Image

ബൈഡന്‍ വിജയിച്ചാല്‍ സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം കൂട്ടുമോ? (ഏബ്രഹാം തോമസ്)

Published on 03 October, 2020
ബൈഡന്‍ വിജയിച്ചാല്‍ സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം കൂട്ടുമോ? (ഏബ്രഹാം തോമസ്)
കഴിഞ്ഞ കുറെ മാസങ്ങളായി ഡെമോക്രാറ്റുകള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യമാണ് പായ്ക്ക് ദ സുപ്രീം കോര്‍ട്ട് (സുപ്രീം കോടതി (ജസ്റ്റീസുമാരെ കൊണ്ട്) നിറയ്ക്കുക. യുഎസ് പ്രസിഡന്റ് ആദ്യം ഒരു ജസ്റ്റീസിനെ സുപ്രീം കോടതിയിലേയ്ക്കു നിയമിച്ചപ്പോള്‍ ആരംഭിച്ച ഈ ആവശ്യം മൂന്നാമത്തെ നിയമനത്തിന്റെ സ്ഥിരീകരണ നാളുകളില്‍ ഏറെ ശക്തി പ്രാപിച്ചുവരികയാണ്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ ആദ്യമൊക്കെ ഈ നിര്‍ദേശത്തെ ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ യാഥാസ്ഥിതിക, വലതുപക്ഷ ചായ്വുള്ള ജസ്റ്റീസുമാര്‍ സുപ്രീം കോടതിയില്‍ വര്‍ധിച്ചു വരുമ്പോള്‍ അത് ഫലപ്രദമായി നേരിടാന്‍ സ്വന്തം അഭിപ്രായങ്ങളോടും വിശ്വാസങ്ങളോടും കൂറു പുലര്‍ത്തുന്ന ജസ്റ്റീസുമാര്‍ സുപ്രീം കോടതിയില്‍ വര്‍ധിക്കേണ്ടത് ആവശ്യമാണെന്ന അഭിപ്രായം പാര്‍ട്ടിയില്‍ ശക്തിയാര്‍ജ്ജിക്കുന്നു. താനാണ് ഡെമോക്രാറ്റിക് പാര്‍ട്ടി എന്ന് ഡിബേറ്റില്‍ തറപ്പിച്ചു പറഞ്ഞ ബൈഡന് പാര്‍ട്ടിയിലെ പ്രബല, ധനാഢ്യ വിഭാഗത്തിന് വഴങ്ങേണ്ടി വരും.

യുഎസ് സുപ്രീം കോടതിയില്‍ ഇപ്പോഴുള്ളത് 9 ജസ്റ്റിസുമാരാണ്. ഇത് 11 ആയി ഉയര്‍ത്തണമെന്നാണ് ഡെമോക്രാറ്റുകളുടെ ആവശ്യം. എന്നാല്‍ പുരോഗമന വാദികളുടെ ഭൂരിപക്ഷത്തിന് വേണ്ടി കൂടുതല്‍ ജസ്റ്റീസുമാര്‍ക്ക് ശ്രമിച്ചാല്‍ വിജയിക്കാനാവാത്ത ഒരു ഏറ്റുമുട്ടലിനായിരിക്കും ഡെമോക്രാറ്റുകള്‍ മുന്നോട്ടിറങ്ങുക.

1933-37 കാലത്ത് പ്രസിഡന്റ് ഫ്രാങ്ക്ളിന്‍ ഡി. റൂസ് വെല്‍റ്റിന്റെ ആദ്യ ഭരണത്തില്‍ സുപ്രീംകോടതി ജസ്റ്റീസുമാര്‍ രണ്ട് ചേരികളായി തിരിഞ്ഞു നിന്നു. നാലു പേര്‍ റൂസ്‌വെല്‍റ്റിന്റെ ന്യൂ ഡീലിനെതിരായി നിന്നു. ഇവര്‍ അറിയപ്പട്ടിരുന്നത് ഫോര്‍ ഹോള്‍സ്‌മെന്‍ എന്നാണ്. പ്രസിഡന്റിന്റെ പദ്ധതി പിന്തുണച്ച നാല് പുരോഗമന വാദികളായ ജസ്റ്റിസുമാര്‍ മറുഭാഗത്ത് ഉണ്ടായിരുന്നു. ഒന്‍പതാമത്തെ സ്വിംഗ് വോട്ട് ഓവന്‍ റോബര്‍ട്ട്‌സിന്റേതായിരുന്നു. 1936 ല്‍ റോബര്‍ട്ട്‌സ് ഫോര്‍ ഹോഴ്‌സ് മെന്‍ സംഘത്തോട് ചേര്‍ന്ന് സുപ്രധാന ന്യൂ ഡീല്‍ ലെജിസ്‌ലേഷന്‍ ആയി അറിയപ്പെട്ട അഗ്രികള്‍ച്ചറല്‍ അഡ്ജസ്റ്റ്‌മെന്റ് ആക്ട്, കോള്‍ ഇന്‍ഡസ്ട്രി റെഗുലേഷന്‍, മുനിസിപ്പല്‍ ബാങ്ക്‌റപ്ടസി ആക്ട്, മോര്‍ ഹെഡ്‌വേഴ്‌സസ് ടിപ്പാല്‍ ഡോ എന്നിവ റദ്ദു ചെയ്യാന്‍ വോട്ടു ചെയ്തു. റൂസ്വെല്‍റ്റ് ഏറെ ക്ഷുഭിതനായി.

നവംബറിലെ തിരഞ്ഞെടുപ്പില്‍ റൂസ്‌വെല്‍റ്റിന് വലിയ ഭൂരിപക്ഷം ലഭിച്ചു. കോണ്‍ഗ്രസിലെ രണ്ട് സഭയിലും ഡെമോക്രാറ്റിക് പാര്‍ട്ടി ഭൂരിപക്ഷം നേടി. ഒരല്പം അഹങ്കാരത്തോടെ റൂസ്‌വെല്‍ 1937 ഫെബ്രുവരി 5ന് കോര്‍ട്ട് പായ്ക്കിംഗ് പ്ലാന്‍ എന്ന പേരില്‍ ഒരു ബില്ലിന് മുന്‍ കൈ എടുത്തു. 70 വയസിന് മുകളില്‍ പ്രായമുള്ള സുപ്രീം കോടതി ജഡ്ജിമാര്‍ വിരമിക്കാന്‍ വിസമ്മതിച്ചാല്‍ പകരം പുതിയ ജഡ്ജിമാരെ നിയമിക്കുവാന്‍ ബില്ലില്‍ വ്യവസ്ഥ ഉണ്ടായിരുന്നു. അന്ന് 9 ജഡ്ജിമാരില്‍ 6 പേരുടെയും പ്രായം 70 ന് മുകളിലായിരുന്നു.

1868 ലാണ് യുഎസ് കോണ്‍ഗ്രസ് സുപ്രീം കോടതി ജസ്റ്റീസുമാരുടെ സംഖ്യ 9 ആയി നിജപ്പെടുത്തിയത്. മിക്കവാറും അമേരിക്കക്കാര്‍ ഈ നിജപ്പെടുത്തല്‍ ഭരണഘടനയിലുണ്ട് എന്നു വിശ്വസിക്കുന്നു. എന്നാല്‍ ഭരണഘടന കോണ്‍ഗ്രസിന് ഫെഡറല്‍ ജഡ്ജ്മാരെ അവരുടെ ജീവിത കാലത്തേയ്ക്കു നിയമിക്കുവാനും ശമ്പളം കുറയ്ക്കുന്നതിനെതിരെ സംരക്ഷണം നല്‍കാനും മാത്രമേ അധികാരം നല്‍കുന്നുള്ളൂ. റൂസ് വെല്‍റ്റിന്റെ നിര്‍ദേശം രണ്ട് പാര്‍ട്ടികളും എതിര്‍ത്തു. പൊതുജനാഭിപ്രായവും എതിരായി. ജൂലൈയില്‍ സെനറ്റില്‍ വോട്ടിനിട്ടപ്പോള്‍ പ്രമേയം പരാജയപ്പെട്ടു. പത്രപ്രവര്‍ത്തകര്‍ ഈ പ്രതിസന്ധിയെ ദ 168 ഡേയ്‌സ് എന്നു വിശേഷിപ്പിച്ചു.

എന്നാല്‍ പദ്ധതി ഇതിന് മുന്‍പു തന്നെ അകാലചരമം പ്രാപിച്ചിരുന്നു. ഹൗസ് ജൂഡീഷ്യറി കമ്മിറ്റി ചെയര്‍മാന്‍ ഡാലസില്‍ നിന്നുള്ള ഹാട്ടന്‍ സമ്മേഴ്‌സ് മാര്‍ച്ച് ഒന്നിന് റിട്ടയര്‍മെന്റ് ആക്ട് അവതരിപ്പിച്ചു. ജസ്റ്റിസുമാര്‍ സ്വമേധയാ റിട്ടയര്‍ ചെയ്താലോ മരിച്ചാലോ അവര്‍ക്ക് മുഴുവന്‍ ശമ്പളം ലഭിക്കുമെന്ന് ഈ ആക്ടില്‍ വ്യവസ്ഥ ഉണ്ടായിരുന്നു. മാര്‍ച്ച് 29ന് റോബര്‍ട്ട്‌സ് അത്ഭുതം സൃഷ്ടിച്ചു പ്രൊഗ്രസിവ് ഗ്രൂപ്പിനൊപ്പം ചേര്‍ന്ന് വിധി ന്യായത്തില്‍ ഒപ്പുവച്ചു. മുന്‍ വര്‍ഷത്തെ മിനിമം വേജ് വിധി ഇത് ഇതോടെ മാറി മറിഞ്ഞു. രണ്ടാഴ്ചയ്ക്കുശേഷം റോബര്‍ട്ട്‌സ് വീണ്ടും കൂറുമാറി. 

അങ്ങനെ ലേബര്‍ ഓര്‍ഗനൈസിംഗ് ലോയ്ക്കു കോടതിയുടെ അംഗീകാരം ലഭിച്ചു. (5-4). റൂസ്വെല്‍റ്റ് വീണ്ടും തന്റെ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ ശ്രമിച്ചു. സംനേഴ്‌സ് സഭയില്‍ ജൂലൈ 13 ന് ഈ പദ്ധതി നിരാകരിച്ചു. എന്നാല്‍ ജൂലൈ 22 ന് സെനറ്റ് റീ കമ്മിറ്റ് ചെയ്യാന്‍ വോട്ടു ചെയ്തു. ഈ യുദ്ധത്തിന്റെ പരിണിത ഫലം റൂല്‍സ്‌വെല്‍റ്റിന്റെ രാഷ്ട്രീയ ജീവിതത്തിനേറ്റ ക്ഷതമായിരുന്നു. നോര്‍ത്തേണ്‍, സതേണ്‍ ഡെമോക്രാറ്റുകള്‍ക്കിടയില്‍ വലിയ ഭിന്നതയുണ്ടായി. സതേണ്‍ ഡെമോക്രാറ്റുകളില്‍ ഒരു വലിയ വിഭാഗം റിപ്പബ്ലിക്കനുകളായി.

റൂസ്‌വെല്‍റ്റ് കോര്‍ട്ട് പായ്ക്കിങ്ങിനു ശ്രമിച്ചു പരാജയപ്പെട്ടിട്ട് 83 വര്‍ഷമായി. സുപ്രീം കോടതി ജസ്റ്റിസുമാര്‍ 9 ആയിരിക്കണമെന്ന് കോണ്‍ഗ്രസ് നിശ്ചയിച്ച് ഉറപ്പിച്ചത് 152 വര്‍ഷം മുന്‍പാണ്. 9 എന്ന സംഖ്യയില്‍ മാറ്റം ഉണ്ടാകരുതെന്ന് ഭൂരിപക്ഷം അമേരിക്കക്കാരും വാദിക്കുന്നു. 1937 ല്‍ വന്‍ വിജയത്തിനുശേഷം റൂസ്വെല്‍റ്റിന് സുപ്രീം കോടതി പായ്ക്ക് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ ബൈഡനും കഴിയില്ല. ഡെമോക്രാറ്റുകള്‍ ഈ വിഷയത്തില്‍ നിര്‍ബന്ധബുദ്ധി കാട്ടിയാല്‍ വില നല്‍കേണ്ടി വരുമെന്ന് ചരിത്രത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടവര്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക