Image

ബിനുവിനെ അര്‍ദ്ധബോധാവസ്‌ഥയില്‍ നാട്ടിലെത്തിച്ചു

ഷക്കീബ്‌ കൊളക്കാടന്‍ Published on 04 June, 2012
ബിനുവിനെ അര്‍ദ്ധബോധാവസ്‌ഥയില്‍ നാട്ടിലെത്തിച്ചു
റിയാദ്‌: വാഹനാപകടത്തില്‍ പരിക്കേററ്‌ ശരീരത്തിന്‍െറ ചലനമററ്‌ അര്‍ദ്ധബോധാവസ്‌ഥയില്‍ കഴിഞ്ഞിരുന്ന തിരുവനന്തപുരം ജില്ലയിലെ ആററിങ്ങല്‍ ചിറയിന്‍കീഴ്‌ സ്വദേശി ബിനുവിനെ വെള്ളിയാഴ്‌ച റിയാദില്‍ നിന്നും കൊച്ചിയിലേക്ക്‌ പറന്ന പ്രത്യേക എയര്‍ ഇന്ത്യാ വിമാനത്തില്‍ നാട്ടിലെത്തിച്ചു. കൊച്ചിയില്‍ നിന്നും ആംബുലന്‍സില്‍ തിരുവനന്തപുരത്തുള്ള ഗോകുലം മെഡിക്കല്‍ കോളേജില്‍ കൊണ്ടു വന്ന്‌ അഡ്‌മിററ്‌ ചെയ്‌ത ബിനുവിന്‍െറ ആരോഗ്യസ്‌ഥിതിയില്‍ പ്രതീക്ഷയുള്ളതായി ഡോകട്‌റര്‍മാര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ റിയാദിലെ ഖുറൈസ്‌ റോഡിലുള്ള എക്‌സിററ്‌ 26 നടുത്ത്‌ വെച്ച്‌ ബിനു ഓടിച്ചിരുന്ന കാറടക്കം ആറ്‌ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുകയായിരുന്നു.

കീഴ്‌മേല്‍ മറിഞ്ഞ വാഹനത്തില്‍ നിന്നും അബോധാവസ്‌ഥയില്‍ ബിനുവിനെ സുലൈമാന്‍ അല്‍ ഹബീബ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലച്ചോറിനും ശ്വാസകോശത്തിനും മാരകമായി പരിക്കേററ ബിനുവിനെ അവിടെ വെച്ച്‌ അടിയന്തിര ശസ്‌ത്രക്രിയക്ക്‌ വിധേയനാക്കിയെങ്കിലും ബോധം തിരിച്ചു കിട്ടിയില്ല. സുലൈമാന്‍ ഹബീബ്‌ ആശുപത്രിയിലെ രണ്ട്‌ ലക്ഷത്തിലധികം വന്ന ബില്‍ തുക സൗദി ആരോഗ്യ വകുപ്പ്‌ നല്‍കുകയും പിന്നീട്‌ അസീസിയയിലെ നക്കാഹ റിഹാബിലിറ്റേഷന്‍ ആശുപത്രിയിലേക്ക്‌ മാററുകയും ചെയ്‌തു. ശരീരം തളര്‍ന്ന അവസ്‌ഥയില്‍ അനക്കമററ്‌ നാല്‌ മാസമായി ഇവിടെ കഴിയുന്ന ബിനുവിനെ നാട്ടിലെത്തിച്ച്‌ വിദഗ്‌ദ ചികിത്‌സ ലഭ്യമാക്കിയാല്‍ രക്ഷപ്പെടുമെന്ന്‌ ഡോക്‌ടര്‍മാര്‍ ഉപദേശിച്ചെങ്കിലും എയര്‍ ഇന്ത്യ പൈലററുമാരുടെ സമരം മൂലം വിമാനയാത്രക്കുള്ള സ്‌ട്രെച്ചര്‍ തരപ്പെടുത്താന്‍ കഴിയാതെ സഹായത്തിന്‌ കൂടെയുള്ള സാമൂഹ്യ പ്രവര്‍ത്തകന്‍ ഷിഹാബ്‌ കൊട്ടുകാട്‌ വിഷമിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം വ്യോമയാന വകുപ്പ്‌ ഏര്‍പ്പെടുത്തിയ കൊച്ചിയിലേക്കുള്ള പ്രത്യേക എയര്‍ ഇന്ത്യാ വിമാനത്തിലാണ്‌ ബിനുവിനെ നാട്ടിലെത്തിച്ചത്‌.

അപകടത്തിന്‍െറ 50 ശതമാനം ഉത്തരാവാദിത്വം ട്രാഫിക്‌ പോലീസ്‌ ബിനുവിന്‍െറ പേരിലായിരുന്നു ആരോപിച്ചത്‌. ഇന്‍ഷൂറന്‍സ്‌ ഇല്ലാതിരുന്ന റെന്‍റ്‌ എ കാര്‍ ആയിരുന്നു ബിനു ഓടിച്ചിരുന്നത്‌. റെന്‍റ്‌ എ കാറിന്‍െറ നഷ്‌ടമായ 5000 റിയാല്‍ ബിനുവിന്‍െറ ബന്‌ധുക്കള്‍ അടച്ചു. മററ്‌ ഡ്രൈവര്‍മാരില്‍ നിന്നും ബാക്കി 50 ശതമാനം ഈടാക്കി ബിനുവിന്‌ നല്‍കുന്നതിനായി ട്രാഫിക്‌ പോലീസ്‌ നടപടികള്‍ സ്വീകരിച്ചു വരുന്നതായി ഷിഹാബ്‌ കൊട്ടുകാട്‌ പറഞ്ഞു. ഇതിനായി ബിനുവിന്‍െറ ബന്‌ധു സെലിനും ഷിഹാബിനെ സഹായിക്കുന്നുണ്ട്‌.

ബിനുവിനെ നാട്ടിലയക്കാനുള്ള ചെലവുകള്‍ ഇന്ത്യന്‍ എംബസി ലേബല്‍ വെല്‍ഫെയര്‍ വിഭാഗമാണ്‌ വഹിച്ചത്‌. കൂടെ യാത്ര ചെയ്‌ത നഴ്‌സിന്‍െറ ടിക്കററും സ്‌ട്രെച്ചറിന്‍െറ ചെലവും വെല്‍ഫെയര്‍ വിഭാഗം വഹിച്ചു. അംബാസഡറുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം തൊഴിലാളി ക്ഷേമ വകുപ്പിലെ ബാരുപാല്‍, പി.കെ മിശ്ര, ഡോ. മുഹമ്മദ്‌ ഹലീം എന്നിവര്‍ സഹായിച്ചതായും ഷിഹാബ്‌ പറഞ്ഞു. എയര്‍ ഇന്ത്യാ പൈലററുമാരുടെ സമരം മൂലം കഷ്‌തയനുഭവിച്ച ഒരു രോഗിയാണ്‌ ബിനു. മൂന്നാഴ്‌ചയായി ബിനുവിനെ നാട്ടിലയക്കാനായി സീററ്‌ കിട്ടാന്‍ സാമൂഹ്യ പ്രവര്‍ത്തകര്‍ കാത്തിരിക്കുന്നു. ഇക്കാര്യം കഴിഞ്ഞ ദിവസം നോര്‍ക്കയുടെ സൗദി കണ്‍സല്‍ട്ടന്‍റ്‌ കൂടിയായ ഷിഹാബ്‌ കൊട്ടുകാട്‌ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന്‌ അദ്ദേഹം വ്യോമയാന വകുപ്പ്‌ മന്ത്രിയോട്‌ സിവില്‍ ഏവിയേഷന്‍ അധികൃതരുടേയും മുന്നില്‍ പ്രശ്‌നം അവതരിപ്പിക്കുകയും ഉടനെ നടപടിയെടുക്കാന്‍ പറയുകയുമായിരുന്നു. തുടര്‍ന്നാണ്‌ ആഴ്‌ചയില്‍ രണ്ട്‌ ദിവസം കൊച്ചിയിലേക്ക്‌ റിയാദില്‍ നിന്നും പ്രത്യേക വിമാനം സര്‍വ്വീസ്‌ നടത്താന്‍ തുടങ്ങിയത്‌.

ബിനുവിനോടൊപ്പം സിസ്‌ററര്‍ ബീനയാണ്‌ നാട്ടിലേക്ക്‌ പോയത്‌. കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേക്ക്‌ ഗോകുലം മെഡിക്കല്‍ കോളേജിന്‍െറ ആംബുലന്‍സിലാണ്‌ കൊണ്ടു പോയത്‌. ഷിഹാബിനോടൊപ്പം പ്രമോദ്‌, ബഷീര്‍ വാടാനപ്പള്ളി എന്നിവരും റിയാദ്‌ എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു. രണ്ട്‌ മക്കളുള്ള ബിനുവിന്‍െറ ഭാര്യ സുമയാണ്‌. അപകടം നടക്കുന്നതിന്‌ ഒരു മാസം മുന്‍പ്‌ മാത്രാമണ്‌ ബിനു നാട്ടില്‍ നിന്നും അവധി കഴിഞ്ഞെത്തിയത്‌. ഏഴ്‌ വര്‍ഷമായി റിയാദിലെ മെഡിക്കല്‍ ഉപകരണങ്ങളുടെ സെയില്‍സിലാണ്‌ ബിനു ജോലി ചെയ്യുന്നത്‌. ബിനുവിനെ നാട്ടിലെത്തിക്കാനായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രവാസി കാര്യ മന്ത്രി കെ.സി ജോസഫും പാര്‍ലമെന്‍റംഗം സമ്പത്തും പ്രത്യേകം താല്‍പ്പര്യമെടുത്തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക