Image

അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം 9 മില്യന്‍ കടന്നു

Published on 30 October, 2020
അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം 9 മില്യന്‍ കടന്നു
അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം 9 മില്യന്‍ കടന്നു. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ മാത്രം അര മില്യന്‍ പേര്‍ക്ക് രോഗബാധ കണ്ടു,

ആദ്യത്തെ കോറോണ ബാധ കണ്ട് 282 ദിവസത്തിനുള്ളിലാണു 9 മില്യന്‍ എന്ന നാഴികക്കല്ല് കടന്നത്. ഇക്കാലയളവില്‍ 229,000 പേര്‍ മരിച്ചു.

വ്യാഴാഴ്ച ഒറ്റ ദിനം 80,000-ല്‍ പരം പേര്‍ക്കു രോഗബാധ കണ്ടതും റെക്കോര്‍ഡായി. പ്രതിദിന മരണ സംഖ്യ 2000 എന്നത് 400 ആയി കുറഞ്ഞ ശേഷം ഇപ്പോള്‍ 1000 എന്ന നിലയിലേക്കുഉയര്‍ന്നത് ഏറെ ആശങ്ക ഉണര്‍ത്തുന്നു.

രോഗബധയില്‍ ഇന്ത്യ ആണു എട്ട് മില്യനുമായി രണ്ടാം സ്ഥാനത്ത്. അഞ്ച് മില്യന്‍ കടന്ന ബ്രസീല്‍ മൂന്നാം സ്ഥാനത്ത്.

ഒറ്റരാത്രികൊണ്ട് കണക്ടിക്കട്ടിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 6.1 ശതമാനമായി ഉയർന്നു. ജൂൺ ഒന്നിന് ശേഷം  രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കാണിതെന്ന് ഗവർണർ നെഡ് ലാമോണ്ട് വ്യാഴാഴ്ച പറഞ്ഞു. 

21,739 പേരിൽ കോവിഡ് 19 പരിശോധനകൾ നടത്തിയതിൽ 1,319 പേരുടെ ഫലം പോസിറ്റീവാണ്. ഈ കണക്കുകൾ വരാനിരിക്കുന്ന നാളുകളെക്കുറിച്ചുള്ള സൂചനയാണ് നൽകുന്നതെന്ന് ഗവർണർ മുന്നറിയിപ്പ് നൽകി. 

"പ്രതീക്ഷയ്ക്ക് വക നൽകുന്ന എന്തെങ്കിലും ഈ സംഖ്യകളിൽ ഉണ്ടോ എന്ന്  കണ്ടെത്താൻ ഞാനൊരു ശ്രമം നടത്തി. കൂടുതൽ ടെസ്റ്റുകൾ നടത്തിയതുകൊണ്ടാകാം, പോസിറ്റീവ് ഫലങ്ങളുടെ എണ്ണവും വർദ്ധിച്ചത്. രോഗവ്യാപനം കുറയുന്നതിന്  മുൻപ് നില ഒന്ന് മോശമാകുന്നതുമാകാം." ലാമോണ്ട് അഭിപ്രായപ്പെട്ടു.

ഇതിന് വിപരീതമായി , ന്യൂയോർക്കിൽ ഒറ്റരാത്രികൊണ്ട് പോസിറ്റിവിറ്റി നിരക്ക് 1.48 ശതമാനമായി  കുറഞ്ഞെന്ന് ഗവർണർ ആൻഡ്രൂ കോമോ വ്യക്തമാക്കി.  

11 നഗരങ്ങളെക്കൂടി റെഡ് അലേർട്ട് പട്ടികയിൽ ഉൾപ്പെടുത്തിയതോടെ സംസ്ഥാനത്തിന്റെ മൂന്നിലൊന്ന് ജനസംഖ്യ ഉൾക്കൊള്ളുന്ന 30 നഗരങ്ങളും അതിൽ പെടുന്നതായി ലാമോണ്ട് വിശദീകരിച്ചു. കണക്ടിക്കട്ടിൽ തെക്കുകിഴക്കൻ ഭാഗങ്ങളിലാണ് രോഗവ്യാപനം കൂടുതൽ.
 
ഒരു ലക്ഷം നിവാസികൾക്കിടയിൽ 15 പുതിയ കൊറോണ  കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുമ്പോഴാണ് ഒരു നഗരത്തെ റെഡ് അലേർട്ട് വിഭാഗത്തിൽ പെടുത്തുന്നത്. കൂട്ടം ചേർന്ന് താമസിക്കുന്ന നഴ്സിംഗ് ഹോമുകളെയും ജയിലുകളെയും ഒഴിവാക്കിക്കൊണ്ടാണ് ഇത് കണക്കുകൂട്ടുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക