Image

പ്രതിഷേധങ്ങള്‍ക്കിടെ കാര്‍ഷിക ബില്ലില്‍ രാഷ്ട്രപതി ഒപ്പുവച്ചു

Published on 27 September, 2020
പ്രതിഷേധങ്ങള്‍ക്കിടെ കാര്‍ഷിക ബില്ലില്‍ രാഷ്ട്രപതി  ഒപ്പുവച്ചു
ന്യൂഡല്‍ഹി:  പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ കാര്‍ഷിക ബില്ലുകളില്‍ ഒപ്പുവച്ച് രാഷ്ട്രപതി റാംനാഥ് കോവിന്ദ്. ഇതോടെ മൂന്നു ബില്ലുകളും നിയമമായി. കഴിഞ്ഞ ആഴ്ച പ്രതിപക്ഷ ബഹളങ്ങള്‍ക്കിടെ രണ്ട് ബില്ലുകള്‍ രാജ്യസഭ പാസാക്കിയിരുന്നു. ബില്ലില്‍ ഒപ്പവയ്ക്കരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷപാര്‍ട്ടികള്‍ ചേര്‍ന്ന് രാഷ്ട്രപതിയെ കണ്ട് കത്ത് നല്‍കിയിരുന്നു.

വീണ്ടും ചര്‍ച്ച ചെയ്യുന്നതിന് ബില്ലുകള്‍ തിരിച്ചയയ്ക്കണമെന്നും ആവശ്യപ്പെടുകയും ചെയ്തു. ബില്ല് രാജ്യസഭയില്‍ പാസാക്കിയത് നിയമങ്ങള്‍ ലംഘിച്ചാണെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. ജൂണില്‍ പാസാക്കിയ ഓര്‍ഡിനന്‍സിനു പകരമായി പുതിയ നിയമം പ്രാബല്യത്തില്‍ വരും. പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ കാര്‍ഷിക ബില്ലിനെതിരെ വന്‍ പ്രക്ഷോഭമാണ് നടക്കുന്നത്.

പുതിയ കാര്‍ഷിക നിയമങ്ങളെ മറികടക്കാന്‍ മണ്ഡി നിയമത്തില്‍ രാജസ്ഥാന്‍ പരിഷ്കാരം കൊണ്ടുവന്നു. ഇതുസംബന്ധിച്ചു കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയതിനു പിന്നാലെ രാജസ്ഥാന്‍ വരുത്തിയ പരിഷ്കാരം ഏറ്റെടുക്കുന്നതിനുള്ള നീക്കത്തിലാണു പഞ്ചാബ് അടക്കം പ്രതിപക്ഷം ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളും.

അഗ്രിക്കള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റികള്‍ (എപിഎംസി) നിയന്ത്രിക്കുന്ന മൊത്തക്കച്ചവട ചന്തകള്‍ക്കു (മണ്ഡി) പുറത്തു നടത്തുന്ന വ്യാപാരത്തെ മണ്ഡി നികുതികളും മറ്റു ഫീസുകളും നല്‍കുന്നതില്‍നിന്ന് ഒഴിവാക്കിയതാണു കേന്ദ്ര നിയമത്തിലെ പ്രധാന മാറ്റങ്ങളില്‍ ഒന്ന്. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, യുപി തുടങ്ങി രാജ്യത്തെ പ്രധാന ധാന്യോല്‍പാദക സംസ്ഥാനങ്ങള്‍ക്കു കനത്ത വരുമാന നഷ്ടത്തിനു കൂടി ഇടയാക്കുന്നതാണ് ഈ പരിഷ്കാരം.

ഇതു തടയുന്നതിനു ലക്ഷ്യമിട്ടു സംസ്ഥാന സര്‍ക്കാരിന്റെ സംഭരണശാലകള്‍, എഫ്‌സിഐയുടേതടക്കമുള്ള ഗോഡൗണുകള്‍ എന്നിവയും രാജസ്ഥാന്‍ മണ്ഡികളായി പ്രഖ്യാപിച്ചു. ഇതോടെ ഇവിടങ്ങളില്‍ നടക്കുന്ന കച്ചവടത്തിനും മണ്ഡി ഫീസ് ഈടാക്കാന്‍ സംസ്ഥാനത്തിനു സാധ്യമാകും. പ്രധാന ഗോതമ്പ് ഉല്‍പാദക സംസ്ഥാനങ്ങളില്‍ ഒന്നായ രാജസ്ഥാന്‍ നിലവില്‍ 3.6% മണ്ഡി ഫീസും മറ്റും ചാര്‍ജുകളുമാണ് ഈടാക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക