Image

ഫാ.ജോണ്‍ പിച്ചാപ്പിള്ളിയുടെ `ആത്മധ്യാനം', `ദ ടേബിള്‍ ഓഫ്‌ ദ വേഡ്‌' പ്രകാശനം ചെയ്‌തു

ബിനോയി സെബാസ്റ്റ്യന്‍ Published on 09 June, 2012
ഫാ.ജോണ്‍ പിച്ചാപ്പിള്ളിയുടെ `ആത്മധ്യാനം', `ദ ടേബിള്‍ ഓഫ്‌ ദ വേഡ്‌' പ്രകാശനം ചെയ്‌തു
കൊച്ചി. ഫാ.ജോണ്‍ പിച്ചാപ്പിള്ളി രചന നിര്‍വഹിച്ച `ആത്മധ്യാനം' എന്ന ക്രിസ്‌തീയ സംഗീത ആല്‍ബത്തിന്റെയും `ദ ടേബിള്‍ ഓഫ്‌ ദ വേഡ്‌' എന്ന ഗ്രന്ഥത്തിന്റെയും പ്രകാശനം എറണാകുളം സീറോ മലബാര്‍ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ ഹൗസ്‌ ഓഡിറ്റോറിയത്തില്‍ നടന്നു. ചടങ്ങില്‍ കാര്‍ഡിനാല്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി കേന്ദ്രമന്ത്രി പ്രൊഫ.കെ.വി.തോമസിനു പുസ്‌തകത്തിന്റെ ആദ്യപ്രതി നല്‍കിക്കൊണ്‌ട്‌ പുസ്‌തക പ്രകാശനം നിര്‍വഹിച്ചു. ഗാനഗന്ധര്‍വന്‍ ഡോ.കെ.ജെ.യേശുദാസ്‌ സംസ്ഥാന മന്ത്രിമാരായ പി.ജെ.ജോസഫിനും കെ.ബാബുവിനും സിഡിയുടെ പ്രഥമ കോപ്പികള്‍ നല്‍കിക്കൊണ്ടാണ്‌ `ആത്മധ്യാനം' പുറത്തിറക്കിയത്‌.

പ്രമുഖ സംഗീത സംവിധാനജോഡികളായ ബേണി - ഇഗ്നേഷ്യസാണ്‌ ആത്മധ്യാനത്തിന്‌ സംഗീതമൊരുക്കിയിരിക്കുന്നത്‌. കെ.ജെ.യേശുദാസും അദ്ദേഹത്തിന്റെ പുത്രന്‍ വിജയ്‌ യേശുദാസുമാണ്‌ ഗായകര്‍. പ്രകാശന ചടങ്ങില്‍ കൊച്ചിന്‍ കോര്‍പറേഷന്‍ മേയര്‍ ടോണി ചമ്മണി, ഡോ.ചാള്‍സ്‌ ഡയസ്‌ എം.പി, എം.എല്‍.എമാരായ ഡൊമനിക്‌ പ്രസന്റേഷന്‍, ഹൈബി ഈഡന്‍, ലൂഡി ലൂയിസ്‌, ഔഷധി ചെയര്‍മാന്‍ ജോണി നെല്ലൂര്‍, ഈമോണ്‍ ഓള്‍ഥം(കാനഡ), റവ.മോണ്‍സിഞ്ഞോര്‍ അലക്‌സ്‌ വടക്കുംതല, റവ.ഡോ. ജോര്‍ജ്‌ കൈതോലില്‍, ഫാ.ജോസഫ്‌ തേനാശേരില്‍, വിജയ്‌ യേശുദാസ്‌, സംഗീത സംവിധായകരായ ബേണി - ഇഗ്നേഷ്യസ്‌ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ഗാനഗന്ധര്‍വ്വന്‍ യേശുദാസ്‌ പാടിയ തിരുപാഥേയം, സ്വസ്‌തി, ദിവ്യാഞ്‌ജലി, ദിവ്യാനുഭൂതി എന്നീ സംഗീതാല്‍ബങ്ങളിലെ സമ്പൂര്‍ണ്ണ ഗാനങ്ങളും രചിച്ചത്‌ ഫാ.പിച്ചാപ്പിള്ളിയാണ്‌. അദേഹത്തിന്റെ ഏറ്റവും പുതിയ ഭക്തിഗാന ആല്‍ബമാണ്‌ ആത്മധ്യാനം. യേശുദാസ്‌, ഫാ.പിച്ചാപ്പിള്ളി സഹകരണത്തിലൂടെ ക്രൈസ്‌തവഭക്തി ഗാനങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി സമര്‍പ്പിക്കുന്ന അഞ്ചാമത്തെ ആല്‍ബം, യേശുദാസിന്റെ അരനൂറ്റാണ്ടിലെ ഗാനസപര്യയ്‌ക്കുമുന്നില്‍ സമര്‍പ്പിക്കുന്ന സംഗീതാല്‍ബം എന്നീ പ്രത്യേകതകളും ഈ ആല്‍ബത്തിനുണ്ട്‌.

പ്രഭാഷകന്‍, ഭക്തിഗാനരചയിതാവ്‌ എന്ന നിലയില്‍ ലബ്‌ധപ്രതിഷ്‌ഠ നേടിയ ഫാ.പിച്ചാപ്പിള്ളിയുടെ പ്രഥമ പുസ്‌തകമാണ്‌ `ദ ടേബിള്‍ ഓഫ്‌ ദ വേഡ്‌' (The Table of the Word). ഇംഗ്‌ളീഷ്‌ ഭാഷയില്‍ എഴുതിയ ഈ പുസ്‌തകത്തിന്റെ അകത്താളുകളില്‍ അദേഹത്തിന്റെ തിരഞ്ഞെടുത്ത ഞായറാഴ്‌ച സന്ദേശങ്ങളാണുള്ളത്‌. മുംബൈ സെന്റ്‌ പോള്‍സ്‌ ക്രൈസ്‌തവ പ്രസിദ്ധീകരണശാലയാണ്‌ പ്രസാദകര്‍.

കൈസ്‌തവവചനപഥങ്ങളിലൂടെ സാര്‍വ്വലോകസംഗീതത്തെയും സഹജന്മങ്ങളെയും തിരിച്ചറിഞ്ഞ്‌ ഒരു സമറിയാക്കാരന്റെ സമര്‍പ്പണത്തോടെ തന്റെ ജീവിതയാനം നയിക്കുന്ന എഴുത്തുകാരനും ഗായകനും പ്രഭാഷകനുമായ ഫാ.ജോണ്‍ പിച്ചാപ്പിള്ളിയുടെ പൗരോഹിത്യപാതയിലെ സഞ്ചാരം മൂന്നര ദശകം പിന്നിടുകയാണ്‌. ഇടുക്കി ജില്ലയിലെ തോക്കുപാറ പിച്ചാപ്പിള്ളി കുടുംബാംഗമാണ്‌ ഫാ.ജോണ്‍ പിച്ചാപ്പിള്ളി.

1978ല്‍ കോട്ടയം വടവാതൂര്‍ സെമിനാരിയില്‍ നിന്നും വൈദീകപഠനം പൂര്‍ത്തിയാക്കിയ ഫാ.പിച്ചാപ്പിള്ളി കോതമംഗലം രൂപതയുടെ കീഴില്‍ പന്ത്രണ്‌ടു വര്‍ഷം വിവിധ ഇടവകകളില്‍ സേവനമനുഷ്‌ഠിച്ച ശേഷം 1990ല്‍ കാനഡയിലെ ഹാലിഫാക്‌സ്‌ അതിരൂപതയില്‍ അംഗമായി ചേര്‍ന്നു. ഇപ്പോള്‍ ഈസ്റ്റേണ്‍ പാസേജിലെ സെന്റ്‌ ആന്‍ഡ്രൂസ്‌ ദേവാലയത്തില്‍ മുഖ്യവികാരിയായി വൈദീക സേവനം തുടരുന്നു. തരംഗിണി റിക്കോര്‍ഡ്‌സ്‌ നിര്‍മ്മിച്ചിരിക്കുന്ന ഈ ഭക്തിഗാനസിഡികള്‍ ലഭിക്കുവാന്‍ ബന്ധപ്പെടുക: johnimathew@hotmail.com
ഫാ.ജോണ്‍ പിച്ചാപ്പിള്ളിയുടെ `ആത്മധ്യാനം', `ദ ടേബിള്‍ ഓഫ്‌ ദ വേഡ്‌' പ്രകാശനം ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക