Image

വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്‌റെ ആദ്യഘട്ട പ്രവര്‍ത്തനം ഇന്ന് തുടങ്ങുന്നു; ഡോ.എം.വി പിള്ളയ്ക്ക് ഇത്  അഭിമാന നിമിഷം

അനിൽ പെണ്ണുക്കര  Published on 14 October, 2020
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്‌റെ ആദ്യഘട്ട പ്രവര്‍ത്തനം ഇന്ന് തുടങ്ങുന്നു; ഡോ.എം.വി പിള്ളയ്ക്ക് ഇത്  അഭിമാന നിമിഷം
കേരളത്തിന്റെ അന്താരാഷ്ട്ര വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആദ്യഘട്ട പ്രവര്‍ത്തനം ഇന്ന്  ആരംഭിക്കും. രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനോദ്ഘാടനം നിർവഹിക്കും .

നിപാ വൈറസ് കാരണമുള്ള പനിമരണങ്ങളുടെ പശ്ചാത്തലത്തില്‍, സംസ്ഥാന സർക്കാർ ആരംഭിച്ച  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി ഗവേഷണ കേന്ദ്രത്തിന്റെ  ആദ്യ ഘട്ടം തിരുവനന്തപുരത്ത് തോന്നയ്ക്കലില്‍ പൂര്‍ത്തിയാവുകയും .കെട്ടിടത്തിന്റെ 2019  ഉദ്ഘാടനം ഫെബ്രുവരി ഒന്‍പതിന് മുഖ്യമന്ത്രിനിർവഹിച്ചിരുന്നു . നിർമ്മാണം തുടങ്ങി ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കിയ സംസ്ഥാനത്തിന്റെ അഭിമാനപദ്ധതിയായ ഇത് ഇന്ത്യയിലെ  രണ്ടാമത്തെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടാണ്.  കേരളത്തിന് ഒരു അന്താരാഷ്ട്ര വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആവശ്യം സർക്കാരിനുമുന്നിൽ അവതരിപ്പിച്ച ലോകമലയാളികളുടെ പ്രിയപ്പെട്ട ഡോ.എം വി പിള്ളയ്ക്ക് ഇത് അഭിമാന നിമിഷം കൂടിയാണ് .കഴിഞ്ഞ കുറേ വര്‍ഷങ്ങളിലായി കേരളം  അഭിമുഖീകരിക്കുന്ന ഡെങ്കു, എച്ച് വണ്‍ എന്‍ വണ്‍, ചിക്കന്‍ ഗുനിയ തുടങ്ങിയ വിവിധ പനികളുടെ രോഗഹേതു വൈറസുകളായതിനാലും, രോഗനിര്‍ണ്ണയത്തിനും കൂടുതൽ പരിശോധനകൾക്കും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നതിനാലും സംസ്ഥാനത്ത് ഒരു ഗവേഷണ വികസന കേന്ദ്രം വേണമെന്ന ആശയം, ലോകപ്രശസ്ത ഭിഷഗ്വരന്മാരായ ഡോ. എം. വി. പിള്ള, ഡോ. ശാര്‍ങ്ങധരന്‍ എന്നിവരാണ് മുഖ്യമന്ത്രി പിണറായി വിജയന്  മുൻപിൽ രണ്ടു വര്ഷം മുൻപ് അവതരിപ്പിച്ചത് .ഇപ്പോൾ കോവിഡ് മഹാമാരിയിൽ ഇങ്ങനെ ഒരു ഗവേഷണ കേന്ദ്രത്തിന്റെ പ്രസക്തിയും വർദ്ധിച്ചിരിക്കുന്നു ..തോന്നക്കല്‍ ബയോ ലൈഫ് സയന്‍സ് പാര്‍ക്കില്‍ 25 ഏക്കറില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി പ്രവര്‍ത്തനം ആരംഭിക്കുന്നത് .
 
ലോക ജനത കോവിഡ് എന്ന മഹാമാരിയിൽ പെട്ട് വലയുമ്പോൾ ഇത്തരം ഒരു സ്ഥാപനം കേരളത്തിൽ പ്രവർത്തനസജ്ജമാകുന്നതിൽ ,അതിനൊപ്പം പ്രവർത്തിക്കുവാൻ സാധിച്ചതിൽ സന്തോഷവും അഭിമാനവും ഉണ്ടെന്ന് അദ്ദേഹം ഈ മലയാളിയോട് പറഞ്ഞു .ഇന്നത്തെ ഉൽഘാടന സമ്മേളനത്തിൽ അദ്ദേഹം സംസാരിക്കുന്നുമുണ്ട് .

"ഇന്ന് കേരളം മുഖ്യമന്ത്രി ശ്രീ .പിണറായി വിജയൻ ഔപചാരികമായി ഉത്‌ഘാടനം ചെയ്യുന്ന ഇൻസ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാൻസ് വൈറോളജിയുടെ പ്രവർത്തനങ്ങൾ കേരളത്തിന്റെ ചികിത്സാ ശാസ്ത്ര  സേവന ചരിത്രത്തിലെ ഒരു പുതിയ ഏട് തുറക്കുകയാണ്.ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു ശാസ്ത്ര സാങ്കേതിക സ്ഥാപനം തുടക്കം മുതലേ അൻപത്തിരണ്ട്‍ അന്താരാഷ്‌ട്ര കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ട് പ്രവർത്തനം ആരംഭിക്കുന്നത് .തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാൻസ് വൈറോളജി  തുടക്കത്തിൽ തന്നെ അയർലണ്ടിലെ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയുടെയും ജപ്പാനിലെഇൻസ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയുടെയും ഉപ സ്ഥാപനമായിട്ടാണ് സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത് .

ഇത് കൂടാതെ ലോകത്തെമ്പാടുമുള്ള അന്പത്തിരണ്ട്‍ വൈറോളജി  സെന്ററുകളുമായി കേരളം സാങ്കേതിക ശാസ്ത്ര സഹകരണം തുടങ്ങുകയാണ് .ഇതിന്റെ വലിയ ഒരു പ്രയോജനം എന്താണെന്ന്  വച്ചാൽ ഏതു രാജ്യത്തുള്ള വൈറോളജിസ്‌റ്റിന്റെയും സേവനവും സഹകരവും ,ഉപദേശവും ,അവരുടെ അനുഭവ പാരമ്പര്യവും എല്ലാം നമുക്ക് ഞൊടിയിടയിൽ കേരളത്തിന് ലഭിക്കും .ഐ എസ് ആർ ഓ പോലെ ഇന്ത്യക്ക് മുഴുവനും പ്രയോജനപ്പെടണം എന്നാണ് ആഗ്രഹമെന്ന് "ഡോ.എം.വി പിള്ള ഇ-മലയാളിയോട് പറഞ്ഞു.

" ഇന്നത്തെ കണക്കനുസരിച്ച് കോവിഡ് നിമിത്തം  ഇന്ത്യയിൽ 1,15000   ആളുകളാണ് മരണപ്പെട്ടിരിക്കുന്നത് .ഒരു മഹാ യുദ്ധത്തിലും ഇത്രയധികം ആളുകൾ ഇന്ത്യക്ക് നഷ്ടപ്പെട്ടിട്ടില്ല എന്ന് ഓർമ്മിക്കണം .ഒരു യുദ്ധം ഉണ്ടാകുമ്പോൾ എല്ലാ ഭിന്നതകളും മറന്ന് എങ്ങനെ ഇന്ത്യ ഒന്നായി നിൽക്കുമോ അതുപോലെ ഒരു വൈറസിനെതിരായി ഉള്ള ഒരു മഹായുദ്ധത്തിൽ  1,15000   പടയാളികൾ ആത്മാഹുതി ചെയ്ത പടക്കളത്തിൽ നമ്മൾ ഒരു മനസോടെ നിന്നുവെങ്കിൽ മാത്രമേ ഈ സ്ഥാപനത്തെ അന്താരാഷ്‌ട്ര പ്രശസ്തിയുള്ള ഒരു സ്ഥാപനമാക്കി മാറ്റുവാൻ സാധിക്കുകയുള്ളു .

ഈ സ്ഥാപനത്തിന്റെ ഡയറക്ടർ ആയി നമുക്ക് ലഭിച്ചിട്ടുള്ളത് ന്യൂഡൽഹിയിലെ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇമ്മ്യുണോളജിയുടെ ഡയറക്ർ ആയിരുന്ന അഖിൽ ബാനർജിയാണ് .അദ്ദേഹത്തിന്റെ സാന്നിധ്യവും സേവനങ്ങളും ഈ സ്ഥാപനത്തെ ഉയരങ്ങളിലെത്തിക്കും .കോവിഡ് 19 മഹാമാരിയുടെ കാലത്ത് നമ്മളെയൊക്കെ അതിശയിപ്പിച്ച ഒരു കാര്യം എന്തൊകൊണ്ടാണ് രോഗ പ്രതിരോധ ശേഷിയിൽ വലിയ വിത്യാസം ആളുകളിൽ കാണുന്നത് .കുട്ടികൾക്ക് താരതമ്യേന കുറവ് ,പ്രായമായവർ രോഗത്തിന് അടിപെട്ട് മരണമടയുന്നു. എന്നിരുന്നാലും മറ്റുരോഗങ്ങൾ കൊണ്ട് വളഞ്ഞവരെ ഈ രോഗം പ്രതികൂലമായി  ബാധിക്കുന്നു ,ബഹുപൂരിപക്ഷം ആളുകൾക്കും കോവിഡ് 19  ലഘുവായി വന്നുപോകുന്നു .അപ്പോളെന്താണ് അവരുടെ ശരീരത്തിൽ നടക്കുന്നത് ,എന്തുകൊണ്ടാണ് ചിലരിൽ ഇത് ശക്തമാകുന്നത് ,രോഗത്തിൽ നിന്ന് വിമുക്തരായവരുടെ ശരീരത്തിൽ രോഗപ്രതിരോധ ശേഷി ഉണ്ടോ ,എന്നിങ്ങനെ നൂറു കൂട്ടം ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു 

അതുകൊണ്ടാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി ഗവേഷണ കേന്ദ്രത്തിനു പല വിതാനങ്ങൾ ഉണ്ട് എന്ന് തുടക്കം മുതൽ പറയുന്നത് .ഇന്ത്യയിൽ പൊട്ടിപ്പുറപ്പെടുന്ന ഏത് വൈറസ് രോഗങ്ങളും ഉടനെ കണ്ടുപിടിക്കാനുള്ള സൗകര്യം ഉണ്ടാക്കുക ,മികച്ച ലബോറട്ടറി സംവിധാനങ്ങൾ  ,മികച്ച ക്ലിനിക്കൽ വൈറോളജിസ്റ്റുകളെയും ,വൈറോളജി റിസേർച്ച് പ്രതിഭകളെയും വാർത്തെടുക്കുക ,കേരളത്തിലും ഇന്ത്യ മുഴുവനായും ഒരു വറസ് ബാധ ഉണ്ടായിക്കഴിഞ്ഞാൽ അതിന്റെ പൊതുജനാരോഗ്യ പ്രത്യാഘാതങ്ങൾ എന്താണെന്ന് അന്വേഷിക്കുക ,ഈ രോഗത്തിനെതിരായിട്ടുള്ള മരുന്നുകൾ ഗവേഷണം നടത്തി കണ്ടുപിടിക്കുക ,ഇതിനു ഇതര ചികിത്സാ സംബ്രദായക്കാരെയും ക്ഷണിക്കാവുന്നതേയുള്ളു.

ഇതിനെല്ലാം പുറമെ നമുക്ക് സ്വന്തമായി വാക്സിൻ  നിർമ്മിക്കാനുള്ള കഴിവ് ആർജ്ജിക്കുക,ഇത് വളരെ പ്രധാനപ്പെട്ടതാണ് .കാരണം ഇന്ത്യയിൽ എത്തിച്ചേരുന്ന വൈറസുകൾ മ്യുട്ടേഷൻ കൊണ്ട് അവരുടെ ജനിതക രൂപ രേഖയിൽ മാറ്റമുണ്ടായി മാറിപ്പോയി കഴിഞ്ഞാൽ ബ്രിട്ടനിലോ ഫ്രാൻസിലോ,ചൈനയിലോ,അമേരിക്കയിലോ ഉണ്ടാക്കുന്ന വാക്സിൻ കൊണ്ട് നമുക്ക് പ്രയോജനം ഉണ്ടാകുമോ എന്നൊരു വലിയ ചോദ്യം ബാക്കിയാവുന്നു .അത് കൂടാതെ കേരളീയരുടെ രോഗ പ്രതിരോധ ശേഷിക്ക് അനുകൂലമായ വാക്സിൻ തന്നെ ഒരു പക്ഷെ നമുക്ക് നിർമ്മിക്കാൻ സാധിക്കും .കൂടാതെ ആയിരക്കണക്കിന് അവസരങ്ങൾക്ക് വാതായനങ്ങൾ തുറന്നിട്ടുകൊണ്ടാണ് വൈറോളജി സെന്റർ തുടങ്ങുന്നത് ."

ഈ സെന്ററിനെ ലോകോത്തരമാക്കുവാൻ കേരളത്തിന് അകത്തും പുറത്തുമുള്ള മലയാളികൾ കൈകോർത്ത് സഹകരിക്കണം . ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി ഗവേഷണ കേന്ദ്രം പ്രാവർത്തികമാക്കുന്നതിനു നേതൃത്വം വഹിച്ച കേരളാ ഗവണ്മെന്റിനും പിന്നിൽ പ്രവർത്തിച്ച പ്രയത്ന ശാലികൾക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു .

ഇന്ന് പത്തു മുപ്പതിന് ZOOM  മീറ്റിങ്ങിലൂടെയാണ് ഉത്‌ഘാടനം നടക്കുന്ന ചടങ്ങി ഈ രംഗത്തെ ആഗോള പ്രഗത്ഭർ സംസാരിക്കുമ്പോൾ കേരളം അഭിമാനിക്കും .കേരളത്തിന് സ്വന്തമായി അന്താരാഷ്‌ട്ര തലത്തിലുള്ള ഒരു  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി ഗവേഷണ കേന്ദ്രം ഉണ്ടായതിൽ .അതിനു തുടക്കമിടാൻ ഡോ.എം വി പിള്ളയെ പോലെയുള്ള പ്രഗത്ഭനായ ഒരാൾക്ക് സാധിച്ചതിൽ .


 ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി ഗവേഷണ കേന്ദ്രത്തിനു ഇ-മലയാളിയുടെ ആശംസകൾ 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക