Image

കോണ്‍ഗ്രസ് ഒരു മന്ഥനത്തിന് തയ്യാറാകുമോ (ദല്‍ഹികത്ത് :പി.വി.തോമസ്)

പി.വി.തോമസ് Published on 20 November, 2020
കോണ്‍ഗ്രസ് ഒരു മന്ഥനത്തിന് തയ്യാറാകുമോ (ദല്‍ഹികത്ത് :പി.വി.തോമസ്)
ബീഹറില്‍ നിതീഷ്‌കുമാര്‍(ജെ.ഡി.യു) മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അധികാരം ഏറ്റെടുത്തു. തുടര്‍ച്ചയായി നാലാം തവണ. ഇത് തീര്‍ച്ചയായും ഒരു റെക്കോര്‍ഡ് ആണ് ഇന്‍ഡ്യന്‍ ജനാധിപത്യചരിത്രത്തില്‍. പക്ഷേ, അദ്ദേഹം ഈ ഭരണം അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുമോ എന്ന ചോദ്യവും ഉദിക്കുന്നുണ്ട്. സഖ്യത്തില്‍ അദ്ദേഹത്തിന്റെ കക്ഷിക്ക് 43 സീറ്റുകള്‍ മാത്രം ആണ് ഉള്ളത്. സിംഹഭാഗം  ബി.ജെ.പി.ക്ക് ആണ്- 74. ബാക്കി എട്ട് സീറ്റുകള്‍ ചെറിയ രണ്ട് സഖ്യകക്ഷികള്‍ക്കാണ്. അങ്ങനെ മൊത്തം 125. കേവല ഭൂരിപക്ഷമായ 122-ല്‍ നിന്നും 3 സീറ്റുകള്‍ മാത്രം കൂടുതല്‍. അതായത് നിതീഷിന്റെയും ബി.ജെ.പ.യുടെയും വിജയം നൂലിടക്ക് ആണ്. വെറും 0.03  ശതമാനം വോട്ട് ആണ് എന്‍.ഡി.എ.ക്ക് മഹാസഖ്യത്തെക്കാള്‍ കൂടുതല്‍ ലഭിച്ചത്. ഈ രണ്ട് സഖ്യങ്ങള്‍ തമ്മിലുള്ള വോട്ടിന്റെ വ്യത്യാസം 12,768 മാത്രം ആണ്.
നിതീഷ്‌കുമാറിന്റെ ഗവണ്‍മെന്റിന്റെ അസ്ഥിരതയുടെയും അനിശ്ചിതതാവസ്ഥയുടെയും കാരണം ഇത് മാത്രം അല്ല. അദ്ദേഹത്തിന്റെ ഇടവും വലവും രണ്ട് തീവ്രഹിന്ദുത്വവാദികളായ ഉപമുഖ്യമന്ത്രിമാരെ  നരേന്ദ്രമോദിയും അമിത്ഷായും പ്രതിഷ്ഠിച്ചിട്ടുണ്ട്. ഒന്ന് തര്‍ കിഷോര്‍ പ്രസാദ്. ഇദ്ദേഹം കറകളഞ്ഞ ആര്‍.എസ്.എസ്.കാരന്‍ ആണ്. രണ്ട്, രേണുദേവി, ഇവര്‍ വിശ്വഹിന്ദുപരിഷത്തിന്റെ ദുര്‍ഗ്ഗവാഹിനിയിലൂടെ ബി.ജെ.പി.യില്‍ അദ്വാനിയുടെ രാമക്ഷേത്രമൂവ്‌മെന്റ് കാലത്ത് വന്നതാണ്. രണ്ട് പേരും പിന്നോക്ക സമുദായക്കാര്‍ ആണ്. തര്‍ കിഷോര്‍ പ്രസാദ് വൈശ്യസമുദായവും രേണുദേവി അതീവപിന്നോക്കവും. മറ്റൊരു പിന്നോക്ക സമുദായക്കാരനായ(കുര്‍മി) നിതീഷിന് നല്ല ഒരു തടയാണ് ഇത്. സത്യപ്രതിജ്ഞവേളയില്‍ പതിവുപോലെ നിതീഷ് അദ്ദേഹത്തിന്റെ ഡെപ്യൂട്ടികളെ സ്വാഗതം ചെയ്യുവാന്‍ തയ്യാറായില്ല എന്നത് എല്ലാം വെളിപ്പെടുത്തുന്നു. ഏതായാലും നിതീഷ്‌കുമാര്‍ ബീഹാറിന്റെ മുഖ്യമന്ത്രി ആയി. വെറും 43 അംഗങ്ങളുടെ ബലത്തോടെ. ഇനിയുള്ള നാളുകള്‍ അദ്ദേഹത്തിന്റെ അഗ്നിപരീക്ഷണം ആയിരിക്കും.
ഇവിടെ വിഷയം ഇതല്ല. കോണ്‍ഗ്രസിനുള്ളിലെ പൊട്ടിത്തെറി ആണ്. ബീഹാറില്‍ കോണ്‍ഗ്രസ് മത്സരിച്ചതില്‍(70) 19 സീറ്റുകള്‍ മാത്രം ആണ് ജയിച്ചത്. കോണ്‍ഗ്രസ് നല്ല പ്രകടനം കാഴ്ചവച്ചിരുന്നെങ്കില്‍ മഹാസഖ്യം ജയിക്കുകയും രാഷ്ട്രീയ ജനതദളിന്റെ തേജസ്വി യാദവ് മുഖ്യമന്ത്രി ആവുകയും ചെയ്യുമായിരുന്നു എന്ന കാര്യത്തില്‍ സംശയം ഇല്ല. പക്ഷേ, കോണ്‍ഗ്രസ് വളരെ മോശം ആയ പ്രകടനം ആണ് കാഴ്ചവച്ചത്. സംഘടന-നേതൃ- അനുയായി ശക്തി ഒന്നും ഇല്ലാതിരുന്നിട്ടും കോണ്‍ഗ്രസ് 100 സീറ്റിനായി വാശി പിടിച്ചു. ഒടുവില്‍ 70ന് സമ്മതിച്ചു. അത് ഇങ്ങനെയും(19 സീറ്റുകളിലെ മാത്രം വിജയം). കോണ്‍ഗ്രസിന്റെ വിജയശതമാനം വെറും 27.1 ശതമാനം. മത്സരിച്ച പാര്‍ട്ടികളില്‍ ഏറ്റവും കുറഞ്ഞത്! 51 സീറ്റുകളില്‍ കോണ്‍ഗ്രസും ബി.ജെ.പി.യും മുഖാമുഖ മത്സരത്തില്‍ ആയിരുന്നു. എല്ലാം കോണ്‍ഗ്രസ് തോറ്റു. കോണ്‍ഗ്രസിന് പ്രചരണത്തിന് നേതാക്കന്മാരോ പ്രകടനത്തിന് അനുയായികളോ ഉണ്ടായിരുന്നില്ല. മുതിര്‍ന്ന നേതാവ് രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ സിംലയില്‍ പ്രിയങ്കഗാന്ധിയുടെ വസതിയില്‍ വിശ്രമത്തില്‍ ആയിരുന്നു. അവിടെ നിന്നും ബീഹാറില്‍ രണ്ട് മൂന്ന് ദിവസം പ്രചരണം നടത്തി. ഗുണം ഉണ്ടായില്ല. സോണിയഗാന്ധി ആരോഗ്യപരമായ കാരണങ്ങളാല്‍ പ്രചരണത്തില്‍ പങ്കെടുത്തേയില്ല. അത് മനസിലാക്കാം ഇനി അഥവ പങ്കെടുത്താലും വലിയ പ്രയോജനം ഒന്നും ഉണ്ടാവുകയും ഇല്ല. അത് തന്നെയാണ് രാഹുല്‍ഗാന്ധിയുടെയും കഥ. എന്നാണ്  കോണ്‍ഗ്രസ് ഒടുവില്‍ ബീഹാര്‍ ഭരിച്ചത്? മൂന്നോ നാലോ ദശാബ്ദങ്ങള്‍ക്ക് മുമ്പ് ആണ് അത്. കോണ്‍ഗ്രസ് ഇന്ന് ബീഹാറില്‍ ഇല്ല. എന്നിട്ടും 100 സീറ്റുകള്‍ വേണം സഖ്യത്തില്‍ . ഈ ദുര ആണ് മഹാസഖ്യത്തെ ബീഹാറില്‍ പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസിന് നല്‍കിയ സീറ്റുകള്‍ ആര്‍.ജെ.ഡി.യും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും മത്സരിച്ചിരുന്നെങ്കില്‍ വിജയം മഹാസഖ്യത്തിന്റേത് ആകുമായിരുന്നു. അല്ലെങ്കില്‍ സീറ്റുകളുടെ കാര്യത്തില്‍ മഹാസഖ്യത്തില്‍ നിന്നും പിണങ്ങിപ്പോയി എന്‍.ഡി.എ.യില്‍ ചേര്‍ന്ന ചെറുകക്ഷികളായ വി.ഐ.പി.ക്കും എച്ച്. എ.എം. നും ഈ സീറ്റുകളില്‍ ചിലത് നല്‍കിയിരുന്നെങ്കില്‍ മഹാസഖ്യം വിജയിച്ചേനെ. ഈ രണ്ടു ചെറുകക്ഷികള്‍ നേടിയത് നാല് സീറ്റുകള്‍ വീതം ആണ്. എം.ഐ.എം.ന്റെ ഒവെയ്‌സിയും സീറ്റ് നല്‍കിയിരുന്നെങ്കില്‍ മഹാസഖ്യത്തില്‍ ചേരുമായിരുന്നു. ഒവെയ്‌സി ജയിച്ചത് അഞ്ച് സീറ്റുകളില്‍ ആണ്. ഒവെയ്‌സി പിടിച്ചത് മഹാസഖ്യത്തിന്റെ വോട്ടുകള്‍ ആണ്. അദ്ദേഹം മുസ്ലീം സ്വാധീനമുള്ള സീമാഞ്ചലില്‍ സീറ്റുകള്‍ നേടിയതിന് ഉപയോഗിച്ച പ്രധാന മുദ്രാവാക്യം ബി.ജെ.പി.യും കോണ്‍ഗ്രസും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങള്‍ ആണെന്നാണ്. ബി.ജെ.പി. തീവ്രഹിന്ദുത്വയും കോണ്‍ഗ്രസ് മൃദുഹിന്ദുത്വയും പ്രചരിപ്പിക്കുന്നു പ്രയോഗിക്കുന്നു. കോണ്‍ഗ്രസ് ഇ്ത് ശ്രദ്ധിക്കുമോ? അതിലേക്ക് പിന്നീടു വരാം.

ഒരു സഖ്യകക്ഷി എന്നനിലയില്‍ കോണ്‍ഗ്രസ് മറ്റുള്ളവര്‍ക്ക് ഒരു ഭാരം ആണ്. കാരണം അതിന് ശക്തിയില്ല. നേതാക്കന്മാരില്ല. അനുയായികള്‍ഇല്ല. ആശയപരമായ ദൃഢത ഇല്ല. 2016-ലെ തമിഴ്‌നാട് തെരഞ്ഞെടുപ്പില്‍ ഡി.എം.കെ.യുടെ സഖ്യകക്ഷിയായി വിലപേശി 41 സീറ്റുകള്‍ നേടിയെടുത്തെങ്കിലും വിജയിച്ചത് എട്ട് സീറ്റുകള്‍ മാത്രം ആണ്. സഖ്യം തോല്‍ക്കുകയും ചെയ്തു. അടുത്തവര്‍ഷം തമിഴ്‌നാട് തെരഞ്ഞെടുപ്പു വരുകയാണ്(2021). കോണ്‍ഗ്രസ് ഡി.എം.കെ. സഖ്യത്തില്‍ ഉണ്ടായാല്‍ തന്നെ എത്ര സീറ്റുകള്‍ ലഭിക്കും എന്ന് കണ്ടറിയണം.

2017-ലെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ സമാജ് വാദി സഖ്യത്തില്‍ കോണ്‍ഗ്രസ് 105 സീറ്റുകളില്‍ മത്സരിച്ചു. ജയിച്ചത് ഏഴില്‍ മാത്രം! സഖ്യത്തെ തോല്‍പിക്കുകയും ചെയ്തു. 2019-ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ ഇതേ സഖ്യത്തില്‍ തോറ്റ ഒരേ ഒരു സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിന്റെ ഇ.വി.കെ. ഇളങ്കോവന്‍ ആയിരുന്നു. ഇതാണ് കോണ്‍ഗ്രസിന്റെ ചരിത്രം.
കോണ്‍ഗ്രസിന്റെ പരാജയ ഗാഥ ഇവിടെ തീര്‍ന്നില്ല. ഇതിനു മുമ്പ് കോണ്‍ഗ്രസ് മദ്ധ്യപ്രദേശിലും രാജസ്ഥാനിലും ഝാര്‍ഖണ്ടിലും ഛത്തീസ്ഘട്ടിലും നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി. യെ തോല്‍പ്പിച്ചത് ഇവിടെ മറക്കുന്നില്ല. ഇതില്‍ മദ്ധ്യപ്രദേശ് ബി.ജെ.പി. പിന്‍വാതിലിലൂടെ തിരിച്ചുപിടിച്ചു. രാജസ്ഥാനില്‍ ശ്രമിച്ചു. പക്ഷേ, പരാജയപ്പെട്ടു. കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കന്മാരായ ജ്യോതിരാധിദ്ധ്യ സിദ്്ധ്യയും സച്ചിന്‍ പൈലട്ടും ആയിരുന്നു ഇതിന്റെ പിന്നില്‍. സിദ്ധ്യയെ കോണ്‍ഗ്രസിന് നഷ്ടപ്പെട്ടു. സച്ചിന്‍ തല്‍ക്കാലം പാര്‍ട്ടിയില്‍ ഉണ്ട്. അപ്പോള്‍ പറഞ്ഞത് ബീഹാര്‍ തെരഞ്ഞെടുപ്പിനൊപ്പം നടന്ന 11 സംസ്ഥാനങ്ങളിലെ ഉപ തെരഞ്ഞെടുപ്പുകളുടെ കഥ ആണ്. അവിടെയും കോണ്‍ഗ്രസിന് പരാജയം തന്നെ ഫലം. 59 ഉപതെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനെ ബി.ജെ.പി. 31 സീറ്റുകളില്‍ തോല്‍പിച്ചു. മൊത്തം ബി.ജെ.പി. 41 സീറ്റുകളില്‍ വിജയിച്ചു. മദ്ധ്യപ്രദേശിലും ഗുജറാത്തിലും മറ്റും ഉപതെരഞ്ഞെടുപ്പുകള്‍ വേണ്ടി വന്നത് കോണ്‍ഗ്രസ് സാമാജികര്‍ കൂറുമാറി ബി.ജെപി..യില് ചേര്‍ന്നതുകൊണ്ടാണ്. മദ്ധ്യപ്രദേശില്‍ സിദ്ധ്യപക്ഷക്കാരായ കോണ്‍ഗ്രസ് സാമാജികര്‍ ബി.ജെ.പി.യില്‍ ചേര്‍ന്നതുകൊണ്ടാണ് കമല്‍ നാഥ് ഗവണ്‍മെന്‌റ് വീണത്. അവിടെ ബി.ജെ.പി. 19 സീറ്റുകള്‍ പിടിച്ചു. കോണ്‍ഗ്രസ് വെറും ഒമ്പത് സീറ്റുകള്‍ മാത്രം. ഗുജറാത്തില്‍ എട്ടില്‍ എട്ട് സീറ്റുകളും ബി.ജെ.പി. കോണ്‍ഗ്രസില്‍ നിന്നും തിരിച്ചു പിടിച്ചു.

കോണ്‍ഗ്രസ് ബീഹാറില്‍ നിന്നും ഉപതെരഞ്ഞെടുപ്പുകളില്‍ നിന്നും എന്തെങ്കിലും പാഠം പഠിച്ചോ? അത് ഒരു ആത്മപരിശോധനക്ക്, ഒരു മന്ഥനത്തിന് തയ്യാറാകുമോ?
ഈ വര്‍ഷം ഓഗസ്റ്റില്‍ 23 മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കന്മാര്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് ഒരു കത്ത് എഴുതിയിരുന്നു. ഇതില്‍ ഇവര്‍
 ആവശ്യപ്പെട്ടിരുന്നത് കോണ്‍ഗ്രസിന് ഒരു 'ഫുള്‍ ടൈം, ഇഫക്ടീവ്' പ്രസിഡന്റിനെ ആവശ്യം ആണ് എന്നാണ്! അതുപോലെ കോണ്‍ഗ്രസിന്റെ പരമോന്നത തീരുമാനസമിതിയായ കോണ്‍ഗ്രസ് വര്‍ക്കിങ്ങ് കമ്മറ്റിയിലേക്ക് തെരഞ്ഞെടുത്ത അംഗങ്ങള്‍ വേണം. കോണ്‍ഗ്രസ് പ്രസിഡന്റ് നോമിനേറ്റ് ചെയ്യുന്ന രീതി മാറ്റണം. അതുപോലെ കോണ്‍ഗ്രസില്‍ ഉള്‍പാര്‍ട്ടി ജനാധിപത്യം കൊണ്ടുവരണം. കോണ്‍ഗ്രസ് പ്രസിഡന്റ് മുഴുസമയവും ജോലി ചെയ്യുന്ന ആളും കാര്യപ്രപ്തി ഉള്ള വ്യക്തിയും ആയാല്‍ മാത്രം പോര എല്ലാവര്‍ക്കും ഏതുനേരവും കാണുവാന്‍ സാധിക്കുന്ന ആളും ആയിരിക്കണം എന്നും 23 അംഗസംഘം ആവശ്യപ്പെട്ടിരുന്നു. ഇത് സോണിയ ഗാന്ധിക്കും രാഹുല്‍ഗാന്ധിക്കും എതിരെയുള്ള ഒരു കടന്നാക്രമണം ആയും നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെ സ്തുതി പാഠകരായ ഉപജാപ സംഘം കണക്കാക്കി ഇവരെ ആക്രമിച്ചു.
ഇവരില്‍ കപില്‍ സിബല്‍ ഈ വിഷയം വീണ്ടും ഉയര്‍ത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ ആക്രമണം സോണിയ- രാഹുല്‍ഗാന്ധിമാര്‍ക്ക് എതിരായിട്ടാണ്. കോണ്‍ഗ്രസിനെ ബി.ജെ.പി.ക്ക് എതിരായിട്ടുള്ള ഒരു ബദല്‍ ആയിട്ട് ഇന്‍ഡ്യയിലെ ജനങ്ങള്‍ കാണുന്നില്ലെന്ന് സിബല്‍ വെട്ടി തുറന്ന് പറഞ്ഞു. പതിവുപോലെ പാദസേവകരും സ്തുതി പാഠകരും ആയ ഉപജാപവൃന്ദം ഒന്നാംകുടുംബത്തിന്റെ സംരക്ഷകരായി. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ആയിരുന്നു മുഖ്യന്‍. സിബല്‍ പരസ്യമായി കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ചതില്‍ അദ്ദേഹം വേദനകൊണ്ടും കോണ്‍ഗ്രസ് ഓരോ പ്രതിസന്ധിയില്‍ നിന്നും ഇന്നലെകളില്‍ തിരിച്ച് വന്നിട്ടുണ്ടെന്നും സമര്‍ത്ഥിച്ചു 1969, 1977,  1989, 1996 ഉദാഹരണങ്ങളായി അദ്ദേഹം വിവരിച്ചു. ലോകസഭ പ്രതിപക്ഷ നേതാവ് അധിര്‍ രജ്ജന്‍ ചൗധരി ഒരു പടികൂടെ മുമ്പോട്ടുപോയി. അദ്ദേഹം പറഞ്ഞു നേതൃത്വത്തെ ഇഷ്ടമില്ലാത്തവര്‍ക്ക് പാര്‍ട്ടിവിട്ടുപോയി വേറെ പാര്‍ട്ടി രൂപീകരിക്കാമെന്ന്.
ഇതാണ് കോണ്‍ഗ്രസിന്റെ അവസ്ഥ. ഇതിനുള്ളില്‍ ഒരു ആത്മപരിശോധനയും ഒരു മന്ഥനവും നടക്കുകയില്ല. നടക്കുന്നത് അധരസേവയും പാദസേവയും മാത്രം. ഇങ്ങനെ പോയാല്‍ ഈ പാര്‍ട്ടി അധികകാലം ഉണ്ടാവുകയില്ല. പക്ഷേ ജനാധിപത്യവും ജനാധിപത്യത്തില്‍ ശക്തമായ ഒരു പ്രതിപക്ഷവും ആഗ്രഹിക്കുന്നവര്‍ ഇത് ആഗ്രഹിക്കുകയില്ല. കോണ്‍ഗ്രസ് ആണ് ഒരേ ഒരു ദേശീയ പ്രതിപക്ഷകക്ഷി. പ്രാദേശിക പാര്‍ട്ടികള്‍ക്ക് ആസ്ഥാനം ഏറ്റെടുക്കുവാന്‍ സാധിക്കുമോയെന്ന് കണ്ടറിയണം. അതിനാല്‍ കോണ്‍ഗ്രസിനെ നെഹ്‌റു-ഗാന്ധി കുടുംബം നശിപ്പിക്കരുത്. അതിനെ കുടുംബത്തില്‍ മോചിപ്പിച്ച് ജനാധിപത്യവല്‍ക്കരിക്കണം. ഒരു കുടുംബത്തിന്റെയും അതിനെ ചുറ്റിനില്‍ക്കുന്ന സ്തുതിപാഠകരുടെയും പാര്‍ട്ടിയായി കോണ്‍ഗ്രസ് അധഃപതിക്കരുത്.

കോണ്‍ഗ്രസ് ഒരു മന്ഥനത്തിന് തയ്യാറാകുമോ (ദല്‍ഹികത്ത് :പി.വി.തോമസ്)
Join WhatsApp News
George Neduvelil 2020-11-20 16:04:16
അങ്ങനെ പാർട്ടിവക തോമ്മാച്ചനും ആ മുടിഞ്ഞുകൊണ്ടിരിക്കുന്ന വീട് പാർട്ടിയോട് വിട പറഞ്ഞിരിക്കുന്നു. നാക്കു ചാലാ സന്തോഷമു!
Evil to Eviler 2020-11-20 17:32:09
It was a stupid mistake done by INC to bring a dynasty rule back. The legacy should have stopped with Indira Gandhi. INC is directly responsible for bringing BJP to power. BJP is getting more powerful & soon Democracy in India will be replaced by 'Hindu theocracy'. Islam & Christianity is also responsible for bringing 'Hinduism' to power. No one should be converted from one religion to another religion, both are evil. Hinduism would have withered away as more people get educated. Hinduism was not compelling or demanding & no one cared whether if one went to the temple or not. But Islam & Christianity are rigid, demanding religions and when they started converting passive Hindus to Islam & Christianity; the priestly Hinduism saw it as a threat and now they are organised. Religion itself being evil; converting one to another religion is eviler. The religious person getting out of religion is the best conversion. So; Congress party, Islam & Christianity together are responsible for the destruction of secularism in India. -andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക