Image

മണ്മറഞ്ഞ വെള്ളി വെളിച്ചം (ബിനു ചിലമ്പത്ത്)

Published on 23 December, 2020
മണ്മറഞ്ഞ വെള്ളി വെളിച്ചം (ബിനു ചിലമ്പത്ത്)
പൂക്കളില്ലാതെ പുലരിയില്ലാതെ,
ആർദ്രമേതോ വിളിക്കു പിന്നിലായ്
പാട്ടു മൂളി ഞാൻ പോകവേ, നിങ്ങൾ
കേട്ടു നിന്നുവോ ! തോഴരെ നന്ദി, നന്ദി....

"പാതിരാപ്പൂക്കളുടെ" ഗന്ധവും, "രാത്രിമഴ"യുടെ കുളിരും, "അമ്പലമണി" യുടെ വിശുദ്ധിയും നമുക്ക് സമ്മാനിച്ച, "കാടിനു കാവൽ" ആയ, "സൈലന്റ് വാലി" എന്ന നിശബ്ദ വനത്തിനായി കയ്യുയർത്തിയ അവിടുത്തേക്ക്  പ്രണാമം !

വാക്കുകളിലും വരികളിലും ഒരായിരം സ്നേഹ വാത്സല്യങ്ങൾ പകർന്നു നൽകിയ മലയാള നാടിന്റെ സ്വന്തം സുഗതകുമാരി അമ്മ ഇന്ന് നമ്മോട് വിട പറഞ്ഞിരിക്കുകയാണ്. പ്രകൃതിയും സാഹിത്യവും തന്റെ ലോകമായി കണ്ട്, ഒരു ജന്മം മുഴുവൻ നമ്മെ സ്നേഹിച്ച് നിഴലായി കൂടെ നിന്ന ആ അമ്മ മനസ്സിന് മുന്നിൽ കേരളം കൈതൊഴുന്നു...

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട കവയത്രിയാണ് സുഗതകുമാരി. കേരളത്തിന്റെ പ്രശ്നങ്ങളിൽ ശ്രദ്ധാലുവായി അവ സ്വന്തം വേദനകളായി കണ്ട് പരിഹാരം തേടാൻ മുന്നോട്ട് വന്ന ഒരു സാമൂഹ്യ പ്രവർത്തക കൂടിയാണ്. സൈലന്റ്  വാലിയുടെ നിലനിൽപ്പിനായും  സ്ത്രീകളുടെ ഉന്നമനത്തിനായും അഹോരാത്രം പ്രയത്നിച്ചു. പേരിനും പ്രശസ്തിക്കും വില കൊടുക്കാതെ സമൂഹം എന്ന കുടുംബത്തിനെ ജീവന് തുല്യം സ്നേഹിക്കാൻ മനസ്സു കാട്ടി. 

പ്രകൃതി സംരക്ഷണ സമിതികൾ രൂപീകരിച്ചു. സാമൂഹിക സേവനം ജീവിത ലക്ഷ്യമായി തിരഞ്ഞെടുത്തു.സാഹിത്യ ലോകവുമായി അടുത്തു നിൽക്കുമ്പോളും ഒപ്പംനിൽക്കുന്ന സഹജീവികളുടെ കണ്ണീരിനൊപ്പമായിരുന്നു അവർ . സാഹിത്യ  ലോകത്തെ സംഭാവനകൾക്ക് ഒട്ടനേകം പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. എങ്കിലും  അംഗീകാരങ്ങളെക്കാൾ സ്നേഹവും സഹായവുമാണ് ആനന്ദം എന്ന് വിശ്വസിച്ചതിനാൽ പുരസ്‌കാരങ്ങൾ നേടിയെടുക്കാൻ ശ്രമിച്ചിരുന്നില്ല. 

സംസ്ഥാന വനിതാ കമ്മീഷന്റെ അധ്യക്ഷയായി പ്രവർത്തിച്ചിരുന്നു. അങ്ങനെ അഗതികൾക്ക് അത്താണിയായി.... പ്രകൃതിക്ക് തണലായി.... ഇന്നിതാ, പറയാതെയും അറിയാതെയുമുള്ള ഒരു മടക്കയാത്ര!  എത്ര സ്വാർത്ഥ താല്പര്യങ്ങൾക്ക് ഇടം കൊടുക്കാതെ, തന്റെ ജീവിതായുസ്സിലെ ഓരോ നിമിഷവും സമൂഹ നന്മക്കായി അർപ്പിച്ച സ്നേഹ നിധിയായ ഈ അമ്മയുടെ വിയോഗത്തിൽ അമേരിക്കൻ മലയാളികളുടെ  കണ്ണീരിൽ തീർത്ത പുഷ്പങ്ങൾ ഞങ്ങൾ സമർപ്പിക്കുകയാണ്..

അപ്പോഴും ഒരു ചോദ്യം ബാക്കിയാവുന്നു

നമ്മുടെ മനസ്സിൽ
കവിതയെന്ന
ദീപം ഇനി ആര് കൊളുത്തും.?
മണ്മറഞ്ഞ വെള്ളി വെളിച്ചം (ബിനു ചിലമ്പത്ത്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക