Image

മണി ചെയിന്‍ തട്ടിപ്പ്‌: മലയാളി സംഘം ഷാര്‍ജയില്‍ പിടിയില്‍

Published on 13 June, 2012
മണി ചെയിന്‍ തട്ടിപ്പ്‌: മലയാളി സംഘം ഷാര്‍ജയില്‍ പിടിയില്‍
ദുബൈ: ഷാര്‍ജയിലെ ഫ്‌ളാറ്റ്‌ കേന്ദ്രീകരിച്ച്‌ മണി ചെയിന്‍ മാതൃകയില്‍ തട്ടിപ്പ്‌ നടത്തിയ മലയാളി സംഘത്തെ ഷാര്‍ജ പൊലീസ്‌ പിടികൂടി. റസിഡന്‍ഷ്യല്‍ അപാര്‍ട്‌മെന്‍റ്‌ വാടകക്ക്‌ എടുത്ത ശേഷം അനധികൃതമായി നിക്ഷേപ കമ്പനി നടത്തി വരികയായിരുന്നു സംഘം. അഞ്ച്‌ പേരാണ്‌ പിടിയിലായിരിക്കുന്നത്‌. ഫ്‌ളാറ്റ്‌ വാടകക്ക്‌ എടുത്തയാള്‍ ഇപ്പോള്‍ കേരളത്തിലാണ്‌. ഇവരുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല. ലൈസന്‍സ്‌ ഇല്ലാതെ നിക്ഷേപ കമ്പനി പ്രവര്‍ത്തിപ്പിച്ചതിനും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്‌.

1500 ദിര്‍ഹം നിക്ഷേപിച്ച്‌ ചങ്ങലയില്‍ കണ്ണിയാകുകയും നാലുപേരെ കണ്ണിയില്‍ ചേര്‍ക്കുകയും ചെയ്‌താല്‍ പ്രതിമാസം 400 ഡോളര്‍ (1460 ദിര്‍ഹം) അക്കൗണ്ടില്‍ ഇടാമെന്ന്‌ പറഞ്ഞാണ്‌ ഇവര്‍ നിക്ഷേപങ്ങള്‍ സ്വീകരിച്ചിരുന്നതെന്ന്‌ ഷാര്‍ജ പൊലീസ്‌ അധികൃതര്‍ പറഞ്ഞു. ഇങ്ങിനെ വഞ്ചിക്കപ്പെട്ടവര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ്‌ പ്രത്യേക സംഘം രൂപവത്‌കരിച്ച്‌ പൊലീസ്‌ അന്വേഷണം ഊര്‍ജിതമാക്കിയത്‌. ഉച്ചക്ക്‌ 12 മുതല്‍ വൈകീട്ട്‌ ഏഴ്‌ വരെയാണ്‌ ഫ്‌ളാറ്റില്‍ ഇവരുടെ ഓഫിസ്‌ പ്രവര്‍ത്തിച്ചിരുന്നത്‌. നിക്ഷേപകരെ ഇവിടേക്ക്‌ വരുത്തിയാണ്‌ വലയില്‍ വീഴ്‌ത്തിയിരുന്നത്‌. നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണെന്ന്‌ ബോധ്യപ്പെടുത്താനുള്ള സജ്ജീകരണങ്ങളെല്ലാം ഇവിടെ ഒരുക്കിയിരുന്നു. നിക്ഷേപകര്‍ക്ക്‌ കാര്യങ്ങള്‍ വിശദീകരിക്കാനുള്ള മീറ്റിങ്‌ റൂം, അവിടെ പ്രോജക്ടര്‍, ലാഭം എഴുതിപ്പെരുപ്പിച്ച്‌ കാണിക്കാനുള്ള ബോര്‍ഡ്‌, വലിയ ടി.വി, കമ്പ്യൂട്ടറുകള്‍ എന്നിവയെല്ലാം സജ്ജീകരിച്ചിരുന്നു.

പരാതിയുമായി പൊലീസിനെ ആദ്യം ഒരാളാണ്‌ സമീപിച്ചത്‌. ലാഭവിഹിതം കിട്ടാതെ വന്നപ്പോള്‍ ഇയാള്‍ കമ്പനി നടത്തിപ്പുകാരുമായി ബന്ധപ്പെട്ടപ്പോള്‍ യൂസര്‍ നെയിമും പാസ്വേര്‍ഡും നല്‍കുകയാണ്‌ ചെയ്‌തത്‌. ഇതുപയോഗിച്ച്‌ കമ്പനി വെബ്‌സൈറ്റില്‍ നിന്ന്‌ അക്കൗണ്ടിന്‍െറ വിവരങ്ങള്‍ അറിയാമെന്നായിരുന്നു മറുപടി. എന്നാല്‍, സൈറ്റില്‍ നിന്നും ഇത്തരം വിവരങ്ങള്‍ ലഭിച്ചില്ല. പിന്നീട്‌ പരാതികള്‍ വര്‍ധിച്ചുവന്ന സാഹചര്യത്തിലാണ്‌ പൊലീസ്‌ പ്രത്യേക സംഘം രൂപവത്‌കരിച്ചത്‌. നിക്ഷേപകരില്‍ നിന്ന്‌ പിരിച്ച പണം തങ്ങളുടെ സ്വകാര്യ ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കുകയായിരുന്നെന്ന്‌ ചോദ്യംചെയ്യലില്‍ ഇവര്‍ സമ്മതിച്ചതായി പൊലീസ്‌ പറഞ്ഞു. കൂടുതല്‍ അന്വേഷണത്തിനായി കേസ്‌ പബ്‌ളിക്‌ പ്രോസിക്യൂഷന്‌ കൈമാറി.

എളുപ്പത്തില്‍ ധനികരാകാമെന്ന വ്യാമോഹത്തില്‍ ഇത്തരം തട്ടിപ്പുകളില്‍ വഞ്ചിതരാകരുതെന്നും ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അധികൃതരെ അറിയിക്കണമെന്നും ഷാര്‍ജ പൊലീസ്‌ ജനങ്ങളോട്‌ അഭ്യര്‍ഥിച്ചു.
മണി ചെയിന്‍ തട്ടിപ്പ്‌: മലയാളി സംഘം ഷാര്‍ജയില്‍ പിടിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക