Image

അബുദാബിയില്‍ വിസ പുതുക്കാന്‍ വാടകക്കരാര്‍ നിര്‍ബന്ധം: ഇമിഗ്രേഷന്‍ വകുപ്പ്‌

Published on 07 June, 2012
അബുദാബിയില്‍ വിസ പുതുക്കാന്‍ വാടകക്കരാര്‍ നിര്‍ബന്ധം: ഇമിഗ്രേഷന്‍ വകുപ്പ്‌
അബുദാബി: അബുദാബിയില്‍ വീസ പുതുക്കുന്നതിനു പുതിയ വ്യവസ്‌ഥകള്‍ കൊണ്ടുവന്നതായി താമസ കുടിയേറ്റ വകുപ്പ്‌. വിദേശികളുടെ താമസസ്‌ഥലം വ്യക്‌തമാകുക എന്ന ലക്ഷ്യത്തോടെ വീസ പുതുക്കുന്നതിനു വാടകക്കരാര്‍ നിര്‍ബന്ധമാക്കിയെന്നു തലസ്‌ഥാന ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌ അസി. അണ്ടര്‍ സെക്രട്ടറി മേജര്‍ നാസിര്‍ അല്‍മന്‍ഹാലി അറിയിച്ചു. ജല-വൈദ്യുത വകുപ്പില്‍ പണമടച്ച പുതിയ ബില്ലും വീസാ അപേക്ഷയോടൊപ്പം നല്‍കണം.

വിദേശികളുടെ വ്യക്‌തിവിവരങ്ങള്‍ നവീകരിക്കാന്‍ പുതിയ നിയമം പ്രയോജനപ്പെടുമെന്നു മേജര്‍ നാസിര്‍ പറഞ്ഞു. പാസ്‌പോര്‍ട്ടില്‍ പുതിയ വീസ പതിക്കാനും പുതുക്കാനും അപേക്ഷ നല്‍കുന്നവര്‍ കൃത്യമായ വ്യക്‌തിവിവരങ്ങള്‍ നല്‍കണം. യുഎഇയില്‍ കഴിയുന്നവര്‍ക്കു സുരക്ഷിതമായ താമസസ്‌ഥലമുണ്ടെന്ന്‌ അധികൃതര്‍ക്കു ബോധ്യപ്പെടണം. വിദേശികളുടെ താമസ, തൊഴില്‍സ്‌ഥലം, ഫോണ്‍ നമ്പര്‍ എന്നിവ വ്യക്‌തമായി രേഖപ്പെടുത്തുന്നുണ്ടെന്നു നാസിര്‍ സൂചിപ്പിച്ചു. കുടുംബമായി താമസിക്കുന്നവര്‍ക്കു പുറമേ ബാച്ച്‌ലേഴ്‌സിന്റെ താമസസ്‌ഥലവും വീസാ നടപടികള്‍ക്കായി പരിശോധിക്കുന്നുണ്ട്‌.

അബുദാബിയില്‍ നിന്നു നല്‍കിയ വീസയുള്ളവര്‍ മറ്റ്‌ എമിറേറ്റിലുള്ള കമ്പനിയുടെ ശാഖകളിലാണു ജോലി ചെയ്യുന്നതെങ്കില്‍ അവരുടെ താമസം സംബന്ധിച്ചും താമസകുടിയേറ്റ വകുപ്പിനു വ്യക്‌തത വേണം. ഏത്‌ എമിറേറ്റിലാണോ താമസിക്കുന്നത്‌ അവിടുത്തെ വാടക കരാറാണു വീസ പുതുക്കുമ്പോള്‍ നല്‍കേണ്ടത്‌. അബുദാബി വീസയുള്ളവര്‍ അബുദാബിയില്‍തന്നെ താമസിക്കണമെന്നു വ്യവസ്‌ഥ ചെയ്‌തിട്ടില്ലെന്നും മേജര്‍ നാസിര്‍ വ്യക്‌തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക