Image

മുസ്‌ലികളെ അപകീര്‍ത്തിപ്പെടുത്തുന്നു; സുദര്‍ശന്‍ ടി.വിയുടെ ഐ.എ.എസ് ജിഹാദ് പരിപാടി സുപ്രീം കോടതി വിലക്കി

Published on 15 September, 2020
മുസ്‌ലികളെ അപകീര്‍ത്തിപ്പെടുത്തുന്നു; സുദര്‍ശന്‍ ടി.വിയുടെ ഐ.എ.എസ് ജിഹാദ് പരിപാടി സുപ്രീം കോടതി വിലക്കി

സിവില്‍ സര്‍വീസില്‍ മുസ്‌ലിം പ്രാതിനിധ്യം കൂടുന്നതില്‍ ഗൂഢാലോചന ആരോപിച്ച ടെലിവിഷന്‍ പരിപാടിയുടെ സംപ്രേഷണം സുപ്രീം കോടതി വിലക്കി. സുദര്‍ഷന്‍ ന്യൂസ് ടിവി സംപ്രേഷണം ചെയ്തിരുന്ന '‍ബിന്‍ഡാസ് ബോല്‍' എന്ന പരിപാടിയുടെ രണ്ട് എപ്പിസോഡുകള്‍ക്കാണ് വിലക്ക്. ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 


മുസ്‌ലിം സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുകയും സിവില്‍ സര്‍വീസുകളിലേക്ക് നുഴഞ്ഞുകയറുന്നവര്‍ എന്ന് മുദ്രകുത്തുകയും ചെയ്യുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. നിങ്ങള്‍ക്ക് ഒരു സമുദായത്തെ ലക്ഷ്യം വയ്ക്കാനും പ്രത്യേക രീതിയില്‍ മുദ്രകുത്താനും കഴിയില്ല- സുപ്രീം കോടതി പറഞ്ഞു.

മാധ്യമങ്ങളില്‍ സ്വയം നിയന്ത്രണം ഉണ്ടായിരിക്കണം. 


എന്നാല്‍ ഒരു സമുദായത്തെയോ വ്യക്തിയോ ലക്ഷ്യം വെച്ച്‌ അപകീര്‍ത്തിപ്പെടുത്താന്‍ മാധ്യമങ്ങള്‍ക്കുള്ള ശക്തി വളരെ വലുതാണ്. എന്നാല്‍ ടി.ആര്‍.പി റേറ്റിംഗ് മാത്രം നോക്കി പരിപാടികള്‍ നിര്‍മ്മിക്കരുത്. ഇത് സെന്‍സേഷണലിസത്തിലേക്കാണ് നയിക്കുന്നത്. അതിലൂടെ വ്യക്തികളുടെയും സമുദായത്തിന്റെയും സല്‍പ്പേര് കളങ്കപ്പെടും- സുപ്രീം കോടതി പറഞ്ഞു.


എന്നാല്‍ ഇത്തരം അപകീര്‍ത്തികരമായ വാദങ്ങള്‍ മാധ്യമങ്ങള്‍ ഉന്നയിക്കുന്നത് ആശങ്കജനകമാണ്. അവരുടെ ചര്‍ച്ചകളുടെ സ്വഭാവവും ജനങ്ങളില്‍ ആശങ്കയുണ്ടാക്കുന്നുവെന്ന് സുദര്‍ശന്‍ ടിവി പരിപാടിക്കെതിരെ സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കവെ സുപ്രീം കോടതി അറിയിച്ചു. ഈ പരിപാടിയിലേക്ക് നോക്കൂ, എത്ര ക്രൂരമാണ്. ഒരു സമുദായം സിവില്‍ സര്‍വ്വീസിലേക്ക് പ്രവേശിക്കുന്നതിനെ ഇത്തരത്തിലാണോ ചിത്രീകരിക്കുന്നത് ബെഞ്ച് അധ്യക്ഷന്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു.


സര്‍ക്കാര്‍ സര്‍വ്വീസുകളില്‍ മുസ്‌ലിം സമുദായത്തില്‍ പെട്ടവര്‍ കൂടുതലായി എത്തുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്നായിരുന്നു ചാനലിന്റെ വാദം. 


നേരത്തേ യു.പി.എസ്.സിയിലേക്ക് മുസ്‍ലിംകള്‍ നുഴഞ്ഞുകയറുന്നുവെന്നാരോപിച്ച്‌ സുദര്‍ശന്‍ ടി.വി പ്രക്ഷേപണം ചെയ്യാനിരുന്ന വാര്‍ത്താധിഷ്ഠിത പരിപാടിക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി നല്‍കിയിരുന്നു. തുടര്‍ന്ന് പരിപാടി മുസ്‍ലിം വിദ്വേഷം പരത്തുന്നതാണെന്ന പരാതിയില്‍ ദല്‍ഹി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക