Image

ഭാരതസഭക്ക് ദീപാവലി സമ്മാനം: ഇരുപത്തിരണ്ടാം മാർത്തോമ്മാ മെത്രാപോലിത്ത സ്ഥാനമേറ്റു ( കുര്യൻ പാമ്പാടി)

Published on 14 November, 2020
ഭാരതസഭക്ക് ദീപാവലി സമ്മാനം: ഇരുപത്തിരണ്ടാം മാർത്തോമ്മാ മെത്രാപോലിത്ത സ്ഥാനമേറ്റു ( കുര്യൻ പാമ്പാടി)
മഹാമാരികൾ മൂലം ഇരുൾ പരന്ന ലോകത്തിൽ  പ്രകാശം പരത്താൻ ഒരു ബിന്ദുവായി വർത്തിക്കുമെന്ന പ്രതിജ്ഞയോടെ ഗീവർഗീസ് മാർ തിയഡോഷ്യസ് മലങ്കര സുറിയാനി മാർത്തോമ്മാ സഭയുടെ ഇരുപത്തിരണ്ടാം മെത്രാപ്പോലീത്തയായി ശനിയാഴ്ച അഭിഷിക്തനായി..

കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ചുകൊണ്ട്‌ തിരുവല്ല എസ്സിഎസ് സെമിനാരി വളപ്പിൽ ഡോ അലക്‌സാണ്ടർ മാർത്തോമ്മാ വലിയ മെത്രാപ്പോലീത്തൻ സ്മാരക ഹാളിൽ വിരിചൊരുക്കിയ മദ്ബഹായിലായിരുന്നു അഞ്ചു മണിക്കൂർ നീണ്ടു നിന്ന അഭിഷേകചടങ്ങുകൾ.

സഭാ പിതാക്കന്മാർക്കുള്ള ചുവന്ന കിന്നരിത്തൊപ്പി (മിറ്റർ) അണിയിച്ച് സിംഹാസനത്തിൽ ഇരുത്തിയ തിരുമേനിയെ രണ്ടു വൈദികർ ഉയർത്തിപ്പിടിച്ചപ്പോൾ ആക്‌സിയോസ് (ഗ്രീക്ക്, അനുയോജ്യൻ) എന്ന പദം  മൂന്ന് തവണ മുഴങ്ങി. ഇതായിരുന്നു അഭിഷേകച്ചടങ്ങിന്റെ ഏറ്റവും കാതലായ ഭാഗം.

സഭയുടെയും സഹോദര സഭകളുടെയും പരമാധ്യക്ഷന്മാരും മെത്രാൻമാരും വൈദികരും മാർ തിയഡോഷ്യസിന്റെ സഹോദരീ സഹോദരന്മാരും വിശ്വാസികളും അടങ്ങിയ ചെറുതെങ്കിലും പ്രൗഢഗംഭീരമായ ഒരു സദസ് ചടങ്ങിന് സാക്ഷ്യം വഹിച്ചു. ആയിരക്കണക്കിനാണ് ആളുകൾ ഫേസ്ബുക്ക്, യുട്യൂബ് തുടങ്ങിയ മാധ്യമങ്ങളിലൂടെ തത്സമയം വീക്ഷിച്ചു.

നൂറ്റിമൂന്നു ആയിട്ടും "വീണ്ടുമൊരു അങ്കത്തിന് ബാല്യം" ബാക്കിവച്ച വലിയമെത്രാപ്പോലീത്ത പദ്മഭൂഷൺ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വീൽ ചെയറിൽ സന്നിഹിതനായിരുന്നു. ആരോഗ്യ പ്രശ് നങ്ങളാൽ കുമ്പനാട്‌ ഫെലോഷിപ് മിഷൻ ആശുപതിയിൽ നിന്നാണ് അദ്ദേഹം എത്തിയത്. മെതാപോലീത്തമാർക്കു റിട്ടയർമെന്റ് ഇല്ലെങ്കിലും 90 എത്തിയപ്പോൾ ജോസഫ് മാർത്തോമ്മക്കു വേണ്ടി സ്ഥാനത്യാഗം ചെയ്ത മഹാത്മാവാണ്.

ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ പൗലോസ് രണ്ടാമനും ആരോഗ്യ കാരണങ്ങളാൽ ഹാജരായിരുന്നില്ലെങ്കിലും സഭയുടെ ആശംസകൾ വീഡിയോയിലൂടെ അവതരിപ്പിച്ചു. കേസിൽ പെട്ടുഴലുന്ന യാക്കോബായ സഭ  പുതിയ പള്ളികൾ വച്ച് ഉയർത്തെഴുനേൽക്കണമെന്ന പുതിയ മെത്രാപ്പോലീത്തയുടെ നിലപാടിനു കാതോലിക്കാ ബാവ പ്രത്യേകം നന്ദി പറഞ്ഞു.

കർദിനാൾമാരും മേജർ ആർച്ബിഷപ്മാരുമായ ജോർജ് ആലഞ്ചേരി, ബസേലിയോസ് ക്ളീമിസ് കത്തോലിക്കാ തുടങ്ങി വിവിധ സഭകളിലെ മെത്രാപ്പൊലീത്തമാരും സഭയിലെ വൈദിക ശ്രേഷ്ഠരും   സന്യസ്തരും അല്മായക്കാരും പങ്കെടുത്തു. എല്ലാവരും മുഖംമൂടി ധരിച്ച് അകലം  പാലിക്കാൻ ശ്രധ്ധിച്ചു.

രാഷ്ട്രീയ മേഖലയിൽ  നിന്ന് പ്രൊഫ. പിജെ തോമസ്, ആന്റോ ആന്റണി, മാത്യു തോമസ് എന്നിവർ ഭാഗഭാക്കായി. സഭയിലെ വനിതകളുടെ പ്രതിനിധിയായി ഗവ. പ്രിൻസിപ്പൽ സെക്രട്ടറി ഉഷ ടൈറ്റസ് ഐ എഎസ്  ഹാജരായത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.മുഖ്യമന്ത്രിപിണറായി വിജയന്റെയും കാന്റർബറി ആർച്ച്ബിഷപ് ജസ്റ്റിൻ വെൽബിയുടെയും ആശംസാ സന്ദേശങ്ങൾ സഭാസെക്രട്ടറി റവ.  കെജി ജോസഫ് വായിച്ചു.

സഭയുടെ സേക്രഡ് മ്യുസിക് ആൻഡ് കമ്മ്യുണിക്കേഷൻസ് കൊയറിന്റെ മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള ഗാനങ്ങൾ അതീവ ഹൃദ്യമായി.

പോർട്ടുഗീസ് വാഴ്ച്ചക്കാലത്ത് പതിനാറാം നൂറ്റാണ്ടിൽ നടന്ന ഉദയംപേരൂർ സുന്നഹദോസിനെതുടർന്ന് വൈദേശിക മേധാവിത്തത്തിനെതിരെ ഉടണ്ടായ കൂനൻ കുരിശു സത്യപ്രതിജ്ഞക്കു ശേഷം രൂപം കൊണ്ടതാണ് ആദ്യത്തെ മാർത്തോമ്മാ സിംഹാസനം. ആ പൈതൃകത്തിന്റെ പിന്തുടർച്ചയാണ് ഇരുപത്തിരണ്ടിൽ എത്തി നിൽക്കുന്നത്.

വട്ടിപ്പണക്കേസിൽ പരാജയപെട്ടു പഴയസെമിനാരി വിട്ടൊഴിഞ്ഞു പോയതുമുതൽ മുതൽ ആരംഭിക്കുന്ന നവോഥാന കാലഘട്ടത്തിൽ മലങ്കര സിറിയൻ മാർത്തോമ്മാ സഭയുടെ ആദ്യ മെത്രാപ്പോലീത്തമാർ നാലുപേരും മാരാമൺ പാലക്കുന്നത്ത് കുടുംബത്തിൽ നിന്നുള്ളവർ.--മാത്യൂസ് മാർ അത്തനേഷ്യസ്, തോമസ് മാർ അത്തനേഷ്യസ്, തീത്തോസ് പ്രഥമൻ, തീത്തോസ് ദ്വിതീയൻ.

ഏബ്രഹാം മാർത്തോമ്മ, യൂഹാനോൻ മാർത്തോമ്മാ, അലക്‌സാണ്ടർ മാർത്തോമ്മാ, ഫിലിപ്പോസ് മാർ ക്രിസോസ്റ്റം, ജോസഫ് മാർത്തോമ്മാ എന്നിവർക്ക് ശേഷം പത്താമനായി ഗീവർഗീസ് മാർ തിയ യഡോഷ്യസ്. ഇവരിൽ ഈയിടെ കാലം ചെയ്ത ജോസഫ് മാർത്തോമ്മാ പാലക്കുന്നത് തറവാട്ടിൽ നിന്നുള്ള അഞ്ചാമത്തെ മെത്രാപോലിത്ത ആയിരുന്നു.

നവോഥാന കാലഘട്ടത്തിൽ സ്വന്തം പള്ളിയോ പട്ടക്കാരോ സെമിനാരിയോ ഇല്ലാതിരുന്ന കാലം മുതൽ  വിശ്വാസത്തിൽ അടിയുറച്ച് നിന്ന് എല്ലാം കെട്ടിപ്പൊക്കി. ലോകമാസകലം പള്ളിയും പട്ടക്കാരും എപ്പിസ്കോപ്പാമാരുമായി സഭ വളർന്നു പന്തലിച്ചു.

അതുകൊണ്ടാണ്, കേസിൽ പരാജയപെട്ടു പള്ളികൾ കൈവിടേണ്ട സ്ഥിതിയിലായിരിക്കുന്ന യാക്കോബായ വിഭാഗം നിലവിളി അവസാനിപ്പിച്ചു പുതിയ പള്ളികൾ പണിതു പുതിയ ഊർജം കൈക്കൊണ്ടു മുന്നേറണമെന്നു പുതിയ മെത്രാപോലിത്ത ആഹ്വാനം ചെയ്യുന്നത്.

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രായം കുറഞ്ഞ മെത്രാപോലീത്തമാരിൽ ഒരാൾ ആയിരിക്കും 71 വയസുകാരനായ മാർ തിയഡോഷ്യസ്. സഭയിൽ മെത്രാപ്പോലീത്തയായി അവരോധിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ ആൾ യൂഹാനോൻ മാർത്തോമ്മാ ആയിരുന്നു. 55---ആം വയസിൽ അഭിഷിക്തനായി.

കാനഡയിൽ ഹാമിൽട്ടണിലെ മൿമാസ്റ്റർ യുണിവേഴ്‌സിറ്റിയിൽ ആറുവർഷം ഗവേഷണ പഠനം നടത്തി ശ്രീനാരായണ പഠനത്തിന് ഡോക്ട്രേറ് നേടിയ മാർ തിയഡോഷ്യസ്, വൈദികൻകുന്നത് 1973ലാണ്. എപ്പിസ്കോപ്പ 1989, സഫ്രഗൻ  മെത്രാപ്പോലീത്ത 2020. 2009-16 വർഷങ്ങളിൽ നോർത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ ചുമതല വഹിച്ചു.
   
മാർത്തോമ്മാ സഭ വടക്കേ അമേരിക്കയിൽ എത്തിയിട്ട് അര നൂറ്റാണ്ടായി. 1998ൽ ഉജ്വല  പരിപാടികളോടെ രജതജൂബിലി ആഘോഷിച്ച കാര്യം അന്നവിടെ ഭദ്രാസന സെക്രട്ടറിയും ക്വീൻസിലെ എപ്പിഫാനി ചർച്ചിന്റെ വികാരിയും ആയിരുന്ന റവ.കെജി ജോസഫ് ഓർമ്മിക്കുന്നു. ലോങ്ങ് ഐലൻഡിൽ സ്ഥലം വാങ്ങി സിനായ് സെന്റർ എന്ന ഭദ്രാസനാലയം നിർമ്മിച്ചതു അച്ചൻ.കൺവീനറായ കമ്മിറ്റി ആണ്.

മാർ തിയഡോഷ്യസ് എപ്പിസ്കോപ്പയുടെ ഭരണകാലത്ത് വടക്കേ അമേരിക്കയിലെയും യൂറോപ്പിലെയും അംഗങ്ങൾക്കിടയിൽ സഭയോടും സമൂഹത്തോടുമുള്ള കൂറും പ്രതിബദ്ധതയും വളർത്താൻ ഉതകുന്ന നിരവധി പ്രോജക്ടുകൾ നടപ്പാക്കിയതായി ഭദ്രാസനത്തിന്റെയും എപ്പിസ്‌കോപ്പയുടെയും സെക്രട്ടറിയായി സേവനം ചെയ്ത റവ. കെഇ ഗീവർഗീസ് ഓർമ്മിക്കുന്നു.

യുഎസ്, കാനഡ, മെക്സിക്കോ, യൂറോപ്പ് എന്നിവിടങ്ങളിയായി ഭദ്രാസനത്തിനു  75 പള്ളികളുണ്ട്. ബഹുഭൂരിപക്ഷവും യുഎസിലാണ്. ന്യൂയോർക്കിൽ മാത്രം 12 എണ്ണം. യൂറോപ്പിൽ ആകെയുള്ളതു അത്രമാത്രം. മെക്സിക്കോയിൽ ഒരു പള്ളിയും. മാർ തിയഡോഷ്യസ് മെക്സിക്കോ സന്ദർശിച്ച് വിശ്വാസികളെ ഉത്തേജിപ്പിക്കുകയുണ്ടണ്ടായി.

ഇരുപനൂറ്റാണ്ടിൽ വിശ്വാസികൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ചു  പരിഹാരം നേടാനുള്ള ശ്രമത്തിൽ മാർ തിയോഡോഷ്യസിനോടൊപ്പം നിൽക്കാനും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കാനും കഴിഞ്ഞതിൽ അഭിമാനം ഉണ്ടെന്നു  നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് ഓഫ് അമേരിക്കയിൽ ഭദ്രാസന പ്രതിനിധിയായിരുന്ന ഡോ. യേശുദാസ് അത്യാൽ അറിയിച്ചു.

ന്യൂയോർക്കിൽ നിന്ന് മുന്നൂറു കി.മീ അകലെ ബോസ്റ്റൻ ആസ്ഥാനമായി പ്രവർത്തിക്കുമ്പോഴും ന്യൂയോർക്കിൽ വച്ചും വാഷിങ്ങ്ടണിൽ വച്ചും തിരുമേനിയുമായി നിരന്തരം സമ്പർക്കം പുലർത്താറുണ്ടായിരുന്നു. സഭയുടെ പല പ്രസിദ്ധീകരണങ്ങളും പുറത്തിറക്കുന്നതിൽ സഹകരിച്ചു. ബാംഗളൂരിലെ എക്‌മെനിക്കൽ ക്രിസ്ത്യൻ സെന്റർ സ്ഥാപകൻ ഡോ.എംഎം തോമസുമായും ഒത്തു ചേർന്ന് പ്രവർത്തിച്ചു.  മാർ തിയഡോഷ്യസ് ആണ് സെന്ററിന്റെ ഇപ്പോഴത്തെ അധ്യക്ഷൻ

മാർ തിയഡോഷ്യസോണിന്റെ ജീവിതവും ദർശനങ്ങളും ലോകത്തിനു തികഞ്ഞ പ്രത്യാശ നൽകുന്നതാണെന്നു കോട്ടയം പഴയ സെമിനാരി മുൻ പ്രിൻസിപ്പലും സഭകളുടെ ലോകകൗണ്സിലിലിന്റെ മുൻ ഭാരവാഹിയുമായ റവ.ഡോ, കെഎം ജോർജ് പ്രസ്താവിച്ചു. എല്ലാരംഗത്തും "നല്ല ഇടയന്മാർ ഇല്ലാതിരിക്കുന്ന ഇക്കാലത്ത് ഇദ്ദേഹത്തെപ്പോലുള്ള നല്ല ഇടയൻമാർ കടന്നു വരുന്നത് ആശ്വാസകരമാണ്.

"മതിയായ രീതിയിൽ ആദരിക്കപ്പെട്ടിട്ടില്ലാത്ത ദിവ്യജ്യോതിസ് ശ്രീ നാരായണ ഗുരുവിന്റെ ദർശനങ്ങളെക്കുറിച്ചാണ് മാർ ഗീവർഗീസ് ഗവേഷണ പഠനം നടത്തി എന്നത്  ആദ്ദേഹത്തിന്റെ മതാതീത സമീപനവും വിശാല വീക്ഷണവും വിളിച്ചോതുന്നതാണ്. ബാങ്കളൂരിലെ എക്യുമെനിക്കൽ ക്രിസ്ത്യൻ   സെന്ററിന്റെ സ്ഥാപകനായ .എംഏം തോമസിന്റെ അനുസ്മരണപ്രസംഗം ചെയ്യാൻ എന്നെ ക്ഷണിച്ചപ്പോൾ കൂടുതൽ അടുത്തറിയാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു."

ഭാരതസഭക്ക് ദീപാവലി സമ്മാനം: ഇരുപത്തിരണ്ടാം മാർത്തോമ്മാ മെത്രാപോലിത്ത സ്ഥാനമേറ്റു ( കുര്യൻ പാമ്പാടി)
ഞാൻ നല്ല ഇടയൻ--വേദഭാഗം വായിക്കുന്ന മാർ തിയഡോഷ്യസ് മെത്രാപോലിത്ത
ഭാരതസഭക്ക് ദീപാവലി സമ്മാനം: ഇരുപത്തിരണ്ടാം മാർത്തോമ്മാ മെത്രാപോലിത്ത സ്ഥാനമേറ്റു ( കുര്യൻ പാമ്പാടി)
അഭിഷേക ശുശുഷ്റൂഷ; വലിയ മെത്രാപോലിത്ത മാർ ക്രിസോസ്റ്റം സമീപം
ഭാരതസഭക്ക് ദീപാവലി സമ്മാനം: ഇരുപത്തിരണ്ടാം മാർത്തോമ്മാ മെത്രാപോലിത്ത സ്ഥാനമേറ്റു ( കുര്യൻ പാമ്പാടി)
അനുമോദന സമ്മേളനം, പ്രൊഫ. പിജെ കുര്യൻ, റവ.തോമസ് സി അലക്സാണ്ടർ, ഡോ.ചുനക്കര
ഭാരതസഭക്ക് ദീപാവലി സമ്മാനം: ഇരുപത്തിരണ്ടാം മാർത്തോമ്മാ മെത്രാപോലിത്ത സ്ഥാനമേറ്റു ( കുര്യൻ പാമ്പാടി)
മാസ്ക് ധരിച്ച സദസ്‌
ഭാരതസഭക്ക് ദീപാവലി സമ്മാനം: ഇരുപത്തിരണ്ടാം മാർത്തോമ്മാ മെത്രാപോലിത്ത സ്ഥാനമേറ്റു ( കുര്യൻ പാമ്പാടി)
കുടുംബാങ്ങങ്ങൾക്ക് കുർബാന
ഭാരതസഭക്ക് ദീപാവലി സമ്മാനം: ഇരുപത്തിരണ്ടാം മാർത്തോമ്മാ മെത്രാപോലിത്ത സ്ഥാനമേറ്റു ( കുര്യൻ പാമ്പാടി)
സഭയുടെ ആസ്ഥാന സേക്രഡ് മ്യുസിക് ഗായകസംഘം
ഭാരതസഭക്ക് ദീപാവലി സമ്മാനം: ഇരുപത്തിരണ്ടാം മാർത്തോമ്മാ മെത്രാപോലിത്ത സ്ഥാനമേറ്റു ( കുര്യൻ പാമ്പാടി)
ന്യുയോർക്കിലെ സിനായി അരമന, ഗാര്ഡനിങ്ങിനു സഹായിക്കുന്നതു ഭദ്രാസന സെക്രട്ടറി റവ. കെഇ ഗീവർഗീസ്
ഭാരതസഭക്ക് ദീപാവലി സമ്മാനം: ഇരുപത്തിരണ്ടാം മാർത്തോമ്മാ മെത്രാപോലിത്ത സ്ഥാനമേറ്റു ( കുര്യൻ പാമ്പാടി)
പ്രകൃതിയോടു പ്രണയം--ചെടിനടാൻ അരമന വളപ്പിൽ
ഭാരതസഭക്ക് ദീപാവലി സമ്മാനം: ഇരുപത്തിരണ്ടാം മാർത്തോമ്മാ മെത്രാപോലിത്ത സ്ഥാനമേറ്റു ( കുര്യൻ പാമ്പാടി)
ബംഗളൂരു എക്യുമെനിക്കൽ സെന്ററിൽ റവ. ഡോ കെഎം ജോർജിന് പൊന്നാട, താഴെ ഡയറക്ടർ ഡോ. മാത്യു ചന്ദ്രൻകുന്നേൽ സിഎംഐ
ഭാരതസഭക്ക് ദീപാവലി സമ്മാനം: ഇരുപത്തിരണ്ടാം മാർത്തോമ്മാ മെത്രാപോലിത്ത സ്ഥാനമേറ്റു ( കുര്യൻ പാമ്പാടി)
സുഹൃത്ത് ഡോ. യേശുദാസ് അത്യാലുമൊത്ത് വാഷിങ്ങ്ടണിൽ
Join WhatsApp News
Marthommakkaran 2020-11-15 02:54:12
മാർത്തോമ്മാ സഭയുടെ ഇരുപത്തിരണ്ടാമത്തെ മാത്തോമ്മയായി സ്ഥാനമേറ്റു എന്ന് പറഞ്ഞല്ലോ. ഈ 22 പേരിൽ ആദ്യത്തെ 15 പേർ ആരൊക്കെ ആയിരുന്നു എന്നും അവരുടെയൊക്കെ കാലഘട്ടവും അവരെയൊക്കെ എവിടെയാണ് കബറടക്കിയിരിക്കുന്നതെന്നും ആർക്കെങ്കിലും ഒന്ന് പറയാമോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക