Image

നിമിഷങ്ങൾ (കവിത : ഡോ.എസ്.രമ)

Published on 15 September, 2020
നിമിഷങ്ങൾ  (കവിത : ഡോ.എസ്.രമ)
ഘടികാരസൂചിയുടെ
ചലനങ്ങൾ ...
ഹൃദയമിടിപ്പിന്റെ താളങ്ങൾ . ...
നിമിഷങ്ങളെ
അടയാളപ്പെടുത്തുന്നുണ്ട്...
ജനിക്കുമ്പോൾ
ദിനരാത്രങ്ങളുടെ ഒച്ചകളെ
പുണരുന്ന നിമിഷങ്ങൾ....
ഇനി വരില്ലയെന്നു
മന്ത്രിച്ചു കൊണ്ടിന്നലെകളിലേക്ക് പോകും..
ഓർമ്മകളുടെ കുഴിമാടങ്ങളിൽ
അന്ത്യവിശ്രമം കൊള്ളും..
ഇന്നിന്റെ നിമിഷങ്ങളെ
ഇന്നലെകളിലേക്ക്  തള്ളിയിടുമ്പോൾ  
നേട്ടങ്ങൾ പുഞ്ചിരിക്കുന്നു ണ്ട്..
നഷ്ടങ്ങൾ  
വിലപിക്കുന്നുണ്ട്...

പ്രകൃതിയുടെ ഭാവഭേദങ്ങളിൽ ഋതുക്കൾ
നടക്കുമ്പോൾ ഓർമ്മകൾ നേർത്തു വരും.
പൂവിട്ട മരങ്ങളും
പുതിയ മുഖങ്ങളും
പ്രതീക്ഷകളാകും..

ആഗ്രഹങ്ങളുടെ..
ആധികളുടെ..
കണക്കുകൂട്ടലുകളുടെ..
നാളെകൾക്ക്
മൂടൽമഞ്ഞിന്റെ..
അവ്യക്തതയാണ്..
മായും മുഖങ്ങളിൽ
നടന്നു തീരാനുള്ള
ദൂരങ്ങളുടെ അനിശ്ചിതത്വമുണ്ടവിടെ..

മിണ്ടാതെ പോകും  
നിമിഷങ്ങളെ ആത്മാവിൽ
ചേർത്ത് വയ്ക്കണം...
അവനവന്റെ മുഖമലിഞ്ഞു
ചേരും നിമിഷങ്ങളിൽ
നാളെകൾ എത്തും വരേക്കുമവ
നിങ്ങൾക്കുള്ളതാണ്...
നാളെകളിൽ
മായും മുഖങ്ങൾ  
മറവിയിൽ നേർത്ത് വരും....
ഇല്ലാതെയാകും...
അപ്പോഴും
നിമിഷങ്ങൾ ഇന്നുകളെ
പുണരുന്നുണ്ടാകും... 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക