Image

റീനോ ചൂതാട്ട നഗരം സാമ്പത്തിക പ്രതിസന്ധിയില്‍

ജെയിംസ് വര്‍ഗീസ് Published on 06 June, 2012
റീനോ ചൂതാട്ട നഗരം സാമ്പത്തിക പ്രതിസന്ധിയില്‍
1950-ന് മുമ്പ് അമേരിക്കയിലെ ചൂതാട്ട തലസ്ഥാനമായി അറിയപ്പെട്ടിരുന്ന നെവാഡ സംസ്ഥാനത്തിലെ റിനോ നഗരം ഇന്ന് വന്‍ സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്നു.
അമേരിക്കയിലെ മരുഭൂമി സംസ്ഥാനമായ നെവാഡയിലെ രണ്ടു പ്രമുഖ ചൂതാട്ട നഗരങ്ങളാണ് റീനോയും, ലാസ് വേഗാസും.

കഴിഞ്ഞ 20 വര്‍ഷങ്ങളില്‍ ലാസ് വേഗാസ് നഗരത്തിന്റെ ക്രമാതീതമായ വളര്‍ച്ചയും, അമേരിക്കന്‍ ഗോത്ര വര്‍ഗ്ഗക്കാരായ റെഡ് ഇന്ത്യന്‍സിന് ചൂതാട്ട കേന്ദ്രങ്ങള്‍ക്ക് അനുമതി നല്‍കിയതിനെത്തുടര്‍ന്ന് വടക്കന്‍ കാലിഫോര്‍ണിയായില്‍ വന്‍ ചൂതാട്ട കേന്ദ്രങ്ങള്‍ തുറക്കുകയും ചെയ്തതും, അല്‍ക്വെദയുടെ ഭീകരാക്രമണത്തെ തുടര്‍ന്ന് അമേരിക്കയിലുണ്ടായ സാമ്പത്തിക മാന്ദ്യതയുമെല്ലാം റിനോയുടെ തകര്‍ച്ചക്ക് കാരണമായി.

റിനോ സിറ്റിയുടെ തലസ്ഥാനത്ത് പല വലിയ കെട്ടിട സമുച്ചയങ്ങള്‍ ഒഴിഞ്ഞു കിടക്കുന്നതു കാണാം. മാസത്തവണകള്‍ അടക്കാത്തതുമൂലം പല വീടുകളും ബാങ്കുകള്‍ തിരിച്ചു പിടിക്കുന്ന നടപടികളിലാണ്.

ചൂതാട്ട കേന്ദ്രങ്ങള്‍ പലതിലും ബിസിനസ്സ് തീരെ കുറഞ്ഞിരിക്കുന്നതായി കാണാം. പല റോഡുകളിലും വളരെ കുറച്ചുമാത്രം വാഹനങ്ങള്‍. തൊഴിലില്ലായ്മ റിനോയില്‍ 13 ശതമാനത്തിലേറെ എത്തിയിരിക്കുന്നു.

രണ്ടേകാല്‍ ലക്ഷം പേര്‍ മാത്രം സ്ഥിരതാമസക്കാരുള്ള റിനോ നഗരത്തിന്റെ പ്രധാന വരുമാനം പുറത്തു നിന്നു വരുന്ന ചൂതാട്ടക്കാരില്‍ നിന്നും കിട്ടുന്ന വരുമാനമാണ്. പുറത്തു നിന്നു വരുന്നവരുടെ എണ്ണം കുറഞ്ഞതോടെ വരുമാനത്തിലും കാര്യമായ കുറവുണ്ടായി.

റിനോ നഗരത്തില്‍ മാത്രമുള്ള ഹോട്ടലുകളിലെ മുറികളുടെ എണ്ണം പതിമൂവായിരത്തിലേറെയാണ്. ഇവയില്‍ പകുതിയെങ്കിലും നിറയ്ക്കാനുള്ള മത്സരത്തിലാണ് ഹോട്ടല്‍ ഉടമകള്‍യ അതുകൊണ്ട് തന്നെ മുറി വാടകയും വളരെ കുറഞ്ഞു വരുന്നു.

റീനോ നഗരത്തിലെ പ്രമുഖ ചൂതാട്ട ഹോട്ടലുകളില്‍ രണ്ടായിരത്തോളം മുറികളുള്ള ഗ്രാന്റ് സിയാരചും, ആയിരത്തി അഞ്ഞൂറ് മുറികള്‍ വീതമുള്ള പെപ്പര്‍മില്‍, ജോണ്‍ അസക്യൂഗാസ് നഗ്ഗറ്റ് എന്നിവയും ആയിരം മുറികള്‍ വീതമുള്ള അറ്റ്‌ലാന്റിസ് ഹോട്ടലും, ഹാരാസ്സ് ഹോട്ടലും ഇവയില്‍പ്പെടുന്നു.

നഷ്ടത്തിലോടുന്നതിനാല്‍ പല ചൂതാട്ട ഹോട്ടലുകളും അപ്പാര്‍ട്ടുമെന്റുകള്‍ ആക്കി മാറ്റിയിരിക്കുന്നു.
ഈ സാമ്പത്തിക തകര്‍ച്ചയെ മറികടക്കാന്‍ റിനോ നഗരത്തിന്റെ മേധാവികള്‍ പല വന്‍ ബിസിനസ്സുകാരെയും റിനോയിലേയ്ക്ക് ആകര്‍ഷിക്കുന്നതിനായി ശ്രമം നടത്തിവരുന്നു. ഫാക്ടറികള്‍, വെയര്‍ ഹൗസുകള്‍, വിതരണം തുടങ്ങിയ മേഖലയിലെ ബിസിനസ്സുകള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യുമെന്ന പ്രത്യാശയിലാണ് റിനോ സിറ്റി അധികൃതര്‍.

റീനോ ചൂതാട്ട നഗരം സാമ്പത്തിക പ്രതിസന്ധിയില്‍
ആളൊഴിഞ്ഞ ചൂതാട്ട കേന്ദ്രങ്ങള്‍
റീനോ ചൂതാട്ട നഗരം സാമ്പത്തിക പ്രതിസന്ധിയില്‍
തിരക്കൊഴിഞ്ഞ റോഡുകള്‍
റീനോ ചൂതാട്ട നഗരം സാമ്പത്തിക പ്രതിസന്ധിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക