Image

പാമ്പും കോണിയും - നിർമ്മല - നോവൽ - 7

Published on 16 August, 2020
പാമ്പും കോണിയും - നിർമ്മല - നോവൽ - 7
രാത്രിയിൽ തേങ്ങിക്കരഞ്ഞപ്പോൾ ഭർത്താവ് കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചെന്ന് ടി.വി ഷോയിൽ ഒരു ഭാര്യ സാക്ഷ്യപ്പെടുത്തുന്നതു കണ്ട് തെയ്യാമ്മയിരുന്നു. അതൊക്കെ വെറും സങ്കല്പത്തിൽ ഒതുങ്ങുന്ന കാര്യങ്ങളാണെന്ന് തെയ്യാമ്മയ്ക്കറിയാം. കരയുമ്പോൾ വെറുപ്പു നിറഞ്ഞ നോട്ടത്തിനപ്പുറമൊന്നും ഒരു വിസ അർഹിക്കുന്നില്ല. ഈപ്പന് ആവശ്യം കാനഡയിലേക്കൊരു വിസയായിരുന്നു...
പാമ്പും കോണിയുംകളി തുടരുന്നു..

ഈപ്പന്റെ വീടിനു പിൻവശത്തു മുഴുവൻ കാറ്റിനോടു  മൽസരിച്ചു പരാജയപ്പെട്ട മരങ്ങളുടെ ഇലകളാണ്. പരന്നു വിസ്തരിച്ചു നിൽക്കുന്ന മേപ്പിളും ഓക്കും ബിർച്ചു മരവുമാണ് ആ പറമ്പിലുണ്ടായിരുന്നത്. വലിയ പ്രായം കൂടിയ മരങ്ങളുള്ള വിസ്തരിച്ച പറമ്പ് പ്രദർശനത്തിനു പറ്റിയ ഒരു അലങ്കാര വസ്തുവാണ്. അതിഥികൾ അമ്പരക്കും. അഭിനന്ദിക്കും. അസൂയപ്പെടും. ഈപ്പനു വീടും പറമ്പും ആദ്യ കാഴ്ചയിൽ തന്നെ ഇഷ്ടപ്പെട്ടതിന്റെ കാരണങ്ങളിലൊന്ന് വമ്പു കാണിച്ചു നിൽക്കുന്ന ആ മരങ്ങളായിരുന്നു. ഗാംഭീര്യത്തോടെ നിൽക്കുന്ന ഓക്കുമരം. മറ്റൊരു കോണിൽ ഒക്ടോബറിൽ ഇലകളെല്ലാം മഞ്ഞയാക്കി മാറുന്ന കാനഡയുടെ മേപ്പിൾ മരം. വീടിനോടു ചേർന്ന് കുറച്ചൊന്നു വളഞ്ഞ് ബിർച്ച് മരം.
വശീകരിക്കുന്ന സുന്ദരിയായ ബിർച്ചു മരത്തിന് 'ലേഡി ഓഫ് ദ വുഡ്സ് ' എന്നും പേരുണ്ടെന്ന് ഈപ്പനോട് അയൽക്കാരൻ പറഞ്ഞു. വീടുമാറി വന്നു കഴിഞ്ഞുള്ള ശനിയാഴ്ച രാവിലെ ഈപ്പൻ പറമ്പിൽ ചുറ്റിക്കറങ്ങുമ്പോഴാണ് അയൽക്കാരെ പരിചയപ്പെട്ടത്. സ്വീഡൻകാരായ എലീനയും നിക്കോളസും ബിർച്ചു മരത്തെപ്പറ്റി അവർക്കു പറഞ്ഞു കൊടുത്തു. ഫിൻലൻഡിന്റെ സിംബൽ ബിർച്ചു മരമാണത്രെ. ബിർച്ചു മരത്തിന്റെ തൊലിയിലുള്ള എണ്ണ അതിനെ ചീത്തയാകാതെ സൂക്ഷിക്കും. അതിന്റെ തടി നനഞ്ഞിരിക്കുമ്പോഴും കത്തും. അങ്ങനെയൊക്കെ നിക്കോളസിനു നിർത്താതെ പറയാൻ കാര്യങ്ങളുണ്ടായി.
വീടുമാറിയ കാലത്ത് തെയ്യാമ്മയ്ക്ക് ആ മരത്തിന്റെ പേരറിയില്ലായിരുന്നു. ഓക്കും മേപ്പിളും വേഗത്തിൽ തിരിച്ചറിഞ്ഞു. ബിർച്ചു മരം ആദ്യം കണ്ടപ്പോൾ എന്തുകൊണ്ടോ റബ്ബർ മരത്തിനെയാണ് തെയ്യാമ്മ ഓർത്തത്. അതിന്റെ വെളുത്ത തൊലിചുറ്റിയ തടിക്ക് റബ്ബർ മരത്തിന്റെ പാണ്ടു പിടിച്ച തടിയുമായി യോജിപ്പുണ്ടായിരിക്കുമോ? ബിർച്ചിന്റെ ഇല ആലിലയോട് സാദൃശ്യമുണ്ടെന്ന് ജോർജി പറയും പക്ഷേ, തെയ്യാമ്മയ്ക്ക് അതു തോന്നാറില്ല.
കരിയില  കുന്നു കൂടുന്നത് തെയ്യാമ്മയ്ക്ക് ഇഷ്ടമായിരുന്നു. ഹോർമിസ് മുതലാളിയുടെ റബ്ബർ  തോട്ടം പോലെ. ഹോർമിസിന്റെ റബ്ബർ വെട്ടുന്ന ജോലി തെയ്യാമ്മയുടെ അപ്പച്ചനായിരുന്നു. വെളുപ്പിനെ അപ്പച്ചൻ റബ്ബർ പാലെടുക്കാൻ പോകുമ്പോൾ വിളക്കു പിടിച്ചു കൊടുക്കാനായി തെയ്യാമ്മയാണ് പോകുന്നത്. വീട്ടിലെ മൂത്ത കുട്ടിക്ക് കിട്ടുന്ന അവകാശ വിശേഷം. മറ്റുള്ളവരൊക്കെ അപ്പോഴും മൂടിപ്പുതച്ച് ഉറക്കമായിരിക്കും. ക്രിസ്തുമസിനോടടുത്ത കാലത്ത് തണുപ്പു കൊണ്ട് പല്ലുകൾ കൂട്ടിയിടിക്കും. ചിലപ്പോൾ അയ്യപ്പൻമാരുടെ ശരണം വിളികൾ കേൾക്കാം. കാലത്തെ, പ്രകൃതിയെ, പലതിനെയും തെയ്യാമ്മ ഓർത്തെടുക്കുന്നത് അങ്ങനെയാണ്.
നിലത്തുവീഴുന്ന ഇലകളൊക്കെ ഈപ്പൻ റെയിക്കു കൊണ്ട് അടിച്ചു വാരിക്കളയും. ഓക്കിന്റെയും മേപ്പിളിന്റെയും വലിപ്പമുള്ള ഇലകളാണ്. അടിച്ചു വാരാൻ എളുപ്പമുള്ളവ. ബിർച്ചിന്റെ ഇലകൾ ചെറുതാണ്. അതു അടിച്ചു വാരാൻ കൂടുതൽ സമയമെടുക്കും. അതുകൊണ്ട് ഈപ്പന് ബിർച്ചു മരത്തിന്റെ ഇലകൾ ഇഷ്ടമല്ല.
റ്റിറ്റി രണ്ടാം ക്ളാസ്സിൽ പഠിക്കുമ്പോഴാണ് ബിർച്ചു മരത്തിന്റെ കഥ സ്റ്റേജിൽ അവതരിപ്പിച്ചത്. ഉത്തര അമേരിക്കയിലെ ഗോത്രവർഗക്കാരുടെ ഇടയിലെ നാടോടിക്കഥയായിരുന്നു അത്.
- യൂ ഡോണ്ട് നോ ദ സ്റ്റോറി ഓഫ് ബിർച്ച് ട്രീ മമ്മാ !!
അഭിമാനം കൊണ്ട് റ്റിറ്റി ഇളകിയാടി. പാട്ടായ പാട്ടുകളെല്ലാം അറിയുന്ന മമ്മയ്ക്ക് അറിയാത്തൊരു കഥ റ്റിറ്റിക്കറിയാം ! കെട്ടു പൊട്ടിക്കുന്ന ആഹ്ളാദത്തോടെ അവൾ മമ്മയ്ക്ക് ആ അമേരിക്കൻ കഥ പറഞ്ഞു കൊടുത്തു.
അതികഠിനമായ ചൂടുള്ള ഒരു ദിവസമായിരുന്നു അത്. വൃദ്ധൻ ഉറങ്ങാൻ ശ്രമിച്ചിട്ട് ചൂടു കാരണം അയാൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. അയാൾ കുറച്ചു കാറ്റു കിട്ടാനായി കുന്നിൻ പുറത്തു കയറി നോക്കി. എന്നാൽ അവിടെ ചൂടുവായു കെട്ടിക്കിടന്നു. അയാൾ പിന്നെ താഴവരയിലെ പുഴയരികിൽ പോയിരുന്നു.എന്നിട്ടും ചൂടിനു ശമനം ഉണ്ടായില്ല. ചൂട് സഹിക്കാനാവാതെ വൃദ്ധൻ നടന്നു നടന്ന മരക്കൂട്ടങ്ങൾക്കിടയിൽ എത്തി. മരങ്ങൾക്കിടയിൽ തണലുണ്ടായിരുന്നെങ്കിലും ചൂടിന് ആശ്വാസം ഉണ്ടായില്ല. അത് അയാളെ ചൊടിപ്പിച്ചു.
മരങ്ങൾക്കിടയിൽ ഇരുന്ന് വൃദ്ധൻ കാറ്റിനോടു വീശാൻ ആവശ്യപ്പെട്ടു. കാറ്റ് ശക്തിയായി വീശാൻ തുടങ്ങി. വൃദ്ധൻ കാറ്റിനോടു കൂടുതൽ കൂടുതൽ ശക്തിയായി വീശാൻ ആജ്ഞാപിച്ചു.
- ആഞ്ഞു വീശി .... ആഞ്ഞു വീശി ഈ താപത്തെ ഭൂമിയിൽ നിന്നും ഇല്ലാതാക്കൂ !
എന്നാൽ ആ കാറ്റും ചൂടിനെ ശമിപ്പിക്കുവാൻ പോന്നതായിരുന്നില്ല. ചൂടിൽ നിന്നും ആശ്വാസം കൊടുക്കാത്ത മരങ്ങളെ ഒന്നൊന്നായി വൃദ്ധൻ ശപിച്ചു :
'ഫിർ മരമേ, ഈ കൊടുങ്കാറ്റിൽ നീ വളഞ്ഞൊടിഞ്ഞു നശിച്ചു പോകൂ ! '
കാറ്റിൽ വളഞ്ഞ ഫിർമരം ഒടിഞ്ഞു വീണു.
'പൈൻ മരമേ, ഈ കൊടുങ്കാറ്റിൽ നീ വളഞ്ഞൊടിഞ്ഞു നശിച്ചു പോകട്ടെ !'
പൈൻ മരം കാറ്റത്തു വളഞ്ഞൊടിഞ്ഞു വീണു.
'സ്പ്രൂസ് മരമേ ഈ കാറ്റത്തു നീ വളഞ്ഞൊടിഞ്ഞു നശിച്ചു പോകൂ !'
സ്പ്രൂസ് മരം കാറ്റിൽ വളഞ്ഞൊടിഞ്ഞു വീണു.
'ബിർച്ചു മരമേ ഈ കാറ്റിൽ നീ വളഞ്ഞൊടിഞ്ഞു നശിച്ചു പോകൂ !'
കാറ്റിൽ ബിർച്ചു മരത്തിന്റെ ചില്ലകൾ വളഞ്ഞെങ്കിലും അത് ഒടിയാൻ കൂട്ടാക്കിയില്ല.
'ഓ ബിർച്ച് മരമേ, ഞാൻ പറയുന്നത് നീ അനുസരിക്കില്ലേ ? വളഞ്ഞു വളഞ്ഞ് ... ഒടിയൂ ..ഒടിഞ്ഞു വീഴൂ .."
വൃദ്ധൻ അലറി . ബിർച്ചു മരം വളഞ്ഞ് ഭൂമിയോളമെത്തി. അത് വൃദ്ധനെ പ്രീതിപ്പെടുത്താനായി രണ്ടു വട്ടം വളഞ്ഞു. പക്ഷേ, ഒട്ടിയാൻ മാത്രം ബിർച്ചു മരം തയ്യാറായില്ല.
'ഞാൻ ഒടിയുകയില്ല. ഒരു കാറ്റത്തും ഞാൻ ഒടിയില്ല. ഞാൻ വളയാം, എന്നാൽ ഒരിക്കലും ഞാൻ ഒടിയില്ല. "
കോപാഗ്നിയിൽ ജ്വലിച്ച വൃദ്ധൻ വേട്ടക്കത്തിയെടുത്ത് കുനിഞ്ഞു നിന്ന ബിർച്ചിന്റെ തടിയിൽ തലങ്ങും വിലങ്ങും വെട്ടി.
ഇതു നിന്റെ അനുസരണക്കേടിനുള്ള ശിക്ഷ. ഇനിമേൽ എന്നും ബിർച്ചു മരങ്ങളുടെ തടിയിൽ ഈ കത്തിപ്പാടുകൾ കാണും. "
വൃദ്ധൻ ബിർച്ചു മരത്തെ ശപിച്ചു.
അങ്ങനെയാണത്രെ വെളുത്ത തൊലിയുള്ള ബിർച്ചു മരത്തിന്റെ തടിയിൽ നിറയെ കറുത്ത നീളൻ പാടുകളുണ്ടായത്. വെളുത്ത തൊലി ഇടയ്ക്കിടെ പൊട്ടിയും പൊളിഞ്ഞും ഇരിക്കുന്ന ബിർച്ചു മരം റബ്ബറിന്റെ ഓർമ്മകളുമായി തെയ്യാമ്മയ്ക്ക് ആശ്വാസമാണ്.
ആ സ്റ്റേജ് ഷോയിൽ റ്റിറ്റി ഫിർ മരമായിരുന്നു. ഒരുപാടു ഞൊറിവുള്ള ഉടുപ്പിന്റെ തുമ്പ് കൈ കൊണ്ടു രണ്ടു വശത്തും ഉയർത്തിപ്പിടിച്ച് കാറ്റിന്റെ ചൂളം വിളിക്കനുസരിച്ചു ചുറ്റിക്കറങ്ങി നൃത്തം ചെയ്ത് ഒടുക്കം വീഴുന്ന ഭാഗം റ്റിറ്റി പിന്നെയും പിന്നെയും ലിവിങ് റൂമിലെ കാർപ്പെറ്റിൽ പരിശീലിച്ചു നോക്കി.
സ്കൂളിലെ ഷോ കഴിഞ്ഞിട്ടും നീളൻ പച്ച ഉടുപ്പിട്ട ഫിർമരം ലിവിങ് റൂമിലും ഡൈനിങ് റൂമിലും അതുപോലെ വീട്ടിലെ കാർപ്പെറ്റുള്ള പലയിടങ്ങളിലും വീണു കിടന്നു ചിരിച്ചു.
'ഐ ഷാൽ നെവർ ബ്രെയ്ക്ക് ഫോർ എനി വിൻഡ് .
ഐ വിൽ ബെൻഡ് ,
ബട്ട് ഐഷാൽ നെവർ നെവർ ബ്രെയ്ക്ക് ! "
ആ സമ്മർ അവധി മുഴുവൻ ഉടുപ്പിന്റെ തുമ്പത്തു പിടിച്ച് പൂമ്പാറ്റ പോലെ സുന്ദരിയായി റ്റിറ്റി പാടി നടന്നു.
തെയ്യാമ്മയുടെ പുന്നാര ഫിർ മരത്തിനെ കാറ്റടിച്ച് കൊണ്ടുപോയി. വേനൽക്കാറ്റോ ധ്രുവത്തിൽ നിന്നും ചുഴറ്റി വീശിയ ശീതക്കാറ്റോ വെട്ടേറ്റു നീറുന്ന ഓർമ്മപ്പാടുകളുമായി ഒരു ബിർച്ചു മരം കാറ്റിലാടി നിൽക്കുന്നു. മറ്റൊരിടത്തേക്കും പോകാനാകാതെ.
പുന്നാര മരങ്ങളെയോർത്ത് ഇടയ്ക്ക് തെയ്യാമ്മ കരയും. രാത്രിയിൽ തേങ്ങിക്കരഞ്ഞപ്പോൾ ഭർത്താവ് കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചെന്ന് ടി.വി ഷോയിൽ ഒരു ഭാര്യ സാക്ഷ്യപ്പെടുത്തുന്നതു കണ്ട് തെയ്യാമ്മയിരുന്നു. അതൊക്കെ വെറും സങ്കല്പത്തിൽ ഒതുങ്ങുന്ന കാര്യങ്ങളാണെന്ന് തെയ്യാമ്മയ്ക്കറിയാം. കരയുമ്പോൾ വെറുപ്പു നിറഞ്ഞ നോട്ടത്തിനപ്പുറമൊന്നും ഒരു വിസ അർഹിക്കുന്നില്ല. ഈപ്പന് ആവശ്യം കാനഡയിലേക്കൊരു വിസയായിരുന്നു.
മുലകളിൽ കാമം നിറച്ച് സ്നേഹക്കുഴികളിൽ വെള്ളം ചാലിച്ച് അവൾ കാത്തിരുന്നു. പിന്നെ പഴയ പരിചയക്കാരെ ഓരോരുത്തരെയായി അവൾ കിടപ്പറയിലേക്ക് ആവാഹിച്ചു വരുത്തി. വഴിയരികിൽ കമന്റടിച്ച പൂവാലൻമാർ , കോളജ് ഇലക്ഷനിൽ വിജയിച്ച പ്രഭാകരൻ , പോസ്റ്റോഫീസ് കൗണ്ടറിനു പിന്നിലെ പോത്തൻ. അങ്ങനെ അവൾക്കിഷ്ടമില്ലാത്ത പലരും കിടക്കയിൽ അധികാരത്തോടെ ഇരുന്നു.
കുടിയുടെ മത്തിൽ രാവ് പകുതിയായപ്പോൾ വന്ന ഈപ്പനെ അവൾ പുച്ഛത്തോടെ നോക്കി.
- ദേ കരക്കാരു തേകിയ ശരീരം. താൻ തൊട്ടിയോ കൊട്ടയോ ഇട്ട് കോര്, ആർക്കു ചേതം !!
ഒരു ദിവസം ഒരു യാത്രാ ചുംബനത്തിന്റെ പാടു പോലും കവിളിലേൽപ്പിക്കാതെ ഈപ്പൻ നടന്നകന്നേക്കും എന്ന് തെയ്യാമ്മ ഭയപ്പെടുന്നുണ്ട്
ഒന്നിനും സ്ഥിരതയില്ലാത്ത ലോകത്തിൽ എന്തിനെ ഓർത്താണ് വേവലാതിപ്പെടാതിരിക്കേണ്ടത് ?
                                                    തുടരും ...
പാമ്പും കോണിയും - നിർമ്മല - നോവൽ - 7
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക