Image

നീലി (നോവൽ -ഭാഗം-8: ആർച്ച ആശ)

Published on 31 August, 2020
നീലി (നോവൽ -ഭാഗം-8: ആർച്ച ആശ)
മൂപ്പൻ പോയശേഷം ഗൗരി കാപ്പികുടിച്ച ഗ്ലാസ്സും പത്രങ്ങളും കഴുകി, മുറിയും പരിസരവും വൃത്തിയാക്കി.
വേദനയുള്ള കാലുംകുത്തി ആന്ദ്രോയും ഓജോയും ഉമ്മറത്തിണ്ണയിൽ വന്നിരുന്നു.
കുനിഞ്ഞുനിന്ന് മുറ്റമടിക്കുന്ന ഗൗരിയുടെ മേൽ ഓജോയുടെ നോട്ടം വീഴാതിരിക്കാൻ ആന്ദ്രോ ഒജോയുടെ നേരെ തിരിഞ്ഞു,
" ഓജോ...ടാ നീ, അകത്തു പോയ് ഇത്തിരി വെള്ളമെടുത്തു കൊണ്ടു വാ".

അതുകേട്ട ഗൗരി "ഞാൻ കൊണ്ടുവരാം അർജ്‌ജുൻ".

വേണ്ടെന്ന് ആന്ദ്രോ തലയാട്ടി.
"ഗൗരിയുടെ ജോലി നടക്കട്ടെ അവനെടുത്തു കൊണ്ടുവരും".

വെള്ളവുമായി പുറത്തേക്ക് വന്ന ഓജോ അതുകേട്ട്,
"അർജ്‌ജുനോ അതാരാ...?".

ഗൗരി അവരെ കടന്നുപോയതു കൊണ്ടോ, അതോ മനപ്പൂർവം മിണ്ടാഞ്ഞതോ എന്തോ
അതുകേട്ടതായി ഭാവിച്ചില്ല.

ആന്ദ്രോ ഓജോയെ നോക്കി കണ്ണ് തള്ളി ചൂണ്ടുവിരൽ ചുണ്ടിൽ വെച്ചു.
അതോടെ ഓജോക്ക് കാര്യം മനസിലായി.
ഗൗരി അവിടെനിന്ന് പോയെന്നുറപ്പിച്ചപ്പോൾ
"ആന്ദ്രോ ഈ അർജ്‌ജുൻ എന്ന പേര് പൊളിച്ചൂട്ടോ..."

"ആ അപ്പോ വായിൽ വന്നത്.."

"അല്ല, ആന്ദ്രോ ഈടെ മറ്റാരും ഇല്ലേ...?".

"ഉണ്ട് അവടെ അച്ഛൻ. അയാൾ അവരുടെ ബന്ധു വീട്ടിൽ പോയിരിക്കുവാ. ഇന്ന് വരുമെന്നാണ് പറഞ്ഞത്".

"അപ്പൊ ഇന്നലെ ഇവിടെ..?".

"ഞാനും ഗൗരീം. എന്തേ...?".
ഓജോ അല്പം ശങ്കയോടെ
"ഒന്നുല്ല. ചോദിച്ചെന്നേ ഉള്ളൂ...".

ആ സമയം ഗൗരി കുളിക്കാനുള്ള തയാറെടുപ്പുമായി പുറത്തേക്ക് വന്നു.
"അതേ അർജ്ജുൻ വെള്ളം ചൂടാവാൻ അടുപ്പിൽ വെച്ചിട്ടുണ്ട്. ഇത്തിരി ഉപ്പും മഞ്ഞളും അതിലിട്ട് ഒന്ന് ദേഹം കഴുകിയാൽ ഈ ക്ഷീണമൊക്കെ അങ്ങുപോകും".

"ഉം".
ഗൗരി പറയുന്നത് മറുത്തൊന്നും പറയാതെ ആന്ദ്രോ അനുസരിക്കുന്നത്   കണ്ട് ഓജോക്ക് അതിശയം തോന്നി. അല്ലെങ്കിൽ പിന്നെ ആരും പറഞ്ഞാലും വകവെക്കാത്ത ആളാ.

ഗൗരി നടയിറങ്ങി കുളിക്കടവ് ലക്ഷ്യമാക്കി നടന്നു. അവളുടെ മുടിക്കെട്ടിനു അവളുടെ തലയുടെ അത്രതന്നെ വലിപ്പമുണ്ടായിരുന്നു. ഗൗരി നടന്നുനീങ്ങിയ വഴിയിലെ‌ കാച്ചെണ്ണ മണംപിടിച്ചു മൂക്കു വിടർത്തി അവൾ പോകുന്നതും നോക്കിനിന്ന ഓജോയോട് ആന്ദ്രോ,
"ഓജോ വാ, അകത്തേക്ക് പോകാ...."

"അല്ല ആന്ദ്രോ, ഈ സാത്താന്റെ പൊടിപോലും കാണുന്നില്ലല്ലോ..?"

"അവൻ വരും...നമ്മുക്ക് നോക്കാം".

"ആ വരട്ടെ. ആ ആദിവാസികളുടെ കയ്യിലൊന്നും കിട്ടാതിരുന്നാൽ മതിയായിരുന്നു. അവരൂപ്പാട് തീർക്കും".

ഓജോയുടെ തോളിൽ പിടിച്ചു അകത്തേക്ക് കയറുന്നതിനിടയിൽ ആന്ദ്രോ തിരിഞ്ഞു നോക്കി. അതേ സമയം ഗൗരിയും ഒന്ന് തിരിഞ്ഞു. രണ്ടാളും കണ്ടു. ചിരിച്ചൊന്ന് തലകുലുക്കി അവൾ നടന്നുപോയി.  സന്ധ്യയാവാൻ നേരം കുറെ ഉണ്ടെങ്കിലും പെയ്ത് തീർന്ന മഴയുടെ ഭാരം കൊണ്ടാവാം മങ്ങിമയങ്ങിയിരുന്നു പ്രകൃതി.

ആന്ദ്രോയുടെ കട്ടിലിനടുത്തുള്ള കിളിവാതിലിൽ കൂടി നോക്കിയാൽ കടവ് മുഴുവൻ കാണാം. അവൾ വെള്ളത്തിലേക്ക് ഇറങ്ങിയെന്നുറപ്പിച്ചു
ആന്ദ്രോ ഓജോയുടെ നേരെ തിരിഞ്ഞു.

"ഓജോ , ആ പണിക്കരെ ഒന്ന് വിളിക്കണം. നിന്റെ ഫോണിൽ അയാളുടെ നമ്പറില്ലേ ?, ആ ഫോൺ ഒന്നു താ...".   

"ങാ, പറഞ്ഞത് പോലെ അവിടെയെന്തായോ എന്തോ..? ദാ ആന്ദ്രോ... നീ വിളിക്ക്?".

ആന്ദ്രോ പണിക്കരുടെ നമ്പറിലേക്ക്  വിളിച്ചു.
മറുവശത്ത് നിന്നും പ്രതികരണമൊന്നും ഇല്ല.
"എന്തേ ആന്ദ്രോ..?".

 "റിങ്ങുണ്ട് എടുക്കുന്നില്ല. ഇങ്ങേരു ഇതെവിടെ പോയികിടക്കുന്നു. അവളുടെ കൂടെ എവിടെയെങ്കിലും അടയിരിക്കുകയായിരിക്കും".

"ആരുടെ കൂടെ..?".

"മറ്റവളുടെ, ആ എലോറയുടെ...".

"ആ അതു ശരിയായിരിക്കും, അയാൾക്ക് അവളില്ലാതെ പറ്റില്ല, അതേ ആന്ദ്രോ ഒന്നൂടി വിളിച്ചു നോക്കൂ...".

"ഉം". ആന്ദ്രോ വീണ്ടും പണിക്കരുടെ നമ്പറിലേക്ക് വിളിച്ചു. അയാളെ കിട്ടിയേ തീരൂ....
ഇത്തവണത്തെ സ്വർണ്ണക്കടത്ത് ഡിപ്ലോമാറ്റിക് ചാനലിൽ കൂടെയായിരുന്നെങ്കിലും ആ കസ്റ്റംസ് ഓഫീസർ  നൃപൻ ചന്ദ്, അയാളുടെ ഒരു സംശയത്തിന്റെ പേരിലാണ്. ഇതിൽ ഇങ്ങനെയൊരു തിരിമറി നടന്നത്...ഇന്ത്യയിലേക്കുള്ള UK യുടെ ഉപഹാരം എന്ന പേരിലാണ് സ്വർണ്ണക്കടത്ത്  നടന്നത്. എവിടെയോ ഒരു പാളിച്ച നടന്നിട്ടുണ്ട്. ചതിച്ചത് പണിക്കരോ, എലോറയോ..?
ഇനി മറ്റാരെങ്കിലുമായിരിക്കുമോ?.
ചതിച്ചത് ആരായിരിക്കും..?.
സംശയം ബലപ്പെടുത്താൻ തക്ക തെളിവൊന്നും ഇതുവരെ കിട്ടിയിട്ടില്ല.

"ഹലോ...പണിക്കർ ഹിയർ..ആരാണ്?".

"ഹലോ.. പണിക്കരേ ലോപ്പസാ(ആന്ദ്രോ)..."

"ഹോ! സാറാണോ, ഞാനോർത്തു.."

"എന്തോർത്തു....അവിടെയെങ്ങനെ കുഴപ്പമൊന്നുമില്ലല്ലോ..?".

"സർ, ഇതിത്തിരി പ്രോബ്ലമാണ്...മുൻപ് പലതവണ നമ്മൾ ഡിപ്ലോമാറ്റിക് ബാഗേജായും അല്ലാതെയും സാധനം കടത്തിയിട്ടുണ്ട്. പക്ഷേ ആ UK കോണ്സുലേറ്റിലെ ആ മൈക്കിൾ ബോമസ്, അവൻ ഇവിടുന്ന്  കടന്നുകളഞ്ഞു.  അതാ ആ ചെറ്റ ഓഫീസർക്ക്  ഇത്ര ഡൗട്ടടിച്ചത്. ഇതിപ്പോൾ ഒക്കെ നമ്മുടെ തലയിലാവുന്ന ലക്ഷണമാണ്. എലോറയോട് ഒളിവിൽ പോകാൻ പറഞ്ഞിട്ടുണ്ട്".

"അത്‌ നന്നായി. അവൾ നമ്മുടെ  നിരീക്ഷണത്തിലായിരിക്കണം. നമ്മളെ ചതിക്കണമെന്നുള്ള ചിന്തപോലും അവൾക്കാപത്താണെന്ന് അവളോട്‌ പറഞ്ഞേക്ക്".

"സർ, അവൾക്കറിയാം കാര്യങ്ങളൊക്കെ. അവൾ ഒറ്റികൊടുക്കില്ലെന്നേ".

"അങ്ങനെയെങ്കിൽ അവൾക്ക് കൊള്ളാം, അല്ലെങ്കിൽ പിന്നെ കുടുംബത്തെ കാണാനുള്ള ഭാഗ്യമില്ലെന്നു കരുതിക്കോണം. ഒറ്റയെണ്ണത്തിനെ  ബാക്കിവെക്കാതെ തീർത്തു കളയും ഞാൻ. ലോപ്പസിന്റെ ഒരു മുഖമേ ആ പെണ്ണ് കണ്ടിട്ടുള്ളൂ".

"അതു തന്നെയാണ് ഞാനും അവളോട്‌ പറഞ്ഞത്. അവൾക്ക് നല്ല പേടിയുണ്ട്. അവളുടെ കാര്യം നമ്മുടെ പിള്ളേരെ ഏല്പിച്ചിട്ടുണ്ട്".

"ഉം".

"സർ, പിന്നെ പൊലീസുകാർ നമ്മുടെ കാക്കനാട് ഓഫീസിൽ സാറിനെ അന്വേഷിച്ചെത്തിയിരുന്നു. ആ തെണ്ടികൾ ചതിച്ചു, ആ പിള്ളേരുടെ അപ്പനും അമ്മയും. പൈസാ വാങ്ങി കാര്യം കണ്ടിട്ട് ചൈൽഡ് ലൈൻ പ്രവർത്തകരുടെ മുന്നിൽ കഴിച്ചതൊക്കെ അവറ്റകള്  ഛർദ്ദിച്ചു. ഞാനന്നേ പറഞ്ഞതല്ലേ സർ അവര് പണി തരുമെന്ന്, ഒക്കെത്തിനെയും തീർത്തു കളയുന്നതാ നല്ലതെന്ന്".

"വരട്ടെ നമ്മുക്ക് നോക്കാം പണിക്കരേ..."
ഗൗരി വരുന്നുണ്ടെന്ന് ഓജോ ആംഗ്യം കാണിച്ചു.

"അതേ പണിക്കരെ ഞാൻ വിളിക്കാം ....താൻ ഇപ്പോ ഫോൺ വെക്ക്.."

"അല്ല സർ, സാറിത് എവിടെയാണ്...ഈ നമ്പർ സാറിന്റെയാണോ...?"

"ഞാൻ കുറച്ചു ദൂരെയാണ്. നമ്പർ എന്റേതല്ല ഒരാളുടെ ഫോൺ സംഘടിപ്പിച്ചു വിളിച്ചതാണ്.  ഈ നമ്പറിലേക്ക് ഇനി വിളിക്കേണ്ട. ഞാൻ തന്നെ അങ്ങോട്ട് വിളിച്ചോളാം".

ഗൗരി അടുത്തെത്തി, ആന്ദ്രോ പണിക്കരുമായുള്ള സംസാരമവസാനിപ്പിച്ചു കാൾ കാട്ടാക്കി.

 ആന്ദ്രോക്ക് മുന്നിലുണ്ട് ഗൗരി. 
"അതേ കുളിക്കുന്നില്ലേ അർജ്‌ജുൻ?, മടിപിടിച്ചിരിക്കാതെ  പോയി കുളിക്കൂ...
കൂട്ടുകാരൻ വരില്ലേ കൂടെ. ഞാൻ വെള്ളമെടുത്ത് വെക്കാ".

"ഉം". ആന്ദ്രോ ചുമ്മാ മൂളി....
ഓജോ ഒക്കെ വീക്ഷിക്കുന്നുണ്ട്. ഇവന് ഇതെന്തുപറ്റി..ഇത്ര ഒതുങ്ങി എവിടെയും കണ്ടിട്ടില്ല.

ഓജോയുടെ  മുഖത്തു നോക്കി ആന്ദ്രോ ചിരിച്ചുകൊണ്ട് തലതാഴ്ത്തി.

ഗൗരി അകത്തേക്ക് പോയി.
അവളുടെ മുടിയിൽ നിന്നും വെള്ളമിറ്റുന്നുണ്ട്. കണ്ണുകൾ ചുവന്നിരിക്കുന്നു. ആ കാഴ്‌ചക്ക് വല്ലാത്തൊരു ഭംഗിയുണ്ട്.

"പണിക്കരെന്താ പറഞ്ഞത് ആന്ദ്രോ....".

"അവിടെ ഇത്തിരി പ്രശ്നമാണ്".

"ഇനീപ്പോ എന്താ ചെയ്യാ...?".

"നമ്മുക്ക് നോക്കാം എന്താവുമെന്ന്".

ഗൗരി കത്തുന്ന നിലവിളക്കുമായി ഉമ്മറത്തേക്ക് വന്നു. അവളുടെ മുഖത്തേക്ക് വീണ വിളക്ക് വെട്ടത്തോളം മനോഹരമായ തിളക്കമുള്ളത് മറ്റൊന്നില്ലെന്ന് ആന്ദ്രോക്ക് തോന്നി.
ആന്ദ്രോയും ഓജോയും എഴുന്നേറ്റു മാറിനിന്നു.

വിളക്ക് വെച്ചു നിവർന്നുകൊണ്ടു ഗൗരി ചോദിച്ചു
"നിങ്ങളുടെ കൂട്ടുകാരൻ ഒരാളുടെ കാര്യം പറഞ്ഞില്ലേ....അയാൾ രാത്രിയിലേക്ക് കാണോ?, അത്താഴത്തിനു അരിയിടാൻ വേണ്ടിയാണ്".

"അറിയില്ല ഗൗരി..ചിലപ്പോൾ വരുമായിരിക്കും".

"ഒരുപാട്‌ വൈകിയാൽ വരാതിരിക്കുന്നതാ നല്ലത്. രാത്രിയിൽ കാട്ടുമൃഗങ്ങളുടെ ശല്യമുണ്ട്".
അതുകേട്ട്  പരിഭ്രമിച്ചു ഓജോ ആന്ദ്രോയെ നോക്കി.
ഗൗരി അടുക്കളയിലേക്ക് പോയി.

ഓജോ ആന്ദ്രോയുടെ അടുത്തിരുന്നു.
"ഇനീപ്പോ സാത്താന് എന്തെങ്കിലും കുഴപ്പം?".

"ഏയ്, ഒന്നുമുണ്ടാവില്ല അവനാളു ജഗജില്ലിയല്ലേ?".

"ഉം". ഓജോ അത്ര ഉറപ്പില്ലാതെ മൂളി.

അടുക്കളയിൽ ഗൗരിയുടെ തട്ടും മുട്ടും കേൾക്കുന്നുണ്ട്. ഓജോയുടെ നെഞ്ചിലും ഏതാണ്ട് അതുപോലൊക്കെ തന്നെയായിരുന്നു.

സാത്താന്റെ ശരീരം ഇരുള് വിഴുങ്ങിത്തുടങ്ങി. ചൂഴ്ന്നെടുത്ത കണ്കുഴിയിലും  തുറന്നിരിക്കുന്ന വായിലും ഈച്ചയും ഉറുമ്പും മത്സരിച്ചു കയറിയിറങ്ങി നടക്കുന്നുണ്ട്.  ശരീരം പുറത്തുകാണാൻ സാധിക്കാതെ കരിയിലകൾ വീണു കിടപ്പുണ്ട്.

അപ്പോഴും പാലപ്പൂവിന്റെ ഗന്ധം വഹിച്ചെത്തിയ ഇളംകാറ്റ് സാത്താന്റെ പ്രാണനറ്റ ഉടലിനരികെയെത്തി അതു വഴിയേ  കടന്നുപോയി. മരണത്തിന്റെ നിശബ്ദതയിലൂടെ കടന്നുപോകുന്ന നിമിഷങ്ങളിൽ ഒരു കാട് കറുത്തു നിൽക്കുന്നു.

ഹൈക്കോർട്ട് ജം ലുള്ള പണിക്കരുടെ ഓഫീസിനു മുന്നിലേക്ക് ഇരച്ചു നിർത്തിയ DYSP ബെന്നിയുടെ ജീപ്പ് തന്റെ മുറിയിലിരുന്നു സിസി ടിവി ക്യാമറയിലൂടെ കണ്ട പണിക്കർ രഹസ്യവാതിലേക്ക് പാഞ്ഞു.


നീലി (നോവൽ -ഭാഗം-8: ആർച്ച ആശ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക