ഉദയസൂര്യന്റെ നാട് അരുണാചല്‍ പ്രദേശ് (ആന്‍ മേരി)
EMALAYALEE SPECIAL
12-Nov-2020
ആന്‍ മേരി
EMALAYALEE SPECIAL
12-Nov-2020
ആന്‍ മേരി

ഭാരതത്തിന്റെ വടക്കുകിഴക്കന്‍ അതിര്‍ത്തിയില്‍ , ഭൂപടത്തിന്റെ അഗ്രഭാഗത്തായി, ചൈനയോട് ചേര്‍ന്നുകിടക്കുന്ന മലമ്പ്രദേശമാണ് അരുണാചല്‍ പ്രദേശ്.
ഏഴു സഹോദരിമാരില്‍ (seven sister states )വിസ്തീര്‍ണം കൊണ്ട് മൂത്തവള്‍.. പ്രകൃതിഭംഗിയില്‍ ആരുടെയും മനം കവരാന്‍ പോന്നവള്‍.. എവിടേക്ക് തിരിഞ്ഞാലും എമ്പാടും കാണാവുന്ന അംബരചുംബികളായ കൊടുമുടികള്‍ ഇവള്‍ക്ക് സംരക്ഷണവലയം തീര്‍ക്കുന്നു.. ഉത്തുംഗമായ ഈ ഹിമ ഗിരിശൃംഗങ്ങള്‍ ഹിമാലയ പര്‍വതനിരകളുടെ ഭാഗം തന്നെയാണ്.
ഈ പ്രദേശത്തിന്റെ ഭംഗിയെകുറിച്ച് എത്ര വര്‍ണ്ണിച്ചാലും അത് അധികമാവില്ല. ഫിര്‍ മരങ്ങള്‍ (firt rees ) കാറ്റിലാടുന്ന മലഞ്ചെരിവുകള്‍.. കോടമഞ്ഞിന്റെ കഞ്ചുകമണിഞ്ഞ പൈന്‍മര കുന്നുകള്‍.. പീച്ച് മരങ്ങള്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന താഴ്‌വരകള്‍.. പ്രണയ പുഷ്പങ്ങള്‍ വര്‍ണ്ണം വിടര്‍ത്തുന്ന പുല്‍മേടുകള്‍.. സമൃദ്ധിയുടെ നിറവില്‍ വിളവെടുപ്പിനു പാകമായി പരിലസിക്കുന്ന ആപ്പിള്‍, ഓറഞ്ച്, മുന്തിരി തോട്ടങ്ങള്‍.. ഏതു വേനലിലും വറ്റാത്ത ജലസമ്പത്തുമായി, ഹിമാലയസാനുക്കളില്‍ നിന്നും ഗാംഭീര്യത്തോടെ ഒഴുകിയെത്തുന്ന സിയാങ് നദിയും (the migthy Brahmaptura ) നിരവധി പോഷക നദികളും.. പാതയോരങ്ങളിലെങ്ങും യാത്രികരുടെ തനുവും മനവും ഒരുപോലെ കുളിര്‍പ്പിക്കാന്‍ തെളിനീര്‍ ചോലകളുടെ ധാരാളിത്തം.. ഇതൊന്നും പോരാഞ്ഞിട്ട് ഇവിടുത്തെ നിവാസികളായി, നക്ഷത്ര കണ്ണുകളും ആപ്പിള്‍ കവിളുകളുമുള്ള സുന്ദരീ സുന്ദരന്മാരും... പ്രകൃതി, അതിന്റ മുഴുവന്‍ സൗന്ദര്യവും ആവാഹിച്ചെടുത്ത ഒരു കൊച്ചു സ്വര്‍ഗം..

രാവിന്റെ നിശബ്ദതയില്‍ നാമെല്ലാം സുഖസുഷുപ്തിയില്‍ ആണ്ടു കിടക്കുമ്പോള്‍, നമ്മുടെ രാജ്യത്തിന്റെ കിഴക്കേ കോണില്‍ ഒരു ചെറിയ ഗ്രാമവും അവിടുത്തെ വിരലിലെണ്ണാവുന്ന ഗ്രാമവാസികളും അര്‍ക്കന്റെ തങ്കരശ്മികള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങുന്നു എന്ന് നമുക്ക് സങ്കല്‍പ്പിക്കാന്‍ ആവുമോ.? വാസ്തവമിതാണ്. നൂറ്റിമുപ്പതു കോടിയില്‍ അധികം ജനങ്ങള്‍ പാര്‍ക്കുന്ന ഇന്ത്യ എന്ന മഹാരാജ്യത്തില്‍ ഓരോ ദിനവും ഉദയസൂര്യന്റെ പൊന്‍കിരണങ്ങള്‍ ആദ്യം വന്നു പതിക്കുന്നത് അരുണാചല്‍ പ്രദേശിലെ ഡോങ് (Dong ) താഴ്‌വരയിലാണ്. ഇത് സംഭവിക്കുന്നത് വെളുപ്പിന് ഏതാണ്ട് മൂന്നു മണിയോടെയാണ്. അപ്പൊള്‍ പിന്നെ ഉദയ സൂര്യന്റെ നാട് എന്ന് അരുണാചലിനെ വിശേഷിപ്പിച്ചാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ലല്ലോ. സൂര്യപ്രഭ ചൊരിയുന്ന മലകളുടെ നാട് ( Land of dawn lit mountains ) എന്ന് ഒരു അപരനാമം കൂടി അരുണാചലിനുണ്ട്. അത് തീര്‍ച്ചയായും അര്‍ത്ഥവത്താണ്. വെളുപ്പിന് ഏകദേശം മൂന്നു മണി ആവുമ്പോഴേക്കും ഇരുട്ട് നീങ്ങി വെളിച്ചം പരന്നു തുടങ്ങിയിരിക്കും. നാല് മണി കഴിഞ്ഞാല്‍ പിന്നെ പൂണ്ടുള്ള പ്രഭാത ഉറക്കം സാദ്ധ്യമയെന്ന് വരില്ല. ജാലക വിടവിലൂടെ കടന്നു വരുന്ന അര്‍ക്കന്റെ തങ്കരശ്മികള്‍ നിങ്ങളുടെ കണ്‍പീലികള്‍ തഴുകി, ഉണരൂ എന്ന് മന്ത്രിക്കും. അഞ്ചു മണിയോടെ ഉണര്‍ന്ന് വാതില്‍ തുറക്കുന്ന നിങ്ങളെ കാത്തിരിക്കുക മലനിരകളില്‍ തട്ടി ചിതറുന്ന പൊന്‍വെയിലായിരിക്കും. ഏതാണ്ട് ആറുമണിയോടെ വെയിലിനു ചൂട് വെച്ച് തുടങ്ങും. ഇപ്പറഞ്ഞു വരുന്നത് ചൂട് കാലത്തെ കുറിച്ചാണ്. ഗ്രീഷ്മത്തില്‍ പകലുകള്‍ ദൈര്‍ഘ്യമേറിയവയും രാവുകള്‍ ദൈര്‍ഘ്യം കുറഞ്ഞവയുമാണ്. എന്നാല്‍ ശിശിരത്തില്‍ നേരെ തിരിച്ചും. കൊടും തണുപ്പുള്ള ഡിസംബര്‍, ജനുവരി മാസങ്ങളില്‍ ഡോങ് താഴ്‌വരയിലെ തങ്കസൂര്യോദയം വെളുപ്പിന് അഞ്ചു മണിയോടെയാണ്.
അരുണാചല്‍പ്രദേശ് എന്ന നാമം മൂന്ന് ഹിന്ദി വാക്കുകളുടെ സങ്കലനമാണ്. അരുണ്‍ എന്നല്‍ ഉദയസൂര്യന്‍ എന്നും ആഞ്ചല്‍ എന്നാല്‍ വക്ക് അല്ലെങ്കില്‍ അതിര് എന്നും ആണ് അര്‍ത്ഥം. പ്രദേശ് എന്നാല്‍ ദേശം അഥവാ നാട് എന്നും. അങ്ങനെ അരുണാചല്‍ പ്രദേശ് ഉദയസൂര്യന്റെ നാടായി മാറി.
ഏതാണ്ട് 83,743 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ ഇന്ത്യയുടെ വടക്ക് കിഴക്കേ അറ്റത്ത് ചൈനയോട് ചേര്‍ന്ന് കിടക്കുന്ന ഈ സംസ്ഥാനം വലിപ്പത്തില്‍ ഇന്ത്യയില്‍ പതിനഞ്ചാം സ്ഥാനത്ത് നില്‍ക്കുന്നു. എന്നാലോ, മൂന്ന് കോടിയില്‍ അധികം ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന കേരളത്തിനേക്കാള്‍ മൂന്നിരട്ടി വിസ്തീര്‍ണമുള്ള അരുണാചലിലെ ജനസംഖ്യ ഏതാണ്ട് പതിമൂന്ന് ലക്ഷം മാത്രമാണ്. ആശ്ചര്യം തന്നെ അല്ലേ. ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ സംസ്ഥാനവും ഇത് തന്നെ. ഈ സംസ്ഥാനത്തിന്റെ ഏറിയ പങ്കും വാസയോഗ്യമല്ലാത്ത വനപ്രദേശങ്ങളും മലനിരകളും ആണ് എന്നുള്ളതാണ് കാരണം. ഹിമാലയ പര്‍വത നിരകള്‍ ഈ പ്രദേശത്തിന്റെ വലിയ ഒരു ഭാഗം തന്നെ കയ്യടക്കി യിരിക്കുന്നു മഞ്ഞ് മൂടിക്കിടക്കുന്ന ഗിരി ശൃംഗങ്ങളും മനുഷ്യ പാദ സ്പര്‍ശമേല്‍ക്കാത്ത കൊടും കാടുകളും ഇന്ത്യയിലെ മറ്റു പ്രദേശങ്ങളില്‍ നിന്നും അരുണാചലിനെ വേറിട്ട് നിര്‍ത്തുന്നു. മൊത്തം വിസ്തീര്‍ണ്ണത്തിന്റെ 77% വനപ്രദേശമാണ്. വൈവിധ്യമാര്‍ന്ന സസ്യങ്ങളാലും ജീവജാലങ്ങളാലും സമ്പന്നമാണ് ഈ വനപ്രദേശങ്ങള്‍. അത് കൊണ്ട് തന്നെ 'പാരഡൈസ് ഓഫ് ബോട്ടനിസ്റ്റ് ' (paradise of Botanists)എന്ന് മറ്റൊരു പേര് കൂടി ഈ സംസ്ഥാനത്തിനുണ്ട്. വനാന്തരങ്ങളില്‍ വളരുന്ന വൈവിധ്യമാര്‍ന്ന ഓര്‍ക്കിഡ് പൂക്കളുടെ വന്‍ ശേഖരം മൂലം 'ഓര്‍ക്കിഡ് ഗാര്‍ഡന്‍ ഓഫ് ഇന്ത്യ' (Orchid garden of India) എന്ന അപരനാമം കൂടി അരുണാചലിന് സ്വന്തം..
ബ്രിട്ടീഷ് ഭരണകാലത്ത് NEFA (North East Frontier Agency) എന്നായിരുന്നു അരുണാചലിന്റെ പേര്. ആയിരത്തി തൊള്ളായിരത്തി എഴുപത്തിരണ്ടില്‍ അരുണാചല്‍ ഒരു ഇന്ത്യന്‍ യൂണിയന്‍ ടെറിട്ടറി ആയി പ്രഖ്യാപിക്കപെടുകയും അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ശ്രിമതി ഇന്ദിരാ ഗാന്ധിയാല്‍ അരുണാചല്‍ പ്രദേശ് എന്ന് നാമകരണം ചെയ്യപെടൂകയും ചെയ്തു. പിന്നീട് 1987 ഫെബ്രുവരി ഇരുപതാം തിയതി അരുണാചല്‍പ്രദേശ് ഇന്ത്യയിലെ ഇരുപത്തിനാലാം സംസ്ഥാനമായി കൂട്ടിച്ചേര്‍ക്കപ്പെട്ടു. ഈ സംഭവത്തിന് നായകത്വം വഹിച്ചതോ, അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ശ്രീ രാജീവ് ഗാന്ധിയും..
ചൈന, ഭൂട്ടാന്‍, ബര്‍മ എന്നീ രാജ്യങ്ങളുമായി അന്താരാഷ്ട്ര അതിരുകള്‍ പങ്കിടുന്ന അരുണാചലിന്റെ കിഴക്ക് ഭാഗം ആസ്സാം അതിരിടുന്നൂ .
അയല്‍ രാജ്യമായ ചൈന ഒളിഞ്ഞും തെളിഞ്ഞും അവകാശമുന്നയിക്കുന്ന, എന്നാല്‍, ഇന്ത്യ, നമ്മുടെ സ്വന്തം എന്നഭിമാനിക്കുന്ന ഈ സംസ്ഥാനത്തിലെ നിവാസികള്‍ ഗോത്രവര്‍ഗ്ഗക്കാരാണ്. ഇവരുടെ പൂര്‍വികര്‍ ടിബറ്റിലെയും മ്യാന്‍മറിലെയും ആളുകളുമായി ബന്ധമുള്ളവരായിരുന്നൂ. ഇവര്‍ക്കിടയില്‍ ഇരുപത്തി ആറ് പ്രധാനവര്‍ഗ്ഗങ്ങളും ( Major Tribes) നൂറിലധികം ഉപവര്‍ഗ്ഗങ്ങളും (subt ribes) ഉണ്ട്. ഇവര്‍ക്കെല്ലാമായി മുപ്പതില്‍ അധികം ഭാഷകളും. ഗോത്ര വര്‍ഗ്ഗവിഭാഗത്തില്‍ പെട്ടവര്‍ എന്ന് കേള്‍ക്കുമ്പോള്‍ കറുത്ത നിറവും ചുരുണ്ട മുടിയുള്ള കാട്ടാളന്‍മാരാണ് ഇവര്‍ എന്ന് ധരിക്കരുത്. വെളുത്ത നിറവും ചുവന്ന ചുണ്ടുകളും അപ്പിള്‍ കവിളുകളും പട്ടുപോലെ മൃദുലമായ തലമുടിയുമുള്ള സുന്ദരികളുടെ നാടാണിത്. ചൈനാക്കാരുമായി ഇക്കൂട്ടര്‍ക്ക് വളരെ രൂപസാദൃശ്യമുണ്ട്. നേര്‍ത്ത പുരികങ്ങളും കണ്‍പീലികളും, അല്പം ചപ്പിയ മൂക്കും, ഉയര്‍ന്ന കവിളെല്ലുകളും ഇവരുടെ പ്രത്യകതകളാണ്. എങ്കിലും ഇവരുടെ അനന്യമായ വെളുത്ത നിറവും ചന്ദ്രബിബം പോലുള്ള വട്ടമുഖവും അതിനൂതനമായ വസ്ത്രധാരണ രീതികളും മറ്റ് ഇന്ത്യന്‍ സംസ്ഥാന വാസികളില്‍ നിന്നും ഇവരെ വേറിട്ട് നിര്‍ത്തുന്നു. മണിപ്പൂര്‍, സിക്കിം, ഷില്ലോങ്, നാഗാലാന്‍ഡ് എന്നിവിടങ്ങളിലെ നിവാസികളും കാഴ്ചയില്‍ ഏതാണ്ട് ഇവരെ പോലുള്ളവര്‍ തന്നെയാണ്.
അരുണാചല്‍ നിവാസികളുടെ വിചിത്ര മായ ആചാരങ്ങളും വസ്ത്രധാരണ ശൈലിയും ഭക്ഷണരീതികളുമായി വീണ്ടും വരാം...
(കഴിഞ്ഞ പതിനഞ്ചു വര്‍ഷങ്ങളായി ഞാന്‍ കണ്ടും കേട്ടും വായിച്ചും അറിഞ്ഞ അരുണാചല്‍ പ്രദേശിനെ വാക്കുകളിലൂടെ വരച്ചിടുകയാണ് ഇവിടെ. ഇന്ത്യയുടെ തെക്കേ അറ്റത്തു കിടക്കുന്ന മലയാളികള്‍ക്ക് , അത്രയൊന്നും പരിചിതമല്ലാത്ത ഈ ഗോത്രവര്‍ഗ്ഗക്കാരുടെ വിശേഷങ്ങള്‍ ഒരുപാടുണ്ട് പറയാന്‍. ലേഖനത്തിന്റെ പൂര്‍ണതക്ക് വേണ്ടി ആധികാരികമായ ചില വിവരങ്ങള്‍ കൂടി ശേഖരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്...)








Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments