Image

ഒപ്പ് വ്യാജമാണെന്ന നിര്‍ദേശകന്റെ പരാതി, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചു, എതിരില്ലാതെ സി.പി.എം

Published on 23 November, 2020
ഒപ്പ് വ്യാജമാണെന്ന നിര്‍ദേശകന്റെ പരാതി, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചു, എതിരില്ലാതെ സി.പി.എം


കണ്ണൂര്‍: നാമനിര്‍ദേശ പത്രികയിലെ ഒപ്പ് വ്യാജമാണെന്ന ആരോപണത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചതോടെ തലശ്ശേരി നഗരസഭയില്‍ ഒരു വാര്‍ഡില്‍ കൂടി സിപിഎമ്മിന് എതിരില്ലാ വിജയം. മമ്പള്ളിക്കുന്ന് വാര്‍ഡാണ് സിപിഎമ്മിന് ഏകപക്ഷീയ വിജയം നല്‍കിയ മറ്റൊരു വാര്‍ഡ്. സിപിഎം കോട്ടയായി കരുതപ്പെടുന്ന ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥിയെ പോലും നിര്‍ത്തിയില്ല. പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ അവസാനിച്ചപ്പോള്‍ എതിരില്ലാതെ ജയിച്ച സ്ഥാനാര്‍ത്ഥികളുടെ എണ്ണം നഗരസഭയില്‍ 16 ആയി. സിപിഎം ഭീഷണിയെ തുടര്‍ന്നാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ സ്ഥാനാര്‍ത്ഥിത്വം നഷ്ടമായതെന്ന് ആരോപണം.  

തന്റെ ഒപ്പു വ്യാജമാണെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശകന്‍ തന്നെ പരാതി നല്‍കുകയായിരുന്നു. ഇത് പാര്‍ട്ടിക്കാരുടെ ഭീഷണിയെ തുടര്‍ന്നാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്ത വന്നിട്ടുണ്ട്.  കഴിഞ്ഞ തവണ ഇവിടെ സിപിഎം സ്ഥാനാര്‍ത്ഥി വന്‍ ഭൂരിപക്ഷത്തില്‍ വിജയം നേടിയിരുന്നു. 500 ലധികം വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു കിട്ടിയത്. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും സ്ഥാനാര്‍ത്ഥികള്‍ക്ക് 100 വോട്ടുകള്‍ പോലും കിട്ടിയിരുന്നില്ല. 

അതേസമയം കണ്ണൂര്‍ കാനത്തൂര്‍ ഡിവിഷനില്‍ അവസാന നിമിഷം മാറ്റിയ കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി വിമതനായി മത്സരിക്കും. അരമണിക്കൂര്‍ മുമ്പ് വരെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷാണ് വിമതനായി മത്സരിക്കുക. കണ്ണൂര്‍ രൂപതയുടെ പിന്തുണയോടെ പുതിയ സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കാന്‍ പാര്‍ട്ടി അവസാനനിമിഷം എടുത്ത തീരുമാനമാണ് ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെ വിമതനാക്കിയത്. മൂന്‍ കൗണ്‍സിലര്‍ കൂടിയായ കെ സുരേഷിനെ സ്ഥാനാര്‍ത്ഥിയായി ഔദ്യോഗികമായി അവതരിപ്പിക്കുകയും സ്വീകരണം നല്‍കുകയും ചെയ്ത ശേഷം പത്രിക പിന്‍വലിക്കാനുള്ള അവസാന നിമിഷം അടിയന്തിര യോഗം വിളിച്ചാണ് തെരഞ്ഞെടുപ്പ് കമ്മറ്റി പുതിയ സ്ഥാനാര്‍ത്ഥിക്ക് പിന്തുണയുമായി കളംമാറി ചവിട്ടിയത്. ജവഹര്‍ ബാലജനവേദിയുടെ നിയോജക മണ്ഡലം പ്രസിഡന്റ് ഷിബുവായിരിക്കും കോണ്‍ഗ്രസിന്റെ കാനത്തൂര്‍ ഡിവിഷനിലെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക