Image

ഹിന്ദോളം (കഥ: ബിന്ദു പുഷ്പൻ)

Published on 23 August, 2020
ഹിന്ദോളം (കഥ: ബിന്ദു പുഷ്പൻ)
സൂര്യകിരണങ്ങൾക്ക് ചൂടാറി തുടങ്ങിയിരുന്നു..

ഞാനൊരു പാട്ട് ചിട്ടപ്പെടുത്തുമ്പോഴാണ് സ്റ്റെഫി മുറിയിലേക്ക് കടന്നു വന്നത്. അവൾ പൂശിയിരുന്ന പെർഫ്യൂമിൻെറ മണം മുറിയാകെ പരന്നു. മൂക്ക് വിടർത്തി ഞാനാ സുഗന്ധം ഉള്ളിലേക്കാവാഹിച്ചു. ഇതേത് തരം പെർഫ്യൂമാണവൾ ഇന്നുപയോഗിച്ചത്..? ഓരോ ദിവസവും  ഓരോരോ മണമാണവൾക്ക്.

ഗന്ധങ്ങളോട് നിലയ്ക്കാത്ത പ്രണയമാണ് അവൾക്കെപ്പോഴും.. എനിക്ക് പാട്ടുകളോടുള്ള ഇഷ്ടംപോലെ അവൾക്ക് മനം കവരുന്ന പരിമളങ്ങളോട്, ദിവസം മുഴുവൻ അവളുടെ ശരീരത്തെ സുഗന്ധ പൂരിതമാക്കുവാൻ ഈ ഗന്ധങ്ങൾക്ക് കഴിയാറുണ്ട്. ആ മാസ്മരിക സുഗന്ധവലയത്തിൽ പെട്ട് ഞാനും സംഗീതത്തെ പൂർണ്ണമായി മറന്നു പോകാറുണ്ട്. ഏറെ നേരത്തെ ശ്രമഫലമായി ഞാനാ സുഗന്ധം തിരിച്ചറിഞ്ഞു. കസ്‌തൂരിയുടെ മണം!

എന്തേ..?  ഗന്ധങ്ങളെ തിരിച്ചറിയാനുള്ള  കഴിവെനിക്ക് നഷ്ടപെട്ടുവോ..?
ഞാൻ  ഉത്കണ്ഠപ്പെട്ടു.

സുഗന്ധദ്രവ്യങ്ങൾ തേടി അവളോടൊപ്പം ചെറുതും വലുതുമായ എത്രയോ കടകളിൽ കയറി ഇറങ്ങിയിരിക്കുന്നു. ഭ്രാന്തമായ ആവേശമാണ് സ്റ്റെഫിക്ക് പെർഫ്യൂമുകളോട്. യാത്രയിലെവിടെ കണ്ടാലും വാങ്ങിച്ചു കൂട്ടും. വിലയൊന്നും അവൾക്കൊരു പ്രശ്നമേയല്ല.. കഴിഞ്ഞ ജന്മത്തിൽ അവളേതോ പെർഫ്യൂം വില്പനക്കാരി ആയിരുന്നിരിക്കാം..! ഒരു ഓർഫനായ അവളുടെ വേരുകൾ കണ്ടെത്താൻ ഞാനൊരിക്കൽപ്പോലും ശ്രമിച്ചിട്ടില്ല. ഇനിയിപ്പോൾ കണ്ടെത്തിയിട്ടും പ്രത്യേകിച്ചും ഗുണമൊന്നുമില്ലല്ലോ?

ഒരു മൾട്ടിനാഷണൽ കമ്പനിയുടെ തലപ്പത്തിരിക്കുന്ന അവളുടെ സാലറിയുടെ അധികഭാഗവും ഒഴുകി പോകുന്നത് ഈ ഭ്രാന്തിൻെറ പിന്നാലെയാണ്. ശേഷിക്കുന്ന ബാക്കി തുക മുഴുവനും ഒരു ചില്ലിക്കാശ് പോലും നീക്കിവെയ്ക്കാതെ ആദ്യ ഞായറാഴ്ച തന്നെ ഫാദർ സെബാസ്റ്റിനച്ചന് കൈമാറും. ‘പൈസയൊന്നും  വേണ്ടാ കുഞ്ഞേ.., നീ സ്വസ്ഥമായി കുടുംബമായി ജീവിക്കെന്ന്’ പറഞ്ഞു അച്ചനെപ്പോഴും അവളെ നിരുത്സാഹപ്പെടുത്തും. സ്ഥിരം ശൈലിയിൽ സ്വതസിദ്ധമായി ചിരിച്ചു കൊണ്ടവൾ ഷാംപൂ ചെയ്ത നീളൻ മുടി തോളിലേക്ക് മാടിയൊതുക്കി കൊണ്ട് പറയും. ‘മരിക്കുംവരെയും ഞാനിങ്ങനെ തന്നെ ആയിരിക്കുമച്ചോ..’ എന്നെ ചൂണ്ടിയവൾ പറയും 'വരുണിനും എതിർപ്പൊന്നുമില്ല'. ശരിയാണ്, അവളുടെ ഒരു കാര്യങ്ങൾക്കും ഞനൊരിക്കലും എതിരു നിന്നിട്ടില്ല. അവൾ അധ്വാനിക്കുന്ന പണം അവൾക്കിഷ്ടമുള്ള രീതിയിൽ ചിലവാക്കട്ടെ..!
മൂന്ന് വർഷങ്ങൾക്ക് മുൻപ്, തിരുവനന്തപുരത്ത് വെച്ച് നടന്നൊരു സംഗീത സന്ധ്യയിലാണ് ഞാനവളെ കണ്ടു മുട്ടുന്നത്.

സ്റ്റേജ്ഷോ നടക്കുന്ന ഗാലറിയിലെ ഇളകിയാടുന്ന ആരാധകർക്കൊപ്പം, ചുവന്ന ടോപ്പിലും ജീൻസിലും നൃത്തം വെയ്ക്കുന്ന പെൺകുട്ടി! പരിസരം മറന്ന് ചുവടുകൾ വെയ്ക്കുന്ന അവളെ ഞാനന്ന് അതിശയത്തോടെയാണ് നോക്കി കണ്ടത്. അവളുടെ പ്രണയം തുടിക്കുന്ന മിഴിയിണകൾ എനിക്ക് വേണ്ടി പിടഞ്ഞു കൊണ്ടിരുന്നു. ചെറിയ കണ്ണുകളാണെങ്കിലും ഐലൈനർ ചെയ്ത മനോഹരമായ മിഴികൾക്ക് ഒരു വശ്യതയുണ്ട്. ആ സൗന്ദര്യധാമത്തെ ഞാനും മോഹിച്ചു തുടങ്ങി.

നഗരത്തിൽ നടക്കുന്ന എൻെറ ഓരോ സ്റ്റേജ്ഷോകളിലും അവളെ സ്ഥിരമായി കണ്ടു തുടങ്ങി. ഞങ്ങൾക്കിടയിലെ പരിചയം ക്രമേണ പ്രണയത്തിന് വഴിമാറി. വീട്ടുകാരെതിർത്തപ്പോൾ ഞങ്ങൾ എൻെറ ഗുരുവായ മുകുന്ദൻ ചേന്ദമംഗലത്തിൻെറ അനുഗ്രഹാശിരസുകളോടെ പുതുജീവിതത്തിന് നാന്ദി കുറിച്ചു. ജീവിതം മുഴുവൻ അവളൊരു സുഗന്ധമായി എനിക്കും ചുറ്റും ഒഴുകി പരന്നു. എന്നും ഓരോരോ സുഗന്ധമാണവൾക്ക്. രാത്രികൾ ഞങ്ങൾക്കൊരു ഹരമായി. എന്നും ഒരു നവോഢയുടെ നാണത്തോടെയവൾ എനിക്കരികിലേക്ക് കടന്നുവന്നു. പൂനിലാവിൽ കുളിച്ചു നിൽക്കുന്ന രാത്രികൾ ഞങ്ങൾക്കായി വഴിമാറി. എന്നിലേക്ക് സുഗന്ധം പടർത്തിയവൾ ഓരോ രാവിലും അലിഞ്ഞു ചേർന്നു കൊണ്ടിരുന്നു..

“വരുൺ, സിറ്റിയിലൊരു എക്സിബിഷനുണ്ട്.. നീയും വരണം"

സ്റ്റെഫി തയ്യാറായി എനിക്കരുകിലേക്ക് വന്നു. കസ്‌തൂരിയുടെ പരിമളം എന്നെ പൊതിഞ്ഞു.

ഒരു മെറൂൺ കളറിലെ ഗൗണാണവൾ ധരിച്ചിരുന്നത്. അരയൊപ്പമുള്ള നീളൻ മുടി ഒരു വശത്തേക്ക് മാടിയൊതുക്കി ഇട്ടിരുന്നു. വിടർന്ന ചുണ്ടിൽ ചുവന്ന ലിപ്‌സിറ്റിക്. പതിവിലും കൂടുതൽ സുന്ദരിയായവൾ കാണപ്പെട്ടു.

“നീ കാറുമെടുത്ത് പൊയ്ക്കോ.., എനിക്കത്യാവശ്യമായി ഒരു രാഗം കമ്പോസ് ചെയ്യാനുണ്ട്” ഞാൻ പറഞ്ഞു.

പ്രശസ്തനായ മുകുന്ദൻ ചേന്ദമംഗലം മ്യൂസിക് തെറാപ്പിയുടെ പുതിയ ഘട്ടങ്ങളിലേക്ക് കടന്നിരുന്നു. സംഗീതത്തിൻെറ അനന്ത സാധ്യതകളിലേക്ക് പുതിയ വാതായനങ്ങൾ തുറന്നിടാൻ അദ്ദേഹത്തിനായി. അതിലൂടെ പ്രിയ ശിഷ്യനായ എനിക്കും ഉയർച്ച കൈവരിക്കാൻ കഴിഞ്ഞു. കേൾക്കാൻ ഇമ്പമേറിയ രാഗങ്ങൾ കോർത്തിണക്കിയൊരു സംഗീത ചികിത്സ. രോഗശാന്തിക്ക് സംഗീത ചികിത്സ ഫലപ്രദമാണെന്ന് ഇതിനോടകം അദ്ദേഹം തെളിയിച്ചു കഴിഞ്ഞിരുന്നു. സംഗീതത്തിൽ പുതിയ മാനങ്ങൾ കണ്ടെത്തുകയായിരുന്നു അദ്ദേഹം.


ഗുരുപത്നിയായ സൗമിനി അന്തർജ്ജനത്തിന് രോഗശാന്തിക്കായി സംഗീത ചികിത്സ അനിവാര്യമായി വന്നു. ഗുരുമുഖത്തു നിന്നും ആവശ്യപെട്ടത്  ഒരു പുതിയ ഹിന്ദോളരാഗമായിരുന്നു.

സംഗീതം ആചാരാനുഷ്ഠാനങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു രോഗത്തിൻെറ സ്വഭാവമനുസരിച്ചാണ് സംഗീത ചികിത്സയില് രാഗങ്ങൾ നിശ്ചയിക്കുന്നത്. ഹിന്ദോളരാഗം കേട്ടാൽ ദുഖവും ടെൻഷനും എല്ലാം അകന്ന് സന്തോഷം ലഭിക്കും. മരുന്നുകൾ പ്രതികരിക്കാത്തിടത്ത് രാഗങ്ങൾ പ്രതികരിച്ചു തുടങ്ങി. തീരാദുഃഖത്തിലേക്ക് കൂപ്പുകുത്തിയിരുന്ന സൗമിനിയമ്മ പ്രതികരിച്ചു തുടങ്ങിയത് അദ്ദേഹത്തിന് വളരെയേറെ സന്തോഷം പ്രദാനം ചെയ്തു. ഒരു ഫ്‌ളൈറ്റ് ആക്സിഡന്റിൽ പെട്ട് മരണമടഞ്ഞ മരുമകളുടെയും പേരകുട്ടിയുടെയും അകാല വിയോഗത്തിൽ തളർന്നു വീണുപോയതാണ് ആയമ്മ.

ചേന്ദമംഗലത്ത്‌ എന്നും തിരക്കാണ്. ഗർഭസ്ഥശിശുക്കളെ വീണാനാദം കേൾപ്പിക്കാൻ എന്നും ഒരുപാട് അമ്മമാർ വരാറുണ്ട്. വൃദ്ധരുടെ മനസിനെ ധ്യാനാവസ്ഥയിലെത്തിക്കാന് പുല്ലാങ്കുഴൽ നാദത്തിന് സാധിക്കും.  ഓരോരോ രോഗങ്ങൾക്ക് ഏത് തരം രാഗമാണ് ഫലപ്രദമെന്ന് ഗവേഷണങ്ങളിലൂടെ അദ്ദേഹം തെളിയിച്ചു കൊണ്ടിരിക്കുന്നു.  അതൊരു ശുഭസൂചകമാണെന്നാണ് ജനസംസാരം.

“നീയുംകൂടെ വാ.. വരുൺ”
സ്റ്റെഫി കുട്ടികളെപ്പോലെ ചിണുങ്ങി.

എൻെറ സകല മൂഡും ആ കസ്‌തൂരി സുഗന്ധത്തിൽ അലിഞ്ഞുപോയി.

“എന്തൊക്കയാ നിൻെറ പരിപാടി  അത് പറ ആദ്യം”.

“ആദ്യം ഷോപ്പിംഗ്. അത് കഴിഞ്ഞു പിവിആറില് ‘ദ സ്റ്റോറി ഓഫ് എ മർഡറർ..’”

“ങ്ഹേ ??”

ഞാനമ്പരന്നു.  എൻെറ കൈകൾ നിച്ഛലമായി.

“ഏയ്.., ഞാനില്ല... നീ വിട്ടോ..”

‘ദ സ്റ്റോറി ഓഫ് എ മർഡറർ’ എന്ന ചിത്രം ഞാനും അവളും ഒന്നിച്ചിരുന്ന് നേരത്തെ കണ്ടിട്ടുണ്ട്. അവൾ പിന്നെയും രണ്ടോ മൂന്നോ ആവർത്തി കൂടി കണ്ടിരിക്കുന്നു. പ്രശസ്ത ജർമ്മൻ എഴുത്തുകാരനായ ‘പാട്രിക് സസ്‌കിന്ഡ്ക’ എഴുതിയ ‘പെർഫ്യൂം’ എന്ന നോവലിൻെറ ദൃശ്യാവിഷ്ക്കരമാണ് “ദ സ്റ്റോറി ഓഫ് എ മർഡറർ’. ഇവൾക്കെന്താ ഭ്രാന്താണോ..? എന്തുകൊണ്ടാ ഇവളീ ചിത്രം വീണ്ടും വീണ്ടും കാണുന്നത്?

സംശയങ്ങളോടൊപ്പം എൻെറ ആകുലതകളും ഏറി വന്നു.
“ഞാനില്ല.. നീ പൊയ്ക്കോ.. ഇത് നാളെ കൊടുക്കേണ്ടതാണ്.”

ഞാൻ രാഗത്തിലേക്ക് ശ്രദ്ധ തിരിച്ചു. അവൾക്കും അതറിയാവുന്നതായത് കൊണ്ട് എന്നെ കൂടുതൽ നിർബന്ധിക്കാൻ നിന്നില്ല.

“ഓക്കേ.. ഡിയർ”

കാറിൻെറ ചാവിയുമെടുത്ത് വിരലിട്ട് കറക്കിയവൾ പോകുന്നത് നിർന്നിമേഷനായി ഞാൻ നോക്കി നിന്നു. ഇനിയൊരു പൊട്ടിക്കരച്ചിലിന് സാക്ഷ്യം വഹിക്കാൻ എനിക്കാവുമായിരുന്നില്ല.

ഓരോ പ്രാവിശ്യവും പുതിയ പെർഫ്യൂമുകൾ വാങ്ങിക്കൊണ്ടു വരുമ്പോൾ രഹസ്യമായി മുറിയടച്ചിരുന്ന്, അലമാരയിൽ നിധിപോലെ കാത്ത്‌ സൂക്ഷിച്ചിരുന്ന ആ പേടകം തുറന്ന് വെച്ചു അവൾ കരയുന്നതു കാണാം. ഒരിക്കൽ മറഞ്ഞു നിന്ന് കണ്ടതാണ്. അനാഥാലയത്തിൻെറ നാല് ചുവരുകൾക്കുള്ളിൽ അവളെ  ഉപേക്ഷിച്ചു പോയവർ അന്ന് അണിയിച്ചിരുന്ന കുഞ്ഞുടുപ്പുകളുടെ ഗന്ധം തിരയുകയാണവൾ..! ഏറ്റവും ഒടുവിലൊരു ഹൃദയ വേദനയോടുള്ള പൊട്ടിക്കരച്ചിലത് അവസാനിക്കും. ഗന്ധങ്ങളിലൂടെ ഒരാളെ എങ്ങനെ  തിരിച്ചറിയാനാകും? ഏതോ.. ഒരു ധനാഢ്യൻെറ പുത്രിയാണവൾ. ആ നടപ്പിലും, ഇരുപ്പിലും, എടുപ്പിലും ഒക്കെ വ്യക്തം. അവളുടെ ആഗ്രഹം എന്നെങ്കിലും സഫലീകരിക്കുമോ..?  പെർഫ്യൂമുകൾ കൊണ്ട് ഒരാളെ എങ്ങനെ കണ്ടെത്താൻ കഴിയും? ഒരു കടലോളം അവൾക്ക് സ്നേഹം കൊടുക്കാൻ ഞാനുണ്ട്. എല്ലാ സൗഭാഗ്യങ്ങൾക്ക് നടുവില് ജീവിക്കുമ്പോളും അവളെന്തിനാ ഇങ്ങനെ അലഞ്ഞു നടക്കുന്നത്..?

എന്നോടൊന്നും പറയാത്തതുകൊണ്ട് എനിക്കൊന്നും ചോദിക്കാനും അവകാശമില്ല. അവൾക്കുവേണ്ടി ഞാനെന്തും ത്യജിക്കാനും തയാറാണ്. കാൽപ്പനികതയ്ക്കും യാഥാർത്ഥ്യത്തിനുമിടയിലെ നേർത്തൊരു  നൂൽപ്പാലത്തിലൂടെയാണ് അവളുടെ സഞ്ചാരമെന്ന് ചിലപ്പോൾ തോന്നും. അവൾക്കിങ്ങനെയാണ് ഇത്തിരി സന്തോഷം കിട്ടുന്നതെങ്കില് എന്നുമൊരു പൂമ്പാറ്റയായവൾ പാറി പറക്കട്ടെ.... തനിക്കെന്നും അവള് സന്തോഷമായിരിക്കുന്നത് മാത്രം കണ്ടാൽ മതി.

ഞാൻ പതിയെ സൗമിനിയമ്മയിലേക്ക് പിൻവാങ്ങി.

തൂക്കിയിട്ടിരുന്ന ചെടിച്ചട്ടികളിലെ നാലുമണിപ്പൂക്കൾ മെല്ലെ തലയാട്ടി നിന്നു..

ഹിന്ദോളരാഗത്തെ അടിസ്ഥാനമാക്കി ചെയ്തിരുന്ന ആ ഗാനത്തിൻെറ തുടക്കത്തിലെ വയലിൻ ശകലം മുതൽക്കെ ഒരു മാസ്മരിക ലോകത്തേക്ക് നയിക്കുന്ന (trance state) ട്യൂൺ ചെയ്തു. അതിനു തൊട്ടു പുറകെ ഓടക്കുഴലും അതിൻെറ അകമ്പടിയായി പാട്ടിൽ ഉടനീളം വരുന്ന ഗിത്താർ ശബ്ദവും.. സംഗീതം അതിൻെറ ഏറ്റവും ഭംഗിയുള്ള അവസ്ഥയിലേക്ക്..! അവസാനമാകുമ്പോഴേക്കും സംഗീതം സൂക്ഷ്മമായി ശ്രദ്ധിച്ചു കഴിഞ്ഞാൽ പ്രേമവും വശ്യതയും കലർന്നൊരു സന്തോഷത്തിൻെറ  അദൃശ്യ കണ്ണികളാൽ വിളക്കി  ചേർത്തിരുന്നു..

മനക്കണ്ണിൽ വാൽസല്യo നിറഞ്ഞൊരു പുഞ്ചിരിയുമായി സൗമിനിയമ്മ എനിക്ക് മുൻപിൽ വിടർത്തി പിടിച്ച കൈകളുമായി എഴുന്നേറ്റു നിൽക്കുന്നുണ്ടായിരുന്നു....

ചില പാട്ടുകൾ അങ്ങനെയാണ്. എല്ലാ പ്രതികൂല സാഹചര്യങ്ങളെയും കീഴ്പെടുത്തിക്കൊണ്ട്  ഉയർന്നു വരും…
********


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക