Image

ലോകത്തെ മികച്ച 20 പ്രത്യേക സാമ്പത്തിക മേഖലയില്‍ ബഹ്‌റൈനും

Published on 08 June, 2012
ലോകത്തെ മികച്ച 20 പ്രത്യേക സാമ്പത്തിക മേഖലയില്‍ ബഹ്‌റൈനും
മനാമ: ലോകത്തെ മികച്ച 20 പ്രത്യേക സാമ്പത്തിക മേഖലയില്‍ ബഹ്‌റൈനും സ്ഥാനം പിടിച്ചു. സാമ്പത്തിക, നിക്ഷേപ, വികസന, വ്യാപാര മേഖലയെ ആസ്‌പദമാക്കി ഫോറിന്‍ ഡയറക്ട്‌ ഇന്‍വെസ്റ്റ്‌മെന്‍റ്‌ മാഗസിന്‍ നടത്തിയ റാങ്കിങ്ങിലാണ്‌ ബഹ്‌റൈന്‌ ലോകോത്തര സ്ഥാനം ലഭിച്ചത്‌. ലോകത്തെ 150 പ്രത്യേക സാമ്പത്തിക മേഖലകള്‍ അടിസ്ഥാനമാക്കിയാണ്‌ റിപ്പോര്‍ട്ട്‌ തയ്യാറാക്കിയത്‌.

ഇതുപ്രകാരം ബഹ്‌റൈന്‍ ഇന്‍റര്‍നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്‍റ്‌ പാര്‍ക്ക്‌ 15ാം സ്ഥാനത്തും ഖലീഫ ബിന്‍ സല്‍മാന്‍ പോര്‍ട്ട്‌ 16ാം സ്ഥാനത്തും ബഹ്‌റൈന്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌ 19ാം സ്ഥാനത്തുമാണുള്ളത്‌. ബഹ്‌റൈന്‍ ലോജിസ്റ്റിക സോണിന്‌ 30ാം സ്ഥാനം ലഭിച്ചു. സാധന സാമഗ്രികള്‍ സൂക്ഷിക്കുന്നതിനും വിനിമയം ചെയ്യുന്നതിനുമുള്ള ബഹ്‌റൈന്‍െറ പ്രാപ്‌തി ലോകം അംഗീകരിച്ചത്‌ ആഹ്‌ളാദകരമാണെന്ന്‌ ട്രാന്‍സ്‌പോര്‍ട്ട്‌ മന്ത്രിയും എക്കണോമിക്‌ ഡവലപ്‌മെന്‍റ്‌ ബോര്‍ഡ്‌ ചീഫ്‌ എക്‌സിക്യൂട്ടീവുമായ കമാല്‍ ബിന്‍ അഹ്മദ്‌ പറഞ്ഞു. ജി.സി.സിയില്‍ സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്‌ എന്നിവിടങ്ങളുമായി കടല്‍ മാര്‍ഗവും വിമാന മാര്‍ഗവും കരമാര്‍ഗവും വ്യവസായ, വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഏറ്റവും സൗകര്യപ്രദമായി ബന്ധപ്പെടാന്‍ അനുയോജ്യമായ കേന്ദ്രമാണ്‌ ബഹ്‌റൈനെന്ന്‌ വ്യക്തമായിരിക്കയാണ്‌. ഇത്‌ രാജ്യത്തിന്‍െറ സാമ്പത്തിക മേഖയുടെ ധ്രുതഗതിയിലുള്ള വളര്‍ച്ചക്ക്‌ വഴിയൊരുക്കും.

വരും വര്‍ഷങ്ങളില്‍ നിരവധി നിക്ഷേപ പദ്ധതികളാണ്‌ യാഥാര്‍ഥ്യമാകാന്‍ പോകുന്നത്‌. ബഹ്‌റൈന്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്‍െറ വികസനം കൂടി പൂര്‍ത്തിയാകുന്നതോടെ ലോക സാമ്പത്തിക ഭൂപടത്തില്‍ ബഹ്‌റൈന്‌ ഉന്ന സ്ഥാനം അലങ്കരിക്കാനാകുമെന്ന്‌ ആത്മവിശ്വാസമുണ്ടെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബഹ്‌റൈനെ ഉത്തര ഗള്‍ഫിലെ സുപ്രധാന സമുദ്ര മേഖലയായാക്കുകയാണ്‌ തങ്ങളുടെ ലക്ഷ്യമെന്ന്‌ ജനറല്‍ ഓര്‍ഗനൈസേഷന്‍ ഓഫ്‌ സീപോര്‍ട്ട്‌സ്‌ ഡയറക്ടര്‍ ജനറല്‍ ഹസന്‍ അലി അല്‍മാജിദ്‌ പറഞ്ഞു. ഖലീഫ ബിന്‍ സല്‍മാന്‍ പോര്‍ട്ടിന്‌ ലഭിച്ച അംഗീകാരം കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ തങ്ങള്‍ക്ക്‌ പ്രചോദകമാകും. രാജ്യത്തെ ഗള്‍ഫ്‌ മേഖലയിലെ `ഷിപ്‌മെന്‍റ്‌ ഹബ്‌' ആക്കുകയാണ്‌ തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക