Image

വിവാദ കര്‍ഷക ബില്ലുകള്‍ക്കെതിരെ കേരളം സുപ്രീം കോടതിയെ സമീപിക്കും

Published on 24 September, 2020
വിവാദ കര്‍ഷക ബില്ലുകള്‍ക്കെതിരെ കേരളം സുപ്രീം കോടതിയെ സമീപിക്കും
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കര്‍ഷക ബില്ലുകള്‍ക്കെതിരെ കേരളം സുപ്രീം കോടതിയെ സമീപിക്കും. സംസ്ഥാനങ്ങളുടെ അഭിപ്രായം കേള്‍ക്കാതെ പാര്‍ലമെന്റില്‍ നടത്തിയ നിയമ നിര്‍മ്മാണത്തിനെതിരെ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിനെ സമീപിക്കുന്നതിന്റെ ഭാഗമായി നിയമോപദേശം തേടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇക്കാര്യത്തില്‍ നിയമവകുപ്പിനു പുറമേ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശവും തേടും.

കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും തുല്യ അവകാശമുള്ള കണ്‍കറന്റ് പട്ടികയില്‍പ്പെടുന്നതാണ് കൃഷി . ഇത് മറികടന്ന്, സംസ്ഥാനങ്ങളുടെ അവകാശം ഹനിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ കോടതിയില്‍ ചോദ്യം ചെയ്യാമെന്ന് നിയമ വകുപ്പ് നിയമോപദേശം നല്‍കിയിരുന്നു. ബില്ലിനെതിരെ നിലപാട് സ്വീകരിക്കുന്ന പഞ്ചാബടക്കമുള്ള സംസ്ഥാനങ്ങളുടെ പിന്തുണയും ഇക്കാര്യത്തില്‍ കേരള സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. മറ്റ് സംസ്ഥാനങ്ങളുമായി അഭിപ്രായ സമന്വയത്തിനും ശ്രമിക്കും.

സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുത്തും കര്‍ഷകരുടെ താല്പര്യങ്ങള്‍ സംരക്ഷിച്ചുമല്ലാതെ കാര്‍ഷിക മേഖലയില്‍ കേന്ദ്രസര്‍ക്കാരിന് ഏകപക്ഷീയമായി നയങ്ങളും തീരുമാനങ്ങളുമെടുക്കാനാവില്ല. രാജ്യത്തിനകത്തും പുറത്തുമുള്ള കുത്തക ഭീമന്മാരെ സഹായിക്കലാണിത്. കാര്‍ഷിക മേഖലയെ പൂര്‍ണമായി കോര്‍പ്പറേറ്റുകള്‍ക്ക് അടിയറ വയ്ക്കുന്ന നിയമങ്ങളാണ് , മോദി സര്‍ക്കാര്‍ കൊവിഡ് കാലത്ത് പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ കാര്‍ഷിക പാക്കേജിന്റെ മറവില്‍ പാസ്സാക്കുന്നതെന്ന് മന്ത്രിസഭാ യോഗത്തില്‍ പൊതു അഭിപ്രായമുയര്‍ന്നു. സംസ്ഥാനത്തെ ഭക്ഷ്യ കാര്‍ഷിക മത്സ്യ മേഖലകളില്‍ ഈ നിയമ നിര്‍മ്മാണങ്ങള്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ മാസം 30നകം ബോര്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക