Image

ജോസഫ് മാര്‍ത്തോമാ: പരിസ്ഥിതിയുടെ കാവലാള്‍, നാടന്‍ പാട്ടുകളുടേയും

Published on 18 October, 2020
ജോസഫ് മാര്‍ത്തോമാ: പരിസ്ഥിതിയുടെ കാവലാള്‍, നാടന്‍ പാട്ടുകളുടേയും
മണല്‍വാരല്‍ മൂലം നദിക്കുണ്ടാകുന്ന നാശത്തെപ്പറ്റി മനസ്സിലാക്കിയ ജോസഫ് മാര്‍ത്തോമ്മാ പില്‍ക്കാലത്ത് പരിസ്ഥിതിയുടെ കാവലാളായി മാറി. കാലാവസ്ഥാ മാറ്റത്തെപ്പറ്റിയും പ്രകൃതി ദുരന്തങ്ങളെപ്പറ്റിയും സഭയുടെ മുഖപത്രമായ മലങ്കര സഭാ താരകയിലൂടെ നിരന്തരം പ്രബോധനം നല്‍കിക്കൊണ്ടിരുന്ന മെത്രാപ്പൊലീത്ത പലപ്പോഴും ഇതിനായി കല്‍പനകളും പുറപ്പെടുവിച്ചു. സഭയിലെ പരിസ്ഥിതി കമ്മിറ്റിയെ സജീവമാക്കാനും പള്ളികളും പരിസരവും പരിസ്ഥിതി സൗഹൃദമാക്കാനും അദ്ദേഹം യത്‌നിച്ചു. സഭാ ആസ്ഥാനമായ എസ്‌സിഎസ് വളപ്പിലെ വൃക്ഷസമൃദ്ധി നിലനിര്‍ത്തിയും ജലസംരക്ഷണ യത്‌നത്തില്‍ പങ്കാളിയായും ഹരിത ബിഷപ് എന്ന വിശേഷത്തിനും ജോസഫ് മാര്‍ത്തോമ്മാ അര്‍ഹത നേടി.

സാധു കൊച്ചുകുഞ്ഞ് ഉപദേശിയുടെ ഉണര്‍വു ഗാനങ്ങളുടെ മാത്രമല്ല, വഞ്ചിപ്പാട്ടുപോലെ നാടന്‍ പാട്ടുകളുടെയും വലിയൊരു കലവറയായിരുന്നു ജോസഫ് മാര്‍ത്തോമ്മാ. വളരെ അടുത്തറിയാവുന്നവര്‍ക്കൊപ്പം ഇരിക്കുമ്പോള്‍ ഇത്തരം ഗാനശകലങ്ങള്‍ ആ നാവിലൂടെ ഒഴുകിയെത്തുമായിരുന്നു. സുറിയാനി ഭാഷയില്‍ നല്ല പ്രാവീണ്യമുള്ള വ്യക്തിയുമായിരുന്നു. ആരാധനാ ഗീതങ്ങളും സഭയുടെ ചൊല്ലുകളും കാണാപ്പാഠം. പേര്, തീയതി, സ്ഥലം തുടങ്ങിയവ ഓര്‍ത്തെടുത്തു പറയുന്നതിനുള്ള കഴിവും അപാരം. ജീവിതത്തില്‍ ഒരിക്കലെങ്കിലും സഹായിച്ചവരെ പേരും ഇനിഷ്യലും സഹിതം ഓര്‍ത്തു വച്ച് ഓരോ അവസരത്തിലും അവരോടുള്ള നന്ദി പ്രകടിപ്പിക്കാനും മറന്നില്ല.

വൈദിക പഠനത്തിനായി ബാംഗ്ലൂരിലേക്കു പോകുന്നതിനു തലേന്ന് ഏബ്രഹാം മാര്‍ത്തോമ്മാ മാരാമണ്ണെത്തി. തന്റെ കൂടെ പോന്നാല്‍ ഇന്ന് തിരുവല്ലയില്‍ താമസിച്ച് രാവിലെ കോട്ടയം സ്വരാജ് ബസ്റ്റാന്‍ഡില്‍ വിടാമെന്ന് അദ്ദേഹം പറഞ്ഞു. െ്രെഡവര്‍ ദാനിയേല്‍ ചേട്ടന്‍ സ്വരാജ് ബസ് സ്റ്റാന്‍ഡില്‍ എത്തിച്ചു. അവിടെനിന്ന് ബസില്‍ ആലുവയെത്തി. തുടര്‍ന്ന് ട്രെയിനില്‍ ബാംഗ്ലൂരിലേക്ക്. ബെംഗാരപ്പെട്ടില്‍ എത്തിയപ്പോഴാണ് കേരള വാഴ്‌സിറ്റി ബിഎ പരീക്ഷയില്‍ ജയിച്ച വിവരം പത്രത്തിലൂടെ അറിയുന്നത്.

കളമ്പാല മുതല്‍ പമ്പാവാലി വരെ ചെറുതും വലുതുമായ 9 ഇടവകകളുടെ ചുമതലയിലായിരുന്നു ആദ്യ നിയമനം. 1959 സഭയിലെ സംഘര്‍ഷ കാലമായിരുന്നു. സുവിശേഷ സംഘത്തില്‍ പ്രതിസന്ധി. ഇതിനിടെ ട്രാവലിങ് സെക്രട്ടറിയാകണമെന്നു സമ്മര്‍ദം. മെത്രാപ്പൊലീത്തയോടു ചോദിച്ചിട്ടാവാമെന്ന മറുപടി കൊടുത്തു. പിറ്റേന്ന് തിരുവല്ലയില്‍ എത്തി ചുമതലയേറ്റു.

ഏതെങ്കിലും സ്ഥാനം നോക്കിയാണോ എന്ന വൈദിക പഠന ബോര്‍ഡിന്റെ ചോദ്യം അപ്പോഴും മനസ്സില്‍ നിന്നു മാഞ്ഞിട്ടില്ല. 1 രൂപ ട്രാവലിങ് അലവന്‍സ്. ബസിലായിരുന്നു യാത്ര. 80 രൂപ ശമ്പളത്തില്‍നിന്ന് 20 രൂപ കട്ട് ചെയ്യും. 4 വര്‍ഷം കൊണ്ട് സംഘത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചമാക്കി. ഉപദേശിമാര്‍ക്ക് 1 മാസത്തെ ശമ്പളം അധികം നല്‍കി സ്ഥാനം ഒഴിഞ്ഞു. ഇതിനിടെ ഡല്‍ഹി ഇടവകയിലേക്കു വിടാന്‍ തീരുമാനിച്ചെങ്കിലും കോഴിക്കോട് ഇടവകയിലേക്കു മാറ്റി നിയമിച്ചു.

ഷിക്കാഗോയിലെ ലൂതറന്‍ സെമിനാരിയിലേക്കായിരുന്നു സഭ ഉപരിപഠനത്തിന് പ്രവേശനം എടുത്തുകൊടുത്തത്. എസ്ടിഎം മാത്രം പോരാ മാസ്‌റ്റേഴ്‌സും എടുക്കണമെന്ന് പുറപ്പെടും മുന്‍പ് പലരും ഓര്‍മിപ്പിച്ചു. 10000 ഡോളര്‍ സ്‌കോളര്‍ഷിപ്പ് കിട്ടി. പഠനത്തിന്റെ ആദ്യഘട്ടം കഴിഞ്ഞപ്പോള്‍ സഭയിലേക്കു കത്തയച്ചു. ഉപരിപഠനത്തിനുകൂടി അവസരം തരണം. ഇറ്റ് ഈസ് ദ് ഡിസയര്‍ ഓഫ് ദ് നാച്ചുറല്‍ മാന്‍ ടു അക്വയര്‍ മോര്‍ ഡിഗ്രീസ് ആന്‍ഡ് നോട്ട് ദാറ്റ് ഓഫ് ദ് സ്പിരിച്വല്‍ മാന്‍ എന്നായിരുന്നു മറുപടി. യുഎസില്‍നിന്നു തിരികെ പോരാന്‍ തീരുമാനിച്ചു.

വരുന്ന വഴി ഇംഗ്ലണ്ടില്‍ ഇറങ്ങി. കുറേനാള്‍ ഓക്‌സ്ഫഡില്‍ പഠിക്കാന്‍ അവസരം വീണുകിട്ടി. ഒരു ടേം അവിടെ ചെലവഴിക്കണം. കൈച്ചെലവിന് 25 ഡോളര്‍ മാത്രം. ആരും സഹായിക്കാനില്ല. ഇംഗ്ലണ്ടിലെ ഒരു ബന്ധുവിന്റെ വീട്ടില്‍ കുറച്ചു നാള്‍ തങ്ങി. സിഎംഎസ് സഭയ്ക്ക് കത്തഴുതി. കാന്റര്‍ബറി കത്തീഡ്രലില്‍ സേവനം ചെയ്തു പഠിക്കാന്‍ അവസരം തന്നു. വിമാനടിക്കറ്റില്‍ ചില ആനുകൂല്യങ്ങള്‍ അനുവദിച്ച് ബ്രിട്ടിഷ് എയര്‍വെയ്‌സും സഹായിച്ചു.



ജോസഫ് മാര്‍ത്തോമാ: പരിസ്ഥിതിയുടെ കാവലാള്‍, നാടന്‍ പാട്ടുകളുടേയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക