Image

അക്കങ്ങളിൽ തെരേസ (കവിത: ലിഷ ജയൻ)

Published on 21 December, 2020
അക്കങ്ങളിൽ തെരേസ (കവിത: ലിഷ ജയൻ)
ആറാം ക്ലാസ്സിലെ
ഓണാവധികഴിഞ്ഞു
സ്കൂൾ തുറന്ന അന്ന് ഉച്ചയിലാണ്
തെരേസയിൽ  
ഒരു പൂവുപോൽ
കവിതപൊട്ടുന്നത്‌  
കണക്കു പരീക്ഷക്ക്  
രണ്ടു ഭിന്ന സംഖ്യകളെ
ഗുണിക്കാനുളള ചോദ്യത്തിന്
അത് രണ്ടും  ചേർത്ത്
പൂമ്പാറ്റയെ വരച്ചതിനു
കണക്കു സർ
വെയിലത്ത് നിർത്തിയ
നേരത്താണ്
ആദ്യത്തെ കവിത
തുമ്പിയായ് പറന്നു അവളുടെ തലയിലിരുന്നത് ..
ഭൂഗോളത്തിന്റെ സ്പന്ദനം
കണക്കിലാണെന്ന് വിശ്വസിക്കുന്ന
അപ്പനോട്
ജനതാ  ബാറിന്റെ
ചുവന്ന വെളിച്ചത്തിൽ കണക്കു സർ
തെരസയുടെ പിശകിയെ കണക്കുകളെ
കണക്കില്ലാതെ പരിഹസിച്ചു..
ചുവന്ന വെളിച്ചം കണ്ണിൽ തിരുകി
രാത്രി അപ്പൻ
തെരസയുടെ കവിതകളെ,
ആകാശം വരക്കുന്ന
നീല ക്രയോൻസിനെ
തീയിലെറിയുമ്പോൾ
അവളുടെതുമ്പികൾ
ആ, ആ, ഈ  എന്ന് പേടിച്ചു മൂളി
ജനാലയുടെ ഇരുട്ടിൽ  പറന്നുപോയി..
തെരേസ
മുട്ടിൽ നിന്ന്
പെരുക്കപ്പട്ടിക
തെറ്റിയും,  ചൊല്ലിയും..
അപ്പന്റെ ബെൽറ്റിന്റെ തുമ്പിൽ
ചോര പൊടിക്കുമ്പോൾ  
അമ്മ
എപ്പോഴും തെറ്റിപഠിച്ച
തെറ്റാത്ത കണക്കിൽ
ബന്ധനങ്ങളുടെ ചങ്ങല പോൽ
കൊന്ത  മണികൾ ഉരുട്ടി ഉരുട്ടി
രാത്രിയെകടത്തി..
അക്ഷരങ്ങളും,
നിറങ്ങളും  
ഇറങ്ങി പോയവൾ
എന്ന നോവിൽ  
പിന്നെ
തെരേസ അക്കങ്ങളിൽചിരിച്ചു,
അക്കങ്ങളിൽ മിണ്ടി
അക്കങ്ങളിൽ നടന്നു ...
ദൂരമെണ്ണി,
വഴിയളന്നു,  നടകളെണ്ണി
ആകാശം കാണാതെ
അക്കങ്ങളെ തിന്നു..
പിന്നെ ഒരിക്കലും
ജനതാ ബാറിൽ
അപ്പന്റെ തല കുനിഞ്ഞില്ല..
അക്ഷരങ്ങളിൽ മിണ്ടുന്ന
അവസാന ആളെന്ന നിലയിൽ
അമ്മ മരണത്തിന്റെ
മണമുള്ള നഗരത്തിലേക്ക്
 സ്വതന്ത്ര ആയപ്പോൾ  അമ്മയോടൊപ്പം
പൂരിപ്പിക്കാനാവാത്ത
പസിൽ വിടവ് പോൽ
'അ'
എന്ന അവസാന അക്ഷരവും  
മറവിയിൽ ഊർന്നു പോയി ..
അദൃശ്യമായ ബെൽറ്റിന്റെ
ഉയർന്ന മൂളക്കത്തിൽ
അപ്പനോട് അവൾ
കണക്കിൽ മിണ്ടി..
പാലിന്റെ പൈസ,
ചിട്ടിപൈസ ,
ചിലവിന്റെ പൈസ
ബാക്കി പൈസ,
ഫീസിന്റെ പൈസ
എന്നിങ്ങനെ
കണക്കിന്റെ കണക്കുകൾ..
എഞ്ചിനീറിങ്
അവസാന വർഷ പരീക്ഷ നാൾ  
അപ്പൻ ബാറിൽ മരിച്ചു കിടക്കുമ്പോൾ
ഒരു തുള്ളി കണ്ണുനീർ വീഴിക്കാൻപറ്റാതെ
മടുത്ത്
അപ്പന്റെ ഭാഷയെ
സ്നേഹത്തിന്റെ ഭാഷയിലേക്ക്
ഡി കോഡ് ചെയ്യാൻ  
ശ്രമിച്ചു ശ്രമിച്ചു പറ്റാതെ..
തെരേസ ..  
ഒടുക്കം
അപ്പന്റെ ബെൽറ്റുകൾ,
കുപ്പികൾ
അക്കങ്ങൾക്കൊപ്പം  
കൂട്ടിയിട്ടു കത്തിക്കുമ്പോൾ
അന്ത്യാമുത്തം  
തൊടാതെ  
അപ്പൻ മണ്ണിൽ
വിറുങ്ങലിച്ചു...  
പിന്നീട്  
രാത്രികൾ നീണ്ട
കോഡിങ്,
ഡി കോഡിങ്, വഴികളിൽ
തെരേസയ്ക്ക് ചുറ്റും
ആഹാ
വീണ്ടും തുമ്പികൾ,
ആ,

ഇ,

എന്നിങ്ങനെ പാറി തുടങ്ങുമ്പോൾ
പൊട്ടിവന്ന ആഹ്ലാദത്തിൽ
തെരേസ
ലാപ്ടോപ് സ്ക്രീൻ പൊളിച്ച്
സ്വാതന്ത്ര്യത്തിന്റെ  ചിറകു തുന്നി
തുമ്പികൾക്കൊപ്പം തുള്ളിപ്പറന്ന്
അക്ഷരങ്ങളെ തൊട്ട്  
 കവിതകളിൽ നിന്ന് കവിതകളിലേക്ക്
നീന്തി
നിറങ്ങളിൽ അലിഞ്ഞു പോയി
തുടിച്ചു ഉയർന്ന്
ഭ്രാന്തൻ
വസന്തങ്ങളിൽ  തൊട്ടു...
Join WhatsApp News
രാജു തോമസ് 2020-12-22 21:13:11
ഇതിൽ എന്തോ പ്രത്യേകതയുണ്ട്. തെരേസ എന്നു പേരുവച്ചവൾ കുട്ടിയായിരുന്നപ്പോൾമുതലുള്ള കണക്കിന്റെ കണക്കു പെരുപ്പിച്ചതും ജനത എന്നു പേരുള്ള ബാറിൽ അവളുടെ അച്ഛനും കണക്കുസാറും ഒരുമിച്ചിരിക്കുന്നതുമൊക്കെ ആസ്വദിച്ചു. എങ്കിലും ഒന്നു ചി ന്തിച്ചു: ഈ പത്തുപന്ത്രണ്ടു വാക്യങ്ങൾ നിരത്തിയെഴുതി ഒരു കഥയായി കൊടുത്തിരുന്നെങ്കിൽ ! വേണ്ട. എന്നാലും ശ്രദ്ധിക്കണം: 'പാറിത്തുടങ്ങുമ്പോൾ'' എന്നുവേണം (അടുത്ത 'പൊട്ടിവന്നു' എന്നപോലെ) അതുപോലെ പലതുതുണ്ടിവിടെ . പിന്നെ, 'അന്ത്യമുത്തം' മതി.. അഭിനന്ദനങ്ങൾ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക