Image

നിളയാണു ഞാൻ (കവിത: മഞ്ജുള ശിവദാസ്)

Published on 21 August, 2020
നിളയാണു ഞാൻ (കവിത: മഞ്ജുള ശിവദാസ്)
നിളയാണുഞാൻ, മഹാധമനിപോൽ-
ഒഴുകി നിന്നുയിരിനെക്കാത്തവൾ.

അന്നൊഴുകി,നിൻ നിറവുകൾക്കായ്-
ഇന്നു,നിനവുകളിൽനിന്നു മായുന്നോൾ.

കൊച്ചു പെണ്ണിൻ കൊലുസ്സുപോലെപ്പൊഴും-
ഒച്ചവച്ചുകൊണ്ടൊഴുകിയവളീനിള.

എന്റെ ചേലയിൽ വർണ്ണങ്ങളാലന്ന-
ഴകുചാർത്തിയതു കാലവും പ്രകൃതിയും.

ഉറ്റതോഴിയും പ്രണയിനിയുമായ്,അന്നു-
കാവ്യഭാവനയ്ക്കൂർജ്ജം പകർന്നവൾ.

അഴകു വറ്റിയിന്നുടലുമൊരു നൂൽപോലെ-
നേർത്ത കണ്ണുനീർ ചാലുകൾ മാത്രമായ്.

മധുരമൂട്ടിയും മാലിന്യമേറ്റിയും-
പുതിയ കാലത്തിനൊരു രക്തസാക്ഷി ഞാൻ.

അഴകുവഴിയുന്ന കാഴ്ചയായ്-
ദേശ സിരകളിൽ ജീവരക്തമെത്തിച്ചവൾ.

ഇന്നു,നഷ്ടപ്രതാപത്തിനോർമ്മകളുമി-
വളിൽനിന്നൊഴുകിയകലുന്നൂ..

കീറിപ്പറിഞ്ഞു മുഷിഞ്ഞ ചേല-
നാറുന്നൊരുടലിൽ പുതച്ചപോലെ,

ശ്വാസമെടുക്കുവാൻ പോലുമല്പം-
ത്രാണിയില്ലാതെ നൊന്തുരുകുന്നവൾ..

അമൃതുചുരത്തിയ മാറും തുരന്നെടു-
ത്തിനിയെന്റെ മക്കളേയെന്തു നൽകാൻ.

മാറാത്ത ദുരയാൽ മനുഷ്യപുത്രാ-
എന്റെ മുറിവും തുരന്നു നിണമൂറ്റിടുമ്പോൾ,

മരണത്തിനേകുവാനെങ്കിലും-
ജീവന്റെ കണിക നീ ബാക്കിവയ്ക്കില്ലേ!!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക