Image

ഊപ്പ (കഥ: അശോക് വിക്രം)

Published on 03 September, 2020
ഊപ്പ (കഥ: അശോക് വിക്രം)
നാടൻപന്തുകളിക്കളത്തിന്നരികിൽ തന്റെ അംബാസ്സഡർ കാറിൽ ചാരിനിന്നുകൊണ്ട് ജോർജ്ജുകുട്ടി ഒരു പ്രഖ്യാപനം പോലെ ആ കാര്യം അറിയിച്ചപ്പോൾ, ചുറ്റിനും പൊതിഞ്ഞുനിന്നിരുന്ന ഞങ്ങളെല്ലാവരും സന്തോഷമടക്കാനാവാതെ തുള്ളിച്ചാടി ! നാട്ടിൽ വർഷങ്ങളായി ആൾത്താമസമില്ലാതിരുന്ന പഴയ ഇരുനിലമാളിക ലേഡീസ് ഹോസ്റ്റലാക്കുന്നു !!! ഞങ്ങളുടെ വരണ്ട ജീവിതങ്ങൾ പുഷ്ക്കലമാകാൻ പോകുന്നു !!! എങ്ങനെ തുള്ളിച്ചാടാതിരിക്കും ?

ജോർജ്ജുകുട്ടി കാര്യങ്ങൾ വിശദീകരിച്ചു. അവന്റെ പരിചയക്കാരനായ ടൗണിലെ ടെക്സ്റ്റയിൽഷോപ്പ് മുതലാളി തന്റെ സ്റ്റാഫുകളെ താമസിപ്പിക്കാൻ ഒരു വാടകക്കെട്ടിടം നോക്കിനടന്നതും, ഒടുവിൽ ജോർജ്ജുകുട്ടിയിടപെട്ട് നാട്ടിലെ പഴയ മാളിക ശരിയാക്കിക്കൊടുത്തതുമെല്ലാം അവൻ വിവരിച്ചപ്പോൾ ഞങ്ങളുടെ മുന്നിൽ അവൻ വാനോളം വലുതായി, ഒരു ആൾദൈവമായി...

അതിനുശേഷം മറ്റൊരു അത്ഭുതവാർത്ത കൂടി ജോർജ്ജുകുട്ടി അറിയിച്ചു -
ഹോസ്റ്റലിൽ ഒരു സെക്യൂരിറ്റി ഗാർഡിന്റെ വേക്കൻസിയുണ്ട് ! അതിനുള്ള ആളിനെ കണ്ടുപിടിക്കുന്ന ചുമതലയും തന്നെയേൽപ്പിച്ചിരിക്കുകയാണ്‌. തള്ളയാടിന്റെ മുലകുടിക്കാൻ ആട്ടിൻകുഞ്ഞുങ്ങൾ നടത്തുന്നതു പോലൊരു ഇടിയായിരുന്നു പിന്നവിടെ നടന്നത് ! ഞാൻ, ഞാൻ എന്നു പറഞ്ഞ് ഞങ്ങളോരോരുത്തരും ജോർജ്ജുകുട്ടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു ! മലമുകളിലെ വിശന്നുവലഞ്ഞ ജനക്കൂട്ടത്തെ യേശുക്രിസ്തു ശാന്തരാക്കിയതുപോലെ കൈകളുയർത്തി ജോർജ്ജുകുട്ടി ഞങ്ങളെ ശാന്തരാക്കി.

സെക്യൂരിറ്റി ഗാർഡാവാനുള്ള തങ്ങളുടെ യോഗ്യതകളും, ബയോഡാറ്റയും അവിടെ വായ്മൊഴിയായി അവതരിപ്പിക്കപ്പെട്ടു. കലപിലക്കിടയിൽ ബയോഡാറ്റകൾ കൂടിക്കലർന്നു, ഏഴാംക്ലാസ്സ് തോറ്റവൻ BSc കെമിസ്ട്രിക്കാരൻ വരെയായി ! ചിലർ ഷർട്ടൂരി തങ്ങളുടെ മസിലുകൾ പ്രദർശിപ്പിച്ചു, ചിലർ ഒറ്റയടിക്ക് 101 പുഷ്-അപ്സെടുത്തു ! ഇതിനൊക്കെ ശേഷമായിരുന്നു കരളലിയിക്കുന്ന ഒരു ബയോഡേറ്റ അവിടെ അവതരിപ്പിക്കപ്പെട്ടത്. ഞങ്ങൾ സുഹൃത്തുക്കളിലേറ്റവും മുതിർന്നവനും, വയസ്സു നാല്പതായിട്ടും അവിവാഹിതനും, ജോർജ്ജുകുട്ടിയുടെ റബ്ബർതോട്ടത്തിലെ ടാപ്പിംഗുകാരനും, അവിടത്തെ പത്തുസെന്റിൽ കുടികിടപ്പുകാരനുമായ ചാക്കോ ആയിരുന്നു അതിന്റെ പ്രായോജകൻ. ഈ ഗണത്തിൽപ്പെടുത്താവുന്ന ലോകത്തിലെ ആദ്യത്തെ ബയോഡേറ്റയായിരുന്നു അത് :-

".. എന്റെ അന്നദാതാവായ ജോറൂട്ടിച്ചായൻ (ജോർജ്ജുകുട്ടിക്ക് പ്രായം 28 മാത്രം !), എന്റെ ചങ്കിനും, ചങ്കായ സുഹൃത്തുക്കളേ, സഹപ്രവർത്തകരേ (നാടൻപന്തുകളി വിഭാഗത്തിൽ)....
ഇവിടെ അവതരിപ്പിക്കപ്പെട്ട ഒഴിവിലേക്ക് നിങ്ങളെല്ലാവരും തന്നെ സർവ്വാത്മനാ യോഗ്യരാണെന്നന്നുള്ള വിവരം ഞാൻ പറയാതെതന്നെ നിങ്ങൾക്കേവർക്കുമറിവുള്ളതാണല്
ലൊ.. എന്നാൽ ഞാനിവിടെ ആവശ്യപ്പെടുന്നത് നിങ്ങളുടെ തടിമിടുക്കോ, വിദ്യാഭ്യാസയോഗ്യതയോ ഒന്നുമല്ല, ഒരല്പം ഭൂതദയ മാത്രമാണ്... അതും നിങ്ങളുടെ എളിയവരിൽ എളിയവനായ ഈ സഹോദരനോട്. എന്നോട് ഇന്ന് നിങ്ങളീ ഔദാര്യം കാട്ടിയാൽ സ്വർഗ്ഗസ്ഥനായ പിതാവ് അത് നിങ്ങളുടെ പേരിനുനേരേ ആളോഹരി കണക്കു പുസ്തകത്തിൽ രേഖപ്പെടുത്തും, ഹിന്ദുക്കളായ സഹോദരങ്ങൾക്ക് ഭഗവത്ഗീതയിലും, മുസ്ലിം സഹോദരന്മാർക്ക് ഖുറാനിലും സൗകര്യംപോലെ രേഖപ്പെടുത്തുന്നതാണ്...
എന്റെ ഈ തിരുസ്വരൂപം കണ്ടാൽ ജീവിവർഗ്ഗങ്ങളിൽപെട്ട ഒരു പെണ്ണും തിരിഞ്ഞുനോക്കുകയില്ലെന്നുള്ള വിവരം എന്നെപ്പോലെതന്നെ നിങ്ങൾക്കേവർക്കും അറിവുള്ളതാണല്ലൊ, മാത്രമല്ല പ്രസവശേഷം എന്റെയീ തിരുമോന്ത കണ്ടയുടനെതന്നെ എന്റെ വത്സലമാതാവ് പെണ്ണമ്മ അറ്റാക്കു വന്ന് പരലോകം പൂകിയതും നിങ്ങളിൽ പലരും പറഞ്ഞുകേട്ടിരിക്കും... ഈ നാല്പതാം വയസ്സിലും ഞാനിങ്ങനെ 'വെയ്റ്റിട്ടു ' നടക്കുന്നത് നിവൃത്തികേടുകൊണ്ട് മാത്രമാണ്. ജോറൂട്ടിച്ചായൻ മുഖേന ഒടേതമ്പുരാൻ എനിക്കേകിയ ഒരു അവസാന അവസരമായി ഞാനിതിനെ കണ്ടാൽ എന്നെ നിങ്ങളാരും കുറ്റപ്പെടുത്തരുതെന്നപേക്ഷിക്
കുന്നു. സ്ഥിരമായി കാണാൻ നിർബന്ധിതരായാൽ ഏതു കൊഞ്ജാണ്ടനോടും സ്ത്രീകൾക്ക് പ്രണയം മുളയ്ക്കാം എന്ന ഫ്രോയ്ഡിയൻ സിദ്ധാന്തത്തിലാണ് എന്റെ ഇനിയുള്ള പ്രതീക്ഷ... നിങ്ങളേവരും എന്നെ കനിഞ്ഞനുഗ്രഹിച്ചാൽ അതിനുള്ള അവസരം കരഗതമാകുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു... "

ഇത്രയും പറഞ്ഞതിനു ശേഷം ചാക്കോ പ്രകടനം കഴിഞ്ഞ ബാൾറൂം ഡാൻസുകാരിയെപ്പോലെ കൈകൾ വിരിച്ച്, തലയും കുമ്പിട്ടു നിന്നു. ഞങ്ങളിൽ പലരും കണ്ണീരൊപ്പി. ജോർജ്ജുകുട്ടി മൂക്കുപിഴിഞ്ഞ് അംബാസ്സഡറിന്റെ ബീഡിംഗിൽ തേച്ചിട്ടു ചോദിച്ചു :-
''..ചാക്കോ, കാര്യമൊക്കെ ശരിതന്നെ, സെക്യൂരിറ്റി ഗാർഡിന് മുതലാളി നിശ്ചയിച്ചിരിക്കുന്ന ശമ്പളം വെറും 1500 ഉലുവ മാത്രമാണ്. ആ തുക നീയിപ്പം മൂന്നീസംകൊണ്ട് റബ്ബറുവെട്ടി ഉണ്ടാക്കുന്നുണ്ട്.. "

"..മണ്ടപോയ തെങ്ങിന് വളം പോലെയാ ജോറൂട്ടിച്ചായാ എനിക്കിപ്പം പണം. ഒറ്റാന്തടിക്കു കാശുകിട്ടിയാൽ വഴിതെറ്റിപ്പോകത്തല്ലേയുള്ളു ? പിന്നെ തുണിക്കടേലെ ഏതേലും ഒരെണ്ണം വളഞ്ഞാൽ, അവൾക്കു കാണുമല്ലൊ പത്തുപന്തീരായിരം ശമ്പളം... ഒരു കുടുംബത്തിന് അത് ധാരാളമല്ലേ ജോറൂട്ടിച്ചായാ..? "

അമ്പടവീരാ എന്നഭാവത്തിൽ ഞങ്ങൾ ചാക്കോയെ നോക്കി. ചാക്കോ ചൂണ്ടുവിരൽ വായിൽവെച്ച്, കാൽവിരലുകളാൽ കവിത രചിച്ചു. ജോർജ്ജുകുട്ടി പറഞ്ഞു :-
''..ചാക്കോയേ, നിന്നെ സെക്യൂരിറ്റിയൊക്കെയാക്കാം, പക്ഷേ നീ ഞങ്ങൾക്ക് ചില സഹായങ്ങളൊക്കെ ചെയ്യണം. ഞങ്ങളിടയ്ക്കിടെ അവിടെക്കേറി അർമ്മാദിക്കും, നീയതൊക്കെ കണ്ടില്ലെന്നുവെച്ചേക്കണം... "

"..അതെന്നോടു പ്രത്യേകം പറയണോ ജോറൂട്ടിച്ചായാ.. ഏതു വേണമെന്നു പറഞ്ഞാമതി, സെറ്റപ്പുചെയ്യുന്ന കാര്യം ഈ ചാക്കോയേറ്റു.. ജോറൂട്ടിച്ചായനെന്റെ ദൈവാ... നിങ്ങളെല്ലാം പുണ്യാളന്മാരും... "
ചാക്കോ ഞങ്ങളെ നോക്കിപ്പറഞ്ഞു.

".. എന്നാൽ നിരവധി പൂക്കളുള്ള ആ തോട്ടത്തിൽ നിന്നെ ഉദ്യാനപാലകനായി ഇതിനാൽ വാഴിച്ചിരിക്കുന്നു... "
ജോർജ്ജുകുട്ടി ചാക്കോയുടെ തലയിൽ കൈവച്ചു. പിന്നെയെല്ലാം പെട്ടെന്നായിരുന്നു, ചാക്കോ ജനാധിപത്യമാതൃകയിൽത്തന്നെ ഐക്യകണ്ഠേന സെക്യൂരിറ്റി സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യപ്പെടുകയും, ജോർജ്ജുകുട്ടിയുടെ ശുപാർശയിൽ തൊട്ടടുത്ത ദിവസംതന്നെ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.

പൊടിപിടിച്ചുകിടന്ന മാളികയും, പരിസരങ്ങളുമെല്ലാം വൃത്തിയാക്കുന്നതും സെക്യൂരിറ്റിയുടെ ജോലിയായിരുന്നു. ഞങ്ങളും ചാക്കോയെ സഹായിച്ചു. മുറ്റമെല്ലാം പുല്ലുപറിച്ചു വൃത്തിയാക്കി, പരിസരങ്ങളിലെ വള്ളിപ്പടർപ്പുകൾ വെട്ടിമാറ്റാൻ തുടങ്ങിയ ഞങ്ങളെ ജോർജ്ജുകുട്ടി തടഞ്ഞു :-
".. അതവിടെ നിന്നോട്ടെ, നമുക്കു രാത്രീൽ പമ്മിവന്നു പതുങ്ങിയിരിക്കാൻ ബെസ്റ്റാ..."

ലോറിയിൽ വന്ന ഫർണിച്ചറുകൾ ഞങ്ങളെല്ലാവരും ചേർന്നിറക്കി. മുറിയിൽ പിടിച്ചിട്ട ഡോർമിറ്ററി മോഡൽ ഡബിൾഡക്കർ കട്ടിലുകളിൽ ഉസ്മാൻ കിടന്നുരുണ്ട് ഉമ്മവച്ചു.
".. ഹൊ.. മദാലസകൾക്ക് ശയിക്കാനുള്ള സപ്രമഞ്ചം... "

"..ഉസ്മാനേ, കട്ടിലേ നക്കരുത്, മൂട്ടയ്ക്കൊള്ള മരുന്നടിച്ചിട്ടൊള്ളതാ.. അവര് കെടക്കുന്നത് ബെഡ്ഡേലാടാ പൊട്ടാ.."
".. എന്നാൽ ബെഡ്ഡുകൊണ്ടുവാ..? "
ഉസ്മാനലറി.

അങ്ങനെ മദാലസകളാഗതരാകാനുള്ള ദിവസമെത്തി. ഞങ്ങൾ രാവിലെതന്നെ കുളിച്ച്, അത്തറടിച്ച് മാളികയിലെത്തി. ചാക്കോയെക്കണ്ട ഞങ്ങൾ ഞെട്ടി. അവൻ കരിനീലപ്പാന്റും, ഇളംനീല ഷർട്ടും, തോൾവാറുമൊക്കെയായി സെക്യൂരിറ്റി യൂണിഫോമിൽ മുഖം കനപ്പിച്ചു നിൽക്കുന്നു !

".. എന്താടാ ചാക്കോ, നിനക്കൊരു ഗൗരവം..? " ജോർജ്ജുകുട്ടി ചോദിച്ചു.
".. അതേയ്, നിങ്ങളിങ്ങനെ ഇനിയിവിടെ കേറിയിറങ്ങിയാൽ ശരിയാകത്തില്ല. സഹോദരിമാർ വരാനുള്ള സമയമായി. ക്രമസമാധാനപാലകനെന്നുള്ള നിലയിൽ ഞാൻ പറയുന്നു, എല്ലാവരും വേഗം സ്ഥലം കാലിയാക്കിക്കോ... ഇനിയീ പരിസരത്ത് കണ്ടേക്കരുത്..."

".. അതെന്നാ പോക്രിത്തരമാടാ ചാക്കോ നീയീപ്പറയുന്നത് ? നമ്മള് നേരത്തേയൊരു ധാരണേലെത്തീട്ടല്ലേ നിന്നയിവിടെ കേറ്റിയത്..? "

"..ഡ്യൂട്ടി ഈസ് ഡ്യൂട്ടി, അതിന്റെ മോളിലൊരു ധാരണേമില്ല. ഇവിടത്തെ സഹോദരിമാരുടെ ജീവനും, മാനത്തിനും, സ്വത്തിനും ഇനി ഞാനാണ് കാവൽക്കാരൻ. നിങ്ങളു നിന്നു കറങ്ങാതെ വേഗം വിട്ടോ..."

".. എടാ, നന്ദിയില്ലാത്ത നായേ, നിന്നെ ഞാൻ..." ജോർജ്ജുകുട്ടി കൈയോങ്ങി. ചാക്കോ എളിയിൽ നിന്നും ടാപ്പിംഗ് കത്തിയെടുത്തു.
".. ജോറൂട്ടീ.. വെട്ടു നിർത്തിയേലും ഞാൻ കത്തി കളഞ്ഞിട്ടില്ല. ഈ ഗൂർഖയുടെ കുക്രിയാ ഇത്. മരിയാദക്കു പോയില്ലേൽ ഇത് ഞാൻ പള്ളയ്ക്കു കേറ്റും, പറഞ്ഞേക്കാം.. "

ജോർജ്ജുകുട്ടിയും, ഞങ്ങളും രോഷം സഹിക്കാനാവാതെ പല്ലുഞെരിച്ചു.
".. നീയിവടന്ന് പൊറത്തോട്ടെറങ്ങുമല്ലൊ.. ഞങ്ങള് കാണിച്ചു തരാമെടാ..."

".. എന്നെ എവിടെയെങ്കിലും വച്ച് ആരെങ്കിലും തല്ലിയാലും ഞാൻ നിങ്ങൾക്കെതിരേ കേസുകൊടുക്കും. സ്ത്രീപീഠനത്തിന് കൂട്ടുനിൽക്കാത്തേന് എന്നെ തല്ലിയതാന്നു പറയും. വകുപ്പേതാണെന്നറിയാമല്ലൊ..? "

ഞങ്ങൾക്ക് ഒന്നും മിണ്ടാനായില്ല.
".. അവനൊറ്റയ്ക്കു തിന്നാനുള്ള പരിപാടിയാ.. പാമ്പിനാണല്ലൊ സെന്റ്.ജോർജ്ജുപുണ്യാളാ ഇത്രേംനാളും പാലു കൊടുത്തത്.."
ജോർജ്ജുകുട്ടി മുറുമുറുത്തു. ഞങ്ങളങ്ങനെ ഇതികർത്തവ്യാമൂഢരായി നിൽക്കേ കാറിൽ തുണിക്കടമുതലാളിയെത്തി.
".. ഞാനിപ്പം കാണിച്ചുതരാം..."
ജോർജ്ജുകുട്ടി മുതലാളിയുടെ സമീപത്തേക്കു ചെന്നു. അല്പനേരത്തെ സംസാരത്തിനു ശേഷം ഹതാശനായി അവൻ തിരിച്ചെത്തി :-

".. രക്ഷയില്ലെടാ, അവൻ തലക്കാടുവെട്ടി, 1500 രൂപായ്ക്കു കാവൽ മാത്രമല്ല പാചകോം കൂടി ചെയ്തോളാമെന്ന് അവൻ പറഞ്ഞത്രേ.. ആ തുകയ്ക്ക് വേറെ ആരെക്കിട്ടുമെന്നാ അയാളു ചോദിക്കുന്നത്.. മാത്രമല്ല ഹോസ്റ്റലുള്ള കാലത്തോളം അവൻ സെക്യൂരിറ്റി കം കുക്കായി നിന്നോളാമെന്ന് നൂറുരൂപയുടെ മുദ്രപ്പത്രത്തേലെഴുതി ഒപ്പിട്ടു കൊടുക്കേം ചെയ്തത്രേ... "

ഉസ്മാൻ പറഞ്ഞു :-
".. അവൻ ഓടുന്ന പട്ടിക്ക് ഒരുമുഴം മുമ്പേയെറിഞ്ഞു..."
".. അപ്പറഞ്ഞ ഉദാഹരണത്തിലെ പട്ടി ഞാനല്ലേടാ പട്ടീ..... "
ജോർജ്ജുകുട്ടി കലിച്ചു.

ഹോസ്റ്റലിനുള്ള അന്തേവാസികളുമായി ഒരു മിനിബസ്സ് മാളികയുടെ മുന്നിൽവന്നു നിർത്തി. അതിൽ നിന്നിറങ്ങിയവരെ കണ്ട് ഞങ്ങൾ അന്തംവിട്ടു. എല്ലാം ഇരുപതിനും, നാൽപ്പതിനുമിടക്ക് പ്രായമുള്ള പുരുഷന്മാർ !!! ജോർജ്ജുകുട്ടി മുതലാളിയോടു ചോദിച്ചു :-
".. ഇവര്..? "
".. ഇവരാണിനി ഇവിടത്തെ താമസക്കാർ. എല്ലാം എന്റെ സ്റ്റാഫാ.. മൊത്തം മുപ്പതുപേരൊണ്ട്.. "
".. അപ്പോ ലേഡീസ്റ്റാഫില്ലേ..? "
".. ഒണ്ട്, അവരെ ഈ കാട്ടുമുക്കിൽ കൊണ്ടുവന്ന് താമസിപ്പിക്കാൻ പറ്റുമോ ? അവര് ടൗണിൽ എന്റെ വീടിന്റെ കോമ്പൗണ്ടിൽത്തന്നെ ഒരു കെട്ടിടത്തിലാ താമസം. കൊച്ചുപെമ്പിള്ളാരല്ലേ.. നമ്മുടെയൊരു മേൽനോട്ടം വേണമല്ലൊ..."

".. ബെസ്റ്റ്... നടുക്കണ്ടം തിന്നുന്ന മൊതലാളി.. " ഉസ്മാൻ പറഞ്ഞു.
ചിരിക്കണോ, കരയണോ എന്നറിയാതെ ഞങ്ങളവിടെ നിന്നു. എന്നാൽ ആമ്പിറന്നവന്മാരുടെ കെട്ടും, കിടക്കയും ചുമക്കുന്ന ചാക്കോയെ കണ്ടപ്പോൾ ഞങ്ങൾക്ക് ചിരിപൊട്ടി.
"..ചട്ടനെ പൊട്ടൻ ചതിച്ചാൽ... "
ഉസ്മാൻ പഴഞ്ചൊല്ല് പാതിവഴിക്കു നിർത്തി ജോർജ്ജുകുട്ടിയെ നോക്കി വായ്പൊത്തി.

".. എന്നാൽ ഞാനങ്ങു പോയേക്കുകാ.. ഇതുവരെയുള്ള സഹകരണം തുടർന്നും കാണണം.."
മുതലാളി ഞങ്ങളോട് പറഞ്ഞു.
".. ഓ.. ഇനി അവനുണ്ടല്ലൊ, എല്ലാം അവൻ നോക്കിക്കോളും, മിടുക്കനാ.."
ജോർജ്ജുകുട്ടി പറഞ്ഞു.

ചാക്കോ സാധനങ്ങളെല്ലാം ചുമ്മിത്തീരുന്നതുവരെ ഞങ്ങളവിടെ നിന്നു. അതിനു ശേഷം ജോർജ്ജുകുട്ടി അവനെ കൈകാട്ടി വിളിച്ചു. പുറപ്പെട്ടുപോയ പട്ടി തിരിച്ചുവരുന്നതു പോലെ ചാക്കോ മെല്ലെ ഞങ്ങൾക്കരികിലെത്തി. അവന്റെ മുഖത്ത് ചോരമയമില്ലായിരുന്നു. ജോർജ്ജുകുട്ടി പറഞ്ഞു :-

".. അങ്ങനെ നിനക്കൊരു ജീവിതമായി. ഉറ്റോരും, ഉടയോരുമില്ലാത്ത നിനക്ക് മുപ്പതു സഹോദരന്മാരെയാ ദൈവം തന്നേക്കുന്നെ.. അവർക്ക് വെച്ചുവിളമ്പി ഇനിയുള്ളകാലം നീ സുഖമായി വാഴ്ക... "
".. ജോറൂട്ടിച്ചായാ..."

".. പോടാ തെണ്ടീ.. നിനക്ക് ഉദ്യാനപാലകനെന്ന് പേരിട്ടത് ഞാനാ. ഞാനിപ്പം അതിന്റെ ഷോർട്ട്ഫോം വിളിക്കുകാ... ഊപ്പ... നീ ഊപ്പയാടാ.. വെറും ഊപ്പ..."

"ഊപ്പ " എന്നാർത്തുവിളിച്ചുകൊണ്ട് ഞങ്ങൾ സ്ളോമോഷനിൽ പിന്തിരിഞ്ഞുനടന്നു. 'പൊതിനോ, പൊതിനോ 'യെന്ന് പിന്നിൽനിന്നും ഒരു ശബ്ദംകേട്ട് ഞങ്ങളൊരു നിമിഷം തിരിഞ്ഞുനിന്നു. അത് 'ഊപ്പ ' നെഞ്ചത്ത് രണ്ടലയലച്ചതിന്റെ അലയൊലിയായിരുന്നു !!!

(കാരിക്കേച്ചർ - ബിനീഷ് സെബാസ്റ്റ്യൻ )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക