Image

പൊന്നോണം ..അകന്നിരുന്നോണം (രാജു ശങ്കരത്തിൽ)

Published on 31 August, 2020
പൊന്നോണം ..അകന്നിരുന്നോണം (രാജു ശങ്കരത്തിൽ)
മലയാളികളായ നമ്മുടെ ജീവിതത്തിലേക്ക് ഇതാ ഒരു ഓണം കൂടി കടന്നു വന്നിരിക്കുന്നു ...ഓണം ..പൊന്നോണം ..അകന്നിരു"ന്നോണം" .

ബന്ധുക്കളും സുഹൃത്തുക്കളും ഒത്തുകൂടിയുള്ള ഓണസദ്യയും, ആഘോഷങ്ങളും  ആരവങ്ങളുമൊന്നുമില്ലാത്ത   ഓർമ്മയിലെ ആദ്യ ഓണം ഏവരും ആഘോഷിക്കുമ്പോൾ  ആകെ ഒരു നിരാശ. കോവിഡ് എന്ന മഹാവ്യാധി ലോകത്തെത്തന്നെ പിടിച്ചുകെട്ടുമ്പോൾ ഈ ഓണം പരിമിതികളിൽ ഒതുങ്ങുന്നു. പലർക്കുമിത് കണ്ണുനീർക്കാലം.

ഓണം എന്നത്   കേരളത്തിന്റെ ദേശീയ ഉത്സവമായി ഏതാനും വർഷങ്ങൾക്ക് മുൻപുവരെ അതിന്റെ പ്രാധാന്യത്തോടുകൂടി  ഏവരും ഒരുപോലെ ആഘോഷിച്ചിരുന്നു. വീടും  പരിസരവും വൃത്തിയാക്കലും, അത്തപ്പൂവിടീലും, ഊഞ്ഞാലാട്ടവും, പുലികളിയും, ക്ളബ്ബുകളുടെ ഓണാഘോഷവും , ഓണക്കോടിയും, ഓണസദ്യയും എല്ലാംകൂടി ആകെയൊരു ഉത്സമത്തിമിർപ്പായിരുന്നു.  ഇന്ന്  അതെല്ലാം വെറുമൊരു ചടങ്ങുകൾ മാത്രാമായി ഒതുങ്ങിപ്പോയി എന്നത് വാസ്തവമാണ്. പഴയകാല ഓണത്തിന്റെ പൊലിമയോ മഹത്വമോ ഒന്നുമിന്നില്ല.  തിരക്കുകൾക്കൊപ്പം സഞ്ചരിക്കുന്ന ഈ യാന്ത്രിക യുഗത്തിൽ  പുതു തലമുറയ്ക്ക് ഓണസദ്യ ഒരുക്കാനും ആഘോഷിക്കുവാനും  സമയവും താല്പര്യവുമില്ലാത്ത ഒരവസ്ഥ.

 കേരളത്തിലെ ഓണം ഇന്ന്  വിപണികളും, ചാനലുകളും   കീഴടക്കിയിരിക്കുന്നു എന്നതാണ് യദാർത്ഥ സത്യം. ഡിസ്കൗണ്ടുകളുടെയും ഓഫറുകളുടെയും  പെരുമഴക്കാലാഘോഷമാണ് ഇപ്പോഴത്തെ ഓണം. വീടുകളിൽ ഓണസദ്യയൊരുക്കി സമയം കളയണ്ടാ ...വാഴയിലയിൽ വിളമ്പിയ  21 ഇന വിഭവങ്ങളും പലതരം പായസങ്ങളും അടങ്ങിയ ഓണ  സദ്യയുമായി കാത്തിരിക്കുന്ന  ഹോട്ടലുകാർ ഒരു വശത്ത്..  പലതരം കിഴിവുകളും  കണ്ണഞ്ചിപ്പിക്കുന്ന ഓഫറുകളുമായി തുണിക്കടക്കാരും മറ്റു കച്ചവടക്കാരും   മറുവശത്ത്, നിങ്ങൾ എങ്ങും പോകേണ്ട..ഓണസദ്യയുമുണ്ണണ്ടാ  .. ഈ വർഷത്തെ ഓണം മിന്നും താരങ്ങൾ അണിനിരക്കുന്ന ഞങ്ങൾക്കൊപ്പം ആഘോഷിക്കൂ എന്ന മുറവിളിയുമായ്   നിരവധി ചാനലുകാർ ഓരോ അഞ്ചുമിനിറ്റിലും നമ്മുടെ മുന്നിലെത്തുന്നു ....

അങ്ങനെ, പണ്ട് മക്കളോടും കൊച്ചുമക്കളോടുമൊപ്പം പുതുപുത്തൻ ഓണക്കോടിയുമടുത്ത്   സന്തോഷത്തോടുകൂടി  ഒന്നിച്ചാഘോഷിച്ച കേരളത്തിലെ  ഓണം ഇന്ന് വിപണികൾ കീഴടക്കിയ ഓണമായി മാറി.
എല്ലാം കഴിയുമ്പോൾ കണക്കെടുപ്പായി ..ഏതു ജില്ലക്കാരാണ് ഏറ്റവും കൂടുതൽ മദ്യം കുടിച്ചതെന്ന കാര്യത്തിൽ . അതിനു മാത്രം ഒരിക്കലും കുറവില്ല.

 കേരളത്തേക്കാൾ പ്രാധാന്യത്തോടുകൂടി ഇന്ന് ഓണം ആഘോഷിക്കുന്നത് ജീവിക്കുവാനും കുടുംബത്തെ സംരക്ഷിക്കുവാനുമായി .ഉറ്റവരെയും ഉടയവരെയും സ്വന്തം നാടിനെയും ഉപേക്ഷിച്ച്‌ പ്രവാസ ജീവിതം തേടിയ  പ്രവാസിമലയാളികൾ ആണെന്നുള്ള സത്യം ഏവരും അംഗീകരിക്കുന്ന ഒരു വസ്തുതയാണ്. പല ഓണാഘോഷങ്ങളും വെറും ആർഭാടം കാണിക്കാൻ വേണ്ടി മാത്രമായി ചുരുങ്ങികൊണ്ടിരിക്കുന്നുവെങ്കിലും, പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും ഇല്ലായ്മയുടെയും വല്ലായ്മയുടെയും ആ പഴയ കാലത്തെ മധുരസ്മരണകളും പേറി ഓണാഘോഷങ്ങൾക്കുള്ള തയ്യാറെടുപ്പുകൾ പ്രവാസി മലയാളികൾ ആഴ്ചകൾക്കും മുൻപേ തുടങ്ങിക്കഴിയും.

 എന്നാൽ ഇന്ന് സ്ഥിതി ആകെ മാറി..  ഇത്തിരിയുള്ള ആ  കുഞ്ഞൻ കൊറോണ വൈറസ് നമ്മുടെ ആഘോഷങ്ങളും, ആർഭാടങ്ങളും ഇല്ലാതാക്കി. ഒന്നിച്ചു കൂടാനാവാതെ മാസ്ക്ക് എന്ന ആഭരണവും ധരിച്ച്   "അകന്നിരുന്നോണം" എന്ന സ്ഥിതിയിൽ ആക്കി. ഇക്കാലയളവിൽ പലരുടെയും ഉറ്റവരെയും ഉടയവരെയും ഈ ലോകത്തുനിന്നും വേർപിരിച്ച്‌ ഇതൊരു കണ്ണീർക്കാലമാക്കി മാറ്റി.

  എങ്കിലും ..കൊറോണാ എന്ന മഹാവ്യാധി വിട്ടുമാറി, സാമൂഹിക അകലവും മാസ്‌ക്കുകളും ഒന്നുമില്ലാതെ   അടുത്തവർഷമെങ്കിലും  ഒന്നിച്ചുകൂടി ഓണം ആഘോഷിക്കാം എന്ന് നമുക്ക് പ്രത്യാശിക്കാം. ആ ശുഭകാലം സംജാതമാകുന്ന സമയം വിദൂരമല്ല എന്ന  പ്രത്യാശയോടെ ഏവർക്കും നന്മകളും  സന്തോഷവും സമാധാനവും പ്രത്യാശയും നിറഞ്ഞ ഓണാശംസകൾ നേർന്നുകൊണ്ട് ..
സ്നേഹപൂർവ്വം, രാജു ശങ്കരത്തിൽ, ഫിലാഡൽഫിയാ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക