Image

കോവിഡിനെക്കാൾ ഭീകരമായ എയർ ഇന്ത്യ യാത്രയുടെ ഓർമ്മ

Published on 18 November, 2020
കോവിഡിനെക്കാൾ ഭീകരമായ എയർ ഇന്ത്യ  യാത്രയുടെ ഓർമ്മ
(എയർ ഇന്ത്യ വിമാന യാത്രയിൽ നേരിടുന്ന പ്രശ്നങ്ങളിൽ ഫോമാ ശക്തമായ പ്രതിഷേധവുമായി രംഗത്തു വന്ന സാഹചര്യത്തിൽ ഡോ. എം.വി. പിള്ളയുടെ അനുഭവം പങ്കു വയ്ക്കുന്നു.  വന്ദേ ഭാരത് മിഷൻ പ്രമാണിച്ചുള്ള എയർ ഇന്ത്യ വിമാനത്തിൽ ഇന്ത്യയിൽ നിന്ന് അമേരിക്കയിലെത്തിയ സംഭവബഹുലമായ ചരിത്രം അദ്ദേഹം  വിവരിക്കുന്നു)

സ്വയം നിലനിൽപ്പില്ലാത്ത ജീവിയാണ് വൈറസ്. അവയ്ക്ക് പെറ്റുപെരുകാൻ മനുഷ്യരുടെയോ മൃഗങ്ങളുടെയോ കോശങ്ങളിലേക്ക് കടന്നേ മതിയാകൂ. വിമാനറാഞ്ചികളുടെ ജോലിയാണ് വൈറസുകൾ ചെയ്യുന്നത്. ജീവനില്ലാത്ത ജീവിയെന്നാണ് വൈറസിനെ വിശേഷിപ്പിക്കുന്നത്. വിമാനം ഹൈജാക്ക് ചെയ്യുമ്പോൾ അവർ പൈലറ്റിന്റെ ക്യാബിനിൽ കയറുന്നതിനു സമാനമായി വൈറസുകൾ കോശങ്ങളുടെ ന്യൂക്ലിയസിൽ കയറിപ്പറ്റും. അവിടെയിരുന്ന് കുത്തിത്തിരിച്ച് ഏതുവഴി നമ്മെ കൊണ്ടുപോകണമെന്ന് തീരുമാനിക്കും. നമ്മുടെ ശരീരത്തിലെ കോശങ്ങളെ നിയന്ത്രിച്ചുകൊണ്ടു നമ്മുടെ ശരീരം നശിപ്പിക്കുന്നതാണ് വൈറസിന്റെ രീതി. അവരുടെ വംശാവലി വർദ്ധിപ്പിച്ചെടുക്കും. ലോകത്തെ മുഴുവൻ വിറപ്പിക്കുന്ന ഈ കുഞ്ഞൻ വൈറസിന് സ്വന്തമായി ജീവിക്കാൻ കഴിയില്ലെന്നത് ചിന്തിച്ചാൽ അതിശയം തോന്നും. പെട്ടുപോവുക എന്നൊരവസ്ഥയിലാണ് കോവിഡ് മനുഷ്യരെ കൊണ്ടെത്തിച്ചിരിക്കുന്നത്. 

യൂറോപ്പിലും അമേരിക്കയിലും ഓസ്‌ട്രേലിയയിലും സ്ഥിരതാമസമാക്കിയ ഒരുപാട് മലയാളികൾ കേരളത്തിൽ കുടുങ്ങിക്കിടപ്പുണ്ട്.  മറ്റു എയർലൈനുകളിലാകാം അവർ നാടണഞ്ഞത്. എന്നാൽ, തിരികെ പോകാൻ നിർവാഹമില്ല. എയർലൈനുകൾ സർവീസ് നിർത്തിയപ്പോൾ ഇന്ത്യ ഗവണ്മെന്റ് ചെയ്തത് വന്ദേ ഭാരത് എന്നൊരു ആശാവഹമായ ദൗത്യമായിരുന്നു. എന്നാൽ, അത് കുമിളകൾക്കുള്ളിലെ കുമിള മാത്രമാണെന്ന് ഞാൻ പറയും. സിഡ്‌നിയിൽ നിന്ന് വന്ന ഒരാൾക്ക് ഡൽഹിയിൽ നിന്ന് സിഡ്‌നിയിലേക്ക് പറക്കാനും ന്യൂയോർക്കിൽ നിന്നാണെങ്കിൽ തിരികെ അങ്ങോട്ടേക്കും എന്നരീതിയിൽ മാത്രമേ സർവീസുള്ളൂ. മറ്റു എയർലൈനുകളുടെ സേവനം അനുവദിച്ചിട്ടുമില്ല. രോഗവ്യാപനം കുറയ്ക്കുക എന്ന ഉദ്ദേശശുദ്ധിയാകാം ഇതിനുപിന്നിൽ. കൂടുതൽ വിമാനങ്ങൾ സർവീസ് ആരംഭിച്ചാൽ രോഗം നിയന്ത്രണവിധേയമാകാതെ വരാമല്ലോ. പക്ഷേ, ഫലത്തിൽ ഇതൊന്നുമല്ല കണ്ടത്. ജാലിയൻ വാല ബാഗിന് സമാനമായൊരു അവസ്ഥയാണുണ്ടായത്. 

അകപ്പെട്ടുകഴിഞ്ഞ് പുറത്തിറങ്ങാൻ ഏക ആശ്രയം എയർ ഇന്ത്യ ആകുന്ന സ്ഥിതിവിശേഷം. പണ്ടത്തെ സെക്കന്റ് ക്ലാസ് സ്ലീപ്പർ കംപാർട്മെന്റിൽ ഇരുന്നുള്ള ട്രെയിൻ യാത്രയ്ക്ക് സമാനമാണ് എയർ ഇന്ത്യ ഒരുക്കുന്ന സൗകര്യങ്ങളുടെ നിലവാരം. ആർഭാടത്തിനുവേണ്ടിയല്ല ഞാനടക്കമുള്ളവർ ബിസിനസ് ക്ലാസ് തിരഞ്ഞെടുക്കുന്നത്. ഫ്ലാറ്റ് ബെഡ് വന്നതിനുശേഷം, അറുപത് വയസ് പിന്നിട്ടവർ , നടുനിവർത്തിയൊന്ന് കിടക്കാമെന്ന പ്രതീക്ഷയിലാണ് ബിസിനസ് ക്ലാസിനോട് അഭിവാഞ്ഛ കാണിക്കുന്നത്. രണ്ടരയിരട്ടി ചിലവ് വരുമെന്ന കാര്യംപോലും കണ്ടില്ലെന്നുനടിക്കുന്നത് മനസ്സമാധാനമായൊന്ന് ഉറങ്ങാമല്ലോ എന്ന ചിന്തയിലാണ്. വളരെ നിരാശ തോന്നിയിട്ടും സ്വന്തം വിഴുപ്പ് അലക്കേണ്ട എന്നുകരുതിയാണ് പലരും ഈ ദുരനുഭവം പങ്കുവയ്ക്കാത്തത്.  ഒരു മാറ്റം കൊണ്ടുവന്നേക്കുമോ എന്ന പ്രത്യാശയിലാണ് ഇപ്പോൾ മനസ്സ് തുറക്കുന്നത്.

തിരുവനന്തപുരത്തുനിന്നാണ് ഞാൻ എയർ ഇന്ത്യ വിമാനത്തിൽ കയറിയത്. എയർപോർട്ട് സ്വകാര്യവൽക്കരിക്കുന്നതിനു  നേരിട്ട എതിർപ്പുകൾ എത്ര നിരർത്ഥകമാണെന്ന് ആദ്യമേ തോന്നി. കാർ കൊണ്ടുവന്നു നിർത്തുന്നിടത്ത് പ്രായമായവരുടെ സഹായത്തിന് ആരെയും ലഭിക്കില്ല. കൂടെ ആളുണ്ടായിരുന്നത് എന്റെ ഭാഗ്യം. പോർട്ടർമാരെ  നിരോധിച്ചിരിക്കുകയാണ്. ട്രോളികൾ  ദൂരെ വച്ചിരിക്കുന്നതായി കാണാം. സ്വന്തംകാര്യം ചെയ്യാൻ ആരോഗ്യം അനുവദിക്കാത്ത ഒരാൾ ടാക്സിയിലാണ് ഈ സമയം എത്തുന്നതെങ്കിലോ? ദൂരെയുള്ള ട്രോളി എടുക്കാൻ പോയി തിരിച്ചെത്തുന്നതിനുള്ളിൽ അയാളുടെ ലഗ്ഗേജ് നഷ്ടപ്പെടാൻ വരെ സാധ്യതയുണ്ട്. സാധനങ്ങൾ എടുത്തുവയ്ക്കാനൊന്നും സഹായത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. 
മനസ്സാക്ഷി തോന്നി ആരെങ്കിലും കൈസഹായം നൽകിയാൽ ആയി, അത്ര തന്നെ. 
ഫ്ലൈറ്റ് ഡൽഹിയിൽ എട്ടുമണിയോടെ എത്തി. വെളുപ്പിന് രണ്ടരയ്ക്കാണ് വാഷിംഗ്‌ടൺ ഫ്ലൈറ്റ്. 
ബിസിനസ് ക്ലാസിൽ നിന്നൊരു സ്വകാര്യത  നമ്മൾ പ്രതീക്ഷിക്കും. ലോഞ്ചിൽ പോയിരുന്ന് ചായയോ കാപ്പിയോ കുടിക്കുന്ന പതിവുണ്ട്. കോവിഡ് കാരണം ബിസിനസ് ക്ലാസിന്റെ ലോഞ്ച് തുറന്നുതന്നില്ല സാരമില്ലെന്ന് കരുതി. മലയാളികൾക്ക് ഒരു ഗുണമുള്ളത് പറയാതിരിക്കാനാവില്ല. എവിടെ നോക്കിയാലും ബന്ധുക്കളോ സ്വന്തക്കാരോ പരിചയക്കാരോ  കാണും. അവരെ വിളിച്ചുപറഞ്ഞാൽ ഹോട്ടലിൽ കൊണ്ടുപോകും. ഞാനും അങ്ങനെ ചെയ്തത് രക്ഷയായി.

 പിന്നെ വിമാനത്തിൽ കയറിയപ്പോഴാണ് സങ്കടം തോന്നിയത്. പൈലറ്റിന്റെ ക്യാബിന് തൊട്ടുമുൻപിൽ അര ഡസൻ ക്രൂ പി പി ഇ കിറ്റ് ധരിച്ച് അവിടെ ഇരിപ്പുണ്ട്. സഹയാത്രികയായൊരു വൃദ്ധയെ ഞാൻ ശ്രദ്ധിച്ചു. വടിയൂന്നി നടക്കുന്നത്ര അവശനിലയിലായിരുന്നു അവർ. ആരും തന്നെ ഇരുത്താൻ സഹായിക്കുന്നില്ല. അവർക്ക് സ്വന്തം ബാഗ് പൊക്കാൻ കഴിയുന്നില്ലെന്ന് മനസിലാക്കി ഞാൻ അതെടുത്ത് സഹായിക്കുകയും ആദ്യം കണ്ടൊരു സീറ്റിൽ ഇരുത്തുകയും ചെയ്തു. ഒരു ലേഡി ഡോക്ടറുടെ സീറ്റായിരുന്നു അത്. സാഹചര്യം മനസിലാക്കി അവർ വൃദ്ധയ്ക്ക് ആ സീറ്റിൽ തുടരാൻ അനുവാദം കൊടുത്തു. ആ നേരമൊന്നും ഫ്ലൈറ്റിലെ ജീവനക്കാർ തിരിഞ്ഞുനോക്കിയില്ല. ടേക്ക് ഓഫ് കഴിഞ്ഞാണ് മുൻപിലുള്ള ടെലിവിഷൻ സ്ക്രീൻ പ്രവർത്തിക്കില്ലെന്ന് മനസിലാകുന്നത്. ക്യാബിനിൽ തണുപ്പ് തുടങ്ങിയപ്പോൾ പുതയ്ക്കാൻ എന്തെങ്കിലും കിട്ടുമോ എന്നുചോദിച്ചപ്പോഴാണ് കോവിഡ് കാരണം തലയിണയും പുതപ്പുമൊന്നും കൊടുക്കുന്നില്ലെന്നറിഞ്ഞത്. 

ചായയോ കാപ്പിയോ ചോദിച്ചപ്പോൾ പേപ്പർ കപ്പിൽ ചൂടുവെള്ളം കൊണ്ടുവന്നു തന്നു. കിട്ടിയതും കുടിച്ച് ഫ്ലാറ്റ് ബെഡിൽ കിടന്നുറങ്ങി. പലരും ബാഗ് തുറന്ന് പഴയ ഷർട്ടോ മറ്റോ വലിച്ചെടുത്തൊക്കെ തണുപ്പിൽ നിന്ന് സ്വയം രക്ഷ നേടുന്നതുകണ്ട്‌ ഇങ്ങനൊരു വിമാനയാത്ര വേറെ എവിടെങ്കിലും ഉണ്ടാകുമോ എന്നോർത്തുപോയി. ഹിന്ദി മാത്രം സംസാരിക്കുന്ന സഹയാത്രിക വിശന്നിട്ട് കയ്യിൽ കരുതിയിരുന്ന കശുവണ്ടി പാക്കറ്റ് തുറക്കാൻ കഷ്ടപ്പെടുന്നതുകണ്ട് എന്റെ ഭാര്യ അവരെ സഹായിക്കാൻ നോക്കി. നടക്കാതെ വന്നപ്പോൾ ക്രൂവിനോട് പറഞ്ഞു. അവർക്കതിന്  അനുവാദമില്ലെന്നായിരുന്നു മറുപടി. 

 ഞാൻ സീറ്റിലിരിക്കാൻ സഹായിച്ച വൃദ്ധയ്ക്ക് അനക്കമില്ലെന്നും ഒന്ന് നോക്കണമെന്നും സഹയാത്രികർ നിരന്തരം ആവശ്യപ്പെട്ടപ്പോൾ ക്രൂ അവർക്കരികിലെത്തി. മണിക്കൂറുകൾക്ക് മുൻപ് അവരുടെ ജീവൻ നഷ്ടപ്പെട്ടിരിക്കുന്നു. അവരുടെ ബാഗ് തുറന്ന് ആരാണെന്ന് സംബന്ധിച്ച് എന്തെങ്കിലും വിവരം  ലഭിക്കുമോ എന്ന് നോക്കാൻ ക്രൂവിലെ ആൾ പറഞ്ഞു. അത് നിങ്ങളുടെ ഉത്തരവാദിത്തമാണെന്നും  ഞാനങ്ങനെ ചെയ്യുന്നത് ശരിയാവില്ലെന്നും പറഞ്ഞപ്പോൾ അതിനും അവർക്ക് അനുവാദമില്ലെന്ന് അറിയിച്ചു. 

എന്തുചെയ്യണമെന്ന് പൈലറ്റിനോട് അന്വേഷിക്കാൻ നിർദ്ദേശിച്ചു. ആ സ്ത്രീ ഇരുന്ന സീറ്റ് നമ്പർ നോക്കിയ ശേഷം, പ്രസ്തുത സീറ്റിൽ യാത്രചെയ്യേണ്ടിയിരുന്നവരുടെ വിവരങ്ങൾ എടുത്ത് വീട്ടിൽ മരണവിവരം അറിയിക്കുകയാണ് പിന്നീടുണ്ടായത്. മരണം അറിയിക്കുമ്പോൾ പാലിക്കേണ്ടതായ സാന്ത്വനസ്പർശമില്ലാതെ പരുക്കൻ രീതിയിലാണ് അവരത് അറിയിച്ചത്. ലേഡി ഡോക്ടറുടെ സീറ്റിൽ യാത്ര ചെയ്ത വൃദ്ധ മരണപ്പെട്ടതിന് , ലേഡി ഡോക്ടർ മരണപ്പെട്ടതായാണ് വിവരം കൈമാറിയത്. വാഷിംഗ്ടണിൽ മൃതശരീരം സ്വീകരിക്കാൻ ബന്ധപ്പെടേണ്ട  നമ്പറും കൊടുത്തു.

ഈ അനാസ്ഥയ്ക്കും നിരുത്തരവാദിത്വപരമായ സമീപനത്തിനും പരാതിപ്പെടുമ്പോൾ കേൾക്കുന്ന പല്ലവി കോവിഡ് സമയത്ത് ഇതൊക്കെയേ സാധ്യമാകൂ എന്നതാണ്. അവർക്ക് പരിമിതികൾ ഉണ്ടെങ്കിൽ മറ്റു എയർലൈനുകളെ  ഏൽപിക്കാമല്ലോ. വന്ദേ ഭാരത് എന്ന പേരിൽ ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള ഭാരതീയരെ  പണം വാങ്ങാതെ രക്ഷിക്കുകയാണെങ്കിൽ നമുക്ക് പരിമിതികൾ മനസിലാക്കാം. കൂടിയ ടിക്കറ്റു ചാർജ് ഈടാക്കുമ്പോഴും നിലവാരം തീരെയില്ല. ഗുണമോ തുച്ഛം വിലയോ മെച്ചം എന്ന ഏർപ്പാട് എയർ ഇന്ത്യ ഇനിയും തുടരരുത്.
see also

Join WhatsApp News
Priya 2020-11-18 23:46:04
If any white or pale person was there as a traveler you could see these crews teeth and loyalty. All the airlines crews are like that.
ഒരു വന്ദേഭാരത യാത്രക്കാരൻ 2020-11-19 04:19:38
എന്നിട്ടാണ് ഈ ഫോമാക്കാരും ഫോകാനക്കാരും വേൾഡ് മലയാളിക്കാരും ഓവർസീസ് MLA എന്നൊക്കെ പറഞ്ഞു പൊങ്ങി നടക്കുന്നവരും കേരള, ഇന്ത്യൻ അധികാരികളെ, രാഷ്ട്രീയക്കാരെ മന്ത്രിമാരെ പൊക്കി പൊക്കി തോളിലിരുത്തി ആരാധിച്ചു വണങ്ങി നടക്കുന്നത്. സും മീറ്റിംഗിലും അവരൊക്കെ തന്നെ ഗൊഡുകൾ. ഇവരെയൊക്കെ പിടിച്ചു അലക്കണം. കഷ്ട്ടം. എന്തെങ്കിലും നല്ലതു സംഭവിച്ചാൽ ഈ എട്ടുകാലി മമ്മുഞ്ഞികൾ ചാടിവരും ഹഹ അത് ഞാൻ വഴിയാ നേടിയത് എന്നു ഈ മാമുഞ്ചുകൾ വിളിച്ചു കൂവും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക