Image

പ്രണാബ് മുഖർജി; മായാത്ത ഓർമ്മ (അഡ്വ. വർഗ്ഗീസ് മാമ്മൻ, തിരുവല്ല)

Published on 02 September, 2020
പ്രണാബ് മുഖർജി; മായാത്ത ഓർമ്മ (അഡ്വ. വർഗ്ഗീസ് മാമ്മൻ, തിരുവല്ല)

നിരവധി രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക നായകന്മാരുമായി അടുത്ത് ഇടപെടാൻ സാധിച്ച ഒരാളാണ് ഞാൻ. പക്ഷെ മുൻ രാഷ്ട്രപതി പ്രണാബ് മുഖർജിയുമൊത്തുള്ള നിമിഷങ്ങൾ ഒരിക്കലും മറക്കാൻ സാധിക്കുന്നതല്ല.2013 നവംബർ മാസത്തിൽ അഭിവന്ദ്യ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനിയോടൊന്നിച്ച് പ്രൊഫ: പി.ജെ.കുര്യൻ സർ രാജ്യസഭ ഉപാധ്യക്ഷൻ ആയിരുന്ന സമയത്ത് രാഷ്ട്രപതി ഭവൻ സന്ദർശിക്കുവാൻ അവസരം ലഭിച്ച ധന്യ മുഹൂർത്തത്തെ ഇപ്പോഴും മനസിൽ കാണുന്നു. ഡൽഹിയിൽ മാർത്തോമാ സഭയുടെ ഭദ്രാസന കൺവൻഷൻ നടക്കുന്ന സമയത്ത് സഭാ ട്രസ്റ്റി എന്ന നിലയിൽ പങ്കെടുക്കുവാൻ എത്തിയ സമയത്തായിരുന്നു ഈ അസുലഭ സന്ദർഭം  ലഭിച്ചത്.

അഭിവന്ദ്യ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മെത്രാപ്പോലിത്തയേയും എന്നേയും അത്താഴത്തിനായി പ്രൊഫ: പി.ജെ കുര്യൻ സാർ ക്ഷണിച്ചു. ആ സമയത്താണ് കുര്യൻ സർ പറയുന്നത് അടുത്ത ദിവസം വൈകിട്ട് രാഷ്ട്രപതിയെ കാണാനും പിറ്റേ ദിവസം സോണിയ ഗാന്ധിയെ കാണാനും അനുവാദം വാങ്ങിയിട്ടുണ്ട് എന്ന വിവരം അറിയിക്കുന്നത് .. ജീവിതത്തിലെ ഒരു ധന്യ മുഹൂർത്തമായിരുന്നു അത്. പിറ്റേ ദിവസം മൂന്ന് മണിക്കു തന്നെ ഞങ്ങൾ രാഷ്ട്രപതി ഭവനിൽ എത്തി. ക്രിസോസ്റ്റം തിരുമേനിക്ക് വേണ്ടി പ്രസിഡൻ്റിൻ്റെ വസതിയിൽ ഒരു ചായ സത്കാരം ഒരുക്കിയിരുന്നു. ഏതാണ്ട് അര മണിക്കൂറോളം ഭാരതത്തിലെ ക്രൈസ്തവ സഭകളെക്കുറിച്ചും മിഷനറിമാരുടെ വരവിനെക്കുറിച്ചും, അവരുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളെക്കുറിച്ചും, കേരളത്തിലെ ക്രൈസ്തവ സഭകളുടെ പ്രവർത്തനത്തെക്കുറിച്ചും വളരെ വിശദമായി അദ്ദേഹം ആ സമയത്ത് സംസാരിക്കുകയുണ്ടായി.

"രാജ്യം കണ്ട ഏറ്റവും വലിയ രാജ്യ തന്ത്രജ്ഞനാണ് അങ്ങ് " എന്ന് ക്രിസോസ്റ്റം തിരുമേനി രാഷ്ട്രപതി പ്രണാബ് മുഖർജിയെ വിശേഷിച്ചപ്പോൾ ഒരു ഒരു പുഞ്ചിരിയോടു കൂടി ആ നിമിഷത്തെ അദ്ദേഹം ധന്യമാക്കിയതും കഴിഞ്ഞ ദിവസത്തെപ്പോലെ ഓർമ്മിക്കുന്നു. ഒരു മണിക്കൂറോളം അദ്ദേഹത്തോടൊപ്പം ചിലവഴിച്ചത് വലിയ അനുഭവമായി ഇപ്പോഴും മനസിൽ പച്ച പിടിച്ചു നിൽക്കുന്നു.
ഏതാണ്ട് ഒരു മണിക്കൂറോളം അദ്ദേഹവുമായി സംസാരിച്ചപ്പോൾ എനിക്ക് മനസിലായ ഒരു കാര്യം അദ്ദേഹം മികച്ച രാഷ്ട്ര തന്ത്രജ്ഞനും പണ്ഡിതനുമായിരുന്നു എന്ന് അദ്ദേഹത്തിൻ്റെ ഓരോ വാക്കിലും നമുക്ക് ബോധ്യമാകുന്ന തരത്തിലായിരുന്നു. നമ്മൾ അദ്ദേഹത്തോട് സംസാരിക്കുന്ന ഏത് വിഷയവുമാകട്ടെ അതിൽ അദ്ദേഹത്തിനുള്ള അഗാധമായ അറിവ് നമ്മെ അത്ഭുതപ്പെടുത്തും. അഗാധമായ പുസ്തകവായന, ചരിത്രത്തെക്കുറിച്ചും രാഷ്ട്രീയത്തെ കുറിച്ചുമുള്ള കൃത്യമായ നിലപാടുകളൊക്കെ അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് തീർത്തും വ്യത്യസ്തനാക്കിയിരുന്നു. 

ഇന്ത്യൻ ജനതയുടെ മനസിൽ മായാത്ത മുദ്ര പതിപ്പിച്ച രാഷ്ട്രപതിമാരുടെ കൂട്ടത്തിൽ മുൻപന്തിയിൽ തന്നെയാണ് അദ്ദേഹത്തിൻ്റെ സ്ഥാനം എന്നതിൽ യാതൊരു സംശയവും ഇല്ല.
അദ്ദേഹവുമായുള്ള നിമിഷങ്ങളുടെ ഓർമ്മകളിൽ തൊഴുകൈകളോടെ ....

പ്രണാബ് മുഖർജി; മായാത്ത ഓർമ്മ (അഡ്വ. വർഗ്ഗീസ് മാമ്മൻ, തിരുവല്ല)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക