Image

കുപ്രസിദ്ധ മോഷ്ടാവ് ആസിഡ് ബിജുവും സംഘവും പിടിയില്‍; 27 പവന്‍ സ്വര്‍ണം കണ്ടെടുത്തു

Published on 17 September, 2020
കുപ്രസിദ്ധ മോഷ്ടാവ് ആസിഡ് ബിജുവും സംഘവും പിടിയില്‍; 27 പവന്‍ സ്വര്‍ണം കണ്ടെടുത്തു

കൊച്ചി: വീടിന്റെ പിന്‍വാതില്‍ പൊളിച്ച് അകത്തു കയറി മോഷണം നടത്തുന്ന കുട്ടമങ്കലം നെല്ലിമറ്റം മാങ്കുഴി കുന്നേല്‍ ബിജു (ആസിഡ് ബിജു 45), പിടിയിലായി. ഇയാള്‍ മോഷ്ടിക്കുന്ന വസ്തുക്കള്‍ വില്‍ക്കുന്ന പല്ലാരിമംഗലം പറമ്പറക്കാട്ടില്‍ ഗോപി (50), തൃശൂര്‍ പുറന്നാട്ടുകര പറമ്പിക്കാട്ടില്‍ ശശികുമാര്‍ (62) എന്നിവരെയും പോത്താനിക്കാട് പോലിസ് അറസ്റ്റ് ചെയ്തു. 

എസ്.പി.: കെ. കാര്‍ത്തികിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം നടത്തുന്നതിനിടയിലാണ് പ്രതികള്‍ പിടിയിലാകുന്നത്. കോതമംഗലം,കുറുപ്പംപടി, കുന്നത്തുനാട് എന്നീ സ്റ്റേഷന്‍ അതിര്‍ത്തികളിലെ വിവിധ വീടുകളില്‍ ബിജു മോഷണം നടത്തിയിട്ടുണ്ട്.

പിടിയിലായവരില്‍നിന്ന് മോഷണമുതലായ 27 പവനോളം സ്വര്‍ണ്ണം കണ്ടെടുത്തു. മോഷണക്കേസിലെ ശിക്ഷ കഴിഞ്ഞ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് കഴിഞ്ഞ ജൂലൈ 12നാണ് ബിജു പുറത്തിറങ്ങുന്നത്. ബിജുവിന് എതിരെ അമ്പതോളം കേസുകള്‍ നിലവിലുണ്ട്. മോഷണം നടത്താന്‍ അകത്തു കയറുന്ന ബിജു, ഉറങ്ങിക്കിടക്കുന്നവര്‍ ഗാഢനിദ്രയിലാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് മോഷണം നടത്തുന്നത്. അറസ്റ്റിലായ ഗോപിയും നിരവധി കേസുകളിലെ പ്രതിയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കറുകുറ്റി കോവിഡ് സെന്ററിലേക്ക് മാറ്റി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക