Image

പാമ്പും കോണിയും - നിർമ്മല - നോവൽ 12

Published on 20 September, 2020
പാമ്പും കോണിയും - നിർമ്മല - നോവൽ 12

എന്നിട്ടും ജോയി കണക്കുകൂട്ടിക്കൊണ്ടിരുന്നു. ഒരു ഡോളർ എട്ടു രൂപയായപ്പോൾ ജോയിക്കു പടക്കം പൊട്ടിക്കണമെന്നു തോന്നി. കനേഡിയൻ ഡോളറിന് അമേരിക്കൻ ഡോളറിനേക്കാൾ വിലയുണ്ട്.
എട്ട് ഗുണം അഞ്ച് ഗുണം നാല്പത് ഗുണം എട്ട് ഗുണം ...
കണക്ക് കൂട്ടിക്കൂട്ടി ... കൂട്ടിക്കിഴിച്ച് ഹരിച്ചു ഗുണിച്ചു പെരുക്കി ...
അഞ്ചും നാലും ഒൻപതും ഏഴും പതിനാറ് ... മുന്നൂറ്റി ഇരുപത് ഗുണം എട്ട് സമം രണ്ടായിരത്തിഅഞ്ഞൂറ് പിന്നെയും കൂട്ടുമ്പോൾ മൂവായിരം രൂപ!!
കാനഡ മരത്തിൽ 
ഡോളർ പറിക്കാൻ വന്നവരുടെ കഥ 
നിർമ്മലയുടെ നോവൽ
പാമ്പും കോണിയുംകളി തുടരുന്നു ...
             ...            ....

നീണ്ട ഉറക്കം കഴിഞ്ഞ് ജോയി ഉണർന്നു. എവിടെയാണെന്ന് ഓർത്തെടുക്കാൻ കുറച്ചു സമയമെടുത്തു. ജനലിനു പച്ചയും മഞ്ഞയും കലർന്ന കർട്ടൻ . ഭിത്തികൾക്ക് ഇളം പച്ചനിറം. ജോയിക്ക് ചെവിക്കു പിന്നിൽ ഇരമ്പം തോന്നി. പ്ലെയിനിൽ രണ്ടു ദിവസമായി കേട്ടിരുന്ന ശബ്ദം. ഉറക്കം കഴിഞ്ഞെഴുന്നേറ്റിട്ടും വിട്ടു പോകുന്നില്ല. എയർ ഇന്ത്യയുടെ ഏറ്റം പിന്നിലിരുന്നാണ് ജോയി ഇംഗ്ലണ്ടിൽ നിന്നും ന്യൂയോർക്കിലേക്കു പറന്നത്. പിന്നെ ന്യൂയോർക്കിൽ നിന്നും കാൽഗറിയിലേക്ക്. എഞ്ചിന്റെ മൂളൽ അയാളുടെ ചെവിക്കകത്ത് ഒരു ദിവസം കൂടി തങ്ങി നിന്നു.
ജോയിയെ കാണാൻ യോഹന്നാന്റെ സുഹൃത്തുക്കൾ കുടുംബ സമേതം വന്നുകൊണ്ടിരുന്നു.
എയർ ഇന്ത്യയുടെ പഴഞ്ചൻ പ്ലെയിനല്ലേ . അതിന്റെ വാലും ചിറകുമെന്നും ഇളകിപ്പോകാത്തതു ഭാഗ്യം.
എയർ ഇന്ത്യയെപ്പറ്റി എല്ലാവരും പരാതികൾ പറഞ്ഞു. ആദ്യമായി പ്ലെയിനിൽ കയറിയ ജോയിക്ക് അതത്ര മോശമാണെന്നൊന്നും തോന്നിയില്ല. കൂടുതലും വടക്കേ ഇന്ത്യക്കാർ. മലയാളികൾ അവരെയും കുറ്റം പറഞ്ഞു. ഒരു മണിക്കൂറിനകം ബാത്ത്റൂമുകൾ വൃത്തികേടാവും. ടോയ്ലറ്റുകളിലെ ഫ്ലഷുകൾ പ്രവർത്തിക്കാതെയാവും. എയർ ഇന്ത്യയുടെ ഹോസ്റ്റസുമാർ ഇന്ത്യക്കാരായ യാത്രക്കാരോടു പരുഷമായി പെരുമാറും. വലിയ പ്ലെയിനിൽ ആകെയുള്ള എട്ടോ പത്തോ വെള്ളക്കാരോട് മധുരമായി സംസാരിക്കാനും അവർക്കറിയാം.
ടോയ്ലറ്റുകളിൽ ടോയ്ലറ്റ് പേപ്പറല്ലാത്ത സാധനങ്ങളിട്ടു ഫ്ലഷ് ചെയ്യാൻ ശ്രമിക്കുന്നതുകൊണ്ടണ് വേഗം കേടാവുന്നതെന്നും പാതിയും കേടായ ടോയ്ലറ്റുകളാണു ഈ രണ്ടാം കിട പ്ലെയിനിൽ പാതിയെന്നും അവർ പറഞ്ഞതു കേട്ട് ജോയി ഇരുന്നു.
എയർ ഫ്രാൻസിന്റേതാണു ഏറ്റവും നല്ല സർവ്വീസ്.
പ്രായം കൂടിയ പീറ്റർ പറഞ്ഞു.
അവരുടെ ഭക്ഷണം നമ്പർ വൺ ആണ്.
അയാൾക്ക് പുറത്തേക്കൊന്നിറങ്ങാൻ തോന്നി.
തണുപ്പാ . നാട്ടിലേതുപോലെ വെറുതെ ഇറങ്ങി നടക്കാനൊന്നും പറ്റത്തില്ല. നാളെ ഞാൻ മാളിൽ കൊണ്ടുപോകാം.
എന്താവും ഈ മാളിൽ എന്നോർത്തു ജോയി മിണ്ടാതെയിരുന്നു.
ജോയി കാനഡയിലെത്തി ഒരു മാസത്തിനകം സാധനങ്ങൾ ഷെൽഫിൽ വെക്കുന്ന ജോലി കിട്ടി.കെ - മാർട്ട്  ഒരു സ്വപ്നം പോലെയാണ് അവർക്കു മുന്നിൽ തുറന്നത്. ഒരു ജോലി എന്നാൽ ലോട്ടറി അടിക്കുന്ന പോലെയല്ലേ , സാലി ലോട്ടറിയടിച്ചല്ലോ ! ലക്ഷാധിപതി.
അവൾ ഒരു കൊടിയായി ഉയരത്തിൽ പറന്നു. മരങ്ങൾക്കും വീടുകൾക്കും മുകളിലായി ആകാശത്തെ കൈയെത്തിപ്പിടിച്ച ആവേശത്തിൽ കാറ്റത്ത് ആടിയാടിച്ചിരിക്കുന്ന കൊടിക്കൂറ.
ഒടുക്കം നമ്മുടെ പുളിച്ചിയും പൂത്തല്ലോടീ.
സാലി ശാന്തിപ്പശുവിനോടു സന്തോഷം പങ്കു വെച്ചു. അവൾ ജോയിക്കു ലഞ്ചു ബോക്സു വാങ്ങി. നീല വേണോ ചുമപ്പു വേണോന്ന് കുറച്ചേറെ ആലോചിച്ചിട്ടാണ് ജോയിക്കിഷ്ടം കറുപ്പിനേക്കാൾ ചുവപ്പായിരിക്കുമെന്ന് തീർച്ചപ്പെടുത്തിയത്. ചുവപ്പിൽ കറുത്ത കളങ്ങളുള്ള ലഞ്ചു ബോക്സ് ജോയി ശ്രദ്ധിച്ചില്ല.
നാളെ മുതൽ ഇതിനകത്തു ലഞ്ചു തന്നു വിടാം. കേട്ടോ.
അവൾ കൊഞ്ചലോടെ പറഞ്ഞു. ജോയി അപ്പോൾ ഫോണിൽ ആരെയോ വിളിക്കാൻ ശ്രമിക്കുകയായിരുന്നു.
- ആരെയാ വിളിക്കുന്നത് ?
സാലിയുടെ ശബ്ദത്തിൽ സ്നേഹവും വാൽസല്യവും നിറയുകയാണ്. ജോയിക്കു ശ്രദ്ധിക്കാൻ സമയമില്ലെങ്കിലെന്തു ചെയ്യും. വിളിക്കുന്നയാൾ സ്ഥലത്തില്ലെങ്കിൽ മനുഷ്യനു ദേഷ്യം വരാതിരിക്കുമോ ?
മാളിൽ കറങ്ങിയും ലഞ്ച് ബോക്സിന്റെ ഭംഗി കണ്ടും തീർക്കാനുള്ളതല്ല ജോയിക്കു ജീവിതം. അയാൾക്കു ചെയ്തു തീർക്കാൻ പല കാര്യങ്ങളുണ്ട്. ഒരേയൊരു അനുജനാണുള്ളത്. ജിമ്മി. ഡിഗ്രിക്കാർ പണിയില്ലാതെ നടക്കുന്ന രാജ്യത്തു നിന്നും അവനെ രക്ഷപെടുത്തണം. അമ്മച്ചിക്കു പാർക്കാൻ നല്ലൊരു വീടു വേണം. അയാൾക്കു പാർക്കാൻ നല്ലൊരു വീടു വേണം. യോഹന്നാന്റെ വീടിനെക്കാൾ മെച്ചപ്പെട്ടത്.
അയാൾ ഫോൺ വെച്ചിട്ട് നമ്പറുകളെഴുതിയ ബുക്ക് തിരഞ്ഞു പോയി.
ജോയി നമ്പർ തിരയുന്നതു കണ്ട് സാലി വീണ്ടും ചോദിച്ചു:
ആരെയാ ഇപ്പം വിളിക്കുന്നത് ജോയിച്ചായാ?
ഫോണിന്റെ അങ്ങേത്തലയ്ക്കലെ മണിയൊച്ചയിൽ മുഴുകി ജോയി ടി.വി ഓൺ ചെയ്തു. ന്യൂസിന്റെ സമയമായിരിക്കുന്നു. ഫോണുമായി സോഫയിൽ പോയിരിക്കുന്ന ജോയിയെ നോക്കി സാലി നെടുവീർപ്പിട്ടു. അവൾ കുളിമുറിയിലെ കണ്ണാടി നോക്കി വെറുതെ ഒന്നു കരഞ്ഞു നോക്കി.
മിനിമം വേജ് എന്ന സംവിധാനത്തിൽ ജോയിക്കു മതിപ്പു തോന്നി. മണിക്കൂറിനു രണ്ടു ഡോളർ ! രണ്ടു ഡോളർ എന്നാൽ 15 രൂപ. എട്ടു മണിക്കൂർ ജോലി ചെയ്താൽ നൂറ്റിയിരുപതു രൂപ.
അപ്പോൾ ഒരു മാസം...
ജോയിയുടെ ആവേശം കൂടിക്കൊണ്ടിരുന്നു. ആഴ്ചയവസാനം ചെക്കിലെ ടാക്സുകണ്ട് അവന് കലിയിളക്കുകയും ചെയ്തു. ഇത്രയധികം പണം എന്തിനാണവർ എടുക്കുന്നതെന്ന് ജോയി അരിശപ്പെട്ടപ്പോൾ സാലിക്കു ചിരിയാണു വന്നത്.
എന്നിട്ടും ജോയി കണക്കുകൂട്ടിക്കൊണ്ടിരുന്നു. ഒരു ഡോളർ എട്ടു രൂപയായപ്പോൾ ജോയിക്കു പടക്കം പൊട്ടിക്കണമെന്നു തോന്നി. കനേഡിയൻ ഡോളറിന് അമേരിക്കൻ ഡോളറിനേക്കാൾ വിലയുണ്ട്.
എട്ട് ഗുണം അഞ്ച് ഗുണം നാല്പത് ഗുണം എട്ട് ഗുണം ...
കണക്ക് കൂട്ടിക്കൂട്ടി ... കൂട്ടിക്കിഴിച്ച് ഹരിച്ചു ഗുണിച്ചു പെരുക്കി ...
അഞ്ചും നാലും ഒൻപതും ഏഴും പതിനാറ് ... മുന്നൂറ്റി ഇരുപത് ഗുണം എട്ട് സമം രണ്ടായിരത്തി അഞ്ഞൂറ പിന്നെയും കൂട്ടുമ്പോൾ മൂവായിരം രൂപ!!
ടി.വി.യിൽ അമേരിക്കയുടെ പ്രസിഡന്റ് വന്നു, റഷ്യയിലെ ഏതൊക്കെയോ കെട്ടിടങ്ങൾ വന്നു. ടി.വി.ക്കാരൻ കാലത്തും വൈകുന്നേരവും തണുപ്പും ചൂടും കാറ്റും വരികയും പോവുകയും ചെയ്യുന്ന കണക്കുകൾ പറഞ്ഞു. ജോയിക്ക് കാലാവസ്ഥ കാണുന്നതിഷ്ടമല്ല.
ഇത്രേം സ്പീഡിൽ ഇവരെന്നതാ പറഞ്ഞു കൂട്ടുന്നത് ?
ചോറെടുത്തില്ലേ?
അയാൾ സാലിയോടു ചോദിച്ചു. മറുപടി പറയാതെ സാലി ചോറു വിളമ്പി. കറികൾ നിരത്തി. ടി.വി. നോക്കിയിരുന്നു തന്നെ ഊണു കഴിക്കുമ്പോൾ സാലിക്കു വീണ്ടും കരയാൻ വന്നു. പിന്നെ അവൾ തന്നെത്താനെ വഴക്കു പറഞ്ഞു.
എന്തിനാ പൂക്കണ്ണീരൊഴുക്കുന്നത് ? ഒരു ഭർത്താവിനെ കിട്ടിയില്ലേ ? ദേ, സ്വന്തം അപ്പാർട്ടുമെന്റില്ലേ ? എൽസി ആന്റിയുടെ ബെയ്സ്മെന്റിലല്ലല്ലോ അമ്മാളമ്മച്ചിയുടെ അടുക്കളയിലല്ലല്ലോ. ജോയിച്ചായനു ജോലി കിട്ടിയില്ലേ ?
എന്നിട്ടും സാലിയുടെ മനസ്സ് നിറം കെട്ടുപോയ തുണിയായി ചുരുണ്ടു കിടന്നു.
ജോയിക്ക് ഒന്നിനും സമയം തികയുന്നില്ല. എന്തൊക്കെയോ കാര്യങ്ങൾ ചെയ്തു തീർക്കാനുള്ള ധൃതിയിൽ അയാൾ തിരക്കിട്ടുകൊണ്ടിരുന്നു. കെ - മാർട്ടിലെ വിശേഷങ്ങൾ അയാൾ ഫോണിലൂടെ കൂട്ടുകാരോടു പറയുന്നതു കേട്ട് സാലി ചിരിച്ചു.
ഈ ജോയിച്ചായന്റെ കാര്യം !
വീണ്ടും ഡിസംബർ വന്നു. കുത്തിത്തുളയ്ക്കുന്ന തണുപ്പുമായി. ഊതിത്തണുപ്പിക്കുന്ന കാറ്റുമായി. ഉറഞ്ഞു മരവിപ്പിക്കുന്ന മഞ്ഞുമായി. ഇലകളെക്കൊഴിച്ച് , മരങ്ങളെ ഉലച്ച്, ചെടികളെ കൊന്ന് വഴികളിൽ അപകടം വിതറി വിന്ററിന്റെ രാക്ഷസ നൃത്തം. സാലി കാത്തു കാത്തിരുന്ന വിശ്രമത്തിന്റെ സമയമായിരുന്നു അത്.
യോഹന്നാന്റെ വീട്ടിൽ എല്ലാവർക്കും ക്രിസ്തുമസ് സമ്മാനം വാങ്ങി കൊടുക്കണം എന്നു നിർബന്ധം പിടിച്ചത് സാലിയാണ്. ജോയിക്ക് അതൊന്നും വലിയ കാര്യമായി തോന്നിയില്ല. എത്ര ഡോളറാണു വെറുതെ കളയുന്നത്. അവരുടെ അപ്പാർട്ടുമെന്റിലേക്ക് എൽസിയും കുട്ടികളും വന്നിട്ടു തന്നെയില്ലല്ലോ. അവർ നമുക്കു സമ്മാനമൊന്നും തരുന്നില്ലല്ലോ. അയാൾക്ക് ന്യായീകരണങ്ങൾ പലതുണ്ടായിരുന്നു. പക്ഷേ, സാലി നിർബന്ധം പിടിച്ചു. എൽസിയുടെ കുറ്റപ്പെടുത്തൽ സാലിക്കു പറയാതെ കേൾക്കാം.
പഠിപ്പിച്ച് വിസായും പ്ലെയിൻ ടിക്കറ്റുമെടുത്ത് ഇവിടെ കൊണ്ടുവന്ന് ഈ നെലേലാക്കി. അണ്ടർവെയർവരെ വാങ്ങിക്കൊടുക്കേണ്ടി വന്നു. ഇപ്പം കണ്ട ഭാവമില്ല. നന്ദികെട്ട വർഗ്ഗം!
ആ വർഗം അവരുടെ ഭർത്താവും സാലി ഉൾപ്പെടെയുള്ള അയാളുടെ കുടുംബക്കാരുമാണെന്ന് അവൾക്കറിയാം. ക്രിസ്തുമസ്സിനു സാലിയും ജോയിയും സമ്മാനപ്പൊതികളുമായി എത്തിയപ്പോൾ ബോബിക്കും ബോണിക്കും അധികമൊന്നും പറയാനുണ്ടായിരുന്നില്ല.
ഹേയ്
എന്നു കുശലം പറഞ്ഞിട്ട് ബോബി ബെയ്സ്മെന്റിലേക്കു പോയി. ബോണി അവളുടെ മുറിയിൽ തന്നെ ആയിരുന്നു.
ഞാനൊന്നു കെടക്കട്ടെ.
എൽസി ഉച്ചയുറക്കത്തിനു പോയി. ജോയി യോഹന്നാന്റെ കൂടെയിരുന്ന് ഹോക്കി കണ്ടു. അയാൾ കോട്ടുവായിട്ടു. ഓയ്ലേഴ്സ് ജയിക്കും തോറും യോഹന്നാന് ആവേശമേറി.
ഓയ്ലേഴ്സ് ആൽബർട്ടായുടെ പുതിയ ടീമാ !
ജോയിക്ക് ഹോക്കിയിൽ രസം തോന്നിയില്ല, മതിപ്പും തോന്നിയില്ല. അപ്പാർട്ടുമെന്റിലിരുന്നാൽ എന്തൊക്കെ ചെയ്യാമായിരുന്നു എന്നോർത്ത് അയാൾക്ക് സാലിയോട് കടുത്ത ദേഷ്യംമാത്രം തോന്നി. അടുക്കളയിലെ കസേരയിലിരുന്ന് എന്തിനാണ് ജോയിയുടെ എതിർപ്പു നിഷേധിച്ചു വന്നതെന്നോത്ത് സാലി വിമ്മിട്ടപ്പെട്ടു.
ഇപ്പോൾ ക്രിസ്തുമസ്സിനു പുതുമയില്ല. ഒന്നിനും പുതുമയില്ല. ഒന്നിനും ഉൽസാഹമില്ല. പൊതുവേ ഒരു മരവിപ്പല്ലാതെ ഒന്നുമേയില്ലാതായിരിക്കുന്നു.
സ്വന്തമായി ഒന്നും നേടാത്തൊരു ജീവിതമാണു തന്റേതെന്ന് സാലി സ്വയം സഹതപിച്ചു. പാവം പാവം സാലി !
                                                      തുടരും...
പാമ്പും കോണിയും - നിർമ്മല - നോവൽ 12
Join WhatsApp News
Renu Sreevatsan 2020-09-22 13:48:36
മനോഹരമായ ശൈലി..തുടർച്ച വായിക്കാൻ കാത്തിരിക്കുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക