്നും ആ കത്തുകൾക്കുള്ളിൽ  തിരയും അയാളുടെ പേരെഴുതിയ ഒരു പോസ്റ്റ്‌ കാർഡ് എങ്കിലും ഉണ്ടോ എന്ന്....

  ഈ പറഞ്ഞതൊന്നും അല്ലാതെ ഒരു ജോലി കൂടെയുണ്ട് അയാൾക്ക്... ഔസേപ്പ് മുതലാളിയുടെ കൊച്ചു മകൾ റെബേക്കയെ  പള്ളിക്കൂടത്തിൽ കൊണ്ടാക്കുകയും വൈകുന്നേരം വിളിച്ചു കൊണ്ട് വരികയും ചെയ്യണം...  അതാണ് അയാൾക്ക്‌ ഏറ്റവും ഇഷ്ടമുള്ള ജോലി... കാരണം റെബേക്കയെ അയാൾക്ക് വല്ല്യ ഇഷ്ടം ആണ്...  റെബേക്കയെയും അവളുടെ കൂട്ടുകാരികളെയും ഒക്കെ കാണുമ്പോൾ അയാൾക്ക്‌ അയാളുടെ മകളെ ഓർമ വരും...  

     അങ്ങനെ എല്ലാദിവസവും ഒരേപോലെ ആണ് അയാൾക്ക്‌...  ഒരേ വഴികൾ... ഒരേ ആൾക്കാർ... ഒരേ ജോലികൾ... പക്ഷെ അയാൾക്ക് ഒരു മടുപ്പും തോന്നാറില്ല... ഇതിൽ ഏതെങ്കിലും ഒന്ന് മുടങ്ങിയാൽ ആണ് അയാൾക്ക് വിഷമം..

       അങ്ങനെ  ഒരു ക്രിസ്മസ് കാലം കൂടി വന്നിരിക്കുകയാണ്...  വീടുകളിൽ എല്ലാം നക്ഷത്രങ്ങൾ തൂങ്ങി...പള്ളിയിലെ  കരോൾ ഗാനങ്ങൾ ആ മലയെ കൂടുതൽ കുളിരിലാഴ്ത്തി... മൂടൽ മഞ്ഞും നക്ഷത്രങ്ങളുടെ നിറമുള്ള വെട്ടവും പതിയെ വീശുന്ന കാറ്റും കരോളും എല്ലാം ചേർന്ന് താഴ്‌വാരം ആകെ ക്രിസ്മസിന്റെ അന്തരീക്ഷം രൂപപ്പെട്ടു...   രണ്ട് ദിവസങ്ങൾ കൂടെ കഴിഞ്ഞാൽ ക്രിസ്മസ് അവധിക്ക് സ്കൂൾ അടയ്ക്കും... അതയാൾക്ക് സങ്കടം ആണ്... കാരണം പിന്നെ കുട്ടികളെ കാണണമെങ്കിൽ പത്തു ദിവസം കഴിയണം...

    അവസാന ദിവസത്തെ ക്ലാസും കഴിഞ്ഞ് റെബേക്കയെ കൂട്ടി കൊണ്ട് വരികയായിരുന്നു അയാൾ...  റെബേക്ക അയാളോട് കല പിലാന്ന് സംസാരിച്ചു കൊണ്ടേ ഇരിക്കും...വരുന്ന വഴിയരികിൽ ഉള്ള ഒരു മരച്ചുവട്ടിൽ അവർ കുറച്ചു നേരം സംസാരിച്ചും കളിച്ചും ചിരിച്ചും ഒക്കെ ഇരിക്കാറുണ്ട്...  അവിടെ നിന്ന് താഴേക്ക് നോക്കിയാൽ ഒരായിരം മെഴുതിരികൾ കത്തിച്ചു വച്ചതുപോലെ  പോലെ പട്ടണത്തിലെ തെരുവ് വിലക്കുകൾ എരിഞ്ഞു നിൽക്കുന്നത് കാണാം.. ആ കാഴ്ച അവൾക്കു ഭയങ്കര ഇഷ്ടം ആണ്..   അവൾ എപ്പോഴും ചോദിക്കും അയാളുടെ ഭാര്യയെയും മക്കളെയും ഒക്കെ കുറിച്ച്... അവരൊക്കെ ഒരുപാട് ദൂരെ ആണെന്ന് പറഞ്ഞു അയാൾ ഒഴിയുമായിരുന്നു... പതിവുപോലെ ഇന്നും അവൾ ആ ചോദ്യങ്ങൾ ആവർത്തിച്ചു...പക്ഷെ ഇന്നയാൾ മൗനമായി ഇരുന്നതേ ഉള്ളൂ...ഇനി പത്തു ദിവസം അവളെ പിരിഞ്ഞു ഇരിക്കുന്നതോർത്തപ്പോൾ  അയാൾക്ക്‌ ശ്വാസം മുട്ടുന്നത് പോലെ തോന്നി..

അവൾ പാപ്പൻ  എന്നാണയാളെ വിളിക്കുന്നത്....

"പാപ്പാ...  ഇനി പത്തു ദിവസം അവധി ആണ്... ക്രിസ്മസിന് വീട്ടിൽ എല്ലാവരും വരും... നല്ല രസമായിരിക്കും...പാട്ടും.. കളിയും... ചിരിയും...  അറിയാമോ..  പാപ്പന്റെ പിള്ളേരൊക്കെ വരുമോ.. "....

അയാൾ ഒന്നും മിണ്ടിയില്ല... വിദൂരതയിലേക്ക് കണ്ണും നട്ടിരുന്നു...

"പാപ്പാ "....

അയാളുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ അയാളുടെ ഒട്ടിയ കവിളു വഴി താഴേക്ക് ഒഴുകി അയാളുടെ നരപടർന്ന മീശയിൽ പടർന്നില്ലാതായി...

"എന്തിനാ പാപ്പാ കരയുന്നത്...? പാപ്പന് ആരും ഇല്ലേ? അവർക്ക് പാപ്പനെ വേണ്ടേ  .. സാരമില്ല... കരയണ്ട.. പാപ്പന് റെബേക്ക മോൾ  ഉണ്ടല്ലോ.. "

അയാൾ അവളെ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുത്തു....  എന്നിട്ട് അയാൾ കൈയിൽ കരുതി വച്ചിരുന്ന ഒരു കുഞ്ഞു നക്ഷത്രം അവൾക്കു കൊടുത്തു..

"ഇത് റെബേക്ക മോൾക്ക്.. പാപ്പന്റെ ക്രിസ്മസ് സമ്മാനം..പാപ്പന്റെ കൈയിൽ ഇതേ ഉള്ളൂ  "...

   അയാൾ അവളെ എടുത്തു സൈക്കിളിന്റെ മുൻപിലെ  ബാറിൽ  ഇരുത്തി... അവരെയും കൊണ്ട് ആ സൈക്കിൾ മെല്ലെ മുൻപോട്ട് ചലിച്ചു ... അവൾ അയാളെ തന്നെ നോക്കി കൊണ്ടിരുന്നു...അന്ന് പെട്ടെന്ന് വീടെത്തിയത് പോലെ അയാൾക്ക്‌ തോന്നി.. അവളെ വീട്ടിലാക്കിയതിനു ശേഷം അയാൾ തന്റെ വീട്ടിലേയ്ക്ക് മടങ്ങി..

അടുത്ത നാൾ കത്തുകൾക്കിടയിലുള്ള പതിവ് തിരച്ചിലിനിടയിൽ അയാളുടെ കണ്ണുകൾ ഒരു പോസ്റ്റ്‌ കാർഡിൽ ഉടക്കി...  അത് അയാൾക്ക് ഉള്ളതായിരുന്നു... ഡിസംബർ 24ലാം തീയതി രാത്രിയിൽ പള്ളിയുടെ അടുത്തുള്ള മൈതാനത്തു  വരണം എന്നായിരുന്നു അതിൽ.. ആരായിരിക്കും അത് എന്ന് അയാൾക്ക് ഒരു എത്തും പിടിയും കിട്ടിയില്ല... ആരുടെയോ കളി തമാശ ആവും  എന്ന് കരുതി അയാൾ അത് അലസമായി തന്റെ സഞ്ചിയിൽ ഇട്ടു.. അല്ലെങ്കിലും തനിക്കാര് കത്ത് അയക്കാൻ ആണ്..

    ഒരാഴ്ച കഴിഞ്ഞു... ക്രിസ്മസിന്റെ തലേ രാത്രി...  അയാൾ ഒരു പാറയുടെ മുകളിൽ നകഷത്രങ്ങളെ നോക്കി കിടക്കുകയായിരുന്നു... അതിൽ ഒരു വല്ല്യ നക്ഷത്രവും കൂടെയുള്ള ഒരു കുഞ്ഞു നക്ഷത്രവും അയാളെ നോക്കി ചിരിക്കുന്നത് പോലെ അയാൾക്ക്‌ തോന്നി... അത് തന്റെ ഭാര്യയും മകളും ആയിരിക്കുമോ.. ആ മല മുഴുവൻ ക്രിസ്മസ് ലഹരിയിൽ ആണ്... അയാൾ മാത്രം തനിച്ചു... ഒരു നിമിഷം ജീവിതത്തോട് അയാൾക്ക് വല്ലാത്ത വെറുപ്പ് തോന്നി... പെട്ടെന്ന് അയാൾ ആ കത്തിന്റെ കാര്യം ഓർമിച്ചു...  ഒരുപാട് ആലോചിച്ചതിനു ശേഷം അയാൾ അങ്ങോട്ടേയ്ക്ക് പോയ്‌ നോക്കാം എന്ന് തീരുമാനിച്ചു അവിടെ നിന്നും എഴുന്നേറ്റ് നടന്നു ...അയാൾ നടന്നു പള്ളിയുടെ അടുത്തെത്തി.. പള്ളിയിൽ ഒരുപാട് പേര് ഉണ്ട്.. പ്രാർത്ഥനയും പാട്ടും ഒക്കെ കേൾക്കാം.. പള്ളിയും കടന്നു   ആൾ തിരക്കില്ലാത്ത മൈതാനത്തേയ്ക്ക്  അയാൾ മെല്ലെ ചുവടുകൾ വച്ചു ...അവിടെ എങ്ങും ഇരുട്ടായിരുന്നു... ആ ഇരുട്ടിൽ ഒന്നും അയാൾക്ക്‌ കാണാൻ കഴിയുന്നുണ്ടായിരുന്നില്ല... നിരാശയോടെ അയാൾ തിരിഞ്ഞു നടന്നു..  

   പെട്ടെന്ന് അയാളെ ഞെട്ടിച്ചു കൊണ്ട് മിന്നൽ പോലെ ആ ചെറിയ മൈതാനത്തു ആകെ വെളിച്ചം വന്നു നിറഞ്ഞു...  "മെറി  ക്രിസ്മസ് പാപ്പാ " എന്നൊരു ആരവത്തോടെ കുറെ കുഞ്ഞി ക്രിസ്മസ് അപ്പൂപ്പന്മാർ അയാൾക്ക് മുൻപിൽ തെളിഞ്ഞു...  എന്താണ് നടക്കുന്നതെന്ന് ആലോചിച്ചു അന്ധാളിച്ചു നിന്ന അയാൾക്ക് മുൻപിലേക്ക് സാന്റാ ക്ലോസിന്റെ മുഖം മുഖാവരണം മാറ്റിക്കൊണ്ട്  കൊണ്ട് റെബേക്കായും കൂട്ടുകാരും വന്നു...  ഒപ്പം അവരുടെ അച്ചന്മാരും അമ്മമാരും ടീച്ചർമാരും നാട്ടുകാരും ഉണ്ടായിരുന്നു... നാട്ടുകാർക്ക് വേണ്ടി ലാഭേച്ഛയില്ലാതെ കഷ്ടപ്പെടുന്ന അയാൾക്ക്‌ അവരെല്ലാവരും ചേർന്ന് നൽകിയ ക്രിസ്മസ് സമ്മാനം...  സന്തോഷം കൊണ്ട് അയാളുടെ കണ്ണുകൾ നിറഞ്ഞു...  കുഞ്ഞു റെബേക്കായെ അയാൾ കെട്ടി പിടിച്ചു...  അവൾ അയാൾക്കൊരു മുത്തം കൊടുത്തു...മകളുടെയും ഭാര്യയുടെയും മരണശേഷം താൻ ഈ ലോകത്ത് തനിച്ചല്ല എന്ന് അയാൾക്ക് ആദ്യമായി തോന്നിയ നിമിഷം...

സന്തോഷം കൊണ്ട് ഇടറുന്ന ശബ്ദത്തിൽ അയാൾ ആവുന്നത്ര ഉറക്കെ പറഞ്ഞു " ഹാപ്പി ക്രിസ്മസ്... ഹാപ്പി ക്രിസ്മസ്.... "....

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക