Image

"തണല്‍ മര'മായി നയാഗ്ര മലയാളി സമാജം

Published on 15 November, 2020
  "തണല്‍ മര'മായി നയാഗ്ര മലയാളി സമാജം
സാമുഹ്യ സേവന പദ്ധതിയായ "തണല്‍ മര'ത്തിനു  കീഴില്‍ ഇടുക്കിയിലെ ഒരു കുടുംബത്തിന് വീട് നിര്‍മിച്ചു നല്‍കാന്‍ നയാഗ്ര മലയാളി സമാജം തീരുമാനിച്ചു. സമാജത്തിന്റെ പ്രസിഡന്റ് ബൈജു പകലോമറ്റത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ്, ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ്, ഉപദേശക സമിതി എന്നിവരുടെ സംയുക്ത യോഗത്തിലാണ് പദ്ധതിക്ക് അംഗീകാരമായത്. കോവിഡ് നിയന്ത്രണങ്ങള്‍ നിലവിലുള്ളതിനാല്‍ സൂമിലായിരുന്നു മീറ്റിംഗ്.

ആദ്യ പദ്ധതിയായി ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി ചേലച്ചുവട് ഗ്രാമത്തിലെ ബിനു വര്‍ഗീസ് - ഷിന്റ ബിനു ദമ്പതികള്‍ക്ക് വീട് എന്ന സ്വപ്നം പൂര്‍ത്തീകരിക്കുന്നതിനാണ് നയാഗ്ര മലയാളി സമാജം സഹായമൊരുക്കുന്നത്. ഇവര്‍ തന്നെ കണ്ടെത്തിയ സ്ഥലത്താണ് സമാജം വീട് നിര്‍മിച്ചുനല്‍കുന്നത്. എറണാകുളത്ത് സ്വകാര്യ ബസില്‍ കണ്ടക്ടര്‍ ആയി ജോലി ചെയ്തുവരവേ തലചോറിലെക്കുള്ള ഞരമ്പ് ചുരുങ്ങുന്ന രോഗം കാരണം ബിനുവിന് ജോലി ചെയ്യാന്‍ പറ്റാതെയായി. ബിനുവിന്റെ ഭാര്യ ഷിന്റ കൂലിപ്പണി, തൊഴിലുറപ്പ് തുടങ്ങിയ ജോലികള്‍ ചെയ്താണ് കുടുംബം പുലര്‍ത്തുന്നത്. ഇവരുടെ മൂന്നു മക്കളില്‍ മൂത്ത മകള്‍ നഴ്‌സിംഗിനും രണ്ടാമത്തെ മകള്‍ പത്താം ക്ലാസിലും, മകന്‍ ഏഴാം ക്ലാസ്സിലുമാണ് പഠിക്കുന്നത്. ഇവരുടെ പഠനചെലവുകള്‍ കണ്ടെത്താന്‍ പോലും നന്നേ കഷ്ടപ്പെടുന്ന കുടുംബത്തിന് ഒരു അടച്ചുറപ്പുള്ള ഭവനം എന്ന സ്വപ്നമാണ് നയാഗ്ര മലയാളി സമാജത്തിന്റെ "തണല്‍ മരം' പദ്ധതിയിലൂടെ പൂവണിയുന്നത്.

വിവിധ സ്ഥലങ്ങളില്‍ നിന്ന് സമാജത്തിനു ലഭിച്ച അപേക്ഷകളില്‍ നിന്നു സഹായം ആവശ്യമുള്ളവരുടെ ക്രമപട്ടിക തയാറാക്കുകയായിരുന്നു പദ്ധതിയുടെ ആദ്യ നടപടി. ഡെന്നി കണ്ണുക്കാടനും ലിജേഷ് ജോസഫിന്റെയും നേതൃത്വത്തിലുള്ള ടീമാണ് ഇതിനു നേതൃത്വം നല്‍കിയത്. പദ്ധതിയുമായി ബന്ധപ്പെട്ട മറ്റുള്ള ചര്‍ച്ചകള്‍ക്കും ഇവരാണ് നേതൃത്വം നല്‍കുന്നത്. ഈ ക്രമപട്ടികയില്‍ നിന്നാണ് തണല്‍മരം പദ്ധതിയുടെ ആദ്യ വീട് ബിനു വര്‍ഗീസിനും ഷിന്റക്കും നിര്‍മിച്ചു നല്‍കാനുള്ള തീരുമാനം എടുത്തത്. വീട് പണിയുന്നതിന് വിവിധ ബില്‍ഡര്‍മാരുമായും വകുപ്പുകളുമായും ചര്‍ച്ചകള്‍ നടത്തിവരികയാണ്.

സഹായങ്ങളും സേവന പദ്ധതികളും, വരും നാളുകളില്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കാനും നയാഗ്ര മലയാളി സമാജം ലക്ഷ്യമിടുന്നുണ്ട്. കഷ്ടത അനുഭവിക്കുന്ന കേരളത്തിലെ സഹോദരങ്ങളെ ചേര്‍ത്ത് നിര്‍ത്തുക എന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നതെന്ന് സമാജത്തിന്റെ  പ്രസിഡന്റ് ബൈജു പകലോമറ്റം പറഞ്ഞു. നേരത്തെ കോവിഡ് 19 രോഗം കാരണം ദുരിതം അനുഭവിക്കുന്ന മലയാളികളെ സഹായിക്കാന്‍, "കൈകോര്‍ത്ത് പിടിക്കാം' എന്ന പേരില്‍ സഹായങ്ങള്‍ എത്തിച്ചിരുന്നു.

നയാഗ്ര റീജിയണിലെ രണ്ടാം തലമുറ മലയാളികളെ പ്രോത്സാഹിപ്പിക്കുന്നതിനായി സ്‌കോളര്‍ഷിപ് ഏര്‍പ്പെടുത്താനും തീരുമാനിച്ചു. ആയിരത്തിയൊന്നു (1001) ഡോളറാണ് സ്‌കോളര്‍ഷിപ് തുക.  ഗ്രേഡ് 12നു ശേഷം യൂണിവേഴ്‌സിറ്റിയിലേക്ക് പ്രവേശിക്കുന്ന കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ് നല്‍കുക. നയാഗ്ര മലയാളി സമാജത്തിലെ അംഗങ്ങള്‍ക്കും അവരുടെ കുട്ടികള്‍ക്കും അപേക്ഷിക്കാം. എല്ലാ വര്‍ഷവും മെയ് മാസത്തിലാകും അപേക്ഷകള്‍ സ്വീകരിക്കുക. അപേക്ഷിക്കുന്നവരില്‍ നിന്നും, കൃത്യമായ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചായിരിക്കും ഓരോ വര്‍ഷവും ജേതാവിനെ തിരഞ്ഞെടുക്കുക. വിദ്യാഭ്യാസ നിലവാരത്തിനൊപ്പം കേരളത്തോടും, കേരള സംസ്കാരത്തോടുമുള്ള പ്രതിബദ്ധതയും, നയാഗ്ര മലയാളി സമാജത്തിലെ പ്രവര്‍ത്തനങ്ങളും വിജയികളെ കണ്ടെത്തുന്നതിനുള്ള മാനദണ്ഡങ്ങളാകും.

യോഗത്തില്‍ പ്രസിഡന്റ് ബൈജു പകലോമറ്റം, സെക്രട്ടറി എല്‍ഡ്രിഡ് കാവുങ്കല്‍,  ട്രഷറര്‍ ടോണി മാത്യു, വൈസ് പ്രസിഡന്റ് ബിമിന്‍സ് കളപ്പുരക്കല്‍, ജോയിന്റ് സെക്രട്ടറി കവിത പിന്റോ, ഓഡിറ്റര്‍ പിന്റോ ജോസഫ്, ജോയിന്റ് ട്രഷറര്‍ ബിന്ധ്യ ജോയ്  എന്നിവരും കമ്മറ്റി അംഗങ്ങളായ ആഷ്‌ലി ജോസഫ്, രാജേഷ് പാപ്പച്ചന്‍, നിത്യമോള്‍ ചാക്കോ കൂടാതെ യൂത്ത് കമ്മിറ്റി അംഗമായ ജെഫിന്‍ ബൈജു, ആല്‍വിന്‍ ജൈമോന്‍, പീറ്റര്‍ തെക്കേത്തല ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ജയ്‌മോന്‍ മാപ്പിളശ്ശേരില്‍, ഡെന്നി കണ്ണൂക്കാടന്‍, കോശി കാഞ്ഞൂപ്പറമ്പന്‍ എന്നിവരും പങ്കെടുത്തു. ഇവരെ കൂടാതെ ഉപദേശക സമിതി അംഗങ്ങായ സുജിത് ശിവാനന്ദ്, വര്‍ഗീസ് ജോസ്, രാജീവ് വാരിയര്‍, ഷെഫീഖ് മുഹമ്മദ്, പ്രസാദ് മുട്ടേല്‍ എന്നിവരും പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക