Image

കുവൈറ്റിലെ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് സിബി ജോര്‍ജ്

Published on 27 August, 2020
 കുവൈറ്റിലെ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് സിബി ജോര്‍ജ്


കുവൈറ്റ്‌സിറ്റി : തൊഴിലാളികളടക്കമുള്ള ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് കാലതാമസമില്ലാതെ പരിഹാരം കാണുമെന്നും എംബസിയുടെ പ്രവര്‍ത്തനം കൂടുതല്‍ ജനകീയമാക്കുമെന്നും അംബാസഡര്‍ സിബി ജോര്‍ജ്. എംബസിയില്‍ സംഘടിച്ച പ്രതിവാര ഓപ്പണ്‍ ഹൗസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നൂറുക്കണക്കിന് അപേക്ഷകളാണ് ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുക്കുവാന്‍ അഭ്യര്‍ഥിച്ച് ലഭിച്ചിട്ടുള്ളത്. കോവിഡ് നിയന്ത്രണം ഉള്ളതിനാല്‍ പലരേയും പരിഗണിക്കാന്‍ സാധിച്ചില്ലെന്നും ആദ്യ ഓപ്പണ്‍ ഫോറത്തിന്റെ ഭാഗമായി ഉയര്‍ന്നുവന്ന നിരവധി പരാതികള്‍ക്ക് പരിഹാരം കണ്ടതായും അദ്ദേഹം പറഞ്ഞു. പാസ്‌പോര്‍ട്ട് ഔട്ട്‌സോഴ്‌സ് കേന്ദ്രങ്ങളുമായി ഉയര്‍ന്നുവന്ന വിഷയങ്ങള്‍ പരിശോധിക്കാനായി നേരിട്ടു തന്നെ സേവന കേന്ദ്രങ്ങളില്‍ സന്ദര്‍ശിക്കുകയും ഔട്ട്‌സോഴ്‌സ് കേന്ദ്രങ്ങളില്‍ വരുന്ന എല്ലാ അപേക്ഷകളും വാങ്ങി വയ്ക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു.

ദിനം പ്രതി 500 പാസ്‌പോര്‍ട്ടുകളാണ് എംബസിയില്‍ നിന്നും വിതരണം ചെയ്യുന്നത്. എല്ലാ ദിവസവും രാവിലെ 9 മുതല്‍ 10 വരെയും ഉച്ചക്ക് 2 മുതല്‍ 3 വരെയും ഇന്ത്യന്‍ എംബസിയില്‍ സെക്കന്റ് സെക്രട്ടറി ഭാരതിയുടെ നേതൃത്വത്തില്‍ പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട് ഓപ്പണ്‍ ഹൗസ് നടക്കുന്നതായും ഇതു സംബന്ധമായി എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ സമര്‍പ്പിക്കുവാന്‍ കഴിയുമെന്നും അംബാസഡര്‍ പറഞ്ഞു.

കുവൈറ്റിലെ എന്‍ജിനിയര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷനുമായി ബന്ധപ്പെട്ട വിഷയമായിരിക്കും അടുത്ത ആഴ്ചയിലെ ഓപ്പണ്‍ ഹൗസില്‍ ചര്‍ച്ച ചെയ്യുകയെന്ന് സിബി ജോര്‍ജ് വ്യക്തമാക്കി. ഈ വിഷയവുമായി ബന്ധപ്പെട്ട് കുവൈറ്റിലെ സിനീയര്‍ എന്‍ജിനിയര്‍മാരുടെ സംഘവുമായി ചര്‍ച്ചകള്‍ നടത്തിയതായും വിഷയം പരിഹരിക്കുവാന്‍ കുവൈറ്റ് അധികൃതരുമായി ബന്ധപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.

വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി നേരത്തെ ഗോവയിലേക്കും പഞ്ചാബിലെ അമൃത്സറിലേക്കും സര്‍വീസുകള്‍ നടത്തി. യാത്രക്കാരുടെ ലഭ്യത കുറവ് കാരണം എയര്‍ ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കിയതായും നാട്ടില്‍ നിന്നും കുടുങ്ങിപ്പോയ ഇന്ത്യക്കാര്‍ക്ക് തിരികെ വരുന്ന കാര്യത്തില്‍ കുവൈറ്റ് അധികൃതരുമായി ചര്‍ച്ചകള്‍ നടത്തുകയാണെന്നും വിഷയത്തില്‍ സര്‍ക്കാരിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും അംബാസഡര്‍ പറഞ്ഞു.

കോവിഡ് പശ്ചാത്തലത്തില്‍ ആരോഗ്യ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് നിയന്ത്രണങ്ങളോടെയാണ് യോഗം നടത്തിയത്. 150ഓളം പേര്‍ പങ്കെടുത്ത പരിപാടിയില്‍ തൊഴില്‍ വിഷയങ്ങളാണ് കൂടുതലും പരിഗണനക്ക് എത്തിയത്. 18 മാസത്തോളമായി ശമ്പളം ലഭിക്കാത്ത നിരവധി തൊഴിലാളികളുടെ പ്രശ്‌നങ്ങളും തൊഴിലുടമയുമായി ബന്ധപ്പെട്ടതുമായ വിഷയങ്ങളും പരിഗണനക്ക് എത്തി. ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ അംബാസഡര്‍ അടിയന്തര പരിഹാരം ആവശ്യമായ വിഷയങ്ങളില്‍ എംബസിയുടെ ഭാഗത്തുനിന്ന് ഉടന്‍ ഇടപെടല്‍ ഉണ്ടാകുമെന്ന് അറിയിച്ചു. ഭക്ഷണത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസികള്‍ എംബസിയെ ബന്ധപ്പെടണമെന്നും സഹായിക്കാന്‍ എംബസി പ്രതിജ്ഞാ ബന്ധമാണെന്നും അംബാസഡര്‍ പറഞ്ഞു.അടുത്ത ദിവസം വിരമിക്കുന്ന എംബസിയിലെ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫസ്റ്റ് സെക്രട്ടറി പി.പി. നാരായണനും കുടുംബങ്ങള്‍ക്കും അംബാസഡര്‍ എല്ലാവിധ ആശംസകളും നേര്‍ന്നു.

ഉച്ചകഴിഞ്ഞു 3.30 നു ആരംഭിക്കുന്ന ഓപ്പണ്‍ ഹൗസില്‍ പരാതിക്കാരായ പ്രവാസികള്‍ക്ക് സ്ഥാനപതിയെയും ഉയര്‍ന്ന ഉദ്യോഗസ്ഥരെയും നേരിട്ടു കണ്ട് തങ്ങളുടെ ആവശ്യങ്ങള്‍ അറിയിക്കാം. പുതിയ അംബാസഡര്‍ ചുമതലയേറ്റ ശേഷം നടന്നു വരുന്ന ഓപ്പാന്‍ ഹൗസ് സാധാരണ തൊഴിലാളികള്‍ക്ക് മാത്രമല്ല , എംബസിയുടെ സഹായം ആവശ്യമായി വരുന്ന എല്ലാ പ്രവാസികള്‍ക്കും വളരെയധികം പ്രയോജനപെടുന്നു എന്നു സാമൂഹ്യ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

ഓപ്പണ്‍ ഹൗസില്‍ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍, കമ്യൂണിറ്റി വെല്‍ഫെയര്‍ മേധാവി,കോണ്‍സുലര്‍, ലേബര്‍ വിംഗ് മേധാവി തുടങ്ങിയ ഉദ്യോഗസ്ഥരും പങ്കെടുത്തു.

സാമൂഹികം അകലം പാലിക്കേണ്ടതുള്ളതിനാല്‍ community.kuwait@mea.gov.in എന്ന വിലാസത്തില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന നിശ്ചിത എണ്ണം ആളുകളെ മാത്രമേ പങ്കെടുപ്പിക്കൂകയുള്ളൂവെന്നും എംബസി അധികൃതര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക