Image

കൃഷ്ണനോടൊത്ത് (ഹാസ്യം: രാജൻ കിണറ്റിങ്കര)

Published on 19 August, 2020
കൃഷ്ണനോടൊത്ത് (ഹാസ്യം: രാജൻ കിണറ്റിങ്കര)
മനസ്സിൽ ഉള്ള ചില ടെക്നിക്കൽ സംശയങ്ങൾക്ക് ഉത്തരം തേടിയാണ് ഭഗവാന്റെ നടയിൽ ഇത്തവണ എത്തിയത്. ചെന്നപ്പോൾ ഭഗവാൻ അത്താഴ പൂജ കഴിഞ്ഞു നടക്കാൻ ഇറങ്ങിയിരിക്കുന്നു.  എന്നെ കണ്ടതും നടത്തം നിർത്തി അടുത്തേക്ക് വന്നു, ലോക്ക് ഡൗണിൽ സുഹൃത്തിന്റെ ഫോൺ വന്നപോലെ ഭഗവാന്റെ മുഖത്ത് പതിവില്ലാത്ത സന്തോഷം.  ഒറ്റക്കിരുന്നു മുഷിഞ്ഞു കാണും, പൂജയുണ്ടെങ്കിലും എന്നും പൂജാരി പറയുന്നത് ഒരേ മന്ത്രങ്ങളാണല്ലൊ, ബോറടിച്ചു കാണും. ഒന്ന് രണ്ടു സംശയങ്ങൾ ഉണർത്തിക്കാനുണ്ടായിരുന്നു,  ഞാൻ ആഗമനോദ്ദേശ്യം പറഞ്ഞു. 

ചോദിക്കൂ, ഭഗവാൻ അടുത്തുള്ള ചന്ദനം അരയ്ക്കുന്ന കല്ലിൽ ഉപവിഷ്ടനായി

അല്ലാ, ഈ ഇന്ദ്രൻ ദേവലോകത്തെ രാജാവാണല്ലൊ, പക്ഷെ നിങ്ങൾക്കുള്ള പോലെ ഭക്തരോ ആരാധകരോ ഇന്ദ്രനില്ലല്ലോ, അമ്പലം പോലും അപൂർവം. ഞാൻ ആദ്യത്തെ സംശയം എറിഞ്ഞു

അതോ, ഭഗവാൻ ഒന്ന് ഇളകിയിരുന്നു, എന്നിട്ട് പറഞ്ഞു, നിങ്ങടെ രാജ്യത്ത്, രാഷ്ട്ര തലവൻ രാഷ്‌ട്രപതി ആണെങ്കിലും  ഭക്തരും ആരാധകരും പ്രധാനമന്ത്രിക്കും മന്ത്രിമാർക്കും അല്ലെ, ഭഗവാൻ മറുചോദ്യത്തിലൂടെ ഉത്തരം നൽകി. 

അടുത്ത ചോദ്യം ചോദിക്കണോ എന്ന് സംശയിച്ചെങ്കിലും ഭഗവാനും എനിയ്ക്കും തിരക്കില്ലാത്തതിനാൽ ഞാൻ ചോദിച്ചു, അതേയ്, പണ്ട് ഈ ഗോവർദ്ധന പർവതം ഒക്കെ എടുത്തു പൊക്കി എന്ന് കേട്ടിട്ടുണ്ട്, അന്ന് പരിസ്ഥിതി സംരക്ഷകർ  ആരും അങ്ങേക്കെതിരെ പ്രകടനം നടത്തിയില്ലേ ?

ഞാൻ പർവതം ഉയർത്തി യഥാ സ്ഥാനത്ത്  തന്നെ വച്ചുവല്ലോ, അല്ലാതെ അത് നിരത്തി ഫ്ലാറ്റ് കെട്ടിയില്ലല്ലോ, ഭഗവാൻ ആരെയോ ഉന്നം വച്ച് പറയുംപോലെ എന്നെ ഇത്തവണയും ഇരുത്തി കളഞ്ഞു.

ഒരു സംശയം കൂടി, അന്ന്‌ കാളിന്ദി നദിയിൽ കാളീയ സർപ്പത്തിന്റെ പത്തിയിൽ നൃത്തം ചെയ്തു എന്നൊക്കെ കേട്ടിട്ടുണ്ട്, സർപ്പങ്ങൾ നദിയിലാണോ വസിക്കുക, ഇതൊക്കെ പുളുവല്ലേ ? ഞാൻ കുനുഷ്ടു ചോദ്യം ചോദിച്ചു

മൂർഖൻ പാമ്പിനും അണലിക്കും ഒക്കെ ബെഡ്‌റൂമിൽ വരാമെങ്കിൽ കാളീയന്‌ വെള്ളത്തിൽ ഇറങ്ങിയാലെന്താ കുഴപ്പം, ഭഗവാൻ വീണ്ടും മറുചോദ്യമിട്ടു.

ഇത്തവണ ഉത്തരം  മുട്ടിയത് എനിക്കായിരുന്നു.

അല്ല ഒരു സംശയം .. എന്താപ്പോ ഭഗവാൻ്റെ ശരിക്കുള്ള നിറം? ഇടയ്ക്ക് കറുപ്പ് ചിലപ്പോൾ നീല അപൂർവ്വമായി വെളുത്തും കാണാം. .

ശത്രുക്കളിൽ നിന്ന് രക്ഷനേടാൻ ചില ജീവികൾ നിറം മാറാറില്ലേ .. അതുപോലെ മനുഷ്യരിൽ നിന്ന് രക്ഷനേടാൻ ഞാനും പല നിറങ്ങളിൽ വരും .. അല്ലെങ്കിലും നിങ്ങൾ മനുഷ്യരെവിടെയാണ് തനിനിറം കാണിക്കുന്നത്?  ഭഗവാൻ ചിരിച്ചു

കുറെ കാലമായുള്ള സംശയമാണ്.  ഞങ്ങൾ ബഹുമാനം നൽകേണ്ട വരെ താങ്കൾ എന്നാണ് വിളിക്കുക. ഭഗവാനെ എന്താ എല്ലാവരും ഒരേ ബഞ്ചിലിരുന്ന് പഠിച്ച പോലെ നീ എന്ന് വിളിക്കുന്നത്.

അതിപ്പോ സുഗതകുമാരി ടീച്ചറേയും എം ടി യേയും ഒക്കെ പരിചയമുണ്ടായിട്ടാണോ നിങ്ങൾ സുഗത ചേച്ചി വാസ്വേട്ടൻ എന്നൊക്കെ പറയുന്നത്.  വെറുതെ ക്ലോസ് ആണെന്ന് തോന്നാൻ. അതന്നെ ഇവിടെയും ഞാനവരുടെ ക്ലോസ് ആണെന്ന് തോന്നിക്കാൻ ..

ഞാനിങ്ങനെ ഇടയ്ക്കിടെ പല ചോദ്യങ്ങളുമായി വരുന്നതിൽ നീരസമുണ്ടോ? ഞാൻ വിനയം കാണിച്ചു.

ഏയ്, ഇവിടെ വന്ന് എല്ലാവരും അത് വേണം ഇത് വേണം എന്ന് പറഞ്ഞ് ഡിമാൻ്റ് ചെയ്യാറേ ഉള്ളു. എനിക്ക് പറയാറുള്ളത് ക്ഷമയോടെ കേൾക്കുന്നത് നീ മാത്രമേ ഉള്ളു.

ഇത്രയും പറഞ്ഞ് ഭഗവാൻ അപ്രത്യക്ഷമായപ്പോൾ റിസർവേഷൻ ചാർട്ടിൽ പേരു കണ്ട വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകാരനെപ്പോലെ ഞാൻ തുള്ളിച്ചാടി അവിടെ നിന്നും പോന്നു. അപ്പോൾ നേരം പര പരാ വെളുത്തിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക