Image

അലങ്കാരവിളക്കുകളുടെ തെരുവ് (കണ്ഡിൽ ഖല്ലി) ജ്യോതിലക്ഷ്മി നമ്പ്യാർ

Published on 18 November, 2020
അലങ്കാരവിളക്കുകളുടെ തെരുവ് (കണ്ഡിൽ ഖല്ലി) ജ്യോതിലക്ഷ്മി നമ്പ്യാർ
സന്തോഷത്തെ, ആഹ്ളാദത്തെ പലപ്പോഴും പ്രധിനിധാനം ചെയ്യുന്നതിന് നമ്മൾ മഴവിൽ എന്ന് പറയാറുണ്ട്. അതായത് നിറങ്ങൾ, പ്രത്യേകിച്ചും പല നിറങ്ങൾ കൂടിക്കലരുമ്പോൾ മനസ്സിൽ സന്തോഷം തോന്നാറുണ്ട്. മനുഷ്യന്റെ മാനസിക അവസ്ഥയെ മാറ്റാൻ നിറങ്ങൾക്ക് ശക്തിയുണ്ട്. അതുകൊണ്ടുതന്നെയാണ്   ഓരോ അവസരത്തിലും നമ്മൾ ധരിക്കുന്ന വസ്ത്രങ്ങളുടെ നിറങ്ങൾക്ക് പ്രാധാന്യം നൽകുന്നത്  

 ഇത് പറയാനുള്ള കാരണം കഴിഞ്ഞ ദിവസം മുംബൈയിലെ "കണ്ഡിൽ ഖ ല്ലി"യിലൂടെയുള്ള യാത്രയായിരുന്നു. ദീപാവലി ആഘോഷത്തിൽ വളരെ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് അലങ്കാര വിളക്കുകൾ അല്ലെങ്കിൽ നക്ഷത്ര വിളിക്കുകൾ. ദീപാവലി ആരംഭിക്കുന്ന ദിവസം ജാതിമത ഭേദമന്യേ എല്ലാവീടുകളിലും അലങ്കാരവിളക്കുകൾ തെളിയിക്കുന്നു. കുട്ടികൾക്കും വലിയവർക്കും ദീപാവലി എത്തിക്കഴിഞ്ഞു എന്ന ഒരു ആഹ്ളാദം ഇത് കാണുമ്പോൾ അനുഭവപ്പെടുന്നു ദീപാവലി അടുക്കുമ്പോൾ അലങ്കാര വിളക്കിനാൽ ഇരുവശവും മനോഹരമാകുന്ന  മുംബൈയിലെ മാഹിം എന്ന പ്രദേശത്തെ ടി . എച്ച് കട്ടാരിയ റോഡിനു ‘കണ്ഡിൽ ഖല്ലി’ (ഹിന്ദിയിൽ അലങ്കാരവിളക്കുകളുടെ തെരുവ് എന്നർത്ഥം) എന്ന  പേര് നൽകിയത് മാധ്യമങ്ങൾ തന്നെയാണ്. ദീപാവലി സമയത്ത് മുംബൈയിലെ കമ്പോളങ്ങളിൽ അലങ്കാരവിളക്കുകൾ വിൽപ്പനക്കായി പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും ഈ തെരുവ്   കണ്ഡിലുകളുടെ പറുദീസയാകാറുണ്ട് എന്നതിനാലാണ് ഈ പ്രദേശം ശ്രദ്ധേയമായത്. റോഡിലൂടെ നടന്നുവരുമ്പോൾ ഇരുവശങ്ങളിലുമായി കെട്ടിയ പന്തലുകളിൽ വിൽപ്പനക്കായി തൂക്കിയിട്ടിരിക്കുന്ന   പല വർണ്ണത്തിലുള്ള  കണ്ഡിലുകൾ എന്റെ ശ്രദ്ധയിൽപ്പെട്ടു. ചേർച്ചയുള്ള നിറങ്ങൾ കോർത്തിണക്കി പല രൂപത്തിൽ ഭാവത്തിൽ മെനഞ്ഞെടുത്തവ. ഓരോ നിറക്കൂട്ടുകൾക്കും പല മാനസികാവസ്ഥയാണ് എന്നിൽ പ്രതിനിധാനം  ചെയ്യാൻ കഴിഞ്ഞത്.  ഓർത്തുനോക്കിയാൽ വളരെ നിസ്സാരമായ വർണ്ണ കടലാസുകളും മുളവടികളുംകൊണ്ട് നിർമ്മിതമായവ. പക്ഷെ കുറച്ചുദൂരം ആ  കണ്ഡിലുകളെ നോക്കിനടന്നപ്പോൾ ഞാനറിയാതെത്തന്നെ മനസ്സിലെന്തോ ഉത്സവത്തിന്റെ കൊടിയേറ്റം നടന്നു. മഹാമാരിയും സാമ്പത്തിക മാന്ദ്യവും ദീപാവലിയിൽ തെളിയുന്ന ദീപങ്ങൾക്ക് മങ്ങലേൽപ്പിച്ചിരിയ്ക്കുന്ന ഈ കാലഘട്ടത്തിൽ ഈ കണ്ഡിലുകൾക്ക് തീർച്ചയായും മനുഷ്യനിൽ ഉത്സവലഹരി പകരാനുള്ള വശ്യതയുണ്ട് എന്നെനിക്ക് ഉറപ്പായി. അവയിൽ എന്നിൽ ഏറ്റവും കൗതുകമുണർത്തിയ ഒന്ന് വാങ്ങാൻ ഞാനും തീരുമാനിച്ചു. കുറച്ചുനേരം ആ വർണ്ണാഭയിൽ സമയം ചെലവഴിക്കാമെന്നോർത്തത് ഞാൻ ഓരോ പന്തലുകളിലും കയറി ഇറങ്ങി.    അച്ഛനും അമ്മയും കുട്ടികളും, അപ്പൂപ്പനും,അമ്മൂമ്മയും എല്ലാവരും കുടുംബസമേതമാണ്  അലങ്കാര വിളക്കിന്റെ വിൽപ്പനയിൽ ഏർപ്പെട്ടിരിക്കുന്നത് എന്നത് ശ്രദ്ധിച്ചപ്പോൾ  വളരെ രസകരമായി തോന്നി.   റോഡരികിൽ താൽക്കാലികമായി കെട്ടിവച്ച പന്തലിന്റെ ഒരു വശത്ത് ഒരാൾ  വർണ്ണക്കടലാസുകളും, മുളവടികളും ഉപയോഗിച്ച് പല  വലിപ്പത്തിലും, നിറത്തിലുമുള്ള  കണ്ഡിലുകളുടെ നിർമ്മാണം തുടർന്നുകൊണ്ടേയിരിയ്ക്കുന്നു. കുട്ടികൾ വാങ്ങുവാൻ വരുന്നവർക്ക് കാണിച്ചുകൊടുക്കുന്നതിലും, സ്ത്രീകൾ വിലപേശുന്നതിലും വ്യാപൃതരായിരിയ്ക്കുന്നു. ചില പന്തലുകളിൽ വയസ്സായവർ ഒരു കസേരയിട്ട് സൂപ്പർവൈസർമാരെപ്പോലെ ഇരിക്കുന്നു.  നിറങ്ങളുടെ ഈ കാഴ്ച അറിയാതെ ശ്രദ്ധിച്ചുപോയ യാത്രക്കാരിലും അത് വാങ്ങാനുള്ള പ്രചോദനം നൽകി. വിഷാദമായ ഇന്നത്തെ ഈ  അന്തരീക്ഷത്തെ കുറച്ചുനേരത്തേക്കെങ്കിലും മറന്ന് ഇവിടെ ജനങ്ങൾ ദീപാവലി ആഘോഷത്തിന്റെ ലഹരിയിലേക്ക് വഴിമാറുന്നു.
ദീപാവലിയ്ക്ക് മുൻപ് ഒന്നുരണ്ടു മാസങ്ങളിലാണ് ഇവിടുത്തെ ജനങ്ങൾ കണ്ഡിലിന്റെ നിർമ്മാണത്തിൽ ഏർപ്പെടുന്നത്. കണ്ഡിൽ ഖല്ലിയുടെ  പ്രത്യേകത ഇവിടെ നിർമ്മാണവും വ്യാപാരവും നടത്തുന്നത് ഉത്പാദകർ തന്നെയാണെന്നുള്ളതാണ്.

ഇടനിലക്കാർ ഈ കച്ചവടത്തിൽ ഇല്ല എന്നതുകൊണ്ടുതന്നെ പണക്കാർക്കും, പാവപ്പെട്ടവർക്കും ദീപാവലിയുടെ മാറ്റുകൂട്ടാൻ ഉതകുന്ന തരത്തിലുള്ള കണ്ഡിൽ ഇവിടെ വിൽക്കപ്പെടുന്നു. "ഞങ്ങളുടെ കണ്ഡിൽ വാങ്ങാൻ മുതലാളിമാരും, ഫിലിം ഇൻഡസ്ട്രിയിൽ ഉള്ളവരും നേരിട്ട് ഇവിടെ വരുന്നു. ഒന്നോ രണ്ടോ അല്ല അവർക്ക് ഇഷ്ടപ്പെട്ട പത്തിരുപത്തഞ്ച് കണ്ഡിലുകൾ വാങ്ങി കാറിലിട്ടാണ് അവർ കൊണ്ടുപോകുന്നത്. അതുപോലെതന്നെ പാവപ്പെട്ടവർക്കായും ഞങ്ങൾ മനോഹരമായ കണ്ഡിലുകൾ വളരെ കുറഞ്ഞ വിലക്കും വിൽക്കാറുണ്ട്. മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള പ്രധാന  കാരണം ഇതാണ്"   കണ്ഡിൽ നിർമ്മിച്ച് വിൽക്കുന്ന ശ്രീ മഹേഷ് മുളിക്ക് വളരെ കൃതജ്ഞതയോടെ പറയുന്നു.

ഈ പ്രദേശത്തെ ഏകദേശം നൂറിൽപ്പരം കുടുംബങ്ങൾ ഈ കുടിൽവ്യവസായത്തിൽ ഏർപ്പെടുന്നു. ഇത് ഇവിടുത്തെ ജനങളുടെ സ്ഥിരം തൊഴിലല്ല. ജോലിചെയ്യുന്നവരും, വീട്ടമ്മമാരും, ,പഠിക്കുന്ന കുട്ടികളും കണ്ഡിൽ നിർമ്മാണത്തിൽ വ്യാപൃതരാകുന്നു. ഇത് ഒരു കരകൗശലമാണ്. ഇതിനായി പ്രത്യേകം കോച്ചിംഗ് ക്ലാസ്സുകളോ മറ്റൊന്നുമില്ല. വർണ്ണക്കടലാസുകളും അലങ്കാരവസ്തുക്കളും മുളയും മാത്രം കമ്പോളത്തിൽനിന്നും വാങ്ങി ഓരോ വർഷവും നിർമ്മാതാക്കളുടെ ആശയങ്ങൾ വച്ച് പുതിയ രൂപഭാവത്തിൽ നിർമ്മിക്കപ്പെടുന്നു.  എന്നിരുന്നാലും ഓരോ വർഷവും വിവിധ ആശയങ്ങളും, ഭാവനകളും കോർത്തിണക്കി പുതുമയുള്ള നക്ഷത്രവിളക്കുകൾ നിർമ്മിച്ചെടുക്കുന്ന ഈ പ്രദേശത്തെ കലാകാരന്മാരുടെ കരവിരുത് പ്രശംസനീയംതന്നെ. ഓരോ വർഷവും ആവർത്തന വിരസത ഉപഭോക്താക്കൾക്ക് തോന്നാത്തവിധം വ്യത്യസ്തമാണ് ഇവരുടെ രൂപകൽപ്പന.
വളരെ ചെറിയ വീടുകളിൽ താമസിക്കുന്ന ഇവർ  ചട്ടക്കൂടുകൾ നിർമ്മിച്ച് വർണ്ണക്കടലാസുകാലും അലംകൃത വസ്തുക്കളും ഉപയോഗിച്ച് മോടിപിടിപ്പിക്കുന്നതിനായി   വീട്ടുവരാന്തകളിൽ തൂക്കിയിടുന്നു. ജോലിയും പഠനവും കഴിഞ്ഞു വീട്ടിലെത്തി നേരംപോക്കിനായി വിനിയോഗിക്കുന്ന സമയമാണ് ഇവർ ഇതിനായി ഉപയോഗിക്കുന്നത്. പലതരത്തിലുള്ള കണ്ഡിലുകളുടെ നിർമ്മാണം ഒരു വിനോദംകൂടിയാണ്.  

വര്ഷങ്ങളായി എല്ലാ ദീപാവലി കാലത്തും അലങ്കാരവിളക്കുകളുടെ മാഹിമിലുള്ള   ഈ ആകർഷകമായ വിൽപ്പന ശ്രദ്ധയിൽപെട്ടിട്ടുണ്ട്. എന്നാൽ ഈ മഹാമാരിയുടെ കാലഘട്ടത്തിൽ ഇത് ഒരു ലാഭേച്ഛയ്ക്കുവേണ്ടിയുള്ള കച്ചവടമായല്ല മറിച്ച് അതിജീവനത്തിനുള്ള ഒരു ഉപായംകൂടിയാണ് തോന്നിയത്. ലോക് ഡൗൺ കാലത്ത് ലഭിച്ച സമയം ഇവർ ഒരുപാട് പ്രതീക്ഷകളോടെ അലങ്കാരവിളക്കുകളുടെ നിർമ്മാണത്തിനായി മാറ്റിവച്ചു.

ഒന്നോ രണ്ടോ മാസത്തിനുള്ളിൽ മഹാമാരി നമ്മളോട് വിടപറയും ലോക് ഡൗൺ പിൻവലിക്കും എന്ന പ്രതീക്ഷവച്ച ജനങ്ങൾ, ഏകദേശം 9 മാസക്കാലം പ്രതീക്ഷകൾക്ക് നിറംമാറി നിരാശയിലേക്ക് എത്തിനിൽക്കുകയാണ്. ഇതിനിടയിൽ പല ആഘോഷങ്ങളും വന്നുപോയി. ദീപാവലിയും പതിവുപോലെ ആഹ്ളാദകരമല്ല എന്നതുകൊണ്ട് പ്രതീക്ഷിച്ച അത്രയും ലാഭം കൊയ്യാൻ ഈ കച്ചവടക്കാർക്ക് കഴിയുമോ എന്ന ആശങ്ക നിർമ്മാതാക്കളിൽ ഉണ്ടായിരുന്നു. എന്നാൽ കണ്ഡിൽ നിർമ്മാതാവും വില്പനക്കാരനുമായ മഹേഷ് പറയുന്നത് "ഈ വര്ഷം പ്രതീക്ഷിച്ചതിലും അപ്പുറത്തായിരുന്നു കച്ചവടം. നിർമ്മിച്ചുവച്ച അത്രയും കണ്ഡിലുകൾ ഞങ്ങൾ ഓരോ കച്ചവടക്കാരുടെയും ഈ വര്ഷം വിറ്റഴിച്ചു എന്നത് സന്തോഷകരമായ ഒന്നാണ്".  കൂട്ടുകൂടാനോ, സൗഹൃദം കൈമാറാനോ, തീൻമേശ പങ്കിടാനോ കഴിയാതെ വീട്ടിലിരുന്ന് ജോലിചെയ്ത് മടുത്തവർക്കും, ഓൺലൈനിൽ ക്ലാസ്സുകൾ പങ്കെടുത്തതും മടുത്ത ജനതയ്ക്ക് ഈ അലങ്കാരവിളക്കിൽ അവരുടെ മാനസിക സമ്മർദ്ദം ഇല്ലാതാക്കാൻ കഴിയുമെന്ന തോന്നലാകാം ഉപഭോകതാക്കളുടെ ഇത്തരം ഒരു പ്രതികരണത്തിന് കാരണമെന്ന് ഊഹിക്കാം.  മറ്റൊരുതരത്തിൽ പറഞ്ഞാൽ കണ്ഡിൽ കച്ചവടം ദീപാവലികാലത്തെ അതിജീവനത്തിന്  ഒരു കൈത്താങ്ങായി  എന്നുവേണമെങ്കിൽ പറയാം.    

മഹാമാരി മാറ്റിമറിച്ച ജീവിതസാഹചര്യത്തിൽ അലങ്കാരവിളക്കുകൾപോലുള്ള കരവിരുതുകൾ ആളുകൾക്ക് മനസ്സിൽ ആനന്ദവും നൽകുന്നതോടൊപ്പം  അതിജീവനവും നൽകി എല്ലാ സാഹചര്യങ്ങളെയും തരണംചെയ്യാൻ ഓരോ ദീപാവലി, ക്രിസ്തുമസ്സ് എന്നീ ഓരോ ആഘോഷങ്ങൾക്കും കഴിയട്ടെ.  

Join WhatsApp News
Manoj Menavan 2020-11-18 18:16:53
Vivid observation and a life like story telling gives the reader a piece of experiencing at Kandil Galli..😍
kanakkoor 2020-11-19 01:47:52
നല്ല ലേഖനം . കുറച്ചു ചിത്രങ്ങൾ ചേർക്കാമായിരുന്നു'
Das 2020-11-19 04:50:26
Greetings of the season ! A creative writing culminating into reality ! Also, the manner in which expressing thoughts into fiction is amazing that makes you distinguish from other quality writers. Let's pray, light lamp within & stay blessed forever !
prg 2020-11-19 16:49:19
ദീപാവലിക്ക് വിളക്കുകൾ പ്രധാനമാണ്. വിളക്കുകളിൽനിന്നും ദിവ്യ ചൈതന്യം പ്രഭവിക്കുന്നതായി എല്ലാവർക്കും അറിവുള്ള കാര്യമാണ്. പലകളറുകളിൽ ഉള്ള കന്തിൾ വിളക്കുകൾ നെഗറ്റിവ് എനർജി കളഞ്ഞു ചുറ്റുപാടിനെ ശുദ്ധീകരിച്ചു പോസിറ്റിവ് എനർജി നിറയ്ക്കുകയ്യും നമ്മുടെ മനസ്സിന് സന്തോഷം പകരുകയ്യും ചെയ്യുന്നു. താങ്കളുടെ ലേഖനം ഒന്നുകൂടി ബൃഹത്താക്കാമായിരുന്നു. ആശംസകൾ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക