Image

സുരേന്ദ്രനുള്ള മറുപടി പത്രസമ്മേളനത്തിലൂടെ പറയാനില്ലെന്നു മുഖ്യമന്ത്രി

Published on 15 September, 2020
സുരേന്ദ്രനുള്ള  മറുപടി പത്രസമ്മേളനത്തിലൂടെ പറയാനില്ലെന്നു മുഖ്യമന്ത്രി
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മാനസിക നില തെറ്റി പലതും വിളിച്ചുപറയുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ മകളെ ചോദ്യം ചെയ്താല്‍ ലൈഫ് മിഷന്‍ തട്ടിപ്പ് കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുമെന്ന സുരേന്ദ്രന്റെ ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

'അയാള്‍ക്ക് ഒരു ദിവസം രാത്രി എന്തൊക്കയോ തോന്നുന്നു, അതൊക്കെ വിളിച്ചുപറയുന്നു, പ്രത്യേക മാനസകാവസ്ഥയാണത്. അതിന് ഞാനല്ല മറുപടി പറയേണ്ടത്. സുരേന്ദ്രനോട് ഇനിയും പറയാനുണ്ട്, അത് പത്രസമ്മേളനത്തിലൂടെ പറയാനില്ല. സുരേന്ദ്രനല്ല പിണറായി വിജയന്‍. അതോര്‍ക്കണം' മുഖ്യമന്ത്രി പറഞ്ഞു.

'ഒരു സംസ്ഥാനപാര്‍ട്ടിയുടെ അധ്യക്ഷന്‍ ഒരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങള്‍ വിളിച്ചുപറയുകയാണ്. എന്താണ് ആ മാനസികാവസ്ഥ?  അത്രമാത്രം മാനസികാവസ്ഥ തെറ്റിപ്പോയ ഒരാളെ ബിജെപിയുടെ അധ്യക്ഷനായി ഇരുത്തണോ എന്ന് പാര്‍ട്ടി ആലോചിക്കണം. '

'മാനസിക നില തെറ്റി അടിസ്ഥാനമില്ലാത്ത എന്തും വിളിച്ചുപറയുന്ന അവസ്ഥയായിരിക്കുന്നു. അതാണോ പൊതുരാഷ്ട്രീയത്തില്‍ വേണ്ടത്? സാധാരണ നിലയില്‍ സ്വീകരിക്കേണ്ട ചില മര്യാദകളില്ലേ അതാണോ ഈ കാണിക്കുന്നത്. എന്തടിസ്ഥാനത്തിലാണ് ഇങ്ങനെ പറയുന്നതെന്ന് സുരേന്ദ്രന്‍ പറയണം.'

'പലരീതിയില്‍ കഥകള്‍ പ്രചരിപ്പിക്കുകയാണ്. അതില്‍ കുടുംബാംഗങ്ങളെപ്പോലും വലിച്ചിഴയ്ക്കുന്നു. എന്നാല്‍ ഇതൊന്നും ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല. ഞങ്ങള്‍ അതിനെ അതിന്റേതായ രീതിയില്‍ തന്നെ നേരിടും. ഇതൊക്കെ പൊതുസമൂഹവും കാണുന്നുണ്ട്. ഉദ്ദേശമെന്താണെന്ന് ജനങ്ങളും തിരിച്ചറിയുന്നുണ്ട്. തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങള്‍ ചെലവാകില്ല'

അഴിമതി തീണ്ടാത്ത എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ശുദ്ധ അപവാദം വിളിച്ചുപറയുകയാണ്. ഓരോരുത്തരുടെ നിലവെച്ച് മറ്റുള്ളവരെ അളക്കരുത്. എന്തെങ്കിലും വിളിച്ചുപറഞ്ഞാല്‍ പരാതിയാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക