Image

16 ഇനം പച്ചക്കറികൾക്ക് തറവില പ്രഖ്യാപിച്ച് മന്ത്രിസഭാ യോ​ഗതീരുമാനം

Published on 21 October, 2020
16 ഇനം പച്ചക്കറികൾക്ക് തറവില പ്രഖ്യാപിച്ച് മന്ത്രിസഭാ യോ​ഗതീരുമാനം
കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍

16 ഇനം പച്ചക്കറികൾക്ക് തറവില പ്രഖ്യാപിച്ച് രാജ്യത്തിനുതന്നെ മാതൃകയായ തീരുമാനം കൈ കൊണ്ടിരിക്കുകയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ. ഇന്ന് ചേർന്ന സംസ്ഥാന മന്ത്രിസഭാ യോ​ഗത്തിലാണ് ചരിത്രപരമായ തീരുമാനമുണ്ടായത്. 2020 നവംബർ ഒന്ന് മുതൽ തറവില പ്രാബല്യത്തിൽ വരും. 559 കേന്ദ്രങ്ങൾ വഴി പച്ചക്കറി സംഭരിക്കാനും സർക്കാർ തീരുമാനിച്ചു.
കർഷകരുടെ ഏറ്റവും വലിയ ആവശ്യം, അവരുടെ ഉത്പന്നങ്ങൾക്ക് ന്യായമായ വില ലഭിക്കുക എന്നതാണ്. അതില്ലാതെ വരുമ്പോളാണ് കർഷകർ ആത്മഹത്യയിലേക്കും ദാരിദ്ര്യത്തിലേക്കും കടന്നുപോകുന്നത്.
കേന്ദ്ര സർക്കാർ കർഷക വിരുദ്ധ നയങ്ങളുമായി മുന്നോട്ടു പോകുമ്പോൾ സംസ്ഥാന സർക്കാർ കർഷകരെ സംരക്ഷിക്കുന്നതിനുള്ള ബദൽ മാതൃക സൃഷ്ടിച്ച് മുന്നോട്ടു പോകുന്നതിനാലാണ് കേരളത്തിൽ കർഷക ആത്മഹത്യകളോ ഉൽപ്പന്നങ്ങൾ തെരുവിലെറിഞ്ഞ് പ്രതിഷേധമോ കൃഷിപ്പാടങ്ങൾ തീയിട്ടു പ്രതിഷേധമോ ഇല്ലാത്തത്. ഈ സർക്കാർ എപ്പോഴും ജനപക്ഷത്തു നിന്നു കൊണ്ടുള്ള ബദൽ മാതൃകകളാണ് നടപ്പിലാക്കുവാൻ ശ്രമിച്ചിട്ടുള്ളത്.
22 വർഷങ്ങൾക്കു ശേഷം വിളകളുടെ ഉൽപാദന ചെലവിന് ആനുപാതികമായി ഇൻഷ്വറൻസ് പരിരക്ഷ വർധിപ്പിച്ച ഈ സർക്കാർ ഇപ്പോൾ 16 ഇനം പച്ചക്കറികൾക്ക് താങ്ങുവില പ്രഖ്യാപിച്ച് യഥാർത്ഥത്തിൽ കർഷകർക്ക് രക്ഷാകവചം തീർത്തിരിക്കുകയാണ്.
മണ്ണിൽ അധ്വാനിച്ച് ചോര നീരാക്കി പൊന്ന് വിളയിക്കുന്ന കർഷകരാണ് യഥാർത്ഥ യജമാന്മാർ എന്ന തിരിച്ചറിവിലാണ് സംസ്ഥാന കൃഷി വകുപ്പ് വിവിധ കർഷക രക്ഷാ പദ്ധതികളും സ്കീമുകളും പ്രോഗ്രാമുകളും ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്. അധികാരമേറ്റ് നാലുവർഷങ്ങൾ പൂർത്തിയാക്കി അഞ്ചാം വർഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്ന ഈ സന്ദർഭത്തിൽ സംസ്ഥാന സർക്കാരിൻ്റെയും കൃഷി വകുപ്പിൻ്റെയും വിവിധ പദ്ധതികൾ വിജയിപ്പിക്കുന്നതിന് ആവശ്യമായ സഹായസഹകരണങ്ങൾ ചെയ്തു വരുന്ന മുഴുവൻ പേരെയും ഹൃദയപൂർവ്വം അഭിവാദ്യം ചെയ്യുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക