Image

വാമനന്‍ (കഥ: ജോസഫ്‌ എബ്രഹാം)

Published on 17 August, 2020
വാമനന്‍  (കഥ: ജോസഫ്‌  എബ്രഹാം)
ഇന്നാണ് തിരുവോണം എന്നകാര്യം  ഓര്‍മ്മിപ്പിച്ചത് ഹിതേഷ് പട്ടേലാണ്. രാവിലെ കാപ്പി വാങ്ങുന്നതിനിടയില്‍  ‘ഹാപ്പി  ഓണം,  ഭായ് സാബ് ’ എന്നുപറഞ്ഞു  ഓണാശംസകള്‍ നേര്‍ന്ന   ഹിതേഷ്  പട്ടേല്‍   ഓണം പ്രമംണിച്ചു  കാപ്പിയുടെ വില ബില്ലില്‍ അടിച്ചുമില്ല.

 ഓണവും വിഷുവുമൊക്കെ വരുന്ന നാളുകള്‍ മറക്കാന്‍ തുടങ്ങി. നേപ്പാളിയുടെ അനാദിക്കടയില്‍ ചെല്ലുംബോഴാണ് ഇന്ത്യന്‍ വിശേഷ ദിവസങ്ങളൊക്കെ ഓര്‍മ്മയില്‍ വരാറുള്ളത്‌. ഓരോ സമയത്തുമുള്ള  വിശേഷാല്‍ വില്പനകളാണ് ഉത്സവങ്ങളുടെ ഓര്‍മ്മപ്പെടുത്തലുകളായി മാറുന്നത്.  ഓണമെന്നത്  എന്നോ നഷ്ട്ടപ്പെട്ട  ഭൂതകാലം മാത്രം.  അല്ലെങ്കിലും വര്‍ത്തമാനത്തില്‍ കഥയില്ലാത്തവന്‍ എപ്പോഴും ഭൂതകാലത്തില്‍ നിന്നായിരിക്കുമല്ലോ കഥകള്‍ മെനയുന്നത് .
ഈയിടെയായി ഓര്‍മ്മകള്‍ വിവേചന ബുദ്ധിയോടെ എന്നെ ചതിക്കാന്‍ തുടങ്ങിയിട്ടുണ്ട്.  ആവശ്യം ഓര്‍ത്തിരിക്കേണ്ട കാര്യങ്ങള്‍ പോലും  മറക്കുന്നു, മറക്കേണ്ടവ ഇടയ്ക്കിടെ മിന്നിത്തെളിയുന്നു.  പിറന്നാളുകള്‍ മറന്നുപോവുക പതിവാണ്. അറുപതാം പിറന്നാള്‍ ഈ അടുത്താണ് കഴിഞ്ഞത്.  അറുപതാമത്തെ ജന്മദിനം, ഷഷ്ട്ടിപൂര്‍ത്തി എന്നൊക്കെ പറഞ്ഞാളുകള്‍ വലിയ കാര്യമായി ആഘോഷിക്കുക പതിവാണ്.  ഇതുവരെയും ഒരു പിറന്നാള്‍ പോലും  ആഘോഷിച്ചിട്ടില്ല. എഴുപതും തൊണ്ണൂറുമൊക്കെ കടന്നവരുടെ ജന്മദിനം ആഘോഷിക്കുന്നതു കണ്ടപ്പോള്‍ മനസ്സില്‍ ഉറപ്പിച്ചതാണ്, ഇക്കുറി എല്ലാവര്‍ക്കുമൊപ്പം ചേര്‍ന്ന് കേക്കുമുറിക്കണമെന്ന്. പക്ഷെ ഒന്നു രണ്ടുദിവസം കഴിഞ്ഞാണ് അക്കാര്യം ഓര്‍മ്മയില്‍പോലും  വന്നത്. 

“ ഈ  നശിച്ച വാമന ജന്മമാണ്   എന്‍റെ  ജീവിതവും തുലച്ചത്   ”
ഓര്‍ത്തെടുത്തു പറഞ്ഞപ്പോള്‍ മറുകുറിയായി ഓര്‍മ്മപ്പെടുത്തി.  സത്യമായിരിക്കാം എങ്കിലും   പ്രാണന്‍  അറിയാതൊന്നു  പിടഞ്ഞുപോയി. 
ജോലി ചെയ്യവേ മുന്‍പില്‍ ഇരിക്കുന്ന കസ്റ്റമര്‍ അണിഞ്ഞിരിക്കുന്ന ‘മാസ്ക്’ ഇടയ്ക്കിടെ അയാളുടെ മൂക്കിനു മുകളില്‍നിന്നും ഊര്‍ന്നിറങ്ങി പോകുന്നുതു കാണുന്നുണ്ടായിരുന്നു. ആര്‍ക്കോവേണ്ടി മാസ്ക് ധരിക്കും  പോലെയാണ്  മൂപ്പരുടെ ചെയ്തികള്‍.  ഊര്‍ന്നിറങ്ങുന്ന മാസ്ക്  ഇടയിക്കിടെ കൈകൊണ്ടു കയറ്റിയിടുന്നതു കണ്ടപ്പോള്‍ ഉള്ളില്‍ അറിയാതെ ചിരിപൊട്ടി.   ഊര്‍ന്നിറങ്ങുന്ന നിക്കര്‍  ഇടം കയ്യാല്‍  പിടിച്ചുകൊണ്ട്   പഴയ സൈക്കിള്‍ ടയര്‍ കൊണ്ടുള്ള കളിവണ്ടിയും ഓടിച്ചുകൊണ്ട് ഓര്‍മ്മകളപ്പോള്‍  ബാല്യത്തിലെ കൂട്ടുകാര്‍ക്കൊപ്പം ഇടവഴികളിലൂടെ പൂവിളിയുമായി പാഞ്ഞുപോയി. 

‘അത്തം കറുത്താല്‍ ഓണം വെളുക്കുമെന്ന് ’ അച്ഛമ്മ പറഞ്ഞപോലെത്തന്നെ  രാവിലെയെത്തിയ  ഇളം വെയില്‍ തൊടിയിലെ തുമ്പപ്പൂവുകളില്‍ പൊന്‍മുത്തമിട്ടു. ഉച്ചയോടെ മഴത്തുമ്പികള്‍ വട്ടമിട്ടു താണു പറന്നു. അതിരാവിലെ എഴുന്നേറ്റു പത്തുതരം പൂക്കള്‍കൊണ്ട്  പത്തുനിരകളായിട്ട  പൂക്കളം, കുത്തിയൊലിച്ചുവന്ന കലങ്ങിയ മഴവെള്ളത്തിനൊപ്പം ഒഴുകിപ്പോയത് സങ്കടത്തോടെ  നോക്കിനിന്നു. നോക്കിനില്‍ക്കെ മഴയുടെ ശക്തി കൂടിവരുകയും ആകാശം ഇരുള്‍ മൂടുകയും ചെയ്തു.  മണ്ണില്‍ മെനഞ്ഞെടുത്ത ഓണത്തപ്പനും ഓലക്കുടയുമെല്ലാം  മഴയില്‍ അലിഞ്ഞൊഴുകി അകന്നുപോകുന്നത് നോക്കി മരവിച്ചു നിന്നു. മൂന്നാമത്തെ  ചുവടു വയ്ക്കാന്‍ ഇടം കിട്ടാതെ  പാതാളത്തെ നോക്കി ഭയന്നുവിറച്ചുകൊണ്ട്  കാപ്പിചെടിയില്‍ വട്ടംപിടിച്ചിരുന്നു കരഞ്ഞുകൊണ്ട്‌  രാത്രി വെളുപ്പിച്ചു. പിന്നീടെത്തിയ  ഓണമെല്ലാം  മണ്ണിലാഴ്ത്താനെത്തിയ  വാമനന്റെ ജയന്തികളായിരുന്നു. 

ജീവിതം പുതിയ കരകളിലേക്ക് പറിച്ചു നട്ടതോടെ ഓണത്തിനു പകരം  ഓണാഘോഷങ്ങള്‍ കടന്നു വന്നു.  അസോസിയേഷന്‍ വകയാണ്  ആഘോഷങ്ങള്‍ ഉണ്ടാവുക.  ഓണത്തെപ്പറ്റി പ്രസംഗിക്കാന്‍ വലിയ വലിയ ആളുകളൊക്കെ എത്തിയിട്ടുണ്ടാകും. അവരുടെ പ്രസംഗം കഴിഞ്ഞാല്‍  പേപ്പര്‍ വാഴയിലയില്‍ നേരം തെറ്റിയ നേരത്ത് വിളമ്പുന്ന സദ്യയോടെ ഓണാഘോഷങ്ങള്‍ പൂര്‍ത്തിയാകും. അസ്വസ്ഥമായ വയറിന്റെ ഇരമ്പല്‍ കേട്ടുകൊണ്ട് കിടക്കുമ്പോള്‍ മനസ്സ് വീണ്ടും കുട്ടിക്കാലം  തേടി പോകും.  ഓണമെന്നാല്‍ അപ്പോള്‍ പൂക്കളും മാവേലിയും മാത്രമായിരുന്നു.  അന്നു വാമനന്‍  ജനിച്ചിട്ടുണ്ടായിരുന്നില്ല.


Join WhatsApp News
SudhirPanikkaveetil 2020-08-17 13:56:15
ഗൃഹാതുരത്വം ഇതിവൃത്തമാക്കി പലരും കഥകൾ എഴുതീട്ടുണ്ടു. വർത്തമാനം സന്തോഷകരമല്ലാതാകുമ്പോൾ മനസ്സ് ഭൂതകാലത്തേക്ക് പോകുന്നു. ഇവിടെ കഥാകൃത്ത് പറയുന്നു മനസ്സിന് വിവേചനമുണ്ടെന്നു.ഓർക്കേണ്ടത് ഓർക്കാതിരിക്കുകയും ഓർക്കേണ്ടാത്തതു ഓർക്കുകയും ചെയ്യുന്നു. അത്തരം സംഘര്ഷങ്ങളിൽ പ്പെടുന്ന മനസ്സിന് പക്ഷെ യാഥാർഥ്യങ്ങളെ തിരിച്ചറിയാൻ കഴിയുന്നു. വാമനന്റെ ജന്മമാണോ ഓണത്തിന് ആധാരം അതോ മഹാബലിയുടെ സമ്പല്സമൃദ്ധമായ ഭരണകാലമാണോ? ഗൃഹാതുരത്വം കയ്പ്പും മധുരവും നിറഞ്ഞതാകാം. മനസ്സ് ഏതു ഓർമ്മകൾ കൊണ്ടുവരുന്നുവെന്നാണ് പ്രധാനം. ഇപ്പോൾ ഓണം വാസ്തവത്തിൽ ഗൃഹാതുരത്വത്തിന്റെ bittersweet memories കൊണ്ടുവരുന്നു. മനസ്സിന്റെ വിവേചനം പോലെ. ഒരു കൊച്ചുകഥ, നല്ല കഥ.
MV 2020-08-17 18:56:42
The real truth about Onam , its origin around the 8th century , as an antidote for the truth of Christianity , to counter Resurrection , thus envious gods , sending down 'good rulers ' to the nether world , to reappear only once a year ! No wonder in old days , Christians were discouraged from celebrating such , to be protected from spirits of lies and envies and despair leading to even suicidal ways with its high prevalence in our land. The message of the Holy Father instead , to love with the Heart of The Living Lord , trusting that we belong to Him , so does others , our debts and all too , waiting for us to claim same , on behalf of us and others, to thus give glory to The Father , with Him and all in Him - in the never ending glory of the ONENAME. Hope that would be shared more around , to trust that our abode is in the Heart of The Eternal King ..even as much as we too have to struggle with powers who want to send us too , to nether worlds of cruelties and of lies and greed .
JosephAbraham 2020-08-17 18:58:17
സുധീർ സാറിന്റെ വായനക്കും വിലയിരുത്തലിനും നന്ദി
vayankaran 2020-08-17 21:16:59
ആരാണ് ഈ എം വി.?? റാണി ബി മേനോന്റെ രാമായണത്തെക്കുറിച്ചുള്ള ലേഖനത്തിന്റെ ചുവട്ടിലും ജോസഫ് അബ്രാഹാമിന്റെ കഥക്ക് ചുവട്ടിലും സുവിശേഷവുമായി ഇദ്ദേഹം എത്തുന്നു. അല്ലാ. സുവിശേഷം എവിടെയും പറയാം. അപ്പോൾ എം വി listen, ഇവിടെ പറഞ്ഞാൽ പണം ഒന്നും തടയില്ല താങ്കൾക്ക് എപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ ഇനിയിപ്പോൾ സ്തുതി താങ്കൾക്കുണ്ടോ അതോ ഹാലേലുയ്യ ആണോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക