Image

ദുബായില്‍ ദുര്‍മന്ത്രവാദം: 2 പേര്‍ പിടിയില്‍

Published on 11 June, 2012
ദുബായില്‍ ദുര്‍മന്ത്രവാദം: 2 പേര്‍ പിടിയില്‍
ദുബായ്‌ : ദുര്‍മന്ത്രവാദത്തിനും ആഭിചാര ക്രിയകള്‍ക്കും ഉപയോഗിക്കുന്ന ഒട്ടേറെ വസ്‌തുക്കളുമായി രണ്ടു പേരെ ദുബായ്‌ കസ്‌റ്റംസ്‌ പിടികൂടി. ഏഷ്യന്‍ രാജ്യത്തു നിന്നു വന്ന ഇവരെ ടെര്‍മിനല്‍ മൂന്നില്‍ നിന്നാണു കസ്‌റ്റഡിയിലെടുത്തത്‌. നിരോധിക്കപ്പെട്ട 28 തരത്തിലുള്ള 1200 വസ്‌തുക്കള്‍ കണ്ടെടുത്തതായി ദുബായ്‌ കസ്‌റ്റംസ്‌ എയര്‍പോര്‍ട്‌ ഓപറേഷന്‍സ്‌ ഡയറക്‌ടര്‍ അലി അല്‍ മുഗാവി പറഞ്ഞു. ആദ്യ ഇന്‍സ്‌പെക്‌ഷന്‍ ഗേറ്റുകളിലൂടെ കടന്നു വന്ന ഇവര്‍ കസ്‌റ്റംസ്‌ ഗേറ്റില്‍ കുടുങ്ങുകയായിരുന്നു.

ബാഗുകള്‍ തുറന്നു പരിശോധിച്ചപ്പോള്‍ തകിടുകള്‍, ഫലകങ്ങള്‍, മന്ത്രങ്ങള്‍, മരുന്നുകള്‍, മന്ത്രവാദത്തിനുപയോഗിക്കുന്ന വസ്‌തുക്കള്‍ എന്നിവ കണ്ടെടുത്തു. യുഎഇ നിയമപ്രകാരം നിരോധിക്കപ്പെട്ടവയാണ്‌ ഇവ. കത്തികള്‍, മൃഗത്തോല്‍, മീന്‍ മുള്ളുകള്‍, എല്ലുകള്‍, ചോരയും ദ്രാവകങ്ങളം അടങ്ങിയ ക്യാപ്‌സ്യൂളുകള്‍, മന്ത്രവാദത്തിനുപയോഗിക്കുന്ന മൃഗങ്ങളുടെ ചിത്രങ്ങള്‍, ചരടുകള്‍, കല്‍ക്കരി, മോതിരങ്ങള്‍, ഇലകള്‍, പൊടികള്‍ തുടങ്ങിയവയും കൂട്ടത്തിലുണ്ടായിരുന്നു.

പിടിയിലായവരെ ദുബായ്‌ പൊലീസിനു കൈമാറി. ഇത്തരത്തിലുള്ള 92 കള്ളക്കടത്തു ശ്രമങ്ങളാണ്‌ കഴിഞ്ഞ വര്‍ഷം പിടികൂടിയതെന്ന്‌ അല്‍ മുഗാവി പറഞ്ഞു. ഈ വര്‍ഷം ഇതുവരെ 16 കടത്തു ശ്രമങ്ങള്‍ ഇല്ലാതാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക