Image

കൊറോണയിലെ ഓണം (സരോജ വര്‍ഗീസ്)

Published on 28 August, 2020
കൊറോണയിലെ ഓണം (സരോജ വര്‍ഗീസ്)
സാമൂഹ്യ അകലവും മുഖാവരണവുമായി ലോകമെമ്പാടും ജനങ്ങള്‍ കഴിയുന്ന അവസരത്തിലാണു മലയാളിയുടെ ഓണം ഈ വര്‍ഷം വന്നെത്തുന്നത്. പാട്ടും, കളിയും, വിനോദങ്ങളും, വിഭവസമ്രുദ്ധമായ സദ്യയും ഒരുക്കി ആബാലവ്രുദ്ധം ജനങ്ങള്‍ ആഘോഷിച്ചിരുന്ന ഓണമെന്ന ഉത്സവത്തില്‍ പതിവുപോലെ ആഹ്ലാദിക്കാന്‍ ഈ മഹാമാരിക്കാലത്ത് അവസരമില്ല. മാവേലി നാട് എന്ന നല്ല നാളുകളുടെ പുനഃസ്രുഷ്ടി ഇപ്പോള്‍ സാധ്യമല്ല. എങ്കിലും മലയാളികള്‍ സാങ്കേതിക വിദ്യകളുടെ സഹായത്താല്‍ മാവേലി പാട്ടിന്റെ ഈണം മൂളുന്നു. കൊറോണ എന്ന വാക്കിലും പൂര്‍ത്തിയാകാത്ത ഒരു ഓണമുണ്ടെന്ന കൗതുകം കണ്ടെത്തി "അം'' എന്നു കൂട്ടിചേര്‍ത്ത് അവരുടെ സ്വതസിദ്ധമായ നര്‍മ്മത്തിനു മാറ്റുകൂട്ടുന്നു

എവിടെയായാലും കുടുംബത്തിലെ എല്ലാ അംഗങ്ങളും ഒത്തുചേരുന്ന ഒരു സുദിനമാണു തിരുവോണം. വര്‍ഷത്തില്‍ ഒരിക്കല്‍ എത്തുന്ന ഈ വിരുന്നുകാരനെ പ്രതീക്ഷകളുടെ നിറക്കതിരുകള്‍ കാഴ്ചവച്ചു കേരളക്കര എതിരേല്‍ക്കുന്നു. പുത്തനുടുപ്പും, രുചികരമായ വിഭവങ്ങള്‍ നിറഞ്ഞ ഓണസദ്യയും പായസവും ഓണത്തിന്റെ ഒഴിച്ചുകൂടാനവാത്ത ഘടകങ്ങളാണു്. വാസ്തവത്തില്‍ ആരും തന്നെ പാതാളത്തിലേക്ക് ചവുട്ടി താഴ്ത്തപ്പെട്ട മഹാബലിയെ കുറിച്ച് ആലോചിക്കുന്നില്ല. എല്ലാവരും പ്രജാവത്സലനായ മാവേലിയെ ഓര്‍ക്കുന്നു.

നന്മകളാല്‍ സമ്രുദ്ധമായ ആ രാജാവിന്റെ ഭരണകാലത്തെയാണു എല്ലാവരും ഓര്‍മ്മിക്കുന്നത്, ആദരിക്കുന്നത്, ആ കാലം പോലെയാകണമെന്ന് ആഗ്രഹിക്കുന്നത്. ഇത്രയൊക്കെ നന്മകള്‍ ചെയ്ത ഒരു രാജാവ് പാതാളത്തില്‍ എങ്ങനെ കഴിയുന്നു എന്നു ആരെങ്കിലും ചിന്തിച്ചതായി അറിവില്ല. ഐതിഹ്യമല്ലേ, അതില്‍ എന്തിനു പതിരുകള്‍ തിരയുന്നു എന്നു തോന്നാം. അതേ സമയം രാജാവ് പ്രജകളെ കാണാന്‍ വരുമ്പോള്‍ ഓണക്കോടി ധരിച്ചും സാദിഷ്ടമായ ഭക്ഷണങ്ങള്‍ ഒരുക്കിയും നമുക്കെല്ലാം സുഖമാണെന്ന് കാണിക്കുമ്പോള്‍ മാവേലിപാട്ടിനോട് നമ്മള്‍ വിപരീതമായി പെരുമാറുകയാണു്.

കാരണം പണ്ട് സ്‌നേഹത്തോടെ, യാതൊരുവിധ പ്രയാസങ്ങളും അറിയിക്കാതെ നമ്മുടെ പൂര്‍വ്വികരെ സംരക്ഷിച്ചുപോന്ന ഒരു രാജാവിനെ നമ്മള്‍ പത്തു ദിവസം ഒരുങ്ങി, ഒരുങ്ങി കബളിപ്പിക്കയാണു്. മാവേലി നാടു വാണീടും കാലം മാലോകല്ലൊരും ഒന്നു പോലെ, കള്ളവുമില്ല ചതിയുമില്ല എള്ളോളമില്ല പൊളി വചനം എന്ന പാട്ടു പാടുന്നത് ആത്മാര്‍ഥതയോടെയാണോ? കാരണം കേരളത്തില്‍ തന്നെയല്ല ഈ ഭൂമിയില്‍ എല്ലായിടത്തും അശാന്തിയാണു്. നമ്മള്‍ കേരളത്തിലുള്ളവര്‍ പത്തു ദിവസം അടിച്ചു  പൊളിച്ച് മഹാബലിയെ സന്തോഷിപ്പിച്ചു  വിടുന്നു, വീണ്ടും അടുത്ത  കൊല്ലം കാണാന്‍. എന്റെ മനസ്സില്‍ തോന്നുന്നത് ഇതെല്ലാം വാമനനെ സന്തോഷിപ്പിക്കാനാണെന്നാണു്. കാരണം എല്ലാ സൗഭാഗ്യങ്ങളോടും കഴിഞ്ഞിരുന്ന ഒരു ജനതയെ കഷ്ടത്തിലാക്കിയത് അദ്ദേഹമല്ലേ?  മഹാബലി വരുമ്പോള്‍ ഓണസദ്യ ഒരുക്കിയും, ഓണകോടിയുടുത്തും ജനം സുഭിക്ഷതിയിലാണെന്ന് കാണിക്കുന്നത് മഹാബലിയോട് ചെയ്യുന്ന വിസ്വസ്തതക്കുറവാണു. അതുകൊണ്ടാണൊ കൊറോണ എന്ന അം ഇല്ലാത്ത പത്തുദിവസം കൊണ്ടു തീരാത്ത ഓണം വന്നത്.?

എന്തായാലും ഓണം സമ്രുദ്ധിയുടെ നാളുകള്‍ ഓര്‍മ്മിപ്പിക്കുന്നെങ്കിലും അങ്ങനെ ഒരു കപട നാടകം അരങ്ങേറ്റി കള്ളവും ചതിയും ഇപ്പോള്‍ ഉണ്ടെന്ന് കാണിക്കയാണു നമ്മള്‍. മഹാബലിയോട് സത്യങ്ങള്‍ ഉണര്‍ത്തുകയാണു വേണ്ടത്. അപ്പോള്‍ വാമനനു വെറുതെയിരിക്കാന്‍ കഴിയില്ല. മാവേലിയെ ചവുട്ടി താഴ്ത്തുമ്പോള്‍ പ്രജകളെ നല്ലപോലെ പരിപാലിച്ചുകൊള്ളാം എന്നു വാമനന്‍ പറഞ്ഞിട്ടില്ല. അതുകൊണ്ട് സത്യം മഹാബലിയെ ബോധിപ്പിച്ചിട്ടും പ്രയോജനമില്ല.

പ്രവാസികളായാലും, സ്വദേശികളായാലും ഓണം ഒരു ഉത്സവമായി കണ്ട് 365 ദിവസവും അതേപോലെ സമ്രുദ്ധിയും സന്തോഷവും എല്ലാവര്‍ക്കും ഉണ്ടാകാന്‍ ശ്രമിക്കയാണു് വേണ്ടത്. ഈ കൊറോണകാലത്തു നമ്മള്‍ സന്തോഷത്തിന്റെയും, സ്വാതന്ത്ര്യത്തിന്റെയും, ഒത്തുചേരുന്നതിന്റെയും വിലയറിയുന്നു. മാവേലി നാടുവാണ കാലത്തിന്റെ ഓര്‍മ്മകള്‍ സദ്യയൊരുക്കിയും, കോടിയുടുത്തും ആഘോഷിക്കുന്നതിനേക്കാള്‍ കള്ളമിക്ലാത്ത, ചതിയില്ലാത്ത, എല്ലാവരും സന്തോഷത്തോടെ കഴിയുന്ന ഒരു നവയുഗം കെട്ടിപ്പടുക്കാന്‍ നാമെക്ലാവരും ശ്രമിക്കണമെന്നാണു എന്റെ ഓണ സന്ദേശം. എല്ലാവര്‍ക്കും ഓണാശംസകള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക