Image

ഗുരുവിന്റെ വഴി - ഷൗക്കത്ത്

Published on 02 September, 2020
ഗുരുവിന്റെ വഴി - ഷൗക്കത്ത്
ഷൌക്കത്ത്. 
എഴുത്തുകാരൻ, ഗുരു നിത്യചൈതന്യയതിയുടെ ശിഷ്യൻ
യതിശിഷ്യനായി അദ്ദേഹത്തിന്റെ മരണം വരെ ഫേൺഹില്ലിൽ കഴിഞ്ഞു. 
ബാഹ്യമായ സഞ്ചാരത്തെക്കാൾ ആന്തരിക യാത്രയിലും ആത്മീയതയിലും സ്നേഹത്തിലും വിശ്വാസമർപ്പിച്ച യാത്രികൻ. 
'ഹിമാലയം, യാത്രകളുടെ ഒരു പുസ്തകം ' എന്ന കൃതിക്ക് 2007 ലെ മികച്ച യാത്രാവിവരണഗ്രന്ഥത്തിനുള്ള കേരള സാഹിത്യ അക്കാദമി  അവാർഡ് കിട്ടിയിട്ടുണ്ട്. 
ഗുരു യതിയെക്കുറിച്ചും മാനവികതെയെക്കുറിച്ചും സൂഫിസത്തെക്കുറിച്ചും ധാരാളം കൃതികൾ എഴുതിയിട്ടുണ്ട്.
ഇന്ന് ചതയം.
യുഗപുരുഷനായ ശ്രീ നാരായണ ഗുരുവിനെ ഓർക്കാം.
                                    ..........                         .........
നാരായണഗുരുവിനോട് ഇത്രയും സ്നേഹം തോന്നാന്‍ എന്താണ് കാരണം? എന്തെഴുതുമ്പോഴും പറയുമ്പോഴും നാരായണഗുരുവിന്‍റെ സാന്നിദ്ധ്യം നിറഞ്ഞു നില്ക്കുന്നുണ്ടല്ലോ? പലപ്പോഴും സുഹൃത്തുക്കള്‍ ചോദിക്കുന്ന ചോദ്യം. 
പല ശരികള്‍ തമ്മില്‍ തര്‍ക്കത്തിലാകുമ്പോള്‍ ഇണക്കമുണ്ടാക്കാനുള്ള പശിമ യാതൊരു സങ്കീര്‍ണ്ണതകളുമില്ലാതെ നാരായണഗുരുവിലാണ് ഞാന്‍ അനുഭവിച്ചിട്ടുള്ളത്. അതിനേക്കാള്‍ മികച്ച ഒരു മറുപടി ഉള്ളില്‍ തെളിയാറേ ഇല്ല. ഒപ്പം ഒരു കാര്യം കൂടി പറയും; ഒരു മനുഷ്യനായി ജീവിക്കുക എന്നു പറയുന്നത് വിചാരിക്കുന്നതുപോലെ അത്ര എളുപ്പമല്ലെന്ന് എന്നെ അനുഭവിപ്പിച്ചത് ഗുരുവായിരുന്നു. പറയുന്നത് ജീവിക്കാന്‍ തീരുമാനിച്ചാലാണ് നമുക്കതു ബോദ്ധ്യമാകുക. ഗുരു ഒരു പറച്ചിലുകാരനായിരുന്നില്ലല്ലോ. അദ്ദേഹം ജീവിക്കുകയായിരുന്നല്ലോ. നമ്മപറച്ചിലെല്ലാം നിറുത്തി ജീവിക്കാനാണല്ലോ അദ്ദേഹം പറഞ്ഞത്. 

ഗുരുവിനെ ഓര്‍ക്കുമ്പോഴെല്ലാം ഉള്ളില്‍ ആദ്യം തെളിയുന്ന രണ്ടു സന്ദര്‍ഭങ്ങളുണ്ട്. ഒന്ന്, കുട്ടിയായിരിക്കുമ്പോള്‍ വീട്ടിലേക്കു നടന്നു പോകുന്ന നാണു. വഴിയരികിലെ ചെറുകുടിലിനു പുറത്ത് കലത്തില്‍ അരി വെന്തു തിളച്ചു മറിയുന്നത് കാണാനിടയാകുന്നു. ഓടിച്ചെന്ന് ആ കലം അടുപ്പില്‍ നിന്നെടുത്ത് ഇറക്കിവെയ്ക്കുന്നു. വീട്ടിലെത്തിയപ്പോഴാണ് എന്തോ തെറ്റു ചെയ്തെന്ന് മനസ്സിലായത്. തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരുമാണത്രെ അവര്‍. ആ കുഞ്ഞിന് ഒന്നും മനസ്സിലായില്ല. അമ്മയുടെ കണ്ണിലേക്ക് വേദനയോടെ നോക്കി ആ കുഞ്ഞ് ചോദിച്ചു: അമ്മേ, ഞാന്‍ ആ കലം ഇറക്കിവെച്ചില്ലായിരുന്നെങ്കില്‍ അവര്‍ പട്ടിണി കിടക്കേണ്ടി വരില്ലായിരുന്നോ?

ആ ചോദ്യത്തെ ആ അമ്മയ്ക്ക് നേരിടാനായില്ല. അതിനുശേഷം കരുണയോടെ ഗുരു ചോദിച്ചുകൊണ്ടിരുന്ന ചോദ്യങ്ങള്‍ക്കു മുന്നില്‍ ഉത്തരമില്ലാതെ ഏവരും നിന്നുപോയ ചരിത്രമേ ഉണ്ടായിട്ടുള്ളൂ. അതിനു കാരണം അതെല്ലാം ഉണര്‍ന്നു വന്നത് അത്രമാത്രം അലിവുള്ള ഹൃദയത്തില്‍ നിന്നായിരുന്നു എന്നതുതന്നെ. സ്നേഹത്തോളം വലിയ വിപ്ലവം മറ്റെന്താണുള്ളത്.

അരുവിപ്പുറത്തെ ആറിലേക്ക് ഗുരു എടുത്തു ചാടിയ ആ രാത്രി നാം എങ്ങനെ മറക്കാനാണ്. ഏറെ നേരത്തിനുശേഷം ഒരു ശിലയുമായി പൊന്തിവന്ന ഗുരു പ്രതിഷ്ഠിക്കുന്നതിനുമുമ്പ് മണിക്കൂറുകളോളം നിന്ന ആ നില്പ്. ധാരധാരയായൊഴുകുന്ന കണ്ണുനീര്‍ നെഞ്ചില്‍ ചേര്‍ത്തു പിടിച്ചിരുന്ന ആ ശിലയില്‍ പെയ്തുകൊണ്ടേയിരുന്നു. ഹൃദയവിശുദ്ധിയില്‍ സ്നാനം ചെയ്ത ആ ശിവലിംഗം ലോകത്തിനു പകര്‍ന്നു നല്കിയത് വിപ്ലവകരമായ ഒരു വിഗ്രഹപ്രതിഷ്ഠ മാത്രമായിരുന്നില്ല. മറിച്ച്, എല്ലാ വിഭാഗീയതയെയും അലിയിച്ചു കളയുന്ന വിശാലമായ ഒരു ദര്‍ശനത്തിന്‍റെ ഉദയം കൂടിയായിരുന്നു. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് എന്ന് ഗുരു അവിടെ എഴുതി വെച്ചപ്പോള്‍ അത് ലോകത്തിനു മുഴുവനായും സ്വീകരിക്കാനുള്ള ആധുനികമായ ഒരു വെളിച്ചമായി മാറുകയായിരുന്നു.

മനുഷ്യന് മനുഷ്യത്വമാകട്ടെ ജാതി. ആത്മസുഖമാണല്ലോ മതം. സത്യവും ജ്ഞാനവും ആനന്ദവുമല്ലോ ദൈവം. പിന്നെയെന്തിന് ജാതിഭേദം? എന്തിന് മതദ്വേഷം? ആ ചോദ്യത്തിനു മുന്നില്‍ ഹൃദയമുള്ളവരെല്ലാം മൗനമായിപ്പോവുകയേയുള്ളൂ. എത്ര ശരിയെന്ന് മൂളിപ്പോകുകയേയുള്ളൂ. ഇനിയും മനുഷ്യസമൂഹത്തില്‍ സംഭവിച്ചിട്ടില്ലാത്ത മഹത്തായ ദര്‍ശനമായി, ഒരു ചോദ്യചിഹ്നമായി ആ വെളിച്ചം നമുക്കു മുന്നിലുണ്ട്. അതുകൊണ്ടുതന്നെയാണ് കാലം ഒരു പരിഹാരം തേടുമ്പോള്‍ ഗുരുവിനെ ആദ്യം ഓര്‍ത്തു പോകുന്നത്. 

ലോകം ഇന്നു നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്നത്തേയും പ്രശ്നം തന്നെയായിരുന്നു. അത് ഞങ്ങള്‍, നിങ്ങള്‍ എന്ന വിഭജനമാണ്. ജാതിയുടെയും മതത്തിൻ്റെയും വംശത്തിന്‍റെയും വര്‍ണ്ണത്തിന്‍റെയും ദേശത്തിന്‍റെയും സംസ്ക്കാരത്തിന്‍റെയും ഭാഷയുടെയും സമ്പത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയുമെല്ലാം അടിസ്ഥാനത്തില്‍ മനുഷ്യന്‍ മനുഷ്യനില്‍നിന്ന് അകന്നകന്നു പോകുന്ന പ്രവണത എല്ലാ കാലത്തും സജീവമായിരുന്നു. അതിന് എല്ലാവര്‍ക്കും അവരവരുടേതായ ന്യായീകരണങ്ങളും ഉണ്ടായിരുന്നു. 

എന്നാല്‍ അതോടൊപ്പംതന്നെ മറ്റൊരു ധാരയും സജീവമായിരുന്നു. ആ ധാര എവിടെയൊക്കെ വിഭജനമുണ്ടോ അവിടെയൊക്കെ ചേര്‍ച്ചയുണ്ടാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. അന്യരില്ലെന്ന് അവര്‍ ജീവിച്ചു കാണിച്ചു തന്നു. ഈ പ്രപഞ്ചംതന്നെ ഒരു ചെറിയ കിളിക്കൂടല്ലേ എന്ന് കരുണയോടെ മൊഴിഞ്ഞു. ആ കണ്ണിയുടെ ഇങ്ങേയറ്റത്തു വന്നു പിറന്ന നാരായണഗുരു ആ ധാരയുടെ ഏറ്റവും ആധുനികമായ വെളിച്ചമായി മാറി. ആ വെളിച്ചത്തെയാണ് നാം തേടേണ്ടത്. അറിയേണ്ടത്. സ്വജീവിതത്തിലേക്ക് സ്വാംശീകരിക്കേണ്ടത്. 

ലോകമതമഹാസമ്മേളനം നടത്തിയ ഗുരുവിന് ഒരൊറ്റ ഉദ്ദേശമേ ഉണ്ടായിരുന്നുള്ളൂ. ഇനി അവരവരുടെ ശരികള്‍ പറഞ്ഞ് പരസ്പരം വഴക്കിടാതെ അവരവരുടെ ശരികള്‍ സ്വയം ജീവിക്കുകയും മറ്റുള്ളവരുടെ ശരികളെ മാനിക്കുകയും ചെയ്യുന്ന ഒരു അന്തരീക്ഷമുണ്ടാക്കുക. ഓരോരുത്തരുടെയും ശരികളിലേക്ക് ഒന്നുകൂടി ശ്രദ്ധാലുവായാല്‍ എല്ലാ ശരിയും തേടുന്നത് ഒരേ ആത്മസുഖമാണെന്ന് അറിയാമല്ലോ എന്ന് സസൂക്ഷ്മം ഗുരു പറഞ്ഞുതന്നു. 

മരത്തിലെ ഇലകളെല്ലാം വേറെവേറെയാണല്ലോ? അതുപോലെ മനുഷ്യരും വ്യത്യസ്തമല്ലേ എന്ന ഗാന്ധിജിയുടെ ചോദ്യത്തിന് ഇലകളെല്ലാം പിഴിഞ്ഞാൽ ഒരേ നിറത്തിലുള്ള ചാറാണല്ലോ വരികയെന്ന ലളിതമായ ഉത്തരം പറഞ്ഞുകൊടുത്ത ഗുരു ഉള്‍ക്കണ്ണു തുറപ്പിച്ചത് ഗാന്ധിജിയുടെ മാത്രമല്ല, നമ്മുടേതു കൂടിയാണ്. പക്ഷെ, നാം ആ കണ്ണു തുറന്നു പിടിക്കാന്‍ തയ്യാറാകുന്നില്ലെന്നതാണ് ഏറ്റവും വലിയ സങ്കടം.

നമ്മുടെ ഏറ്റവും പ്രിയപ്പെട്ടവരോടുപോലും മര്യാദയ്ക്ക് പെരുമാറാന്‍ കഴിയാതെ ഗുരുവിന്‍റെ പ്രതിമയുണ്ടാക്കി അതിനു മുന്നില്‍ എത്ര തൊഴുതുനിന്നാലും ഒരു പ്രയോജനവുമുണ്ടാകില്ല. ഗുരുവിനോടുള്ള സ്നേഹം സഹജീവിസ്നേഹമായി മാറാത്തിടത്തോളം എല്ലാ ഗുരുഭക്തിയും വ്യാജമാണ്. അത് സമാധാനത്തേക്കാള്‍ ദുഃഖമേ നമുക്കു സമ്മാനിക്കുകയുള്ളൂ.

പഴമയെ ഗുരു തള്ളിപ്പറഞ്ഞിട്ടില്ല. എങ്കിലോ പഴമയിലെ ഇരുട്ടിനെ ഗുരു അവഗണിക്കാതിരുന്നിട്ടില്ല. മാറ്റേണ്ടതെല്ലാം മാറ്റേണ്ടതുണ്ടെന്ന കാര്യത്തില്‍ ഗുരുവിന് സംശയമില്ലായിരുന്നു. ജാതിയായിരുന്നു അതില്‍ മുഖ്യം. അറിവുകളായ അറിവുകളെല്ലാം ജാതിയെ നിലനിറുത്താന്‍ ശ്രമിച്ച ചരിത്രമാണ് ദാര്‍ശനികതയ്ക്കുള്ളത്. അപൂര്‍വ്വമായാണ് അതിനെതിരെ ജ്ഞാനികള്‍ സംസാരിച്ചത്. അതും പലപ്പോഴും അത്ര ശക്തമായിരുന്നില്ല. സാമൂഹികമായി നിലനില്ക്കുന്ന ജാതിവ്യവസ്ഥയെ ഉന്മൂലനം ചെയ്യാത്തിടത്തോളം അറിവുകളെല്ലാം വെറും വാക്കുകള്‍ മാത്രമാണെന്ന് ഗുരുവിന് അറിയാമായിരുന്നു. 

നാം പരിഹരിക്കേണ്ടതായ കാതലായ പ്രശ്നങ്ങള്‍ മുന്നില്‍ വിരിഞ്ഞു നില്ക്കുമ്പോള്‍ അതു കാണാതെ പോകുന്നതിനേക്കാള്‍ വലിയ അവിവേകമില്ലെന്ന് ഗുരു തൊട്ടു കാണിച്ചു. ഒപ്പം ഇരുളില്‍ മുങ്ങിപ്പോയ എല്ലാ മേഖലകളിലും വെളിച്ചം വീശിയാണ് ഗുരു ഈ തെരുവിലൂടെ നടന്നു പോയത്. ആ വെളിച്ചത്തെയാണ് നാം നമ്മുടെ വെളിച്ചമാക്കി മാറ്റേണ്ടത്. അതിനു നാം നമ്മെ പരുവപ്പെടുത്തിയെടുത്തേ മതിയാകൂ. 

ഗുരുജയന്തി ദിനത്തില്‍ ഇതെല്ലാം വീണ്ടും ഓര്‍ത്തുപോയി......
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക