Image

റാണയുമൊത്ത് 8 ദിവസത്തെ സാഹസ യാത്ര നടത്തിയ അമ്മയും മകളും : സുജാത കെ

Published on 26 August, 2020
റാണയുമൊത്ത് 8 ദിവസത്തെ സാഹസ യാത്ര നടത്തിയ അമ്മയും മകളും : സുജാത കെ
എട്ട് ദിവസമെടുത്ത് ചെന്നൈയിൽ നിന്നും കേരളത്തിലെത്തി ആലപ്പുഴയും കൊച്ചിയും തൃശൂരുമൊക്കെ കടന്ന് തിരികെ വീട്ടിലെത്തിയ സാഹസികവും രസകരവുമായ ബൈക്ക് യാത്ര ഓർമ്മിക്കുകയാണ് സുജാത കെ.
മകൾ സ്വാതി സുരേഷ് ആയിരുന്നു ബൈക്കോടിച്ചത്. പതിവ് ജീവിതത്തിൽ മടുത്തു കഴിഞ്ഞിരുന്ന അമ്മയ്ക്ക് പുതുജീവൻ നൽകുകയായിരുന്നു മകളുടെ ലക്ഷ്യം. ഓമനിച്ച് റാണ എന്ന് പേര് വിളിക്കുന്ന ബൈക്കിൽ അമ്മയും മകളും കൂടി നടത്തിയ ആനന്ദ യാത്രയുടെ അനുഭവം വായിക്കാം. ചെന്നൈ മലയാളികളായ ഇവർ വേലച്ചേരിയിലാണ് താമസം. ഓട്ടോമൊബീൽ എൻജിനിയറായ സ്വാതി ചെന്നൈ അശോക് ലെയ്‌ലഡിൽ ജോലി നോക്കുന്നു. വായിക്കുക....

ചില  അനുഭവങ്ങൾ നമ്മുടെ ജീവിതത്തോടുള്ള കാഴചപ്പാടു തന്നെ മാറ്റിമറിക്കും . അങ്ങനെയൊന്ന് എനിക്കും ഉണ്ടായി. ഒരു യാത്ര വഴി എനിക്ക് പുതിയൊരു ജീവിത രീതിയിലേക്കു മാറാനും അതിന്റെ സന്തോഷം അനുഭവിച്ചറിയാനും കഴിഞ്ഞു . 
അമ്പതാമത്തെ വയസിൽ സ്ത്രീ സഹജമായ ശാരീരിക മാനസിക ബുദ്ധിമുട്ടുകൾക്കിടയിൽ ഇരിക്കുമ്പോഴാണ് മോൾ ഒരു യാത്ര സൂചിപ്പിച്ചത്.രണ്ടു പേരും ചേർന്ന് ബൈക്കിലേറി ഒരു സാഹസിക യാത്ര.. ആദ്യം കേട്ടപ്പോ അങ്കലാപ്പായിരുന്നു,  സ്ത്രീകൾ , പത്തു ദിവസത്തേക്ക് ഓൺ റോഡ്; അതും ബൈക്കിൽ ..
.പക്ഷെ കൂടുതൽ ആലോചിക്കാൻ നിന്നില്ല. ഇപ്പൊ നടന്നില്ലെങ്കിൽ പിന്നെ ചിലപ്പോൾ ഒരിക്കലും നടക്കില്ലായിരിക്കും എന്ന് തോന്നി. മോളുടെ പുറകിൽ ഇരുന്നു ചെറിയ യാത്രകൾ നടത്തിയ ധൈര്യം കൂടെ ഉണ്ടായിരുന്നു.  അന്ന് രാത്രി തന്നെ റൂട്ട് മാപ് ഒക്കെ ശരിയാക്കി . ആദ്യത്തെ ലോങ്ങ് റൈഡ് ആയതു കൊണ്ട് ഹോട്ടൽ ഒക്കെ ബുക്ക് ചെയ്തു. പിന്നങ്ങോട് യാത്ര തുടങ്ങുതു വരെ  എന്നും കാലത്ത്  അഞ്ചു കിലോമീറ്റർ നടക്കാൻ പോകും. അങ്ങനെ ആഗ്രഹിച്ച ആ ദിവസവും എത്തി. ട്രയൽ ബാഗ് ഉള്ളത് കാരണം കയറാൻ അല്പം ബുദ്ധിമുട്ടിയെങ്കിലും പിന്നെ അതൊക്കെ ശരിയായി.
2019 നവംബർ 9  രാവിലെ അഞ്ചു മണിയോടെ ഞങ്ങളുടെ  യാത്ര തുടങ്ങി. പിന്നീടങ്ങോട്ട് എട്ട് ദിവസത്തേക്ക് ഞാനും മോളും റാണയും ( ബൈക്കിന്റെ പേരാണ് ) ഒന്നിച്ചുള്ള ആഹ്ളാദ ദിനങ്ങളായിരുന്നു.  മറ്റു യാത്രകളിൽ നിന്നും ബൈക്ക് യാത്ര വ്യത്യസ്തമാകുന്നത് അത് തരുന്ന ഒരുതരം ലിബറേറ്റഡ് ഫീലിംഗ് ആണ്. നദികൾ അനായാസമായി ഒഴുകുന്നതുപോലെ, പ്രകൃതിയോട് കിന്നരിച്ചും വഴക്കിട്ടും ഒരു ഒഴുക്കായി മാറി ഈ യാത്ര . പിന്നെ ലക്ഷ്യ സ്ഥാനങ്ങൾ തല ചായ്ക്കാനുള്ള ഇടങ്ങൾ മാത്രം ആയിരുന്നു. റൈഡിങ് ഗിയർ ഉള്ളത് കാരണം ഒരുപാടു സംസാരിക്കാൻ പറ്റില്ലായിരുന്നു. അതുകൊണ്ട് ഞങ്ങളുടേതായ  ഒരു ആംഗ്യഭാഷ രൂപീകരിച്ചെടുത്തു .  
എന്നിരുന്നാലും മൗനമായി ഇരിക്കുമ്പോൾ ഭാഷയുടെയും  രാജ്യത്തിന്റെയും അതിരുവരമ്പുകളില്ലാതെ ചിന്തകൾ മാത്രം കൂട്ടിനായപ്പോൾ തിരിച്ചറിഞ്ഞ സത്യങ്ങൾ വളരെ വളരെ വിലപ്പെട്ടതായിരുന്നു. പ്രകൃതിയോട് ഇണങ്ങിയുള്ള ഏകാന്ത നിമിഷങ്ങളിൽ   എന്നിലെ  ഞാൻ ഉണർന്നു വരുന്നത്  കണ്ടു. അതുവരെ ഉണ്ടായിരുന്ന കയ്പുള്ള ജീവിതാനുഭവങ്ങളെ വെറും ചവുട്ടുപടികളായി കാണാനും  ഒരു പരമ സത്യത്തിന്റെ സാനിധ്യം അറിയാനും കഴിഞ്ഞു. ചെറിയ ബുദ്ധിമുട്ടുകൾ ഒഴിച്ച് യാത്ര കഴിഞ്ഞു വീട്ടിലെത്തിയപ്പോ മനസ്സിൽ ആദ്യം തോന്നിയത് ഇനി അടുത്ത യാത്ര എന്നാണാവോ വിചാരം മാത്രം.
രാവിലെ  5  മണിക്ക് ഞങ്ങളുടെ യാത്ര തുടങ്ങി. വെയിൽ വരുന്നതിനു മുന്നേ കുറെ ദൂരം കവർ ചെയ്യണം എന്നൊരുദ്ദേശം കൂടി ഉണ്ടായിരുന്നു.  റെസ്റ്റ്റന്റുകൾ അധികം  ഇല്ലാത്ത ഒരു റൂട്ട് ആണ് ചെന്നൈ മുതൽ ഈറോഡ്  വരെ. ഒരു ചെറിയ വഴിയോര ചായക്കടയിൽ ബ്രേക്ക്ഫാസ്റ്റ് കഴിച്ചു . ഉച്ചയാവുമ്പോഴേക്കും ഈറോഡ് എത്തി. അവിടെ ഹോട്ടൽ കോഹിനൂർ ആണ് താമസിച്ചത് .വളരെ നല്ല സ്റ്റാഫ് .നല്ല വൃത്തിയും വെടിപ്പുമുള്ള റൂം കിട്ടി. കുറച്ചു നേരം വിശ്രമിച്ചതിനു ശേഷം ഒന്ന് കുളിച്ചു ഭക്ഷണം കഴിച്ചു പുറത്തേക്കു നടക്കാൻ പോയി. രാത്രി സുഖമായിട്ടുറങ്ങി , പിറ്റേന്ന് രാവിലെ ബ്രേക്ക്ഫാസ്റ്റ് കഴിച്ചു അവിടെ നിന്നും ഇറങ്ങി. തൃശൂർ എത്തുമ്പോഴേക്കും ഉച്ചകഴിഞ്ഞിരുന്നു .അവിടെ ഹോട്ടൽ ഗരുഡയിൽ ആണ് താമസിച്ചത്.പാർക്കിംഗ് സൗകര്യമൊന്നുമില്ലാത്ത ഒരു ശരാശാരി ഹോട്ടൽ. തീരെ സുഖമില്ലാത്ത ഒരു താമസം ആയിരുന്നു. ഭക്ഷണം കഴിച്ചു മോൾക്ക് ഫുഡ് പോയ്സണിങ് വരെ ആയി. വൈകിട്ട് വടക്കു ന്നാഥനോടു പോയി ഒരു ഹലോ പറഞ്ഞു. മടങ്ങുമ്പോൾ നല്ല കനത്ത മഴ തുടങ്ങി. നനഞ്ഞു കുളിച്ചു മുറിയിലെത്തി. പിറ്റേന്ന് രാവിലെ അവിടെനിന്നു ഇറങ്ങി കൊച്ചിലേക്കു യാത്രയായി.  അവിടെ കീയ്സ് ഹോട്ടൽ ആണ് ബുക്ക് ചെയ്തിരുന്നത്. ഏറ്റവും സുരക്ഷിതം എന്ന് തോന്നിയ ഒരിടം ആയിരുന്നു അത്. ഹോട്ടൽ ബുക്ക് ചെയ്യുമ്പോൾ ഞങ്ങൾ റേറ്റിംഗ് മാത്രം അല്ല വുമൺ ഫ്രണ്ട്‌ലി ആൻഡ് റിവ്യൂ ഒക്കെ നോക്കി തന്നെ ആണ് ചെയ്തത്. അന്ന് വൈകിട്ട് കൊച്ചി ഒക്കെ ഒന്ന് കറങ്ങി വന്നു. പിറ്റേന്ന് രാവിലെ ഫോർട്ട് കൊച്ചിയിലേക്ക് പോയി. അന്ന് മുഴുവൻ ദിവസവും അവിടെ കറങ്ങി നടന്നു. തിരിച്ചു റൂമിലെത്തി റസ്റ്റ് എടുത്തു. അടുത്ത ദിവസം രാവിലെ അടുത്തുള്ള മ്യൂസിയം സന്ദർശനത്തിന്  ശേഷം ആലപ്പുഴയ്ക്ക് തിരിച്ചു. ഗൂഗിൾ മാപ് അല്പം ഒന്ന് കറക്കി വിട്ടെങ്കിലും  കുറ്റിച്ചിറയിൽ സുരക്ഷിതരായിട്ടെത്തി. അത് ഒരു ഹോംസ്റ്റേ ആയിരുന്നു . കുളിച്ചു ഫ്രഷ് ആയി കുറെ നടന്നു. അടുത്ത ദിവസം രാവിലെ ഇറങ്ങി കോയമ്പത്തൂരിലേക്ക് പുറപ്പെട്ടു. അവിടെ ഹോട്ടൽ ഗോകുലം പാർക്കിലാണ്  താമസിച്ചത് . അന്ന് ശരിക്കും യാത്രയുടെ ക്ഷീണം അറിഞ്ഞു . എവിടേം പോയില്ല . നന്നായിട്ട് ഉറങ്ങി എഴുനേറ്റപ്പോഴേക്കും ക്ഷീണമൊക്കെ മാറിയിരുന്നു. അവിടുത്തെ കോംപ്ലിമെന്ററി ബ്രേക്ഫാസ്റ്റ് കഴിച്ചു പോണ്ടിച്ചേരിയിലേക്ക് തിരിച്ചു. മുൻപ് താമസിച്ചതു കൊണ്ട് ഒസെൻ സ്പ്രൈ സുപരിചിതമായിരുന്നു. ഞങ്ങളുടെ  യാത്രയുടെ അവസാനം അടുത്തത് കൊണ്ട് രണ്ടു പേരും അല്പം വിഷമത്തിലായിരുന്നു. അതിന്റെ മാറ്റൊലി എന്ന പോലെ പുറത്തു  നല്ല മഴയായിരുന്നു. പിറ്റേന്ന് രാവിലെ അവിടെനിന്നും പുറപ്പെട്ടു ,എവിടെയും നിർത്താതെ ചെന്നൈ വീട്ടിലെത്തി. മോൾ ബൈക്ക് കെട്ടിപ്പിടിച്ചു; ഞങ്ങളെ ഒരു പോറലുപോലും ഏൽപ്പിക്കാതെ എത്തി ച്ചതിനു നന്ദി പറഞ്ഞു. 
ആനന്ദകരമായ , സാഹസികമായ ആ ബൈക്ക് യാത്ര ജീവിതത്തിൽ അതുവരെ അറിഞ്ഞിട്ടില്ലാത്ത എത്രയെത്ര നിറങ്ങളാണ് എന്നിൽ വാരി നിറച്ചത്.
റാണയുമൊത്ത് 8 ദിവസത്തെ സാഹസ യാത്ര നടത്തിയ അമ്മയും മകളും : സുജാത കെ
റാണയുമൊത്ത് 8 ദിവസത്തെ സാഹസ യാത്ര നടത്തിയ അമ്മയും മകളും : സുജാത കെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക