Image

ഭൂമിയുപേക്ഷിക്കുന്ന മാലാഖമാർ (കഥ: ആൻസി സാജൻ )

Published on 21 September, 2020
ഭൂമിയുപേക്ഷിക്കുന്ന മാലാഖമാർ (കഥ: ആൻസി സാജൻ )
ഇന്നലെയും നല്ല മഴയായിരുന്നു
കുറെ ദിവസങ്ങളായി ചതച്ചുകുത്തി പെയ്യുകയാണ് മഴ.
കല്ലുകൾ അടർന്ന മതിൽക്കെട്ടിനുള്ളിലെ ആ പഴയ സെമിത്തേരി നിറയെ മഴവെള്ളമായിരിക്കും. 
തോണ്ടിക്കൂട്ടിയ മൺകൂനകളും ചപ്പും പുല്ലുകളും നിറഞ്ഞ ദരിദ്രന്റെ അടക്കുമാടം.
സമ്പന്നരുടെ പള്ളികളിലെ ഉദ്യാനം പോലെയുള്ള സെമിത്തേരിയിലെ വാസസ്ഥർക്കും ഇവിടുത്തെ എന്റെ റേച്ചലും റാഹേലും പോലുള്ള ഭാഗ്യഹീനർക്കും വെവ്വേറെ സ്വർഗ്ഗ നരകങ്ങളുണ്ടാവുമോ എന്തോ !
എന്തു മഴയാണിത് !
റാഹേൽ എന്റെ പാവം കുഞ്ഞ്..
തണുത്തു വിറുങ്ങലിച്ച്..
മിനിയാന്നുവരെ ഈ വീടിന്റെ ഓരോ കോണിലും ഒച്ചയില്ലാതെ നടന്ന മാലാഖ.
ഒരു നിമിഷം അവൾ വെറുതെയിരിക്കുന്നത് കണ്ടിട്ടില്ല.
പതിന്നാലു വയസ്സിന്റെ ഇളപ്പത്തിലും അനേകം വയസ്സുകളുടെ കനം പേറി നടന്നവൾ.
മുറ്റത്ത് പതിക്കുന്ന വലിയ മഴത്തുള്ളികളും നോക്കി ശൂന്യമായ മനസ്സോടെ ഫിലിപ്പോസ് കുനിഞ്ഞിരുന്നു.
അയാളുടെ കരൾ തുളുമ്പി വിറച്ചു കൊണ്ടാണിരുന്നത്.
വെറുതെ ഒന്നിനുമാവാതെ ഫിലിപ്പോസ് മുഷ്ടി ചുരുട്ടുകയും നിവർത്തുകയും ചെയ്തു. "ദിവസം രണ്ടായില്ലേ ഈ ഇരുപ്പ് തുടങ്ങീട്ട് .. എണീറ്റേ.. ദാ.. കാപ്പി.."
മോനിമ്മ കോപ്പയിലെ കട്ടൻ കാപ്പി അടുത്തേയ്ക്ക് നീക്കിവച്ചു. ഫിലിപ്പോസ് ഒന്നു നോക്കിയിട്ട് മുഖം തിരിച്ചു.
മോനിമ്മ എന്തോ പിറുപിറുത്തു കൊണ്ട് അകത്തേക്ക് പോയി.
"റേച്ചൽ എന്റെ റേച്ചൽ  നമ്മുടെ റാഹേലിനെ എനിക്കു രക്ഷിക്കാനായില്ലല്ലോ..
സുന്ദരിയായ റേച്ചൽ ആകാശത്തു നിന്ന് ചിരിക്കുന്നു. തന്റെ കല്യാണനാൾ അയാളോർത്തു.
പള്ളിയിൽ കല്യാണത്തിന് അധികം പേരുണ്ടായിരുന്നില്ല.
ജോസഫച്ചനാണ് എല്ലാം നടത്തിയത്.
റേച്ചലിനെ കണ്ടുപിടിച്ചതും കെട്ടുകർമ്മം നടത്തിയതും എല്ലാം.
ആരുമില്ലാത്ത റബ്ബർ വെട്ടുകാരൻ ഫിലിപ്പോസും ആശയറ്റ കുടുംബത്തിലെ റേച്ചലും.
അവളുടെ കണ്ണിൽ നക്ഷത്രങ്ങളുണ്ടെന്ന് താൻ കണ്ടറിഞ്ഞു.
മലഞ്ചെരുവിൽ കുറച്ച് സ്ഥലവും വീടും ഒരുക്കിത്തന്നത് ജോസഫച്ചൻ തന്നെയാണ്.
നിറയെ നിരന്നു നിൽക്കുന്ന റബ്ബർ മരങ്ങൾ അന്നത്തിന് മുട്ടുവരുത്തില്ലെന്നും പറഞ്ഞു.
വേദനയുടെ നാഴിക മണികൾ മുഴങ്ങിത്തുടങ്ങിയത് റാഹേലിന്റെ വരവോടെയാണ്.
അവളെയൊന്നു കണ്ണു തുറന്നു നോക്കുന്നതിനു മുമ്പ് റേച്ചൽ വിളിക്കപ്പെട്ടു.
'ഭാഗ്യമില്ലാത്ത റേച്ചൽ ' എത്രയോതവണ താൻ മനസ്സിൽ പറഞ്ഞിട്ടുണ്ട്.
ഇത്ര നല്ലൊരു കുഞ്ഞിനെ കാണാനും വളർത്താനും കഴിയാതെപോയ റേച്ചൽ എത്ര ഭാഗ്യം കെട്ടവളാണ്.
എന്നാലിപ്പോൾ തനിക്കു മനസ്സിലാവുന്നു. നിർഭാഗ്യവാൻ താനാണ് ..
റാഹേലിന് അഞ്ചു വയസ്സായി മോനിമ്മയെ കെട്ടുമ്പോൾ..
അതോ.. ആറോ..!
ഇനിയൊന്നും വേണ്ടെന്നു പറഞ്ഞ തന്നെ ജോസഫ ച്ചനാണ് നിർബന്ധിച്ച് കെട്ടിച്ചത്.
കുറച്ചൊരു തന്റേടക്കൂടുതലുണ്ടെങ്കിലും മോനിമ്മയും ഉള്ളാലൊരു ശുദ്ധയായിരുന്നു.
അവൾക്കും റാഹേലിനോട് സ്‌നേഹമായിരുന്നു.
അല്ലെങ്കിലും ആർക്കാണ് റാഹേലിനെ ഇഷ്ടമാവാത്തത്.
മറ്റാർക്കും ശല്യമാവാതെ ഒച്ചപോലും കേൾപ്പിക്കാതെ അവൾ ജീവിച്ചു.
ഇളയവനായ സ്കറിയയെ നോക്കാൻ പഠിപ്പു നിർത്തേണ്ടിവന്നു റാഹേലിന് .
മകളുടെ സങ്കടം കണ്ടപ്പോൾ അയാൾ മോനിമ്മയോടു പറഞ്ഞു.
" റാഹേലിന്റെ പഠിപ്പ് നിർത്തണ്ട ; അവൾക്ക് സങ്കടമാണ്.'
- എന്തോന്ന് സങ്കടം ,
എന്റെ പെടാപ്പാടുകളോ..?
മോനിമ്മയ്ക്കു കലികയറി.
കോപ്പയിലെ കട്ടൻകാപ്പി തണുത്ത് അനക്കമറ്റു . രണ്ടീച്ചകൾ അതിനുള്ളിൽ ചത്തുപൊന്തിയിരുന്നു.
അയാൾ കാപ്പി മുറ്റത്തേയ്ക്കൊഴിച്ചു.
ചെളിവെള്ളത്തിൽ കാപ്പിനിറം കലർന്നൊഴുകി.
സ്കൂൾ വിട്ടു വരുന്ന സ്കറിയയുടെയടുത്ത് ആന്റണിയെ ഏൽപ്പിച്ചിട്ട് റബർ തോട്ടത്തിൽ ചുള്ളി പെറുക്കാൻ പോകാറുണ്ട് റാഹേൽ ..
നേരം വൈകും തിരിച്ചു വരുമ്പോൾ ..
തലയിലേറ്റിയ ഭാരവുമായി കയറിവരുന്ന റാഹേലിനെ കാണുമ്പോൾ മനസ്സിലൊരു മുള്ള് വലിയും . റേച്ചലിനെ വെറുതെ ഓർക്കും.
മോനിമ്മയോട് പറഞ്ഞു രണ്ടുമൂന്ന് തവണ.
റാഹേലിനെ ഈ നേരത്ത് ചുള്ളി പെറുക്കാൻ അയയ്ക്കണ്ടാന്ന് ..
അവളുടെ നാവിന്റെ മൂർച്ചയിൽ സ്വയം പിന്മാറി.
മിനിയാന്നത്തേത് എന്തൊരു മഴയായിരുന്നു. റാഹേൽ തോട്ടത്തിലേക്കു പോയതിന്റെ തൊട്ടുപിന്നാലെ പെരുമഴയെത്തി.
അലച്ചു വരുന്ന മഴ കണ്ടപ്പോൾ മനസ്സ് കലമ്പാൻ തുടങ്ങി. അധികനേരം നോക്കിയിരിക്കാനായില്ല.
കുടയുമെടുത്ത് മഴയിലൂടെ നടന്നു.
തോട്ടത്തിന്റെ പകുതിക്കു വച്ചേ റാഹേലിന്റെ ഞരക്കം കേട്ടു.
പിന്നെയൊരോട്ടമായിരുന്നു. ഓടിയണച്ച് ചെല്ലുമ്പോൾ റാഹേൽ ...
സ്ഥാനം മാറികിടക്കുന്ന വസ്ത്രങ്ങളോടെ ..
വയ്യ.. ഓർക്കാൻ കൂടി വയ്യ..
" റാഹേൽ .. പൊന്നു മോളേ..''
പരിഭ്രമത്തോടെ അവളെ കുലുക്കി വിളിച്ചു.
അവൾ അപ്പാ ..അപ്പാ..എന്ന് ഞരങ്ങുന്നുണ്ടായിരുന്നു.
കോരിയെടുത്ത് വീട്ടിൽ കൊണ്ടുവന്നു.
ആർക്കും മുഖം തരാതെ റാഹേൽ തുറന്ന കണ്ണുകളോടെ കിടന്നു. അവളെ പനിച്ച് കിടുകിടുക്കുന്നുണ്ടായിരുന്നു. രാത്രി താൻ ഉറങ്ങിയതേയില്ലല്ലോ.. പിന്നെയെപ്പോഴാണ് അവൾ..
'റാഹേലിനെ കാണുന്നില്ല..'
മോനിമ്മയുടെ ശബ്ദം നിർവികാരമായിരുന്നു.
എവിടെയെല്ലാം അന്വേഷിച്ചു. രാത്രിയിലെ മഴയിലും തണുപ്പിലും എവിടെയൊക്കെ തിരഞ്ഞു.
ഒടുവിൽ റേച്ചലിന്റെയടുത്ത്.
മണ്ണ് മാത്രമുള്ള ആ കുഴിമാടത്തിന്റെ തലയ്ക്കൽ റാഹേൽ .
അവളുടെ അനക്കം എപ്പഴോ നിന്നു പോയിരുന്നു.
Join WhatsApp News
Renu Sreevatsan 2020-09-22 13:56:27
ചുവരിനെപ്പോലും പേടിക്കേണ്ടി വരുന്ന കാലം. മനസ്സിനെ വേട്ടയാടുന്ന കഥ. മിന്നൽ പിണർപോലെയുള്ള വാക്കുകൾ. മികച്ച എഴുത്ത്...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക